Asianet News MalayalamAsianet News Malayalam

മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെ ബാറ്റിനടിച്ച് കൊല്ലേണ്ടി വന്നു; അറിയണം തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഈ സ്ത്രീയുടെ ജീവിതം

ആ പപ്പടനിർമ്മാണ യൂണിറ്റിലേക്ക് തിരിഞ്ഞുപോലും നോക്കാൻ തന്റെ ഭർത്താവ് കൂട്ടാക്കാതെയായപ്പോൾ, ലോണിന്റെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ വേണ്ടി ഉഷ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതേസമയം, വീട്ടിലെ കാര്യങ്ങൾക്കും അവൾ ഒരു മുടക്കവും വരുത്തിയില്ല. 

life of usharani who killed her abusive former husband
Author
Tamil Nadu, First Published Apr 8, 2019, 4:26 PM IST

ഏഴു വർഷങ്ങൾക്ക് മുമ്പ് ഉഷാറാണി തന്റെ മുൻ ഭർത്താവിനെ കൊന്നു. ഇപ്പോൾ അമ്പത്തൊന്നു വയസ്സ് പ്രായമുള്ള അവർ മധുരയിലെ ഒരു ബാങ്കിൽ ഇൻവെസ്റ്റ്‌മെന്റ് കൺസൽട്ടൻറ് ആി ജോലി നോക്കുന്നു. ഇസ്തിരിയിട്ടു നിവർത്തിയ കോട്ടൺ സാരി ഞൊറിഞ്ഞുടുത്ത്, കഴുത്തിൽ ബാങ്കിന്റെ ഐഡി കാർഡും തൂക്കി നിൽക്കുന്ന ഉഷാറാണിയെ കണ്ടാൽ,  മകന്റെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തന്റെ മുൻ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു അവരെന്ന് ഒരാളും വിശ്വസിക്കില്ല. 

ആ സംഭവം നടക്കുന്നത് 2012 ഫെബ്രുവരി 9 -നാണ്. സ്വന്തം ഭർത്താവിനെ ഒരു പ്രത്യേക സാഹചര്യത്തിൽ തലയ്ക്കടിച്ചു കൊല്ലേണ്ടി വന്നെങ്കിലും, അതിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല ഉഷാറാണിയ്ക്ക്. 

കഷ്ടപ്പെട്ട് പണിയെടുത്ത്  കുടുംബം പോറ്റുന്നൊരു  പാവം സ്ത്രീയുടെ കൈകൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായിട്ടും അവരുടെ പേരിൽ കൊലക്കുറ്റം ആരോപിക്കപ്പെടാതിരുന്നപ്പോഴാണ് ഇങ്ങനൊരാളെപ്പറ്റി ആദ്യമായി ജനം കേൾക്കുന്നതു തന്നെ. ആദ്യം കേട്ടപ്പോൾ എല്ലാവരും ഒന്നമ്പരന്നു കാണുമെങ്കിലും, ആ വീട്ടിൽ അന്ന് നടന്ന സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ അതൊക്കെ താനേ അടങ്ങി. 

വിവാഹം തീരുമാനിക്കുന്ന ഘട്ടമെത്തിയപ്പോൾ  അവളുടെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല

പതിറ്റാണ്ടുകളായി പരിചയമുള്ള ഒരു കുടുംബത്തിലേക്ക് ഉഷയെ വിവാഹം കഴിച്ചുവിടുമ്പോൾ അവൾക്ക് വെറും 18  വയസ്സുമാത്രമായിരുന്നു പ്രായം. അവരിരുവരും ഒരേ കോളനിയിൽ താമസിച്ചിരുന്നവരായിരുന്നു. ഉഷയുടെ അച്ഛൻ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു. അദ്ദേഹത്തോട് സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം തേടാൻ സ്ഥിരമായി വന്നിരുന്ന ഒരാളായിരുന്നു ഉഷയുടെ ഭര്‍ത്താവ് ജ്യോതിബസുവിന്റെ അച്ഛൻ.  ഉഷയുടെ അച്ഛന്റെ സഹായമാണ് ഏറെ പ്രയാസപ്പെട്ടിരുന്ന ആ കുടുംബത്തെ സാമ്പത്തികമായി മെച്ചപ്പെടാൻ സഹായിച്ചത്. അങ്ങനെ ഏറെക്കാലത്തെ പരിചയം ആ കുടുംബങ്ങൾക്കിടയില്‍ ഉണ്ടായിരുന്നു. 

അക്കാലത്തുതന്നെ അത്യാവശ്യം പുരോഗമനചിന്തയൊക്കെ ഉണ്ടായിരുന്ന ഒരു കുടുംബമായിരുന്നു  ഉഷയുടേത്. അവർ തങ്ങളുടെ മക്കളെ ആൺ പെൺ ഭേദമില്ലാതെ ഒരുപോലെ കണ്ട് വളർത്തിപ്പോന്നിരുന്നു. പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചിരുന്ന ഉഷ, സൈക്കിൾ ചവിട്ടുകയും തന്റെ സഹോദരങ്ങളോടൊപ്പം കബഡി കളിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത്രയൊക്കെ സ്വാതന്ത്ര്യമുണ്ടായിട്ടും, വിവാഹം തീരുമാനിക്കുന്ന ഘട്ടമെത്തിയപ്പോൾ  അവളുടെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല.

ജ്യോതി ബസു എട്ടാം ക്ലാസിൽ പഠിപ്പുപേക്ഷിച്ച് കുടുംബം നോക്കാൻ ഇറങ്ങിപുറപ്പെട്ടവനാണ്. ആ കുടുംബത്തിലെ സീമന്തപുത്രൻ. തങ്ങളുടെ വീട്ടിൽ പെൺകുട്ടികൾക്ക് എങ്ങനെ സ്വാതന്ത്ര്യം കൊടുത്താണ് വളർത്തുന്നതെന്ന് കണ്ടുപരിചയിച്ചിട്ടുള്ള ഒരു കുടുംബത്തിൽ നിന്നും  വന്ന ആലോചനയായതുകൊണ്ട്, ഉഷയും അധികമൊന്നും എതിർപ്പ് പ്രകടിപ്പിക്കാൻ നിന്നില്ല. തനിക്ക് സന്തോഷം മാത്രമേ ആ വീട്ടിൽ ഉണ്ടാവൂ എന്നവൾ പ്രതീക്ഷ വെച്ചു. 

എന്നാൽ അവളുടെ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരുന്നു. ഉഷയെ എങ്ങനെയെല്ലാം  മുതലെടുക്കാം എന്നതു മാത്രമായിരുന്നു അവളുടെ ഭർതൃവീട്ടുകാരുടെ ചിന്ത. ചെന്നു കേറിയപാടേ അവർ അവളെക്കൊണ്ട് ഒരു ലോണെടുപ്പിച്ചു. ആ പണം കൊണ്ട് മകന്റെ പേരിൽ ഒരു പപ്പടം നിർമ്മാണ യൂണിറ്റ് തുടങ്ങി. തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണ് എന്ന വേദനിപ്പിക്കുന്ന സത്യം ഉഷ അറിയുന്നത് അക്കാലത്താണ്.  

ആ പപ്പടനിർമ്മാണ യൂണിറ്റിലേക്ക് തിരിഞ്ഞുപോലും നോക്കാൻ തന്റെ ഭർത്താവ് കൂട്ടാക്കാതെയായപ്പോൾ, ലോണിന്റെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ വേണ്ടി ഉഷ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതേസമയം, വീട്ടിലെ കാര്യങ്ങൾക്കും അവൾ ഒരു മുടക്കവും വരുത്തിയില്ല. അങ്ങനെ ഒരു വിധം സമാധാനത്തോടെ കാര്യങ്ങൾ കഴിഞ്ഞു പോകവേയാണ്, ഭർതൃവീട്ടുകാർ അടുത്ത ഉടക്കുമായി വരുന്നത്. അവരുടെ എട്ടാം ക്ലാസ് തോറ്റ് വീട്ടിൽ നിൽക്കുന്ന പെണ്മകളെ, ഉഷയുടെ അനിയന്മാരിൽ ഒരാളെക്കൊണ്ട് വിവാഹം ചെയ്യിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.  

ഉഷയുടെ ആദ്യത്തെ അനിയൻ ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. അയാളുടെ വിവാഹം ഒരു കുട്ടിയുമായി നിശ്ചയിച്ചു കഴിഞ്ഞിരുന്നു. രണ്ടാമത്തെ അനിയൻ എം ഫിലിനു പഠിക്കുന്ന കാലമാണ്. ഇങ്ങനെ ഒരു ആലോചനയുടെ കാര്യം കേട്ടതും അവൻ അത് നിരസിച്ചു.  ആ ആലോചന മുടങ്ങിയത് ഉഷയുടെ ഭർതൃ വീട്ടുകാരിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്.  ആ അതൃപ്തി മനസ്സിലിട്ടുകൊണ്ട്, കിട്ടുന്ന അവസരങ്ങളിലെല്ലാം അവർ ഉഷയെ നോവിച്ചുകൊണ്ടിരുന്നു. ആ പയ്യന്മാരുടെ മനസ്സിൽ വിഷം കുത്തിവെച്ച് വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചത് ഉഷയാണ് എന്ന മട്ടിലായിരുന്നു ഉഷയ്‌ക്കെതിരെയുള്ള അവരുടെ ആക്രമണം. അതിന്റെ പേരിൽ അവർ നിത്യം ഉഷയെ മർദ്ദിക്കുകയും ചീത്തപറയുകയും ഒക്കെ ചെയ്യുമായിരുന്നു. 

ഉഷാ റാണിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മർദ്ദനങ്ങളേറ്റു വാങ്ങേണ്ടി വന്നു

വിഷമങ്ങൾ ഇടയ്ക്കിടെ വിരുന്നുവന്നുകൊണ്ടിരുന്ന ജീവിതത്തിനിടയിലും നാലു കുഞ്ഞുങ്ങളെ പെറ്റു പോറ്റുന്നുണ്ടായിരുന്നു  ഉഷ.  അവളുടെ പപ്പടം നിർമാണ യൂണിറ്റ് പച്ച പിടിച്ചു കഴിഞ്ഞിരുന്നു. 'ഉഷാറാണി കോട്ടേജ് ഇൻഡസ്ട്രീസ്' എന്ന ആ  സ്ഥാപനത്തിലെ എല്ലാവിധ പ്രതിസന്ധികളെയും നെഞ്ചുവിരിച്ചു നിന്ന് നേരിട്ട്, ലാഭകരമായി, അത് നടത്തിക്കൊണ്ടു പോവുന്നതിനിടയിലും, തിരിച്ച് വീട്ടിലെത്തുമ്പോൾ ഉഷാ റാണിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മർദ്ദനങ്ങളേറ്റു വാങ്ങേണ്ടി വന്നു. അതെല്ലാം, അവർ നിശബ്ദമായി സഹിച്ചു പോന്നു.  

അതിനിടെയാണ് അടുത്ത പ്രതിസന്ധി വന്നുപെടുന്നത്. ഉഷയുടെ മൂത്ത മകൾക്ക് വയസ്സ് പതിനാലു തികയുന്നു. വയസ്സറിയിച്ച പ്രായം തൊട്ടേ കൊച്ചുമകളെ കെട്ടിച്ചുവിടാൻ തിരക്ക് കൂട്ടിക്കൊണ്ടിരുന്ന ഉഷയുടെ ഭർതൃവീട്ടുകാർ ഒരു കശാപ്പുകടയിൽ മാടിനെ അറുക്കുന്ന, അവരുടെ തന്നെ  അകന്ന ബന്ധുവിനെ അവൾക്കായി കണ്ടെത്തി. കുട്ടിയ്ക്ക് അപ്പോൾ തന്നെ ആവശ്യത്തിലധികം പഠിപ്പായി, ഇനിയും പഠിച്ചാൽ അവൾ ചിലപ്പോൾ അവർക്കിഷ്ടമുള്ള വിവാഹത്തിനൊന്നും സമ്മതിച്ചേക്കില്ല എന്നൊരു ഭയം അവർക്കുണ്ടായിരുന്നു. 

ഈ ആലോചന ഒരു കാരണവശാലും നടത്താൻ താൻ സമ്മതിക്കില്ല എന്ന് ഉഷാറാണി മനസ്സിലുറപ്പിച്ചിരുന്നു. തനിക്ക് തുടർന്നുപഠിക്കണം എന്ന് മകൾ അമ്മയോട് ആഗ്രഹം പറഞ്ഞിട്ടുമുണ്ടായിരുന്നു. അതിനാൽ അവർ നേരെ മകളുടെ സ്‌കൂളിലെ ഹെഡ് മിസ്ട്രസിനെ ചെന്നുകണ്ട് കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു ബോധ്യപ്പെടുത്തി. മകളുടെ  പഠിപ്പിൽ ഒരു മുടക്കവും വരാതെ താൻ നോക്കിക്കൊള്ളാം എന്ന് അവർ ഉഷയ്ക്ക് വാക്കുകൊടുത്തു.  

ഉഷയുടെ ഈ ഇടപെടലിനെക്കുറിച്ചറിഞ്ഞ ഭർത്താവും അച്ഛനമ്മമാരും നേരെ വീട്ടിലെത്തി ഉഷയെ മർദ്ദിക്കാൻ തുടങ്ങി. അവർ അവളുടെ രണ്ടു കാലും അടിച്ചൊടിച്ചു. ബോധരഹിതയായി അവൾ ആ മുറ്റത്തു വീണു.. തടുക്കാൻ ചെന്ന രണ്ടുവയസ്സുള്ള മകനെ അവർ തൂക്കിയെടുത്ത് ചുവരിലേക്കെറിഞ്ഞു. നിലവിളികൾ കേട്ട ഓടിവന്ന അയൽവാസികളാണ് അവരെ ആശുപത്രിയിലെത്തിച്ചത്.

ഉഷ എന്തെങ്കിലും വെളിപ്പെടുത്തും മുന്നേ പോലീസിനോട് കാര്യങ്ങൾ ഒന്നൊഴിയാതെ തുറന്നു പറഞ്ഞ് മൊഴികൊടുത്തത് അവളുടെ മകൻ തന്നെയാണ്. അങ്ങനെ, ഗാർഹിക സ്ത്രീധന പീഡനകുറ്റങ്ങൾ ചുമത്തി ഉഷയുടെ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. 

ഈ സംഭവം നടക്കുന്നത് 2003 -ലാണ്. ആശുപത്രിയിൽ നിന്നും ഉഷ നേരെ ചെന്നത് സ്വന്തം വീട്ടിലേക്കായിരുന്നു. അവളുടെ അനുജന്മാർ അവളെ ഉപദേശിച്ചു.. "ചേച്ചിക്ക് വേണ്ട പഠിപ്പുണ്ട്. സ്വന്തം കാലിൽ നിൽക്കാനുള്ള പക്വതയും. ഇനിയെങ്കിലും അദ്ധ്വാനിച്ച് സ്വതന്ത്രമായി ജീവിക്കൂ.." സാമ്പത്തിക സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കാറായി എന്ന് ഉഷയ്ക്കും ബോധ്യപ്പെട്ടു. 

സ്വന്തം പഠിത്തം ഒക്കെ അവൾ ഒരേ സമയം നോക്കി നടത്തി അക്കാലത്ത്

അവൾ വിവാഹമോചനത്തിനുള്ള ഹർജി കോടതിയിൽ സമർപ്പിച്ചു. ഭർതൃവീട്ടുകാരുടെ കൈവശം പെട്ടുപോയ അവളുടെ ആഭരണങ്ങൾ തിരിച്ചുകിട്ടാനായി പൊലീസിൽ പരാതിപ്പെട്ടു.  അവർക്കു നൽകിയ സ്ത്രീധനത്തുകയും തിരിച്ചാവശ്യപ്പെട്ടു. പ്രതികാരമായി ഭർതൃവീട്ടുകാർ അവരുടെ പപ്പട നിർമാണ യൂണിറ്റിൽ നിന്നും ഉഷാറാണി പണം അപഹരിച്ചു എന്നും അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ട് കുടുംബത്തിന് മാനക്കേടുണ്ടാക്കി എന്നും ആരോപിച്ചു. എന്നാൽ, അന്നോളം അവളനുഭവിച്ചു തീർത്ത യാതനകൾ,  അപ്പോഴേക്കും അത്തരം ദുരാരോപണങ്ങളിളൊന്നും വിഷമിക്കാത്ത വണ്ണം അവളുടെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. 

മധുരയിലുള്ള  ഒരു സ്വകാര്യ ആശുപത്രിയുടെ കാഷ് കൗണ്ടറിൽ ഒരു ഗുമസ്തയുടെ ജോലിയാണ് ആദ്യം അവൾ സംഘടിപ്പിച്ചത്. വളരെപ്പെട്ടെന്ന് തന്നെ അവിടത്തെ പ്രവർത്തനങ്ങളെല്ലാം തന്നെ പഠിച്ചെടുത്ത ഉഷ അവിടെ നിന്നും കൂടുതൽ മെച്ചപ്പെട്ട ഒരു ജോലി സംഘടിപ്പിച്ചു. 2007 -ൽ അവൾ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷൻ ഓഫീസിലെ അഡ്മിനിസ്ട്രേറ്ററായി.  അവിടെ ജോലി ചെയ്യുന്ന കാലത്തുതന്നെ അവൾ ജോലിക്കൊപ്പം സൈക്കോളജിയിൽ തന്റെ ബിരുദ പഠനവും തുടർന്നു. കോഴ്‌സിനുള്ള ഫീസ് ഇൻസ്റ്റാൾമെന്റുകളായി അവളുടെ ശമ്പളത്തിൽ നിന്നും അവർ ഈടാക്കുമായിരുന്നു. 

കഠിനമായ അദ്ധ്വാനത്തിലൂടെ അവൾ ഒത്തിരിക്കാര്യങ്ങൾ ഒരേസമയം നിറവേറ്റികൊണ്ടിരുന്നു. ഓഫീസിലെ കാര്യങ്ങൾ, വീട്ടിലെ ജോലികൾ, കുട്ടികളുടെ പഠിത്തം, സ്വന്തം പഠിത്തം ഒക്കെ അവൾ ഒരേ സമയം നോക്കി നടത്തി അക്കാലത്ത്. ഒപ്പം സ്വന്തം ഭർതൃ വീട്ടുകാരുടെ മർദ്ദനത്തിൽ കാലുകൾക്കേറ്റ ക്ഷതത്തിനുള്ള ഫിസിയോ തെറാപ്പിയും അവൾ തുടർന്നു കൊണ്ടിരുന്നു. തുടക്കത്തിൽ ക്രച്ചസിന്റെ സഹായത്തോടെ മാത്രമേ  അവൾക്ക് നടക്കാനാകുമായിരുന്നുള്ളു. പിന്നെപ്പിന്നെ ക്രച്ചസില്ലാതെ, മറ്റാരുടെയും സഹായമില്ലാതെ തന്നെ, മുടന്തി മുടന്തിയെങ്കിലും അവൾ നടന്നുതുടങ്ങി. കീഴടങ്ങാൻ അവൾക്ക് മനസ്സില്ലായിരുന്നു. 

അപ്പോഴേക്കും വിവാഹമോചനത്തിന്റെ നിയമ നൂലാമാലകളെല്ലാം തീർന്ന്, അവൾക്ക് ഡിവോഴ്സ് അനുവദിച്ചു കിട്ടിയിരുന്നു. മനഃശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി എം എ പഠനം തുടങ്ങിയിരുന്നു ഉഷ.  ഭർത്താവായ ജ്യോതിബസുവിൽ നിന്നും ഉഷ നിയമ പ്രകാരമുള്ള വിവാഹമോചനം നേടിയിരുന്നെങ്കിലും, അവളെ വെറുതെ വിടാൻ അയാൾക്കുദ്ദേശ്യമില്ലായിരുന്നു. 

അയാളുടെ അച്ഛനമ്മമാർക്കും അയാൾക്കുമെതിരെ അവൾ കൊടുത്ത ഗാർഹിക പീഡന കേസുകളില്‍ അപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഉഷ ശ്രദ്ധിക്കാതെയായപ്പോൾ പപ്പട നിർമ്മാണ യൂണിറ്റ് നഷ്ടത്തിലായി. ഉഷ ജോലിയെടുക്കുന്നിടത്തെല്ലാം അവളുടെ പിന്നാലെ ചെന്ന് അയാൾ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു.   ഉഷയുടെ സീനിയർ ഓഫീസറുമായി അവൾക്ക് അവിഹിതബന്ധമുണ്ട് എന്നയാൾ യൂണിവേഴ്‌സിറ്റിയിൽ മുഴുവൻ പാടിനടന്നു. അയാളുടെ ഉപദ്രവം മൂക്കുമ്പോൾ, അതിൽ നിന്നും രക്ഷപെടാൻ വേണ്ടി മാത്രം അവൾ ഇടയ്ക്കിടെ വാടകവീടുകൾ മാറിക്കൊണ്ടിരുന്നു. 

2010-ൽ ഉഷാറാണിയെ അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അയാൾ വീട്ടിലേക്ക് കേറിവന്ന് അവളുടെ കാൽക്കൽ സാഷ്ടംഗം വീണു. സമസ്താപരാധങ്ങളും പൊറുക്കണമെന്നും വയസ്സുകാലത്ത് സ്വന്തം മക്കളോടൊപ്പം കുറച്ചുനാൾ കഴിയാൻ അനുവദിക്കണമെന്നും കരഞ്ഞുപറഞ്ഞു. അയാളുടെ ആരോഗ്യം വളരെ മോശമായിരുന്നു. പരസഹായം കൂടാതെ ജീവൻ നിലനിർത്താനാവാത്തത്ര അയാളുടെ ആരോഗ്യം വഷളായിക്കഴിഞ്ഞിരുന്നു. എന്തോ മാരകമായ അസുഖം ബാധിച്ചിട്ടെന്നപോലെ ആകെ വിളറിവെളുത്ത് ഓജസ്സില്ലാതെയിരുന്നു അയാൾ. സ്വന്തം അച്ഛനെ അങ്ങനെ കണ്ട മക്കളുടെ മനസ്സലിഞ്ഞു. അച്ഛന് ഒരവസരം കൂടി നൽകണം എന്ന് മക്കൾ അമ്മയുടെ കാലുപിടിച്ചു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. കൂടെ നിന്നോട്ടെ.. മക്കളുടെ  അച്ഛനായി.. പക്ഷേ, അവളോട് പ്രവർത്തിച്ചതിനൊന്നും മാപ്പുനൽകാൻ അവൾ തയ്യാറല്ലായിരുന്നു. ഒരിക്കലും തന്റെ ഭർത്താവായിരിക്കാം എന്ന് വിചാരിക്കേണ്ട എന്നവൾ അയാളോട് വെട്ടിത്തുറന്നുതന്നെ പറഞ്ഞു. തെറ്റുകൾ ബോധ്യപ്പെട്ടു, താൻ ഇപ്പോൾ പഴയപോലല്ല, നന്നായി എന്നൊക്കെയുള്ള അയാളുടെ അവകാശവാദങ്ങൾ അവൾക്ക് ഒട്ടും വിശ്വസനീയമായി തോന്നിയില്ല. എന്തോ പ്രശ്നമുണ്ടെന്ന് അവൾക്ക് ഒരു ഉൾവിളി തോന്നി. അവളുടെ തോന്നലുകൾ സത്യമാണെന്ന് അധികം താമസിയാതെ വെളിപ്പെട്ടു.

ആരോഗ്യം ഒന്ന് മെച്ചപ്പെട്ടതോടെ, തന്റെയും തന്റെ അച്ഛനമ്മമാരുടെയും പേരിലുള്ള കേസുകൾ പിൻവലിക്കാനുള്ള കടലാസുകളിൽ അവളെക്കൊണ്ട് ഒപ്പിടീക്കാനുള്ള ശ്രമങ്ങളായി. അമ്മയുടെ ആഭരണങ്ങളും, സ്ത്രീധനത്തുകയും മടക്കി നൽകാതെ ഒരു കടലാസിലും ഒപ്പിട്ടു നൽകരുതെന്ന് രണ്ടാമത്തെ മകൾ കട്ടായം പറഞ്ഞു. അതിൽ കുപിതനായി അയാൾ പിന്നെയും തന്റെ പഴയ സ്വഭാവം പുറത്തെടുത്തു. അവൾക്കു നേരെ കയർക്കാനും അസഭ്യം പറയാനുമെല്ലാം തുടങ്ങി.  

ഇതൊന്നുമല്ലായിരുന്നു പക്ഷേ, സ്വന്തം ഭർത്താവിനെ കൊല്ലാൻ ഉഷയെ പ്രേരിപ്പിച്ചത്. സ്വതവേ ദുർബല ശരീരയായിരുന്ന, കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുണ്ടായിരിക്കുന്ന ഉഷ, സ്വന്തം ഭർത്താവിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിച്ചിരുന്നു. അതൊക്കെയും കണ്ടില്ലെന്നു നടിക്കാൻ മറക്കാൻ മനസ്സിനെ പരിശീലിപ്പികുകയും ചെയ്തിരുന്നു. . മകളുടെ അഭിപ്രായം മാനിച്ച് ഉഷ ജ്യോതിബസുവിനോട് വീട്ടിൽ നിന്നും പോവാൻ ആവശ്യപ്പെട്ടു. തിരിച്ചൊരിക്കലും വരരുത് എന്നും വിലക്കി. 

അയാളെ ആവേശിച്ചിട്ടുള്ള മാറാരോഗമെന്തെന്ന വിവരം അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു

അടുത്ത ദിവസം അയാൾ വീണ്ടും അതേ കടലാസുകളുമായി തിരിച്ചുവന്നു. കുടിച്ച് ലക്കുകെട്ടായിരുന്നു വരവ്. അയാൾക്ക് വിശക്കുന്നുണ്ട് എന്നയാൾ അവളോട് പറഞ്ഞു. ഉള്ളിൽ നിറഞ്ഞു കവിയുന്ന വെറുപ്പോടെയും അവൾ അയാൾക്കുവേണ്ടി ഭക്ഷണം പാകം ചെയ്യാൻ തയ്യാറായി. അപ്പോഴാണ്, അയാളുടെ ഭാവം മാറിയത്.  അവൾ മനസ്സിലാക്കിയ തരത്തിലുള്ള വിശപ്പല്ലായിരുന്നു അയാൾക്കുണ്ടായിരുന്നത്. അത് അവളുടെ ശരീരത്തോടുള്ള ആർത്തിയായിരുന്നു. അടുത്ത നിമിഷം അയാൾ അവളുടെ സാരിത്തലപ്പിൽ പിടിച്ചു വലിച്ചു. നിമിഷാർദ്ധം കൊണ്ട് വല്ലാത്തൊരു ഭയം അവളുടെ മനസ്സിൽ ആവേശിച്ചു. 

സ്വന്തം പിള്ളേർക്കറിയാത്ത ഒരു രഹസ്യം അവളുടെ മനസ്സിനുള്ളിൽ അവൾ അടക്കി വെച്ചിട്ടുണ്ടായിരുന്നു. അത് അയാളുടെ അസുഖത്തെപ്പറ്റിയുള്ള രഹസ്യമായിരുന്നു. അയാളെ ആവേശിച്ചിട്ടുള്ള മാറാരോഗമെന്തെന്ന വിവരം അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു. അയാളെ പരിശോധിച്ച ഡോക്ടർ  അയാളുടെ ശരീരത്തെ ക്ഷയിപ്പിക്കുന്ന അസുഖം എയിഡ്സ് ആണെന്ന വിവരം അവളെ രഹസ്യമായി ധരിപ്പിച്ചിരുന്നു.  

അവളുമായി വിവാഹബന്ധത്തിലേർപ്പെട്ടിരുന്നപ്പോഴും അയാൾ പരസ്ത്രീകളുമായി ബന്ധം പുലർത്തുമായിരുന്നു. തന്നെ വഞ്ചിച്ചതിനു കിട്ടിയ പ്രതിഫലമായിരുന്നിട്ടുകൂടി അവൾ അത്രയും ദിവസം അയാളെ പരിചരിച്ചു പോന്നു. അയാളുടെ ദേഹത്തെ വ്രണങ്ങളിൽ അവൾ ഓയിന്റ്മെന്റ് പുരട്ടിക്കൊടുക്കുമായിരുന്നു. 

അമ്മയെ അച്ഛൻ ഉപദ്രവിക്കാൻ ശ്രമിക്കുന്നതു കണ്ട് ഓടിയെത്തിയ അവരുടെ രണ്ടാമത്തെ മകൾ അയാളെ തള്ളിമാറ്റാൻ നോക്കി. അപ്പോൾ അയാൾ അവളോട് പറഞ്ഞു.. " നിന്റെ അമ്മയ്ക്ക് പറ്റില്ലെന്നുണ്ടെങ്കിൽ  എനിക്ക് നിന്നെയായാലും മതി.. "  അതും പറഞ്ഞ് അയാൾ തന്റെ സ്വന്തം മകളെ കടന്നു പിടിച്ച്, അവളെ വലിച്ചിഴച്ചു കൊണ്ട് അടുത്ത മുറിയിലേക്ക് ചെന്ന് വാതിലടച്ചു കുറ്റിയിട്ട് അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

ഒരു നിമിഷമെടുത്തു ഉഷയ്ക്ക് എന്താണ് നടന്നത് എന്ന് തിരിച്ചറിയാൻ. ദേഷ്യം കൊണ്ട് അവളുടെ കണ്ണിൽ ഇരുട്ടുകേറാൻ തുടങ്ങി. ആ നിമിഷം അവളുടെ കണ്ണിൽ പെട്ടത് മകന്റെ ക്രിക്കറ്റ് ബാറ്റായിരുന്നു. അതും കയ്യിലെടുത്തവൾ ആ മുറിയുടെ ജനൽചില്ലുകൾ അടിച്ചുപൊട്ടിച്ച് അകത്തുകേറി. തന്റെ മകളുടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചുകൊണ്ടിരുന്ന അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. മകളുടെ ദുപ്പട്ടയിൽ നിന്നുള്ള  പിടിവിടും വരെ അവൾ ബാറ്റുകൊണ്ട്   ആ മനുഷ്യനെ  ആഞ്ഞാഞ്ഞു തല്ലി. ഒടുവിൽ അയാൾക്ക് അനക്കമില്ലാതായപ്പോൾ അവൾ നിർത്തി. 

വീട്ടിൽ നടന്നത് അറിയിക്കാനായി ഉഷ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോൾ അവർക്കുപോലും കാര്യങ്ങൾ മനസ്സിലായി. അവൾക്കുമേൽ കൊലക്കുറ്റം ചുമത്തുന്നതിനു പകരം അവർ സെക്ഷൻ 100   പ്രകാരമാണ് കേസെടുത്തത്. ആത്മരക്ഷാർത്ഥമുള്ള ഹത്യ. ഒരുപക്ഷേ, തമിഴ്‌നാട് പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ആ വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യത്തെ എഫ്‌ഐആർ.  

ഐപിസിയുടെ നൂറാം വകുപ്പ് പ്രകാരം ഒരാൾ തന്റെ നേർക്ക് നടക്കാൻ പോവുന്ന കൊലപാതകശ്രമത്തെയോ, ബലാൽസംഗശ്രമത്തെയോ തടയാനുള്ള ശ്രമത്തിനിടെ നടത്തുന്ന കൊലപാതകത്തിന് അയാളെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാനാവില്ല. ഉഷയോടും കുട്ടികളോടും പൊലീസ് ആകെ ആവശ്യപ്പെട്ടത് ഒരു മജിസ്‌ട്രേറ്റിനു മുന്നിൽ ഒരു പ്രാവശ്യം വിശദമായ ഒരു മൊഴി കൊടുക്കണം എന്ന് മാത്രമാണ്. 

 സ്ത്രീകൾ ആദ്യം നേടിയെടുക്കേണ്ടത് സാമ്പത്തികമായ സ്വാതന്ത്ര്യമാണ്

കോടതിയിൽ പോലും  ഒരിക്കലും കേറേണ്ടി വന്നിട്ടില്ല ഉഷയ്ക്ക് ഇതിന്റെ പേരിൽ.  എല്ലാം ഒരു ദുസ്വപ്നമെന്നു കരുതി, ഓർക്കാതെ കിട്ടിയ ഈ പുനർജന്മം ദൈവാനുഗ്രഹമെന്നേ ഉഷ കരുതുന്നുള്ളൂ. 

തുടർന്നും പഠിച്ച ഉഷാറാണി സൈക്കോളജിയിലെ തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. യൂണിവേഴ്‌സിറ്റിയിലെ തന്റെ അഡ്മിനിസ്ട്രേറ്റർ ജോലിയിലിരിക്കെയാണ് ഉഷ ഏതാനും വർഷം മുമ്പ് ബാങ്കിന്റെ പരീക്ഷയെഴുതിയത്. ഏതാനും മാസങ്ങൾ ബാങ്ക് പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു പോയ ഉഷ തന്റെ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ടുമാത്രമാണ് ഈ ജോലി നേടിയെടുത്തത്. ബാങ്കിൽ ലൈഫ് അഡ്‌വൈസർ തസ്തികയിലാണ് അവർ ജോലി ചെയ്യുന്നത്. 

ജീവിതം മുന്നോട്ടു വെച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട്, സ്വന്തം അദ്ധ്വാനം കൊണ്ട് മാത്രം, തന്റെ നാലുമക്കളെയും വളർത്തിയ ഉഷാറാണി, ഇന്ന് ബാങ്കിൽ വരുന്ന കസ്റ്റമേഴ്‌സിന്റെ നിക്ഷേപസംബന്ധിയായ സംശയങ്ങളിൽ അവർക്കുവേണ്ട സാമ്പത്തികോപദേശങ്ങൾ നൽകുന്നു. ബാങ്കിന്റെ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ വരുന്ന ഉപഭോക്താക്കളെ സഹായിക്കുക, കസ്റ്റമർ റിലേഷൻഷിപ്പ് നിലനിർത്തുക എന്നതൊക്കെയാണ് ഉഷയുടെ കർത്തവ്യങ്ങൾ. 

തങ്ങളുടെ ജീവിതങ്ങളിൽ പലവിധമുള്ള പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളോട് ഉഷയ്ക്ക് ഒന്നേയുള്ളൂ പറയാൻ.  സ്ത്രീകൾ ആദ്യം നേടിയെടുക്കേണ്ടത് സാമ്പത്തികമായ സ്വാതന്ത്ര്യമാണ്. ഒരാളെയും, സ്വന്തം ഭർത്താവിനെപ്പോലും ആശ്രയിക്കാതെ ആത്മാഭിമാനത്തോടെ  അധ്വാനിച്ച് ജീവിക്കുന്നവർക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുളള കരുത്തും താനെ വന്നു ചേരും. സ്വന്തം ജീവിതത്തിൽ തന്നെ തടുത്തു നിർത്താൻ നോക്കിയ ശക്തികളെയൊക്കെ അവൾ സധൈര്യം തട്ടിത്തെറിപ്പിച്ചിട്ടേയുള്ളൂ. 

തുടർന്നും നിക്ഷേപങ്ങൾ നടത്താൻ അവരെ ഉഷാറാണി ഇന്നും ഉപദേശിക്കുന്നു

ഉഷയുടെ മക്കൾ പതിനെട്ടുവയസ്സു തികയുന്ന മുറയ്ക്ക് അവർ എല്ലാവര്‍ക്കും സ്വന്തമായി ഓരോ ബാങ്ക് അക്കൗണ്ടുകൾ തുറന്നു നൽകി. അതിന്റെ പാസ്ബുക്കും അവരെ ഏൽപ്പിച്ചു. സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പണം ആ പാസ്ബുക്കുകളിൽ ചേർക്കാൻ, തുടർന്നും നിക്ഷേപങ്ങൾ നടത്താൻ അവരെ ഉഷാറാണി ഇന്നും ഉപദേശിക്കുന്നു. 

ഇന്ത്യയിലെ ഗാർഹികപീഡനങ്ങൾക്ക് ഇരയാവുന്ന ലക്ഷക്കണക്കായ കുടുംബിനികളോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ   അവർ പെട്ടെന്ന് ഓർത്തെടുത്തത് തിരുക്കുറലിലെ ഈ രണ്ടു വരികളാണ്. 

"    വെള്ളത്തനൈയ മലർനീട്ടം  
     മാന്തർതം ഉള്ളത്തനൈയതു
     ഉയർവു " 

എന്നുവെച്ചാൽ, " താമരയുടെ തണ്ടിന്റെ നീളം അത് ജീവിക്കുന്ന ജലത്തിന്റെ അളവിനൊത്തതാവുന്നപോലെ 
 മനുഷ്യരുടെ ജീവിതത്തിന്റെ ഉയർച്ച അവരുടെ മനോബലത്തിനൊത്തിരിക്കും.. "

നമ്മളെ മുക്കിക്കൊല്ലാൻ  ശ്രമിക്കുന്ന  ആഴങ്ങളിൽ നിന്നും സ്വയം നീന്തി രക്ഷപ്പെടുക എന്നൊരൊറ്റ മാർഗ്ഗമേയുള്ളൂ..! 

(കടപ്പാട്: ദെ ന്യൂസ് മിനുട്ട്)

Follow Us:
Download App:
  • android
  • ios