ഇന്ന് മുംതാസ് മഹലിന്റെ ഓർമ്മദിവസമാണ്.  പ്രണയത്തെക്കുറിച്ച് ഓർമ്മിക്കുന്നിടങ്ങളിൽ പലപ്പോഴും അതിന്റെ പ്രതീകമെന്നോണം താജ് മഹൽ എന്ന ലോകാത്ഭുതവും വന്നുപോവാറുണ്ട്.  ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായിരുന്ന മുംതാസ് മഹലിന്റെ മരണശേഷം അവരുടെ ഓർമ്മ നിലനിർത്താൻ വേണ്ടി പണിതുയർത്തിയ സ്മാരകമാണ് പിൽക്കാലത്ത് താജ് മഹൽ എന്ന പേരിൽ അറിയപ്പെടുന്നത്. താജ് മഹൽ എല്ലാവരും അറിയും. ഷാജഹാന്റെ പേരും എല്ലാവരും കേട്ടുകാണും. എന്നാൽ , ആരായിരുന്നു മുംതാസ് മഹൽ..? അവരെപ്പറ്റി നമുക്കൊക്കെ എന്താണ് അറിയാവുന്നത്..? 

1593 ഏപ്രിൽ 27-ന്  അർജുമന്ദ് ബാനു ബീഗം എന്ന പേരിൽ ആഗ്രയിലെ ഒരു പ്രസിദ്ധ പേർഷ്യൻ കുടുംബത്തിലാണ് മുംതാസ് മഹൽ പിറന്നുവീണത്. പിതാവ് അബ്ദുൽ ഹസൻ ആസഫ് ഖാൻ, മാതാവ് ദിവാൻജി ബീഗം. ജഹാംഗീർ ചക്രവർത്തിയുടെ പത്നി നൂർജഹാന്റെ ജ്യേഷ്ഠസഹോദരനായിരുന്നു ആസഫ് ഖാൻ.  ബാല്യകാലത്തു തന്നെ അറബിക്, പേർഷ്യൻ ഭാഷകൾ അഭ്യസിചിരുന്നു മുംതാസ്.  1607 ജനുവരി 30-നാണ് അന്ന് ഖുർറം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഷാജഹാനും ബാനുവുമായുള്ള വിവാഹം പറഞ്ഞുറപ്പിക്കപ്പെടുന്നത്.   

അന്ന് ബാനുവിന് പ്രായം വെറും 14  വയസ്സ്. ഷാജഹാന് 15  വയസ്സും. അഞ്ചുവര്ഷങ്ങള്ക്കു ശേഷം വിവാഹം. ബാനുവിന്റെ രൂപസൗഭഗത്തിലും അറിവിലും അനുരക്തനായ ഷാജഹാനാണ് തന്റെ ഭാര്യയ്ക്ക്  'കൊട്ടാരത്തിന്റെ രത്നം'  എന്ന അർത്ഥത്തിൽ  'മുംതാസ് മഹൽ' അഥവാ എന്ന പേര് നൽകുന്നത്. അദ്ദേഹത്തിന് മുംതാസ് മഹലിനു പുറമെ വേറെയും ഭാര്യമാരും അവരിൽ കുട്ടികളും ഉണ്ടായിരുന്നു. എങ്കിലും മുംതാസ് മഹലിനോട് അദ്ദേഹത്തിന് സവിശേഷമായ ഒരു ആദരവു കലർന്ന സ്നേഹമുണ്ടായിരുന്നു. 


അവർക്ക് പതിനാലു കുട്ടികളുണ്ടായി. പാതിയും  പ്രസവത്തിലോ അല്ലെങ്കിൽ ബാല്യത്തിലോ മരിച്ചു. ബാലാരിഷ്ടതകളെ അതിജീവിച്ച കുഞ്ഞുങ്ങളാവട്ടെ, അമ്മയുടെ ശിക്ഷണത്തിൽ വളർന്നു. അവർക്ക് 'മല്ലിക-എ-ജഹാൻ' അഥവാ 'ലോകൈക രാജ്ഞി' എന്ന ഒരു സ്ഥാനം കൂടി നല്കപ്പെടുകയുണ്ടായി. 1631 ജൂൺ 17 -ന് തന്റെ പതിനാലാമത്തെ കുഞ്ഞായ ഗൗഹർ ആരാ ബീഗത്തിനെ പ്രസവിക്കുന്നതിനിടയിലായിരുന്നു മുംതാസിന്റെ മരണം . ഷാജഹാന്റെയൊപ്പം ഡെക്കാൻ പീഠഭൂമിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.  

താൻ അത്രമേൽ സ്നേഹിക്കയും ബഹുമാനിക്കുകയും ചെയ്ത തന്റെ പ്രിയ പത്നിയുടെ വേർപാട് ഷാജഹാനെ ഒരൊറ്റ രാത്രികൊണ്ട് പടുവൃദ്ധനാക്കി മാറ്റി. ആ വിയോഗമേൽപ്പിച്ച  മനഃപ്രയാസത്തെ മറികടക്കാനാണ് അവരുടെ ഓർമ്മ നിലനിർത്താൻ വേണ്ടി താജ്  മഹൽ പോലെ ഒരു  സ്മാരകം പണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

22,000 തൊഴിലാളികൾ - ഖലാസികൾ, പെയിന്റർമാർ, കല്പണിക്കാർ, കൊത്തുപണിക്കാർ - ഇരുപതു വർഷക്കാലം അധ്വാനിച്ചതിന്റെ ഫലമാണ് ഈ സ്മാരകം. നിർമാണത്തിനായി 1000  ആനകളുടെ സേവനവും ഉപയോഗിക്കപ്പെട്ടു. ഓരോ വർഷവും പത്തുലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഈ സ്മാരകം സന്ദര്ശിക്കാനെത്തുന്നത്. 1983-ൽ ഈ മന്ദിരം യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു.

" അനന്തതയുടെ കവിളിൽ പൊടിഞ്ഞ കണ്ണുനീർത്തുള്ളി" എന്ന് മഹാകവി രബീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ച ഈ സ്മാരകം  മുംതാസ് മഹലും ഷാജഹാനും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ ചിരകാലപ്രതീകമായി ഇന്നും നിലകൊളുന്നു.