ഉത്തരാഖണ്ഡിലെ നന്ദാദേവിയിലേക്ക് ഏഴാം നൂറ്റാണ്ട് മുതല്‍ തന്നെ ആളുകളെത്തിയിരുന്നുവെന്ന് പഠനം. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും പതിനേഴാം നൂറ്റാണ്ട് മുതല്‍ വിദേശത്തുനിന്നും ഇവിടെ ആളുകളെത്തിയിരുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഗ്രീസ്, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നുവരെ പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ യാത്രക്കാരെത്തിയിരുന്നിരിക്കണമെന്നും പഠനം പറയുന്നു. 

തീര്‍ത്ഥാടന വഴിയിലുള്ള രൂപ്‍കുണ്ഡ് തടാകത്തില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ DNA പരിശോധനയിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുന്നത്. 

രൂപ്‍കുണ്ഡ് തടാകം

ഉത്തരാഖണ്ഡിലെ ഗഡ്വാളിലാണ് രൂപ്‍കുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്നും 5029 മീറ്റര്‍ (16,470  അടി) ഉയരത്തില്‍ മലമടക്കുകളിലാണിത്. നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് ഈ തടാകത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. എങ്ങനെയാവാം ഈ ആളുകളെല്ലാം ഈ തടാകത്തില്‍ മരിച്ചുവീണതെ്, ഏത് കാലത്തായിരിക്കാം, ആരൊക്കെ ആയിരിക്കാം എന്നതൊക്കെ എന്നും ദുരൂഹതയായി തുടരുകയായിരുന്നു. 

പക്ഷേ, നിരവധി പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. 1940 -കളിലാണ് ഈ തടാകത്തില്‍ മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നത്. അതും അഞ്ഞൂറിലധികം അസ്ഥികൂടങ്ങള്‍. എങ്ങനെയാണ് ഇത്രയധികം മനുഷ്യര്‍ ഇങ്ങനെയൊരിടത്ത് മരിച്ചുവീണതെന്നോ, അവരൊക്കെ ആരായിരുന്നുവെന്നോ ആര്‍ക്കും അറിയില്ല. 

പഠനങ്ങള്‍

1960 -കളിൽ ഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കുകയുണ്ടായി. അന്ന്, അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, ഒരു പഠനം കൂടി നടന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലായിരുന്നു പഠനം നടത്തിയത്. ആ പഠനത്തിലാണ് അവയുടെ കാലം സി.ഇ. 850 -880 ആയിരിക്കാമെന്ന നിഗമനത്തിലെത്തിയത്. 

ഇപ്പോള്‍ ഇവിടെ നിന്നും കണ്ടെത്തിയ 38 അസ്ഥികൂടങ്ങളുടെ DNA പരിശോധിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയാണ്. ഇതില്‍ വിവിധ നാട്ടുകാരുടെ അസ്ഥികൂടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പരിശോധനയില്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് പുതിയ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ Nature Communications -ല്‍ പ്രസിദ്ധീകരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിലെ എവല്യൂഷണറി ബയോളജിയില്‍ പിഎച്ച്ഡി വിദ്യാർത്ഥിയായ Éadaoin Harney -യുടെ നേതൃത്വത്തിലുള്ള സംഘം 38 അസ്ഥികൂടങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎ വിശകലനം ചെയ്യുകയായിരുന്നു. ആയിരം വര്‍ഷങ്ങളുടെ ഇടവേളകളില്‍ രണ്ടു സംഘത്തില്‍ പെട്ട യാത്രക്കാര്‍ ഇവിടെയെത്തുകയും അവര്‍ ഇവിടെവച്ചുതന്നെ മരണപ്പെട്ടിരിക്കുകയും ചെയ്തതാവാം എന്നാണ് കരുതുന്നത്. 

അതില്‍ 23 പേര്‍ക്കാണ് ഇന്നത്തെ ഇന്ത്യക്കാരുമായി ബന്ധമുള്ളത്. എന്നിരുന്നാലും, ഈ ആളുകൾ ഒരേ പ്രദേശത്ത് നിന്നും ഉള്ളവരല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ സമയപരിധികളിൽ വന്നവരാണ് ഇവർ. കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്നത്തെ ക്രീറ്റിലും ഗ്രീസിലും താമസിക്കുന്നവരുമായി 14 വ്യക്തികൾക്ക് ബന്ധമുണ്ടെന്നും ഗവേഷണത്തിൽ കണ്ടെത്തി. തെക്കുകിഴക്കൻ ഏഷ്യയുമായിട്ടാണ് അവസാനത്തെ വ്യക്തിക്ക് ബന്ധം കാണുന്നത്. ഈ പഠനമെല്ലാം കാണിക്കുന്നത് രൂപ്‍കുണ്ഡില്‍ ഇന്ത്യക്കാര്‍ മാത്രമല്ല എത്തിയിരുന്നത് വിദേശികളേയും ആ കാലത്ത് തന്നെ രൂപ്‍കുണ്ഡ് ആകര്‍ഷിച്ചിരുന്നുവെന്നാണ് - Éadaoin Harney പറയുന്നു. 

രൂപ്‍കുണ്ഡ് തടാകം എപ്പോഴും ഒരു ദുരൂഹതയാണ്. ഈ ആളുകള്‍ എവിടെനിന്ന് വന്നുവെന്നോ, അവരാരാണ് എന്നോ, അവരെങ്ങനെയാണ് മരിച്ചതെന്നോ അറിയില്ല - ഹൈദരാബാദ് CSIR Centre for Cellular and Molecular Biology (CCMB) -ല്‍ ശാസ്ത്രജ്ഞനായ, ഈ വിഷയത്തില്‍ പഠനം നടത്തിയ നീരജ് റായ് പറയുന്നു. ഇപ്പോൾ ലഖ്‌നൗവിലെ ബിർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിൽ ജോലി ചെയ്യുന്ന റായ് വിശ്വസിക്കുന്നത് ഈ വ്യക്തികൾ എ ഡി ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ തീർത്ഥാടനത്തിനായി എത്തിയവരാണ് എന്നാണ്. നന്ദാദേവി തീര്‍ത്ഥയാത്ര വളരെ കഠിനമായ തീര്‍ത്ഥാടനമാണ്. എങ്കിലും പുതിയ ശാസ്ത്രീയമായ പഠനം പറയുന്നത് ഏഴാം നൂറ്റാണ്ടിന് മുമ്പ് തന്നെ ഇവിടെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നുവെന്നാണെന്നും റായ് പറയുന്നു. 

“ഒരു കൂട്ടം ഗ്രീക്കുകാർ ഇന്ത്യൻ തീർഥാടകരോടൊപ്പം രൂപ്‍കുണ്ഡിലേക്ക് പോയി എന്നതാണ് ഏറ്റവും യുക്തിസഹമായ വിശദീകരണം. ഒരു സാഹസിക യാത്രയായി അവർ ഈ യാത്ര ഏറ്റെടുത്തിരിക്കാം. പതിനേഴാം നൂറ്റാണ്ടോടെ ആളുകളെ സഹായിക്കാൻ ചുമട്ടുകാരുടെ സേവനം ലഭ്യമായതിനാൽ ട്രെക്കിംഗ് എളുപ്പമായിരുന്നു. ക്രമേണ, ഈ വിദേശികളായ യാത്രികര്‍ ഇന്ത്യൻ ഗ്രൂപ്പിൽ നിന്ന് വേർപ്പെട്ടുപോവുകയും അവരെ കാണാതാവുകയും ചെയ്തതായിരിക്കാം... ” റായ് ദി പ്രിന്റിനോട് പറഞ്ഞു. ഈ വിദേശികളുടെ മരണത്തിന് കാരണം ചിലപ്പോള്‍ ഹിപോക്സിയ ആയിരുന്നിരിക്കാം എന്നും റായ് പറയുന്നു. 

ഓരോ ഗ്രൂപ്പിലും പെട്ട ആളുകളുടെ മരണകാരണം കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും റായ് പറയുന്നുണ്ട്. പല തലയോട്ടികൾക്കും സ്പൂൺ ആകൃതിയില്‍ ആഘാതമേറ്റ പാടുകളുണ്ട്. അതിനെ കുറിച്ചാണിനി പഠിക്കേണ്ടത്. വലിയ ആലിപ്പഴം വന്നുവീണത് കാരണമായിരിക്കാം ഇത് എന്നാണ് കരുതുന്നത്. അതുപോലെ കുഷ്ഠരോഗമോ ക്ഷയരോഗമോ പോലുള്ള രോഗങ്ങൾ ബാധിച്ചിട്ടുണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും റായ് പറയുന്നു.