ദേവനന്ദ എന്ന കുരുന്നു പെൺകുട്ടിയുടെ മുങ്ങിമരണം നാടിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അവളുടെ മരണത്തെപ്പറ്റി നാട്ടുകാർ പല അഭ്യൂഹങ്ങളും പറയുന്നുണ്ട് എങ്കിലും, ഇതുവരെയുള്ള പൊലീസിന്റെ അന്വേഷണങ്ങളും ഫോറൻസിക്/പോസ്റ്റുമോര്‍ട്ടം ഫലങ്ങളും സൂചിപ്പിക്കുന്നത് അതൊരു മുങ്ങിമരണം ആണെന്നാണ്.  

വെള്ളം ഏറെ വിചിത്രസ്വഭാവിയായ ഒരു വസ്‍തുവാണ്. നമ്മുടെ ദേഹത്തെ അഴുക്ക് കഴുകിക്കളഞ്ഞ് നമുക്ക് നൈർമല്യവും സ്വാസ്ഥ്യവും പകരാന്‍ കഴിയുന്ന അതേ വെള്ളത്തിന്, കെട്ടിക്കിടക്കുമ്പോഴോ കുത്തിയൊഴുകുമ്പോഴോ ഒക്കെ നമ്മുടെ ജീവനെടുക്കാനും കഴിയും. കേരളത്തിലും ഏറ്റവും ഹൃദയഭേദകമായ രീതിയിൽ മരണങ്ങൾ, വിശേഷിച്ചും കൊച്ചുകുഞ്ഞുങ്ങളുടെ മരണങ്ങള്‍ സംഭവിക്കുന്നത് വെള്ളത്തിൽ വീണിട്ടാണ്. നിമിഷനേരത്തെ അച്ഛനമ്മമാരുടെ അശ്രദ്ധ, പലപ്പോഴും നൊന്തുപെറ്റ കുരുന്നുകളുടെ മരണത്തിലാണ് അവസാനിക്കുന്നത്. കിണറ്റിൽ, കുളത്തിൽ, തോട്ടിൽ, പുഴയിൽ, ബീച്ചിൽ, എന്തിന് കുളിമുറിക്കുള്ളിലെ ഒരു ബക്കറ്റു വെള്ളത്തിൽ വരെ കുഞ്ഞുങ്ങൾ വീണുമരിച്ചതിന്റെ വാർത്തകൾ കേട്ട് നടുങ്ങിയിട്ടില്ലേ നമ്മൾ? ഒരു മാസത്തിൽ തന്നെ എത്രവട്ടമാണ് അത്തരത്തിലുള്ള കഥകൾ നമ്മുടെ മുന്നിലേക്ക് വന്നിട്ടുള്ളത്?

കേരളത്തിലെ വെള്ളക്കെണികൾ

ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഒരു ലക്ഷത്തിൽ ചുരുങ്ങിയത് നാലുപേർക്കെങ്കിലും വർഷാവർഷം ജലസമാധിയൊരുക്കുന്നുണ്ട് കേരളത്തിലെ എണ്ണമറ്റ ജലാശയങ്ങൾ എന്നാണ് 2014 -ലെ ഒരു കണക്ക് പറയുന്നത്. എങ്ങനെ അല്ലാതിരിക്കും. ദൈനംദിനോപാധികളുമായി ബന്ധപ്പെട്ട വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്നവരാണ് നമ്മുടെ നാട്ടുകാർ. 44 നദികൾ, എണ്ണമറ്റ തടാകങ്ങൾ, കുളങ്ങൾ, തോടുകൾ, നീന്തല്‍ക്കുളങ്ങള്‍, 580 കിലോമീറ്ററിൽ നീണ്ടുനിവർന്നു കിടക്കുന്ന കടൽത്തീരം. ഇതിനൊക്കെപ്പുറമെ അശ്രദ്ധമായി ഉപേക്ഷിച്ചിട്ടുപോകുന്ന കല്ലുവെട്ടാങ്കുഴികള്‍, ക്വാറികൾ. ഇവിടെയൊക്കെ നമ്മുടെ കുഞ്ഞുങ്ങളെക്കാത്ത് പതിയിരിപ്പുണ്ട് മരണം.

 

 

 

വർഷത്തിൽ 1600 -ലധികം പേർ മുങ്ങിമരിക്കുന്നുണ്ട് കേരളത്തിൽ എന്നാണ് NCRB യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് നിത്യേന നാലിൽ കൂടുതൽ ജീവനാണ് വെള്ളത്തിൽ മുങ്ങി പൊലിയുന്നത്.  റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നത് നിലയില്ലാക്കയങ്ങളാണ്. എന്നാൽ, റോഡപകടങ്ങൾ കേരളത്തിലെ പൊലീസും ട്രാഫിക് പൊലീസും എല്ലാം നിരന്തരം നിരീക്ഷിക്കുന്ന ഒന്നാണ്. അവ ആവർത്തിക്കാതിരിക്കാനുള്ള പഠനങ്ങൾ അവർ നടത്തുന്നുണ്ട്. എന്നാൽ, ഇത്രയധികം പേർ മരിച്ചിട്ടും, കേരളത്തിലെ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ആസൂത്രിതമായ യാതൊരു നടപടിയും ഗവൺമെന്റിന്റെയോ എക്സിക്യൂട്ടീവിന്റെയോ ഭാഗത്തുനിന്ന് ഇന്നോളം ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഭരണം വളരെ ഫലപ്രദമായി നടപ്പിലാക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പോലും ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളില്ല.  

 അവധിക്കാലം ഒരുക്കുന്ന 'അപരിചിതമായ' മരണക്കയങ്ങള്‍ 

കേരളത്തിലെ മുങ്ങിമരണങ്ങളെപ്പറ്റി നടത്തിയിട്ടുള്ള അനൗപചാരിക പഠനങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികളുമായി ബന്ധപ്പെട്ട അപകടങ്ങൾ കൂടുതലും നടക്കുന്നത് അവധിക്കാലത്താണ് എന്നാണ്. അവധിക്കാലത്തിന്റെ ആവേശത്തിൽ കളിയും ചിരിയുമായി നടക്കുന്ന കുരുന്നുമക്കളാണ് വെള്ളക്കെട്ടുകളിൽ വീണുമരിക്കുന്നത്. കൗതുകമടങ്ങാത്ത പ്രായത്തിൽ ബന്ധുവീടുകളിൽ വിരുന്നെത്തുന്ന അവർ, അവിടത്തെ കുട്ടികളോടൊപ്പം അടുത്തുള്ള പുഴയിലോ, തോട്ടിലോ, കുളത്തിലോ ഒക്കെ കുളിക്കാനും കളിക്കാനുമായി ഇറങ്ങുന്നു. അവിടെ വെച്ച് വളരെ അപ്രതീക്ഷിതമായി അവരെ മരണം കവർന്നെടുക്കുന്നു.

 

 

നീന്തല്‍ അറിയാമെങ്കിലും ജാഗ്രത വേണം

വെള്ളത്തിൽ വീണപ്പോൾ നീന്താനറിയാത്തതുകൊണ്ടാണ് കുട്ടി മുങ്ങി മരിച്ചത് എന്നാണ് ആരും സ്വാഭാവികമായും ധരിക്കുക. എന്നാൽ മരിച്ചവരുടെ എണ്ണം നീന്തൽ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയതിന്റെ ഫലങ്ങൾ  സൂചിപ്പിക്കുന്നത് നേരെ തിരിച്ചാണ്. നീന്തൽ അറിയാത്തവരെക്കാൾ കൂടുതലായി മുങ്ങി മരിക്കുന്നത് നീന്തൽ പഠിച്ചിട്ടുള്ളവരാണ് എന്നാണ്. നീന്താനറിയാത്തവർ ഭയന്ന് കരയിലോ, ഒരല്പം ധൈര്യക്കൂടുതൽ ഉള്ളവർ ആദ്യത്തെ ഒന്നുരണ്ടു പടവുകളിലോ, അല്ലെങ്കിൽ നിലയുള്ളിടങ്ങളിലോ ഒക്കെ തങ്ങളുടെ അവധിക്കാല വിനോദം നിയന്ത്രിച്ചു നിർത്തുമ്പോൾ, നഗരങ്ങളിലെ നീന്തൽക്കുളങ്ങളിലെ സാഹചര്യങ്ങളിൽ നീന്തലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചതിന്റെ ആത്മവിശ്വാസമുള്ളവർ അതും കൊണ്ട് നീന്തിത്തുടിക്കാനിറങ്ങുന്നത് അപരിചിതമായ ഗ്രാമീണ ജലാശയങ്ങളിലെ കുത്തൊഴുക്കുകളിലേക്കാണ്.

 

 

ജലാശയങ്ങളുടെ 'അപരിചിത' സ്വഭാവം തന്നെയാണ് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതിന്റെ ഒരു പ്രധാന കാരണം. നീന്തൽക്കുളങ്ങളിലെ സാഹചര്യങ്ങൾ പലരെ സ്വാഭാവികമായിരിക്കും. അവിടെ അപ്രതീക്ഷിതമായ കുഴികൾ കാണില്ല, ചതിയൻ ചുഴികളുണ്ടാവില്ല, വഴുക്കുന്ന പാറക്കെട്ടുകളുണ്ടാവില്ല, കാലിൽ പിടിച്ചു നിലത്തടിക്കുന്ന തടുക്കാനാവാത്ത അടിയൊഴുക്കുകളുണ്ടാവില്ല. ആദ്യമായി അത്തരത്തിലൊന്നിനെ പ്രതിരോധിക്കേണ്ടി വരുമ്പോൾ നമ്മുടെ മക്കളുടെ നഗരങ്ങളിലെ സ്വിമ്മിങ് പൂളുകളിൽ നിന്ന് പകർന്നു കിട്ടിയ നീന്തൽ പാഠങ്ങൾ തികയാതെ പോകും. 

 

 

കേരളത്തിലെ മുങ്ങിമരണങ്ങൾ എങ്ങനെയൊക്കെ? 

മുങ്ങിമരിക്കുന്നത് പ്രധാനമായും മൂന്നു സാഹചര്യങ്ങളിലാണ്. ഒന്ന്, ജലാശയങ്ങൾക്ക് സമീപം കളിക്കുമ്പോൾ അറിയാതെ വീണ്. രണ്ട്, വെള്ളത്തില്‍ കുളിക്കാനിറങ്ങുമ്പോഴും അതിൽ നീന്തുമ്പോഴും. മൂന്ന്, മരിക്കാനായി കയങ്ങളിലേക്ക് എടുത്തു ചാടുമ്പോൾ. ആദ്യത്തെ സാഹചര്യത്തിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും പത്തുവയസ്സിൽ താഴെ പ്രായമുള്ള നീന്താനറിയാത്ത കൊച്ചുകുഞ്ഞുങ്ങളാണ്. ജലാശയങ്ങളുടെ ആഴമോ മുങ്ങിമരണത്തിന്റെ അപകടമോ ഒന്നും തിരിച്ചറിയാത്തവരാണ് അവർ. മുതിർന്നവരുടെ ശ്രദ്ധതെറ്റുമ്പോൾ, വെള്ളക്കെട്ടുകളുടെ സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ അറിയാതെ ചെന്ന് വീണുപോകുകയാണ് ഈ മരണക്കയങ്ങളിൽ. പല കേസുകളിലും വെള്ളത്തിൽ വീഴുന്ന പന്തോ, കളിപ്പാട്ടമോ ഒക്കെ തിരിച്ചെടുക്കാൻ ഇറങ്ങിയാണ് ഈ മരണം സംഭവിക്കുക. രണ്ടാമത്തെ സാഹചര്യത്തിൽ രണ്ട് തരത്തിൽ മരണം സംഭവിക്കാറുണ്ട്. നീന്തൽ വശമില്ലാത്തവർ ആഴം കുറഞ്ഞിടത്ത് കുളിക്കാനിറങ്ങി, അറിയാതെ നിലയില്ലാത്ത ഭാഗത്തേക്ക് വീണുപോവുക. രണ്ട്, നന്നായി നീന്തൽ വശമുള്ളവർ അതിന്റെ ആത്മവിശ്വാസത്തിൽ നിലയില്ലാത്ത ഭാഗങ്ങളിലേക്ക് നീന്തിപ്പോവുന്നതിനിടെ അടിയൊഴുക്കിൽ പെട്ടോ, പേശീവലിവ് നേരിട്ടോ, അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ പെട്ടോ ഒക്കെ മുങ്ങി മരിക്കാം. 1999 -ൽ മലപ്പുറത്തെ എംഇഎസ് എൻജിനീയറിങ് കോളേജിലെ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചത് ഭാരതപ്പുഴയിൽ നീന്തൽ മത്സരത്തിൽ ഏർപ്പെടുമ്പോഴാണ്. ചില നദികൾ അവയുടെ അടിയൊഴുക്കിന് കുപ്രസിദ്ധമാണ്. മൂന്നാമത്തെ സാഹചര്യത്തിൽ ഏറ്റവും ആഴമുള്ള കയങ്ങൾ തേടിച്ചെന്ന് മരിക്കാൻ കരുതിക്കൂട്ടിത്തന്നെ ചാടുന്നവരാണ് മരിക്കുന്നത്. 

 

 

 

മുങ്ങിമരണം തടയേണ്ടത് ആരുടെ ഉത്തരവാദിത്തം?

തല്ക്കാലം ഇത് ആരുടേയും ഉത്തരവാദിത്തമല്ല എന്നതാണ് അവസ്ഥ. യുക്തിസഹമായി ചിന്തിച്ചാൽ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാവുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. എന്നാൽ, അതാതു സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ വാപിളർന്ന് കുഞ്ഞുങ്ങളെയും മുതിർന്നവരെയും വിഴുങ്ങാൻ തയ്യാറെടുത്തിരിക്കുന്ന എത്ര വെള്ളക്കെണികൾ ഉണ്ട് എന്ന കാര്യത്തിൽ ഒരു കണക്കും ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും പക്കലില്ല. മുങ്ങിമരണം തടയുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ഇന്നോളം ഒരു പ്രവർത്തനവും നമ്മുടെ കേരളത്തിൽ ഏറ്റെടുത്ത് നടത്തപ്പെട്ടിട്ടില്ല. അതാത് പ്രദേശങ്ങളിലെ അഭ്യുദയകാംക്ഷികളായ നാട്ടുകാർ ഇടപെട്ട് സ്ഥാപിച്ചിരിക്കുന്ന " ഇവിടെ നീന്താനിറങ്ങരുത്" ബോർഡുകളും, ചുരുക്കം അതല്ലാതെ തീർത്ഥാടനത്തിനു വിനോദസഞ്ചാരത്തിനുമായി നിരന്തരം ആളുകൾ വന്നിറങ്ങുന്ന ചില കടവുകളിലും, ജനത്തിരക്കേറിയ ബീച്ചുകളിലും മറ്റുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ലൈഫ് ഗാർഡുമാരും ഒക്കെയാണ് ആകെയുള്ള സുരക്ഷാ സംവിധാനങ്ങൾ. 

കുഞ്ഞുങ്ങൾക്ക് കെണിയാകുന്ന ഉപേക്ഷിക്കപ്പെട്ട വെള്ളക്കെട്ടുകൾ 

അവധിക്കാലത്തെ മുങ്ങിമരണങ്ങളിൽ പലതും നടക്കുന്നത് നമ്മുടെ നാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന കല്ലുവെട്ടാംകുഴികളിലും, ക്വാറികളിലും ഒക്കെയാണ്. അവിടെ ഏതുഭാഗത്ത് എത്ര ആഴമുണ്ടാകും എന്ന കാര്യത്തിൽ ഒരു ധാരണയും ആർക്കും ഉണ്ടാകാറില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലും അങ്ങോട്ടുള്ള പ്രവേശനം തടയാൻ വേണ്ട യാതൊരു ബാരിക്കേഡിങ്ങും ഉണ്ടാവുകയുമില്ല. അതിനു പുറമെയാണ് കൈവരിയില്ലാത്ത കിണറുകളും, മൂടാത്ത കുഴൽക്കിണറുകളും ഒക്കെയുള്ളത്. 

 

 

കേരള സർക്കാരിന്റെ ജല സുരക്ഷാ ബോധവൽക്കരണ പരിപാടി 

കേരള ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ കൊല്ലം മുതൽ ഒരു ജല സുരക്ഷാ കാമ്പെയ്ൻ ( Water Safety  Campaign ) നടത്തിപ്പോരുന്നുണ്ട്. കേരളത്തിലെ മുങ്ങിമരണങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ കുറച്ചുകൊണ്ടുവരാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അതോറിറ്റി പ്രതിനിധികൾ പറഞ്ഞു. മുങ്ങിമരണത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും, അതൊഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ഒക്കെ പരമാവധി ബോധവൽക്കരണം നടത്താൻ ഈ പരിപാടികളിലൂടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശ്രമിക്കും എന്നും അതോറിറ്റി പറയുന്നു. ജനങ്ങളിലേക്ക് ഈ വിവരങ്ങൾ എളുപ്പത്തിൽ എത്താൻ വേണ്ടി ചിത്രകഥകളിലൂടയും, വീഡിയോ പ്രചാരണങ്ങളിലൂടെയും, മറ്റു ബോധവൽക്കരണ സെമിനാറുകളിലൂടെയും ഒക്കെ ശ്രമങ്ങളുണ്ടാകും എന്നും അതോറിറ്റി അറിയിച്ചു.

 


 
വെള്ളവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ അടിയന്തര സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും, അടിയന്തരമായി ചെയ്യാവുന്ന പ്രഥമശുശ്രൂഷയും, മുങ്ങിമരണങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും ഒക്കെ സംബന്ധിച്ച വിശദവിവരങ്ങൾ ഈ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നമ്പറിൽ സമ്പർക്കം പുലർത്താവുന്നതുമാണ്.