Asianet News MalayalamAsianet News Malayalam

ഇനി പാടങ്ങളിലെ വൈക്കോല്‍ കത്തിക്കണ്ട;  പുതിയ കണ്ടുപിടിത്തവുമായി ഗവേഷക

പാടങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിന് ഇതാ ഒരു പരിഹാരം. വൈക്കോല്‍ കത്തിക്കുന്നതിനു പകരം, അതുപയോഗിച്ച് സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ.

sanitary napkin from  agricultural waste
Author
Thiruvananthapuram, First Published Nov 27, 2019, 4:18 PM IST

കൃഷിഭൂമിയില്‍ നിന്നു പുറന്തള്ളുന്ന വൈക്കോല്‍ പോലുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതാണ് ദില്ലിയും സമീപ പ്രദേശങ്ങളും അഭിമുഖീകരിക്കുന്ന ഞെട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണം. ഹരിയാനയിലും പഞ്ചാബിലും ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിന് ഇതാ ഒരു പരിഹാരം. വൈക്കോല്‍ കത്തിക്കുന്നതിനു പകരം, അതുപയോഗിച്ച് സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ.

ചണ്ഡിഗഢില്‍ ഫുഡ് ആന്റ് ന്യൂട്രീഷനില്‍ മാസ്റ്റര്‍ ബിരുദധാരിയും മുന്‍ ജൂനിയര്‍ സയന്റിസ്റ്റുമായ സുമിത പഞ്ജ്വാനിയാണ് വൈക്കോലില്‍ നിന്ന് കിട്ടുന്ന ഫൈബര്‍ കൊണ്ട് മണ്ണില്‍ ജീര്‍ണിക്കുന്ന തരത്തിലുള്ള സാനിറ്ററി പാഡുകള്‍ നിര്‍മിക്കാമെന്ന കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ കോട്ടണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തിനായി ഇവര്‍ കാത്തിരിക്കുകയാണ്.

നെല്‍പ്പാടങ്ങളിലെ അവശിഷ്ടങ്ങള്‍ പുനചംക്രമണം നടത്താന്‍ സഹായിക്കുന്ന മൈക്രോബിയല്‍ ഫോര്‍മുല കാന്‍ബയോസിസ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിരുന്നു. വൈക്കോല്‍ കത്തിച്ചുകളയുന്നതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം മണ്ണിന്റെ ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാമെന്നാണ് ഇവര്‍ പറയുന്നത്. ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ ആ ഭാഗത്തുള്ള സൂക്ഷ്മജീവികള്‍ നശിക്കുന്നു. ഇത്തരത്തില്‍ തീയിടുമ്പോള്‍ നശിക്കുന്ന മണ്ണ് യഥാര്‍ഥ ഗുണമുള്ള മണ്ണായി മാറാന്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ എടുക്കും. അവിശിഷ്ടങ്ങള്‍ കത്തിനശിക്കമ്പോള്‍ മണ്ണില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുകയും മണ്ണിലെ ജലത്തിന്റെ അളവ് വന്‍തോതില്‍ നഷ്ടമാകുകയും ചെയ്യുന്നു. ഇത് ജലക്ഷാമം വര്‍ധിക്കുന്നതിനും കാരണമാകുന്നു. പൂര്‍ണമായി കത്തിത്തീരാത്ത ജൈവഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഏഷ്യന്‍ ബ്രൗണ്‍ ക്ലൗഡ് എന്ന പ്രതിഭാസത്തിലേക്കും നയിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതാണ് ഇത്.

ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയിലെ ശാസ്ത്രജ്ഞന്‍മാരുടെ മേല്‍നോട്ടത്തിലാണ് സുമിത ഈ സാനിറ്റഡി പാഡുകള്‍ വികസിപ്പിച്ചെടുത്തത്. രാഷ്ട്രീയ കൃഷി വികാസ യോജന നടപ്പിലാക്കുന്ന ഈ സ്‌കീം പ്രകാരം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികോപദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നതാണ്.

ചെറിയ തോതില്‍ ആരംഭിച്ച പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിന്റെ നിര്‍മാണത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സബ്സിഡി ലഭിക്കുകയാണെങ്കില്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ കഴിയും.

'ജവഹര്‍ലാല്‍ നെഹ്റു അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ജൂനിയര്‍ സയന്റിസ്റ്റായിരുന്നു ഞാന്‍. ഐ.ജി.കെ.വിയുടെ ഈ സ്‌കീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം വൈക്കോല്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിച്ചിക്കാന്‍ ശ്രമിച്ചു. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്‍മാരല്ലെന്നതും സെര്‍വിക്കല്‍ ക്യാന്‍സര്‍ വഴി സംഭവിച്ച മരണങ്ങളെക്കുറിച്ച് പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതുമാണ് ഇത്തരമൊരു ഉത്പന്നം നിര്‍മിക്കാന്‍ കാരണം.' സുമിത പഞ്ജ്വാനി പറയുന്നു.

'ഛത്തീസ്ഗഢില്‍ വന്‍തോതില്‍ നെല്ല് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൈക്കോല്‍ ധാരാളമായി കുന്നുകൂടുന്നു. ഇതാണ് ഇര്‍പ്പം ആഗിരണം ചെയ്യാനുള്ള വസ്തുവായി സാനിറ്ററി നാപ്കിനില്‍ ഉപയോഗിക്കുന്നത്. വൈക്കോലില്‍ ഏകദേശം 45 ശതമാനം സെല്ലുലോസ് അടങ്ങിയരിക്കുന്നു. വൈക്കോല്‍ നന്നായി ചതയ്ക്കുമ്പോള്‍ ഫൈബര്‍ പോലുള്ള ഈ സെല്ലുലോസ് ലഭിക്കുന്നു.' സുമിത വ്യക്തമാക്കുന്നു.

ഈ ഉത്പന്നം ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും കോട്ടണ്‍ ഉപയോഗിച്ച് ലീക്ക് പ്രൂഫ് ആക്കാനുള്ള ശ്രമത്തിലാണെന്നും സുമിത പറയുന്നു.

'ഈ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വഴി സ്ത്രീകളുടെ ആര്‍ത്തവകാലത്തെ ആരോഗ്യ സംരക്ഷണത്തിനും അന്തരീക്ഷവും മണ്ണും മലിനമാക്കപ്പെടുന്നത് തടയാനും കഴിയും. ഛത്തീസ്ഗഢിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കാനുമുള്ള അവസരമാണ് സാനിറ്ററി നാപ്കിന്‍ നിര്‍മാണത്തിലൂടെ ലഭിക്കുന്നത്. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കാന്‍ സത്രീകള്‍ക്ക് കഴിയുമെന്നതും ഗുണമാണ്' -സുമിത തന്റെ ഉത്പന്നത്തെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നു.

വാഴയില്‍ നിന്നും സാനിറ്ററി നാപ്കിന്‍

ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കൃഷിക്കാരനായ അനില്‍ വാരിയ ഇതുപോലെ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിക്കുന്ന രീതിയില്‍ വാഴയില്‍ നിന്നും സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാനുള്ള വിദ്യ പരിചയപ്പെടുത്തിയിരുന്നു. ശാശ്വത് എന്ന കമ്പനിയാണ് ഇത് നിര്‍മിക്കാന്‍ മുന്‍കൈ എടുത്തത്.

മണ്ണില്‍ എളുപ്പത്തില്‍ ജീര്‍ണിച്ച് ചേരുന്നതാണ് വാഴയില്‍ നിന്ന് നിര്‍മിക്കുന്ന ഇത്തരം നാപ്കിനുകളും. വാഴയുടെ ഉള്‍ഭാഗത്തുള്ള കാമ്പിന്റെ പള്‍പ്പ് ഉപയോഗിച്ചാണ് ഇവര്‍ പാഡ് നിര്‍മിച്ചത്.

Follow Us:
Download App:
  • android
  • ios