ഗുജറാത്തിലെ ദംഗില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് അവള്‍ ജനിച്ചത്. ഒരു ഒറ്റപ്പെട്ട ഗ്രാമത്തില്‍. ചില മനുഷ്യര്‍ പ്രതികൂല സാഹചര്യത്തില്‍ തകര്‍ന്നു പോകും. പക്ഷെ, ചിലരാകട്ടെ ഇവളെപ്പോലെ പറന്നുയരും. ഇരുപത്തിയഞ്ചുകാരിയായ സരിതാ ഗയാക്വാഡ് എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി 2018 -ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. 

വളരെ മനോഹരമായൊരു ഗ്രാമമായിരുന്നു അവളുടേത്, കുന്നുകളും മലകളും പച്ചപ്പ് നിറഞ്ഞ് താഴ്വാരങ്ങളും... പക്ഷെ, ലോകത്തിലെ മറ്റെല്ലാത്തില്‍ നിന്നും ആ ഗ്രാമം അകലെയായിരുന്നു. കാരണം, നഗരത്തില്‍ നിന്നും ഏറെ ദൂരത്തായിരുന്നു അത്. അവളുടെ അമ്മ രമുബെന്നും അച്ഛന്‍ ലക്ഷ്മണ്‍ ഭായിയും കര്‍ഷകരായിരുന്നു. നാല് മക്കളുടേയും വിശപ്പകറ്റാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും നന്നേ ക്ലേശിച്ചിരുന്നു അവര്‍. 

അപ്പോഴെല്ലാം സരിതയുടെ മനസ്സില്‍ അച്ഛനും അമ്മയ്ക്കും അഭിമാനകരമാവുന്ന എന്തെങ്കിലും ചെയ്യണമെന്ന മോഹമുണ്ടായിരുന്നു. വീട്ടില്‍ അച്ഛനേയും അമ്മയേയും സഹായിക്കുന്നതിനോടൊപ്പം തന്നെ അവള്‍ പഠിക്കുകയും വെള്ളത്തിനായി എല്ലാ ദിവസവും അടുത്തുള്ള കുന്ന് കയറിയിറങ്ങുകയും ചെയ്തു. അവളുടെ ജീവിത സാഹചര്യങ്ങളും അതിനോടുള്ള ഏറ്റുമുട്ടലുകളും അവളെ സ്കൂളില്‍ കായികരംഗത്തോട് അടുത്ത് നില്‍ക്കുന്നവളാക്കി. ഖോ ഖോ-യില്‍ അവള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പല കായിക ഇനങ്ങളിലും പങ്കെടുത്തു. 

ആ ഗ്രാമത്തില്‍ നാലാം ക്ലാസ് വരെയുള്ള സ്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ 2004 -ല്‍ സരിതയെ മാതാപിതാക്കള്‍ ഹോസ്റ്റലിലാക്കി. അന്നുതൊട്ട് അവള്‍ കായിക മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു തുടങ്ങി. 2007 -ല്‍ ആദ്യമായി നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കളുടേയും അധ്യാപകരുടേയും പ്രോത്സാഹനം അവളെ വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചു. പക്ഷെ, അപ്പോഴും ഷൂ അടക്കം പരിശീലനത്തിനാവശ്യമുള്ളവ വാങ്ങാനാവാതെ ദുരിതത്തിലായിരുന്നു അവള്‍. നഗ്നപാദങ്ങളോടെ ഓരോ ദിവസവും അവള്‍ കിലോമീറ്ററുകള്‍ ഓടി. വലിയ വലിയ ലക്ഷ്യങ്ങളിലേക്ക് മനസിനേയും ശരീരത്തിനേയും പാകപ്പെടുത്താനായിരുന്നു അത്. 

പയ്യപ്പയ്യെ സരിത അത്ലെറ്റിക്സില്‍ ശ്രദ്ധിച്ച് തുടങ്ങി. പരിശീലകരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അവിടെ ലോക്കല്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഖേല്‍ മഹാകുംഭിലായിരുന്നു ആദ്യം പങ്കെടുത്തത്. അതില്‍ അഞ്ച് ഇനങ്ങളിലാണ് അവള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. 25,000 രൂപ സരിതക്ക് അന്ന് കിട്ടി. അതുവരെ വെറും നൂറോ ഇരുന്നൂറോ രൂപ മാത്രമാണ് അവള്‍ക്ക് കിട്ടിയിരുന്നത്. എന്നാല്‍, ഈ 25,000 രൂപ അവളില്‍ പ്രതീക്ഷയായി. കാരണം, അച്ഛനും അമ്മയ്ക്കും അവളെ പരിശീലനത്തിന് അയക്കാനോ, വേണ്ട ഷൂവും ഡ്രസ്സും ഒന്നും വാങ്ങി നല്‍കാനോ ഒന്നും പണമില്ലായിരുന്നു. അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതിരിക്കുക, അവരെ സഹായിക്കാന്‍ കഴിയുന്ന അവസ്ഥയിലാവുക എന്നതിനായിരുന്നു എപ്പോഴും അവള്‍ പ്രാധാന്യം നല്‍കിയിരുന്നത്. ജില്ലാ, സംസ്ഥാന തല മത്സരങ്ങളിലെ പ്രകടനവും വിജയവും അവളെ ഗുജറാത്തിലെ സ്പോര്‍ട്സിനെ ആരാധിക്കുന്നവര്‍ക്കിടയില്‍ പ്രശസ്തയാക്കി. അങ്ങനെയാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ ചേരാന്‍ അവളോട് പലരും ആവശ്യപ്പെടുന്നത്. വീടിനേയും വീട്ടുകാരേയും വിട്ട് പോവുക എന്നത് അവളെ വേദനിപ്പിച്ചുവെങ്കിലും ഭാവിക്ക് ഗുണം ചെയ്യുമെന്ന് അറിയാമായിരുന്നത് കൊണ്ട് അവള്‍ അവിടെ ചേര്‍ന്നു. അക്കാദമിയില്‍ അവള്‍ക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. അവിടെ അവള്‍ പരിശീലനം തുടര്‍ന്നു.

രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പാട്യാലയില്‍ നടന്ന നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സരിതക്ക് അവസരം കിട്ടുന്നത്. അത് ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള വഴിയായിത്തീര്‍ന്നു. ഇന്‍റര്‍നാഷണല്‍ തലത്തില്‍ മെഡലൊന്നും നേടിയില്ല സരിത. എങ്കിലും അതവള്‍ക്ക് വഴിയാണ്. കൂടുതല്‍ കരുത്തുള്ളവളാകാന്‍, നേട്ടങ്ങളിലേക്കെത്താന്‍. 

2018 -ല്‍ ജക്കാര്‍ത്തയില്‍ നടന്ന റിലേയില്‍ അവളും സംഘവും ഗോള്‍ഡ് നേടിയിരുന്നു. ദംഗ് എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന സരിതയുടെ കഥ എല്ലാവരും അറിയേണ്ടതുണ്ട്, എന്തുകൊണ്ടെന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ മാത്രമുള്ളിടത്ത് നിന്നാണ് അവള്‍ കുതിച്ചുപായുന്നത് എന്നതുകൊണ്ട്.