Asianet News MalayalamAsianet News Malayalam

21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ലണ്ടനില്‍ ചെന്ന് ബ്രിട്ടീഷ് പഞ്ചാബിലെ മുൻ ഗവർണറുടെ നെഞ്ചിലേക്ക് വെടിയുതിർത്ത ഇന്ത്യക്കാരന്‍

തന്റെ കര്‍ഫ്യൂ അതിലംഘിച്ചുകൊണ്ട് മൈതാനത്തു തുടർന്ന അനുസരണയില്ലാത്ത ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനറൽ ഡയർ തന്റെ പട്ടാളക്കാരെക്കൊണ്ട് അവർക്കുമേൽ വെടിയുതിർത്തത്. പാവം തോന്നിയിട്ടൊന്നുമല്ലായിരുന്നു അവർ വെടിവെപ്പ് ഒടുക്കം നിർത്തിയത്, അവരുടെ തോക്കുകളിലെ വെടിയുണ്ട തീര്‍ന്നുപോയതുകൊണ്ടു മാത്രമാണ്.  

story of udham sing  known for his assassination in London of Michael O' Dwyer
Author
Thiruvananthapuram, First Published Apr 11, 2019, 4:54 PM IST
  • Facebook
  • Twitter
  • Whatsapp

1940  മാർച്ച് 13, വൈകുന്നേരം. ലണ്ടനിലെ കാക്സ്റ്റൺ ഹാൾ അന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ, റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിനുള്ള വേദിയായിരുന്നു അത്. ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാർക്കിടയിൽ ചുരുക്കം ചില ഇന്ത്യക്കാരും സന്നിഹിതരായിരുന്നു. അവർക്കിടയിൽ വളരെ രഹസ്യമായി നുഴഞ്ഞു കേറിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു. അയാളുടെ ഓവർ കോട്ടിനുള്ളിൽ നല്ല കനമുള്ള ഒരു പുസ്തകമുണ്ടായിരുന്നു. ആ പുസ്തകം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു അയാൾ അകത്തുകൊണ്ടുവന്നത്. ഉള്ളിലെ താളുകൾക്കിടയിൽ വളരെ സമർത്ഥമായുണ്ടാക്കിയ ഒരു പൊത്തിനുള്ളിൽ ഒരു റിവോൾവർ അയാൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. 

സമ്മേളനം അവസാനിച്ചു. പങ്കെടുക്കാൻ വന്ന പ്രതിനിധികൾ അവരവരുടെ ഇടങ്ങളിൽ നിന്നും എഴുന്നേറ്റ് തിരിച്ചുപോവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ആ ഇന്ത്യക്കാരൻ തന്റെ പുസ്തകം തുറന്ന്  ആ റിവോൾവർ പുറത്തെടുത്തു. മെല്ലെ നടന്നു ചെന്ന് പ്രതിനിധികളിൽ ഒരാളായിരുന്ന, ബ്രിട്ടീഷ് പഞ്ചാബിലെ മുൻ ഗവർണർ, മൈക്കൽ ഓ'ഡ്വയറിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. രണ്ടു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ദേഹത്ത് തുളച്ചു കേറി.  ഓ'ഡ്വയർ ആ ഹാളിനുള്ളിൽ തൽക്ഷണം മരിച്ചുവീണു. വെടിപൊട്ടിയതോടെ ഹാളിൽ ആകെ അങ്കലാപ്പായി. ആളുകൾ പരക്കം പാഞ്ഞുതുടങ്ങി. വേണമെങ്കിൽ പൊലീസ് വരും മുമ്പ് കൊലപാതകിക്ക് ഓടി രക്ഷപ്പെടാമായിരുന്നു. പക്ഷേ, ഓടി രക്ഷപ്പെടുന്നതിനു പകരം അയാൾ പോലീസിനെയും കാത്ത് ആ ശവശരീരത്തിനു കാവലിരുന്നു. 

നേതാക്കൾ പ്രസംഗിക്കുന്നത് കേൾക്കാനാണ് ഏപ്രിൽ 13 -ന് അത്രയും പേർ അവിടെ തടിച്ചുകൂടിയത്

ഒടുവിൽ പൊലീസ് വന്നു. അയാളെ കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റം ചുമത്തി അയാളെ ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു. കോടതിയിൽ വെച്ച് അയാൾ പറഞ്ഞത് , "ഞാൻ തന്നെയാണ് ജനറൽ ഡയറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. എനിക്ക് ചാവാൻ ഒരു മടിയുമില്ല.. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം ഒരു പുണ്യം വേറെയുണ്ടോ.. ?" എന്നായിരുന്നു.  വിചാരണക്കോടതി അയാളെ വധശിക്ഷക്ക് വിധിച്ചു. 1940  ജൂലൈ 31 -ന്  അയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു. 

ആരായിരുന്നു അയാൾ? മൈക്കൽ ഓ'ഡ്വയറിനോട് അയാൾക്ക് എന്തായിരുന്നു പൂർവവൈരാഗ്യം..? 

ഈ വെടിവെപ്പിന് കാരണം, മറ്റൊരു വെടിവെപ്പായിരുന്നു. ആ വെടിവെപ്പ് നടന്നത് 1941 ഏപ്രിൽ 13 -നായിരുന്നു. വെടിവെപ്പ് നടന്നയിടം, പഞ്ചാബിലെ അമൃത്സർ എന്ന സ്ഥലത്തെ ജലിയാം വാലാബാഗ് എന്ന സ്ഥലത്തായിരുന്നു. ആ മൈതാനത്ത് തടിച്ചു കൂടിയിരുന്ന പതിനായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയിലുള്ള സ്ത്രീകളും, കുട്ടികളും, വയോധികരുമടങ്ങിയ ജനക്കൂട്ടത്തിനു നേരെ അന്നത്തെ ബ്രിട്ടീഷ്  പട്ടാളം വെടിയുതിർത്തു.  സംഭവശേഷം ബ്രിട്ടീഷുകാർ വെളിപ്പെടുത്തിയ മരണസംഖ്യ 370 ആയിരുന്നു.  പരിക്കേറ്റവരുടെ എണ്ണം ആയിരത്തോളം. എന്നാൽ മരിച്ചവരുടെ എണ്ണം 1800-ൽ അധികമെങ്കിലും വരുമെന്നാണ്   ഗവണ്മന്റിതര സംഘടനകളുടെ കണക്കെടുപ്പിൽ പിന്നീട് തെളിഞ്ഞത്. 

അവരെ പിരിച്ചുവിടുന്നതിനു പകരം ബ്രിട്ടീഷ് പട്ടാളം എന്തിനായിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത്..? 

1919 ഏപ്രിൽ 10 -ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളായ സത്യപാൽ, സൈഫുദ്ദീൻ കിച്ലൂ എന്നിവരെ റൗലത്ത് ആക്റ്റ് പ്രകാരം  ബ്രിട്ടീഷ് പട്ടാളം കസ്റ്റഡിയിൽ എടുക്കുന്നു. അതിനെതിരെ സമാധാനപൂർണമായി നടന്ന പ്രകടനത്തിന് നേരെ ബ്രിട്ടീഷുകാർ വെടിയുതിർത്തത് ഒരു ലഹളയിൽ കലാശിക്കുന്നു. ബ്രിട്ടീഷ് അതിക്രമത്തിനെതിരെ അന്ന് അവിടെ ഒരു സമ്മേളനത്തിൽ നേതാക്കൾ പ്രസംഗിക്കുന്നത് കേൾക്കാനാണ് ഏപ്രിൽ 13 -ന് അത്രയും പേർ അന്നവിടെ തടിച്ചുകൂടിയത്. അടുത്തുള്ള ഒരു അനാഥാലയത്തിൽ നിന്നും അവിടെ കൂടിയ ജനങ്ങൾക്കിടയിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാൻ വേണ്ടി വന്നതായിരുന്നു ഉദ്ധം സിങ്ങും കൂട്ടുകാരും. 

അവിടേക്ക്  പട്ടാളത്തെ വിന്യസിച്ചത് അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഓ'ഡ്വയർ. ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ആയിരുന്നു ആ സൈനികസംഘത്തിന്റെ കമാണ്ടർ. ആകെയുണ്ടായിരുന്ന ഒരേയൊരു നിർഗമനമാർഗത്തിൽ അണിനിരന്ന സൈന്യത്തോട് ജനക്കൂട്ടത്തിനു നേരെ ഒരു മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കാൻ  ജനറൽ റെജിനാൾഡ് ഡയർ ആജ്ഞാപിക്കുന്നു.  

തന്റെ കര്‍ഫ്യൂ അതിലംഘിച്ചുകൊണ്ട് മൈതാനത്തു തുടർന്ന അനുസരണയില്ലാത്ത ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനറൽ ഡയർ തന്റെ പട്ടാളക്കാരെക്കൊണ്ട് അവർക്കുമേൽ വെടിയുതിർത്തത്. പാവം തോന്നിയിട്ടൊന്നുമല്ലായിരുന്നു അവർ വെടിവെപ്പ് ഒടുക്കം നിർത്തിയത്, അവരുടെ തോക്കുകളിലെ വെടിയുണ്ട തീര്‍ന്നുപോയതുകൊണ്ടു മാത്രമാണ്.  

ജയിലിൽ നിന്നും ഇറങ്ങിയിട്ടും അദ്ദേഹത്തെ പൊലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു

ഈ സംഭവത്തിൽ അത്യന്തം ക്ഷുഭിതനായിരുന്നു ഉദ്ധം സിങ്ങ്. എങ്ങനെയും പ്രതികാരം വീട്ടാൻ അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. 1924 -ൽ ഗദ്ദർ പാർട്ടി എന്നൊരു വിപ്ലവ സംഘടനയിൽ അദ്ദേഹം അംഗമായി.   വിദേശങ്ങളിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടുന്ന ആളും അർത്ഥവും സ്വരൂപിക്കുക എന്നതായിരുന്നു ഗദ്ദർ പാർട്ടിയുടെ സ്ഥാപിത ലക്‌ഷ്യം. വിദേശത്തുനിന്നും 1927-ൽ ഭഗത് സിങിന്റെ നിർദേശപ്രകാരം തിരിച്ചു വന്നപ്പോൾ കൂടെ ഇരുപത്തഞ്ചു  യുവ വിപ്ലവകാരികളെയും പെട്ടികണക്കിന് തോക്കും വെടിയുണ്ടകളും മറ്റും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. താമസിയാതെ ബ്രിട്ടീഷുകാരുടെ പിടിയിലാവുന്നു. അഞ്ചുകൊല്ലത്തെ തടവുശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുന്ന അദ്ദേഹം പിന്നീട് പുറത്തിറങ്ങുന്നത് 1931 -ലാണ്.  ജയിലിൽ നിന്നും ഇറങ്ങിയിട്ടും അദ്ദേഹത്തെ പൊലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. അവരുടെ കണ്ണുവെട്ടിച്ച് കശ്മീരിലേക്ക് കടന്ന ഉദ്ധം സിങ്ങ് അവിടെ നിന്നും ജർമ്മനി വഴി 1934 ആവുമ്പോഴേക്കും ഇംഗ്ലണ്ടിലെത്തുന്നു. 

ഇംഗ്ലണ്ടിലെത്തി ആദ്യകാലത്ത് അദ്ദേഹം ഒരു എഞ്ചിനീയർ എന്ന നിലയ്ക്ക് അവിടെ ജോലി കണ്ടെത്തുന്നുണ്ട്. പക്ഷേ, നിലനിൽപ്പിനു വേണ്ടിയുള്ള ആ ഉപജീവനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. ജലിയാം വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് പ്രതികാരം വീട്ടുക. 

പക്ഷേ, ഇതിനിടയിൽ മറ്റൊരു മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 1927 -ൽ സ്‌ട്രോക്ക്‌ വന്നു കുറച്ചുകാലം തളർന്നു കിടന്ന ശേഷം ജനറൽ റെജിനാൾഡ് ഡയർ സ്വാഭാവിക മൃത്യുവിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ അന്നത്തെ ആ കൂട്ടക്കൊലയ്ക്ക് നേരിട്ടല്ലെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്ന ഒരാൾ അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണറായിരുന്ന  മൈക്കൽ  ഓ'ഡ്വയർ ആയിരുന്നു. ചിലരെങ്കിലും അന്ന് ആക്ഷേപമുയർത്തിയത് രണ്ടു പേരുടെയും പേരുകൾ തമ്മിൽ ആശയക്കുഴപ്പമുണ്ടായിട്ടാണ് ഉദ്ധം സിങ്ങ് ജനറൽ റെജിനാൾഡ് ഡയറെന്നു കരുതി മൈക്കൽ  ഓ'ഡ്വയറിനെ വധിച്ചതാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല, അന്നത്തെ ഗവർണറായിരുന്ന മൈക്കൽ  ഓ'ഡ്വയറിനെ വധിക്കുക വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന് ശക്തമായ ഒരു സന്ദേശം നൽകാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. 

1940 മാർച്ച് 13 -ലെ കാക്സ്റ്റൺ ഹാൾ സമ്മേളനത്തിൽ മൈക്കൽ ഓ'ഡ്വയർ പങ്കെടുക്കുമെന്ന വിവരം അറിഞ്ഞ അദ്ദേഹം നേരത്തെകൂട്ടി  അവിടെ എത്തുകയും,    ഓ'ഡ്വയർ ഇരിക്കുന്നതിന് അടുത്തായി ഒരിടം കണ്ടെത്തുകയും ചെയ്തു.  പിന്നീട് അദ്ദേഹം നടപ്പിലാക്കിയ തന്റെ പ്രതികാരത്തെപ്പറ്റിയാണ് നമ്മൾ ആദ്യം തന്നെ പറഞ്ഞത്. അതും 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഉദ്ധം സിങ്ങ് തന്‍റെ പ്രതികാരം തീര്‍ത്തത്. 

1931  ജൂലൈ 31 -നായിരുന്നു ഉദ്ധം സിങിനെ തൂക്കിക്കൊന്നത്

അങ്ങനെ ആ കൊലപാതകത്തിന് വധശിക്ഷയേറ്റു വാങ്ങിയതോടെ സ്വാതന്ത്ര്യസമരത്തിൽ വിദേശത്തുവെച്ച് വധശിക്ഷയേറ്റുവാങ്ങുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഉദ്ധം സിങ്ങ്. ആദ്യത്തേത് 1909 -ൽ കാഴ്‌സൺ വൈലിയെ വധിച്ചതിന് തൂക്കിക്കൊല്ലപ്പെട്ട മദൻ ലാൽ ഡിംഗ്രയായിരുന്നു. 1931  ജൂലൈ 31 -നായിരുന്നു ഉദ്ധം സിങിനെ തൂക്കിക്കൊന്നത്. പിന്നീട് 1974 -ൽ അതേ ദിവസമായിരുന്നു ബ്രിട്ടൻ ഈ വിപ്ലവകാരിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യൻ  സർക്കാരിന് കൈമാറിയതും, അവ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലേക്ക് കൊണ്ടുചെന്ന് പൂർണ്ണ ബഹുമതികളോടെ അവിടെ സംസ്കരിക്കപ്പെട്ടതും. അദ്ദേഹത്തിന്റെ പേരിലുള്ള ഇന്ത്യയിലെ ഏക സ്മാരകവും  അവിടെയാണുള്ളത്. 


 

Follow Us:
Download App:
  • android
  • ios