സ്റ്റാന്‍ഫോര്‍ഡ്: ഇത്തവണത്തെ  ധനശാസ്ത്ര നൊബേല്‍ സമ്മാനം നേടിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ  പ്രൊഫ. പോള്‍ ആര്‍. മില്‍ഗ്രം സമ്മാന വിവരമറിഞ്ഞത് പാതി ഉറക്കത്തില്‍. അദ്ദേഹത്തിനൊപ്പം നൊബേല്‍ നേടിയ പൊഫ. റോബര്‍ട് ബി. വില്‍സന്‍, ഉറങ്ങിക്കിടക്കുകയായിരുന്ന പ്രൊഫ. പോളിനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയാണ് നൊബേല്‍ വിവരം അറിയിച്ചത്. 

സമയം പുലര്‍ച്ചെ രണ്ടേ കാലായിരുന്നു. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിക്കടുത്തുള്ള വീട്ടില്‍ ഉറങ്ങൂകയായിരുന്നു പ്രൊഫ. പോള്‍ ആര്‍. മില്‍ഗ്രം. ആ സമയത്താണ് ഡോര്‍ ബെല്‍ നിര്‍ത്താതെ അടിച്ചത്. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു വന്ന അദ്ദേഹം കണ്ടത്, വാതിലിനു പുറത്ത് സഹപ്രവര്‍ത്തകനായ റോബര്‍ട് ബി. വില്‍സന്‍ നില്‍ക്കുന്നതാണ്. പാതി ഉറക്കത്തില്‍ കാര്യം എന്താണ് എന്നറിയാതെ നിന്ന അദ്ദേഹത്തിന്റെ കാതിലേക്ക് അപ്രതീക്ഷിതമായി ആ സന്തോഷ വാര്‍ത്ത എത്തുകയായിരുന്നു. 

'പോള്‍, നിങ്ങള്‍ക്ക് നൊബേല്‍ പ്രൈസുണ്ട്'-ഇതായിരുന്നു റോബര്‍ട് ബി. വില്‍സന്‍ പാതിരാത്രി വിളിച്ചറിയിച്ചത്. 

അന്തം വിട്ടുനിന്ന പ്രൊഫ. പോളിനെ നോക്കി റോബര്‍ട്ട് ബി വില്‍സനും ഭാര്യയും ചിരിച്ചു. 

ഈ രംഗങ്ങള്‍ അതേ പടി ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ രസകരമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. 

നൊബേല്‍ സമ്മാനം കിട്ടിയ വിവരം അറിയിക്കാന്‍ സ്‌റ്റോക്ക്‌ഹോമിലെ നൊബേല്‍ സമിതി പ്രൊഫ. പോളിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്നാണ്, അടുത്തു തന്നെ താമസിക്കുന്ന പ്രൊഫ. റോബര്‍ട് പുലര്‍ച്ചെ പാഞ്ഞെത്തി ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. 

അതിനു ശേഷം, രാവിലെ പൊഫ. പോളും െപ്രാഫ. റോബര്‍ടും മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ സ്വാഭാവികമായും ഈ ചോദ്യം ഉയര്‍ന്നു. അതിനു പ്രൊഫ. പോള്‍ നല്‍കിയ മറുപടി ഇതായിരുന്നു, 'ഭാഗ്യത്തിന് അതൊരു സ്വപ്‌നമായിരുന്നില്ല!'

വിപണിലേലങ്ങളെ നവീകരിച്ച ലേല തത്വം (ഓക്ഷന്‍ തിയറി) പരിഷ്‌കരിക്കുകയും പുതിയ മാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്തതിലൂടെയാണ് അമേരിക്കന്‍ സാമ്പത്തികവിദഗ്ധരായ ഇരുവര്‍ക്കും ധനശാസ്ത്ര നൊബേല്‍ ലഭിച്ചത്. പ്രൊഫസര്‍ പോളിന് (72 വയസ്സുണ്ട്. മുന്‍ പ്രഫസറായ റോബര്‍ട് ബി. വില്‍സന് പ്രായം 83.  സ്റ്റാന്‍ഫോര്‍ഡില്‍ പോളിന്റെ റിസര്‍ച് ഗൈഡായിരുന്നു റോബര്‍ട്. ഇരുവരും അയല്‍ക്കാരുമാണ്.

വസ്തുവിന്റെ യഥാര്‍ഥ മൂല്യത്തെക്കാളെറെ വില ലേലത്തില്‍ മോഹവിലയായി നല്‍കുന്ന വ്യവസ്ഥയ്ക്ക് പകരമാണ് ഇരുവരും ചേര്‍ന്ന് പുതിയ മാതൃക അവതരിപ്പിച്ചത്. മില്‍ഗ്രം- വില്‍സന്‍ മാതൃകയില്‍ (Simultaneous Ascending Auction) ലേലം നടക്കുന്നത് വിവിധ ഘട്ടങ്ങളായാണ്.  ഓരോ ഘട്ടത്തിന്റെയും അവസാനം ലേലത്തുക, ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരം എന്നിവ എല്ലാവര്‍ക്കും ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ വിപണിമൂല്യം കണക്കാക്കി തുക തീരുമാനിക്കാനും നഷ്ടം കുറയ്ക്കാനും ഈ മാര്‍ഗം സഹായിക്കും. 

സ്വര്‍ണമെഡലും 1.1 ദശലക്ഷം യുഎസ് ഡോളറുമാണ് പുരസ്‌കാരത്തുക. നോര്‍വെയിലെ ഓസ്ലോയില്‍ ഡിസംബര്‍ 10ന് ആല്‍ഫ്രെഡ് നൊബേലിന്റെ ചരമ വാര്‍ഷികത്തില്‍ നൊബേല്‍ പുരസ്‌കാരം സമ്മാനിക്കും.