നാഷിക്കില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയായിട്ടാണ് ദേശ്വന്തി ഗ്രാമം. എല്ലാ വര്‍ഷവും വരള്‍ച്ചയുടെ പിടിയിലകപ്പെടുന്ന ഗ്രാമമാണിത്. എന്നാല്‍, രണ്ട് വര്‍ഷമായി ഗ്രാമത്തില്‍ ജലക്ഷാമമില്ല. അശോക് സോനാവെന്‍ എന്ന റിട്ട. പ്രൊഫസറാണ് ഇതിന് പിന്നില്‍. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായിരുന്ന അശോക് 2017 -ലാണ് വിരമിച്ചത്. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ കൂടിയായിരുന്നു അശോക്. അതിനാല്‍ത്തന്നെ ജലസംരക്ഷണത്തെ കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. അതേ വിഷയത്തില്‍ ക്ലാസുകളെടുക്കാനും അശോക് പോകുമായിരുന്നു. 

എന്നാല്‍, 2018 -ലാണ് കാര്യങ്ങളാകെ മാറിയത്. ആ വര്‍ഷമാണ് അദ്ദേഹം ജലസംരക്ഷണത്തെ കുറിച്ച് ക്ലാസെടുക്കുന്നതിനായി ദേശ്വന്തി ഗ്രാമത്തിലെത്തുന്നത്. ആ സമയത്ത് ഗ്രാമം കടുത്ത വരള്‍ച്ചയുടെ പിടിയിലായിരുന്നു. വളരെക്കുറച്ച് മാത്രം ജലം കിട്ടുന്ന ഒരിടത്ത് എങ്ങനെ ജലസംരക്ഷണം നടത്താനാണ് എന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചത്. തന്‍റെ സന്ദര്‍ശനകാലത്ത് കണ്ട രണ്ട് കുന്നുകളും മഴവെള്ളം ശേഖരിക്കുന്നതിനും ജലസംരക്ഷണത്തിന് സഹായിക്കുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അങ്ങനെ അടുത്ത തവണ ചെന്നപ്പോഴേക്കും കുറേ യുവാക്കള്‍ ജലസംരക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരുന്നു. 

എങ്കിലും തടസങ്ങളുണ്ടായിരുന്നു. അതിലാദ്യം ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നേടുക എന്നതായിരുന്നു. കാരണം, ഗ്രാമത്തിലാകെ കിടങ്ങുകള്‍ കുഴിക്കുക എന്നുള്ളതായിരുന്നു. അത് വെട്ടിയെടുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും പണവുമെല്ലാം സംഭാവനകളിലൂടെയാണ് കിട്ടിയിരുന്നത്. കടുത്ത ചൂടുള്ള വേനല്‍മധ്യത്തിലാണ് കിടങ്ങുകള്‍ കുഴിക്കുന്ന പണികളാരംഭിച്ചത്. അടുത്താണെങ്കില്‍ കര്‍ഷകര്‍ക്ക് കൃഷി നടത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ വേനല്‍ക്കാലത്തേക്ക് ജോലി തീര്‍ക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തെ മണ്‍സൂണ്‍ കാലത്ത് ചെറിയ അളവില്‍ വെള്ളം ശേഖരിക്കാനായി അവര്‍ക്ക് കഴിഞ്ഞു. സംഭവം വിജയമാണ് എന്ന് മനസിലായതോടെ ഗ്രാമപഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും സഹകരണം വര്‍ധിച്ചു. അങ്ങനെ രണ്ട് കുന്നുകള്‍ക്കുമിടയിലായി കിടങ്ങുകള്‍ നിര്‍മ്മിച്ചു. മണ്ണൊലിപ്പ് തടയുന്നതിനായി ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു അശോകും സംഘവും. വളരെ പെട്ടെന്ന് തന്നെ ജില്ലാ പരിഷത് ഗ്രാമത്തെ വരള്‍ച്ചാരഹിതമായി ഗ്രാമമായി പ്രഖ്യാപിച്ചു. 

പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന സാമൂഹികപ്രവര്‍ത്തകനായിരുന്ന പ്രവീണ്‍ പറയുന്നത്, ജോലി തുടങ്ങിയശേഷം നാട്ടുകാര്‍ പലരും അവരെ കളിയാക്കുകയും തമാശയാക്കുകയും ചെയ്തിരുന്നുവെന്നാണ്... എന്നാല്‍, വളരെ എളുപ്പത്തില്‍ തന്നെ നാട്ടുകാര്‍ക്ക് മാറ്റം അനുഭവപ്പെട്ടു തുടങ്ങി. ഇന്ന് ആ ഗ്രാമത്തില്‍ വെള്ളത്തിന് യാതൊരു ക്ഷാമവുമില്ല. അശോകിനും ഗ്രാമത്തിന്‍റെ മാറ്റത്തില്‍ വലിയ സന്തോഷമുണ്ട്. ഇതേ മാതൃക പിന്തുടര്‍ന്ന് വരള്‍ച്ച ബാധിക്കുന്ന മറ്റ് ഗ്രാമങ്ങളിലും ഇതേ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് അശോകിന്‍റെ പദ്ധതി.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)