കൊവിഡ് 19 സംഹാര താണ്ഡവമാടുന്ന ഇറ്റലിയിലെ ലൊംബാർഡിലേക്ക് നേഴ്‌സുമാരും ഡോക്ടർമാരും ഒക്കെ അടങ്ങുന്ന 52 അംഗ ക്യൂബൻ സംഘം കഴിഞ്ഞ ദിവസം വന്നെത്തി. മറ്റു ലോകരാഷ്ട്രങ്ങൾ കൊറോണയ്ക്കെതിരായ പോരാട്ടങ്ങളിൽ മുഴുകുമ്പോൾ, രോഗത്താൽ പൊരുതി മുട്ടിയിരിക്കുന്ന ഒരു പരിധി വരെ രോഗത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുന്ന എന്നുപോലും പറയാവുന്ന ഇറ്റലിയിലേക്ക് ക്യൂബ തങ്ങളുടെ വിദഗ്ധ വൈദ്യസംഘത്തെ അയച്ചിരിക്കുന്നത്. ഈ സൽപ്രവൃത്തിയെ ലോകം തുറന്ന മനസ്സോടെ അഭിനന്ദിക്കുകയും ക്യൂബയ്ക്ക് നന്ദി പറയുകയുമുണ്ടായി. അതേ സമയം പൊതുജനാരോഗ്യത്തിന്റെ ക്യൂബൻ മോഡലിനെപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ സാമൂഹ്യമണ്ഡലത്തിൽ ഉയരുകയും ചെയ്തു. 

 

 

ഫിദൽ കാസ്ട്രോ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ഭരണത്തിന് കീഴിൽ വളർന്നു വന്ന ഒരു രാജ്യമാണ് ക്യൂബ. 2016 -ൽ കാസ്ട്രോ അന്തരിച്ചു എങ്കിലും, 1959 മുതൽ 2008 വരെ ഏതാണ്ട് അഞ്ചു പതിറ്റാണ്ടു കാലം ക്യൂബയുടെ ജീവാത്മാവും പരമാത്മാവും ഒക്കെ അദ്ദേഹം തന്നെയായിരുന്നു. ക്യൂബ ഇന്നെത്തിനിൽക്കുന്ന അവസ്ഥയുടെ, വിശേഷിച്ചും, ആരോഗ്യ രംഗത്ത് അവർ നേടി എന്ന് പറയപ്പെടുന്ന വളർച്ചയുടെ പൂർണ്ണ ക്രെഡിറ്റും കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ നൽകുന്നത് 'എൽ കമാൻഡന്റെ' കോമ്രേഡ് ഫിദൽ കാസ്‌ട്രോക്ക് തന്നെയാണ്.  എന്നാൽ, കൊട്ടിഘോഷിക്കപ്പെടുന്നത്ര മികച്ചതാണോ വാസ്തവത്തിൽ ക്യൂബയിലെ ആരോഗ്യ രംഗം? ഇതേപ്പറ്റി ക്യൂബയിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയ ഡോക്ടറായ റിച്ച് വാർണർ തന്റെ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. 

 

 

ക്യൂബൻ വിപ്ലവത്തിന്റെ തുടർച്ചയായി ഉണ്ടായ ആദ്യത്തെ ഉത്പന്നങ്ങളിൽ ഒന്നാണ് അവിടത്തെ സുദൃഢമായ ആരോഗ്യരംഗം. മികച്ച ആരോഗ്യസേവനങ്ങൾ രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമാണ് എന്നാണ് അവിടത്തെ സോഷ്യലിസ്റ്റ് വിപ്ലവ ചിന്താധാര കരുതുന്നത്. പൗരന്മാരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു 'പ്രിവന്റീവ്' രീതിശാസ്ത്രമാണ് ക്യൂബയ്ക്കുള്ളത്. സാധാരണ ചെക്ക് അപ്പ് മുതൽ സങ്കീർണ്ണമായ സർജറികൾ വരെ പൗരന്മാർക്ക് തികച്ചും സൗജന്യമായി നൽകാനുള്ള പരിശ്രമങ്ങൾ അവിടെ നടന്നുവരുന്നുണ്ട്. ഡെന്റിസ്റ്റിന്റെ സേവനം, മരുന്നുകൾ, വീട്ടിൽ വന്നുള്ള ഡോക്ടർമാരുടെ പരിശോധന ഇതൊക്കെയും സൗജന്യമായിത്തന്നെ ആരോഗ്യവകുപ്പ് നൽകി വരുന്നുണ്ട്. ഈ അവകാശവാദങ്ങളെ പിന്താങ്ങുന്നത് തന്നെയാണ് ക്യൂബയിൽ നിന്നുള്ള ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും. 


ശിശുമരണനിരക്ക് (Infant Mortality Rate)

ആയിരം കുട്ടികൾ ജനിക്കുമ്പോൾ വെറും 4.2 പേരാണ് ക്യൂബയിൽ മരിക്കുന്നത്. ഇതേ നിരക്ക് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളെ വെച്ച് താരതമ്യപ്പെടുത്തി നോക്കാം. കേരളത്തിലെ ശിശുമരണനിരക്ക് ആയിരത്തിന് 12 ആണ്, ഉത്തർപ്രദേശിൽ അത് ആയിരത്തിന് 41 ആണ്. ക്യൂബയെക്കാൾ മികച്ച ശിശുമരണ നിരക്കുള്ള വികസിത രാജ്യങ്ങൾ ഇല്ലെന്നല്ല. ഉദാ. യുകെയിലെ ശിശുമരണ നിരക്ക് ആയിരത്തിന് വെറും 3.5 ആണ്.

പ്രതീക്ഷിത ആയുസ്സ് (Life Expectancy)

ക്യൂബയിലെ പുരുഷന്മാർ 77 വയസ്സുവരെയും സ്ത്രീകൾ 81 വയസ്സുവരെയും ജീവിച്ചിരിക്കും എന്നാണ് പ്രതീക്ഷ. കേരളത്തിലേത് പുരുഷന്മാരിൽ 72 വയസ്സും സ്ത്രീകളുടേത് 80 വയസ്സുമാണ്. ഇത് തന്നെ ഉത്തർ പ്രദേശിൽ 64 , 62 എന്നിങ്ങനെയുമാണ്. യുകെയിലെ പ്രതീക്ഷിത ആയുസ്സ് ക്യൂബയുടേതിനേക്കാൾ ഭേദമാണ്. പുരുഷന്മാർക്ക് 79 വയസ്സുവരെയും, സ്ത്രീകൾക്ക് 83 വയസ്സ് വരെയുമാണത്. 

ഡോക്ടർമാരുടെ ലഭ്യത (Doctor-Patient Ratio)

വിപ്ലവത്തിലൂടെ അധികാരത്തിലേറിയ ഉടനെ ഫിദൽ കാസ്ട്രോ എടുത്ത തീരുമാനങ്ങളിൽ ഒന്നാണ് ആരോഗ്യരംഗത്ത് ഡോക്ടർമാരെയും നഴ്സുമാരെയും പരിശീലിപ്പിച്ചെടുക്കുക എന്നത്.  ലോകത്ത് ഏതൊരു രാജ്യത്തെക്കാളും അധികം ആരോഗ്യപ്രവർത്തകർ അതുകാരണം ക്യൂബയിലുണ്ട്. ക്യൂബയിൽ 150 ആളുകൾക്ക് ഒരു ഡോക്ടർ വെച്ചുണ്ടെന്നാണ് കണക്ക്. വികസിതരാജ്യമായ യുകെയ്ക്ക് പോലും അതിനോട് മത്സരിക്കാൻ സാധിച്ചിട്ടില്ല. അവിടെ 360 രോഗികൾക്ക് ഒരു ഡോക്ടർ എന്നാണ് കണക്ക്. ഇന്ത്യയിൽ അത് ശരാശരി 1457 ആണ്.

 

 

ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ഏറ്റവും ചുരുങ്ങിയ അനുപാതം 1000 പേർക്ക് ഒരു ഡോക്ടർ എന്നതാണ്. ഇന്ത്യയിൽ അക്കാര്യത്തിൽ ഏറ്റവും മികച്ചത് 253 രോഗികൾക്ക് ഒരു ഡോക്ടറുള്ള തമിഴ്‌നാട് ആണ്.  ദില്ലിയിൽ 334, പഞ്ചാബിൽ 507, കേരളത്തിൽ 535 എന്നിങ്ങനെയാണ് അത്. ഏറ്റവും മോശം അവസ്ഥ ഝാര്‍ഖണ്ടിൽ ആണ്, 8180 ആൾക്ക് ഒരു ഡോക്ടർ വീതമാണ് അവിടെയുള്ളത്. 6037 പേർക്ക് ഒരു ഡോക്ടർ മാത്രമുള്ള ഹരിയാനയും, 4338,3767,3207  എന്നിങ്ങനെ ഉള്ള ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ്, ബീഹാർ എന്നിവ പിന്നാലെ വരുന്നു. അവിടെയും ക്യൂബ കേരളത്തേക്കാൾ മികച്ചു നിൽക്കുന്നുണ്ട്.

ക്യൂബ പറയുന്നത് ബഡായി ആണോ?

അല്ലെന്നാണ് ഡോ. വാർണർ പറയുന്നത്. അമേരിക്കൻ പൗരനാണ് വാർണർ. ക്യൂബയിലെ ഒരു മെഡിക്കൽ കോളേജിൽ ഏഴുവർഷത്തോളം വൈദ്യശാസ്ത്രം പഠിച്ച കാലത്തുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.  ആരോഗ്യരംഗത്ത് കാര്യമായ ശമ്പളമൊന്നും ഇല്ലാതിരുന്നിട്ടും ക്യൂബയിലെ ഡോക്ടർമാർ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസവും മര്യാദയും അനുകരണീയമാണ്. വളരെ മോശമാണ് ക്യൂബയിലെ ഡോക്ടർമാരുടെ ശമ്പളം. 

ആശുപത്രികളിലെ സൗകര്യങ്ങൾ പലപ്പോഴും കുറവാണ്. ആധുനിക ചികിത്സാ പരിശോധനാ സങ്കേതങ്ങൾ പല ആശുപത്രികളിലും ലഭ്യമല്ല. മരുന്നുകളും മറ്റുപകരണങ്ങളും ഒക്കെ ഓർഡർ ചെയ്‌താൽ വരാൻ മാസങ്ങൾ എടുക്കും. ചിലപ്പോൾ കറണ്ടും വെള്ളവും വരെ മുടങ്ങാറുണ്ട് ആശുപത്രികളിൽ. സാഹചര്യങ്ങൾ പരമാവധി വിപരീതമായിരുന്നിട്ടും അവർ തങ്ങളുടെ ജോലി വളരെ കൃത്യമായി നിർവഹിക്കുന്നുണ്ട് എന്നത് പലപ്പോഴും അത്ഭുതകരമാണ്. 

ക്യൂബയിലെ യുവതീയുവാക്കൾ ഡോക്ടർ ആകുന്നത് പണമുണ്ടാക്കാനുള്ള കൊതികൊണ്ടല്ല. സമൂഹത്തെ സേവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ പുറത്താണ്. മാസം $70 ഒക്കെയാണ് അവർക്ക് പരമാവധികിട്ടുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 5000 രൂപയോളം പ്രതിമാസം. അവിടത്തെ ടാക്സി ഡ്രൈവർമാർ പോലും ഡോക്ടർമാരെക്കാൾ ശമ്പളം പറ്റുന്നവരാണ്. 

 

 

ഓരോ രോഗിയ്ക്കും മേൽ ഗവണ്മെന്റ് വർഷാവർഷം ചെലവിടുന്നത് 25,000 മുതൽ 30,000 രൂപ വരെയാണ്. വളരെ കുറഞ്ഞ ശമ്പളത്തിൽ ഡോക്ടർമാരെ വിദേശത്ത് മെഡിക്കൽ മിഷനുകൾക്ക് പറഞ്ഞുവിട്ട്, അവിടെ നിന്ന് കിട്ടുന്ന ഭീമമായ തുകകൾ കൊണ്ട് വർഷാവർഷം ഏകദേശം 8 ബില്യൺ ഡോളറാണ് ക്യൂബൻ ഗവൺമെന്റ് ലാഭമുണ്ടാക്കുന്നത്.  ഇങ്ങനെയുള്ള വിദേശ മിഷനുകൾക്ക് പോകാൻ ഡോക്ടർമാർക്കും താത്പര്യമാണ്. കാരണം, നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നതിന്റെ പത്തിരട്ടിയെങ്കിലും ശമ്പളം അവർക്ക് ഈ വിദേശ മിഷനുകളിൽ കിട്ടും. അങ്ങനെ ആയിരക്കണക്കിന് ഡോക്ടർമാരെ ക്യൂബൻ ഗവൺമെന്റ് വർഷാവർഷം പുറം രാജ്യങ്ങളിൽ പുറംനാടുകളിൽ സേവനത്തിന് വിടുന്നുണ്ട്. 

എന്നാൽ ഇങ്ങനെ ആയിരക്കണക്കിന് ഡോക്ടർമാരെ പുറം നാടുകളിൽ മിഷനുകൾക്ക് വിടുമ്പോൾ അത് ക്യൂബയിലെ ഡോക്ടർമാരുടെ ലഭ്യത കുറക്കുന്നു. ഒരു പ്രദേശത്തുള്ള ഏക ക്ലിനിക്കിലെ ഒരേയൊരു ഡോക്ടറെ ആയിരിക്കും വെനിസ്വെലയിലേക്കോ മറ്റോ പറഞ്ഞയച്ചിട്ടുണ്ടാവുക. അങ്ങനെ ആ പ്രദേശത്തുള്ളവർ പിന്നീട് ഡോക്ടർമാരെ തിരഞ്ഞ് മറ്റുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന സാഹചര്യവും ക്യൂബയിൽ ഉണ്ടാകാറുണ്ട്. 

തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ആശുപത്രികൾ 

ക്യൂബയിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. പല സർക്കാർ ആശുപത്രികളും വളരെ മോശം അവസ്ഥയിലാണ്. പലയിടത്തും അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ലഭ്യമല്ല. എന്നാൽ ക്യൂബയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മക്ക് പ്രധാന കാരണം പതിറ്റാണ്ടുകളായി അമേരിക്കയുടെ കാർമികത്വത്തിൽ രാജ്യത്തിനുമേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ള വ്യാപാര ഉപരോധം കൂടിയാണ്. അതുകാരണം വികസിത രാജ്യവും ലോകത്തിലെ മെഡിക്കൽ എക്വിപ്മെന്റ്‌സിന്റെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമായി അമേരിക്ക തൊട്ടടുത്ത് അതിർത്തി പങ്കിട്ടു കിടക്കുമ്പോൾ ആയിരക്കണക്കിന് മൈൽ അകലെ കിടക്കുന്ന ചൈനയിൽ നിന്നും മറ്റും മെഡിക്കൽ ഉപകരണങ്ങൾ വരുത്തേണ്ട ഗതികേട് ക്യൂബയ്ക്കുണ്ട്. 

 

 

പല അവികസിത രാജ്യങ്ങളിൽ നിന്നും, സാമ്പത്തികമായ പിന്നാക്കാവസ്ഥയിൽ ഉള്ള പല വിദ്യാർത്ഥികൾക്കും ക്യൂബ സൗജന്യമായി മെഡിക്കൽ പഠനത്തിനുള്ള സ്‌കോളർഷിപ്പുകൾ നൽകി വരുന്നുണ്ട്. സർക്കാർ മേഖലയിൽ വളരെ ആധുനികവൽക്കരിക്കപ്പെട്ട ബയോ ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ ക്യൂബയിൽ നിലവിലുണ്ട്. മെനിഞ്ചറ്റിസ് ബി എന്ന മാരകരോഗത്തിന് ആദ്യമായി വാക്സിൻ കണ്ടുപിടിച്ചത് അമേരിക്കയല്ല, ക്യൂബയാണ്. ചരിത്രത്തിൽ ആദ്യമായി അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എയിഡ്സ്, സിഫിലിസ് തുടങ്ങിയവ പകരുന്നത് തടയുന്നതും ക്യൂബയിലെ ആശുപത്രികളിലെ ഗവേഷകരാണ്. ആരോഗ്യരംഗത്ത് മറ്റുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ ഡോക്ടർമാരുടെയും മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെയും ഒക്കെ സേവനങ്ങൾ കയറ്റിയയച്ച് ക്യൂബ നേടുന്നത് കോടിക്കണക്കിന് ഡോളർ വരുമാനമാണ്. 

 

 

കയ്യിൽ പണമില്ല എന്ന പേരിൽ ആർക്കും തന്നെ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ ക്യൂബയിൽ ഇന്നുമില്ല. അത് അന്നും, ഇന്നും, എന്നും ജനങ്ങൾക്കുവേണ്ടി വിഭാവനം ചെയ്യപ്പെട്ട ജനങ്ങളുടേതായ ഒരു സംവിധാനമായി നിലകൊള്ളുന്നു. അതിന് പരിമിതികൾ ഏറെയുണ്ടാകാം. എങ്കിലും, ആ പരിമിതികൾ നിലനിൽക്കുന്നുണ്ടാകാം, ഏറെ പരിഷ്കരണങ്ങൾക്കും അവിടെ സാധ്യത കാണുമായിരിക്കും. എന്നാലും, അത് ആർജ്ജിച്ചിരിക്കുന്ന നേട്ടങ്ങൾ സൂചിപ്പിക്കുന്നത് ലാഭനഷ്ടകണക്കുകൾക്ക് ഉപരിയായി പൊതുമേഖലയിൽ ആരോഗ്യ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയാണ്.