തങ്ങളുടെ കാഴ്‍ച്ചക്കാരെ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനായി വ്യത്യസ്‍തമായ ഒരു പരിപാടി നടത്തുകയാണ് ദല്ലാസിലെ ഈ ടെലിവിഷന്‍ സ്റ്റേഷന്‍. അതിനായി അവര്‍ ചെയ്യുന്നത് കാണികളില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്‍നങ്ങളെ കുറിച്ചും സംശയമുള്ള ഒരാളെ ഒരു റോഡ് ട്രിപ്പിന് ക്ഷണിക്കും. അതില്‍ ലോകത്തിലെ തന്നെ പ്രഗത്ഭരായ കാലാവസ്ഥാ വിദഗ്ധരെ കാണാനും സംസാരിക്കാനും അവസരവുമുണ്ടാകും. പിന്നീട്, അലാസ്‍കയിലേക്ക് പോവാനും കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രശ്‍നങ്ങള്‍ നേരില്‍ പഠിക്കാനും അവസരമൊരുക്കും.

'സിറ്റിസണ്‍ അസിസ്റ്റഡ് റിപ്പോര്‍ട്ട്' എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. WFFA റിപ്പോര്‍ട്ടറായ ഡേവിഡ് സ്‌കെച്ചറാണ് ഈ പരിപാടി നടത്തുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തിന്‍റെ അവസാനം സ്‌കെച്ചർ ഫേസ്‍ബുക്കില്‍ ഒരു ക്ഷണം ഇതിനായി പോസ്റ്റ് ചെയ്‍തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ സംശയമുള്ള ആര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കുചേരാനുള്ള അപേക്ഷ അയക്കാവുന്നതാണ് എന്നും പറഞ്ഞ്.

ഈ പരിപാടിയിൽ പങ്കെടുക്കാനായി ഏകദേശം 200 ഓളം പേരാണ് അപേക്ഷിച്ചത്. സ്‌കെച്ചർ പറഞ്ഞു. അവർക്കിടയിൽനിന്നും ധീരമായി സംസാരിക്കുന്ന, ഭയക്കാതെ ചോദ്യങ്ങൾ ചോദിക്കാൻ  ആർജവമുള്ള ഒരാളെ തെരഞ്ഞെടുക്കാൻ അവർ തീരുമാനിച്ചു. അപേക്ഷകരുമായുള്ള അഭിമുഖത്തിനൊടുവിൽ ടെക്സസിൽനിന്നുള്ള റൂഫിംഗ് കരാറുകാരനായ ജസ്റ്റിൻ ഫൈനിനെ WFAA തെരഞ്ഞെടുത്തു. കാലാവസ്ഥാ വ്യതിയാനം അത്ര രൂക്ഷമൊന്നുമല്ല, മനുഷ്യന് ഈ കാണുന്ന കാലാവസ്ഥാ പ്രശ്‍നങ്ങളില്‍ പങ്കൊന്നുമില്ലായെന്നാണ് ഫൈൻ പറഞ്ഞത്. താനതിനെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ലായെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.

 

യാത്ര തുടങ്ങുന്നതിന് മുമ്പ് സുപ്രധാന മൂന്ന് ചോദ്യങ്ങളാണ് ഫൈനിനോട് ചോദിച്ചത്. ആദ്യത്തെ ചോദ്യം കാലാവസ്ഥ അസാധാരണമായി മാറുന്നുണ്ടോ എന്നായിരുന്നു.  'ഇല്ല. എന്റെ കുട്ടികാലം മുതലേ കാലാവസ്ഥയിൽ വ്യത്യസ്‍തമായി ഞാൻ ഒന്നും കണ്ടിട്ടില്ല' എന്നായിരുന്നു ഫൈനിന്‍റെ മറുപടി. രണ്ടാമതായി ചോദിച്ചത് മനുഷ്യർ ഏതെങ്കിലും തരത്തിൽ ഇതിനു കരണമായോ എന്നാണ്. അതിനു മറുപടിയായി ഫൈൻ പറഞ്ഞത്, 'ആളുകൾക്ക് കാലാവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല' എന്നാണ്.

മൂന്നാമത്തെ ചോദ്യം 0-10 എന്ന സ്കെയിലിൽ ഈ പ്രശ്നം എത്രത്തോളം രൂക്ഷമാണ് എന്നതായിരുന്നു? 1-10 എന്ന തോതിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്തും അടിയന്തിര സ്കെയിലിൽ 3 - കൂടുതലല്ലെന്ന മറുപടിയാണ് ഫൈന്‍ നല്‍കിയത്.

നിലവിലെ കാലാവസ്ഥാ ശാസ്ത്രത്തെ ചോദ്യം ചെയ്ത് പ്രശസ്തനായ അലബാമയിലെ കാലാവസ്ഥാ വിദഗ്ധന്‍ ജോൺ ക്രിസ്റ്റിയുമായാണ് ഫൈൻ ആദ്യം സംവാദം ആരംഭിച്ചത്. ക്രിസ്റ്റി പറഞ്ഞത്, ഭൂമി അതിന്‍റെ  പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. കടലിനൊപ്പം താപനിലയും ഉയർന്നു താഴുന്നുവെന്നാണ്. മറ്റ് വിദഗ്ധരെ അഭിമുഖീകരിക്കുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങളും ക്രിസ്റ്റി ഫൈനിനോട് പറഞ്ഞുകൊടുത്തു.

അടുത്തതായി, കാലാവസ്ഥാ വിദഗ്ധരായ രണ്ട് പ്രൊഫസർമാർക്ക് ഫൈനിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഭൂമി മുൻപെങ്ങുമില്ലാത്ത രീതിയിൽ അപകടമാംവിധം ചൂടുപിടിക്കുന്നതെന്തുകൊണ്ടാണെന്ന് അവർ ഫൈനിനു വിശദീകരിച്ചു കൊടുത്തു. ഭൂമിയുടെ അന്തരീക്ഷ താപത്തെ നിയന്ത്രിക്കുന്ന CO2 -വിന്‍റെ  അളവ് മുൻദശകങ്ങളെ അപേക്ഷിച്ച് 40,000 മടങ്ങ് വേഗത്തിൽ ഉയരുകയാണെന്ന് ടെക്സസ് യൂണിവേഴ്സിറ്റിയിലെ ജയ് ബാനർ എന്ന ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ ലോകപ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ കാതറിൻ ഹെയ്‌ഹോയാണ് തന്നെ ഏറെ ആകർഷിച്ചതെന്നു ഫൈൻ പറഞ്ഞു. "ആ പ്രൊഫസർ എനിക്ക് ഒരു മണിക്കൂറോളം ഈ വിഷയത്തിൽ ക്ലാസെടുത്തു. വളരെ വികാരാധീനയായാണ് അവർ എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നത്." എന്നും ഫൈന്‍ പറയുന്നു. അതിനുശേഷം സ്‌കെച്ചറും ഫോട്ടോ ജേണലിസ്റ്റായ ചാൻസ് ഹോർണറും ഫൈനിനൊപ്പം അലാസ്കയിലേക്ക് പറന്നു. അവിടെ ഒരു മഞ്ഞുമലയിലെത്തി. ചൂട് എങ്ങനെയാണ് മഞ്ഞുമലകളെ ഉരുക്കുന്നത് എന്നതിനെക്കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം സാൽമൺസിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ സാൽമൺ വിദഗ്ധരിൽ നിന്ന് കേട്ടു. 

"അലാസ്ക പോലുള്ള സ്ഥലത്ത് 1 1/ 2 ഡിഗ്രി പോലും വളരെ വ്യത്യാസമുണ്ടാകുന്നു എന്ന കാര്യം എന്നെ വളരെ അത്ഭുതപ്പെടുത്തി” എന്നാണ് ഫൈൻ പറഞ്ഞത്. “അവിടെ, കൊടും ശൈത്യമാകേണ്ട സാഹചര്യത്തിൽ പോലും 32 ½ ഡിഗ്രി ആകുമ്പോൾ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങും. അത് പ്രകൃതിയെ വിപരീതമായി ബാധിക്കുന്നു.”  ടെക്സാസിൽ നിന്ന് അലാസ്കയിലേക്കുള്ള ആഴ്ചകളോളം നീളുന്ന യാത്രയിൽ പല വിദഗ്ധരുടെ അഭിപ്രായങ്ങളും ഫൈൻ ശ്രദ്ധിച്ചു. ഇത് ഒരു തിരിച്ചറിവിലേക്ക് ഫൈനിനെ നയിച്ചു.  “ഞാൻ എന്‍റെ  അഭിപ്രായം തിരുത്തുന്നു. അലാസ്കയിൽ എത്ര പെട്ടെന്നാണ് മഞ്ഞുരുകുന്നത്. ഇതിൽ മനുഷ്യന്‍റെ പങ്കു തീർച്ചയായും ഉണ്ട്. ” എന്നാണ് യാത്രക്ക് ശേഷം ഫൈന്‍ പറഞ്ഞത്.

WFFA -യുടെ കഥകൾ സംപ്രേഷണം ആരംഭിച്ചതുമുതൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംശയമുള്ള സുഹൃത്തുക്കൾ ടി വി -യിൽ ഞാൻ സംസാരിക്കുന്നതു കാണുമ്പോൾ വിശ്വസിക്കാനാകാതെ മിഴിച്ചു നില്‍ക്കുന്നു എന്ന് ഫൈൻ പറഞ്ഞു. “കാലാവസ്ഥാ കാര്യങ്ങളെല്ലാം ഒരു പൊള്ളയായ കാര്യമാണ് എന്ന് അവർ ഇപ്പോഴും കരുതുന്നു.” എന്നാൽ അലാസ്കയിലേക്കുള്ള യാത്ര സ്വന്തം അഭിപ്രായം മാറ്റി ചിന്തിക്കാൻ ഫൈനിനെ പ്രേരിപ്പിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് അതിനാവും എന്ന് കരുതാം.