മോസ്‌കോ - റഷ്യയുടെ തലസ്ഥാനം. നഗരത്തിൽ നിന്നും ഏകദേശം 36 കിലോമീറ്റർ അകലെയാണ് സുക്കോവ്‍സ്‍കി അന്താരാഷ്ട്രവിമാനത്താവളം. ഓഗസ്റ്റ് 15, വെളുപ്പിന് 226 യാത്രക്കാരും ഏഴ് കാബിൻക്രൂവുമായി ഒരു യുറാൽ എയർബസ് 321 വിമാനം പറന്നുയർന്നു. റൺവേയിൽ നിന്നും വിമാനം പറന്നുപൊങ്ങുന്ന ദിശയിൽ ഒരു അനധികൃത മാലിന്യനിക്ഷേപ കേന്ദ്രമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും എയർബസ് ടേക്ക് ഓഫ് ചെയ്തതിന് വിപരീത ദിശയിൽ ആ മാലിന്യ കേന്ദ്രത്തിൽ നിന്നും പക്ഷികളുടെ ഒരു കൂട്ടവും ആകാശത്തേക്ക് പറന്നുയർന്നിരുന്നു. വിമാനം പറന്നുപൊങ്ങി അഞ്ചു സെക്കന്റിനകം ആ പക്ഷിക്കൂട്ടം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും ബ്ലേഡുകൾക്കിടയിലേക്ക് ഇരച്ചുകേറി. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പക്ഷികൾ. ഒരു എഞ്ചിനിൽ തൽക്ഷണം തീനാളങ്ങൾ പടർന്നു. രണ്ടാമത്തേത് പക്ഷികൾ കുടുങ്ങി നിശ്ചലമായി. ചുരുക്കത്തിൽ വിമാനത്തിന് മുന്നോട്ട് കുതിക്കാൻ കഴിയാതെയായി. വിമാനത്തിനുള്ളിൽ വൈദ്യുതി നിലച്ചു. ആകാശത്തുനിന്നും താഴോട്ട് വീണുകൊണ്ടിരിക്കുന്ന അവസ്ഥയിലായി വിമാനം. 

വിമാനത്തിന്റെ നിയന്ത്രണം കയ്യാളിയിരുന്നത് പരിചയസമ്പന്നനായ പൈലറ്റ് ക്യാപ്റ്റൻ ദാമിർ യൂസുപ്പോവ് ആയിരുന്നു. വിമാനത്തിന്റെ ബാധിച്ചിരിക്കുന്ന അപരിഹാര്യമായ തകരാർ അദ്ദേഹം തിരിച്ചറിഞ്ഞു. അടിയന്തര ലാൻഡിങ്ങിന് സമ്മതം ചോദിച്ചു. അനുവദിക്കപ്പെട്ടു. എന്നാൽ, അതിനുള്ള സമയം പോലും ഇല്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒടുവിൽ വിമാനത്താവളത്തിൽ നിന്നും കിലോമീറ്ററുകൾ മാറി റോമൻസ്‌ക് എന്ന പട്ടണത്തിലെ ഒരു ചോളപ്പാടത്തിലേക്ക് വിമാനത്തെ ക്രാഷ് ലാൻഡ് ചെയ്യിക്കാൻ അദ്ദേഹം തീരുമാനിച്ചു. മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം അത് വിജയകരമായി പൂർത്തിയാക്കിയപ്പോൾ രക്ഷപ്പെട്ടത് 236  ജീവനുകളായിരുന്നു. പ്രാദേശിക പത്രമായ കൊംസോംലോസ്കായ പ്രാവ്‌ദ അദ്ദേഹത്തെ പ്രശംസകൾ കൊണ്ടുമൂടി. അദ്ദേഹത്തിന്റെ ധീരതയ്ക്ക് ഒരു ദേശീയ അവാർഡുതന്നെ നൽകും എന്ന് അധികാരികളും അറിയിച്ചു. 

വിമാനങ്ങളിൽ പക്ഷികൾ വന്നിടിക്കുന്നതും എഞ്ചിൻ തകരാറിലാകുന്നതും ഒക്കെ ഇടക്കൊക്കെ സംഭവിക്കുന്ന ഒരു കാര്യമാണ്. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും അതിനൊരു പ്രതിവിധിയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല ആരും. എന്നാൽ, രണ്ട് എഞ്ചിനും ഒരു പോലെ തകരാറിലാകുക, അതും ടേക്ക് ഓഫിന് ശേഷം, അത് ഒരു അപൂർവ്വസംഭവമാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനും തകരാറിലായാല്‍ പിന്നെ അധിക നേരം പിടിച്ചു നിൽക്കാനാകില്ല. ആക്കം നിലയ്ക്കുമ്പോഴേക്കും അത് മൂക്കുംകുത്തി താഴേക്ക് വീഴാൻ തുടങ്ങും. 

വിമാനത്തെ തിരിച്ചു കൊണ്ടുവന്ന് റൺവേയിലേക്കുതന്നെ ലാൻഡ് ചെയ്യിക്കുന്നതിനെപ്പറ്റി പൈലറ്റ് ആദ്യം ആലോചിച്ചെങ്കിലും, അതിനൊന്നും നേരമില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട്, ആദ്യം മുകളിലേക്കും, പിന്നെ താഴേക്കും നോക്കി. താഴേക്ക് ഒന്ന് നോക്കിയ അദ്ദേഹം വീണ്ടും ഒരിക്കൽ കൂടി നോക്കി. താഴെയതാ വിശാലമായ ഒരു ചോളപ്പാടം. 236 പേരുടെയും ജീവൻ പൊലിഞ്ഞു എന്നുറപ്പിച്ചേടത്തു നിന്നും പ്രത്യാശയുടെ ഒരു നേരിയ കിരണം കണ്ടപ്പോൾ അദ്ദേഹത്തിന് ആശ്വാസമായി. 

സെക്കന്റുകളുടെ ഇടവേളയിലാണ്, ചോളപ്പാടത്ത് തന്റെ വിമാനം അടിയന്തരമായി ഇറക്കാനുള്ള തീരുമാനം ക്യാപ്റ്റൻ കൈക്കൊള്ളുന്നത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഉപയോഗിച്ച് ലാൻഡ് ചെയ്യണമെങ്കിൽ കൃത്യമായ റൺവേ തന്നെ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഇല്ലാത്തിടത്ത് പരമ്പരാഗത രീതിയിൽ ലാൻഡുചെയ്യാനാവില്ല വിമാനം. ആ അടിയന്തര സാഹചര്യങ്ങളിൽ, വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തുറക്കാതെ, വിമാനത്തിന്റെ അടിഭാഗം പെട്ടെന്ന് തറയിൽ തട്ടിച്ച് നിർത്തുന്നതിന് 'ബെല്ലി ലാൻഡിംഗ്' എന്നാണ് പറയുക. വളരെയധികം വൈദഗ്ധ്യം വേണ്ട ഒരു പ്രവൃത്തിയാണിത്. വിമാനത്തിന് കനത്ത നാശനഷ്ടവും യാത്രക്കാർക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ. വിമാനം കത്തിയമർന്ന് സകലരും മരണപ്പെട്ടെന്നും വരാം.

പൈലറ്റിന്റെ സുധീരമായ തീരുമാനവും, അതിന്റെ വൈദഗ്ധ്യത്തോടുള്ള നടപ്പിലാക്കലും കാരണം രക്ഷപ്പെട്ടത് 236  പേരുടെ ജീവനാണ്. പതിനേഴു കുട്ടികളടക്കം 55  പേർക്ക് പരിക്കേറ്റെങ്കിലും ആർക്കും ജീവാപായമുണ്ടായില്ല. അപകടത്തിന് കാരണമായ പക്ഷിക്കൂട്ടം പുറപ്പെട്ടത്, വിമാനത്താവളത്തിന് പരിസരത്ത്  അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യസംസ്കരണശാലയാണ് എന്നതിനാൽ അതിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ് ഇപ്പോൾ.