Asianet News MalayalamAsianet News Malayalam

എന്താണ് ഏകീകൃത സിവിൽ കോഡ്? സിവിൽ കോഡ് വരുമ്പോൾ ഏകീകരിക്കപ്പെടുന്ന വ്യക്തി നിയമങ്ങൾ ഏതെല്ലാം?

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്.

what is Uniform Civil Code rlp
Author
First Published Apr 22, 2023, 3:04 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വീണ്ടും ചർച്ചയാവുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന ഉന്നതതല യോഗം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. അതാണ് വിഷയം വീണ്ടും സജീവ ചർച്ച ആവാൻ കാരണം.

എന്താണ് ഏകീകൃത സിവിൽ കോഡ്? സിവിൽ കോഡ് വരുമ്പോൾ ഏകീകരിക്കപ്പെടുന്ന വ്യക്തി നിയമങ്ങൾ ഏതൊക്കെയാണ്. 

എന്താണ് ഏകീകൃത സിവില്‍ കോഡ്?

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം.

ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടങ്ങൾ പാലിക്കേണ്ട കാര്യങ്ങളാണ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിവില്‍ കോഡിന്റെ ചരിത്ര പശ്ചാത്തലം

സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത്‌ ഉണ്ടായിട്ടുണ്ട്. സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.

സിവില്‍ കോഡും കോടതി ഇടപെടലും

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ എന്നും സുപ്രീംകോടതി പിന്തുണച്ചിട്ടുണ്ട്. വിധിന്യായങ്ങളില്‍, നിരീക്ഷണങ്ങളില്‍ എല്ലാം കോടതി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.

രാജ്യത്ത് രാഷ്ട്രീയ രംഗത്തും നിയമ മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെ കേസാണ് 1985 -ലെ ഷാ ബാനു കേസ് (മുഹമ്മദ് അഹമ്മദ് ഖാന്‍ vs ഷാ ബാനു ബീഗം). 

തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഷാ ബാനുവിന് മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ ഉത്തരവില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ ഈ ഉത്തരവ് മറികടന്നു.

1995 -ലെ മുദ്ഗല്‍ വിധിന്യായം, 97 -ലെ ജോണ്‍ വള്ളമറ്റം കേസ്, 2019 -ലെ പൗലോ കുടീഞ്ഞോ കേസ് തുടങ്ങി നിരവധി വിധികളില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത കോടതി പരാമര്‍ശിച്ചിട്ടുണ്ട്.

ഏകീകൃത സിവില്‍ കോഡും നിയമ കമ്മീഷനും

2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. 2018 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

നിലവിൽ വിഷയം 22 -ാം നിയമ കമ്മീഷന്റെ പരിഗണനയിൽ ആണ്. പരിശോധിക്കാൻ കമ്മീഷനോട് കേന്ദ്രം നിർദേശിച്ചിരുന്നു.

വ്യക്തിനിയമങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്. സിവില്‍ കോഡ് വരുമ്പോള്‍ ഈ നിയമങ്ങളെല്ലാം ഏകീകരിക്കപ്പെടും.

ഹിന്ദു, സിക്ക്, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്ക് ഹിന്ദുവ്യക്തി നിയമങ്ങളാണ് ബാധകം,

ഹിന്ദു വിവാഹ നിയമം 1955
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 1956
ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം 1956
ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് നിയമം 1956

ഇനി മുസ്ലിം വിഭാഗത്തില്‍ നോക്കിയാല്‍,

ശരീയത്ത് അപ്ലിക്കേഷന്‍ നിയമം 1937

മുസ്ലിം വുമണ്‍ റൈറ്റ് ടു പ്രൊട്ടക്ഷന്‍ ഓണ്‍ ഡിവോഴ്‌സ് നിയമം 1986, (ഷാ ബാനു കേസിലെ വിധി മറികടക്കാനായി കൊണ്ടുവന്ന നിയമമാണ്.)

മുസ്ലിം മാരേജ് ഡിസൊലൂഷന്‍ നിയമം 1939, (മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിന് മാത്രമുള്ള നിയമമാണ്)

മുസ്ലിം വിഭാഗത്തില്‍ കോഡിഫൈ ചെയ്യപ്പെട്ട അഥവാ എഴുതപ്പെട്ട വ്യക്തി നിയമങ്ങള്‍ ഇത് മാത്രമാണ്, കൂടുതല്‍ വിഷയങ്ങളിലും ഖുറാന്‍ അടിസ്ഥാനമാക്കിയാണ് തീര്‍പ്പുകളും തീരുമാനങ്ങളും.

ക്രിസ്ത്യന്‍ വിഭാഗത്തിലാണെങ്കില്‍,

ക്രിസ്ത്യന്‍ വിവാഹ നിയമം
ഇന്ത്യന്‍ ഡിവോഴ്‌സ് നിയമം
ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം

എന്നീ 3 വ്യക്തി നിയമങ്ങളുണ്ട്

പാഴ്‌സികള്‍ക്കായി, പാഴ്‌സി മാരേജ് ആന്‍ഡ് ഡിവോഴ്‌സ് നിയമമുണ്ട്. ഇതിനുപുറമെ വിവിധ ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടെ കാലങ്ങളായി പിന്തുടരുന്ന എഴുതപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ നിരവധി വ്യക്തി നിയമങ്ങള്‍ വേറെയുണ്ട്.

സിവിൽ കോഡും സംസ്ഥാനങ്ങളും

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും പൗരന്‍മാര്‍ക്ക് മൗലിക അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നുകില്‍ ഈ വ്യക്തി നിയമങ്ങളെല്ലാം അസാധുവാക്കി ഒരു സിവില്‍ കോഡ് രൂപീകരിക്കാം. അല്ലെങ്കില്‍ ചില വിഷയങ്ങളില്‍ മാത്രം ഏകീകൃത സ്വഭാവം നിലനിര്‍ത്തി വ്യക്തിനിയമങ്ങള്‍ പ്രത്യേക വിഭാഗമാക്കി ഉള്‍പ്പെടുത്തി സിവില്‍ കോഡിന് രൂപം നല്‍കാം. 

അതേസമയം, ബിജെപിയുടെയും RSS -ന്റെയും രാഷ്ട്രീയ താൽപര്യങ്ങൾ ഇതിൽ സ്വാധീനമുണ്ടാക്കും എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്ക് ഉണ്ട്.

Follow Us:
Download App:
  • android
  • ios