'ഖാവ്' - വിപ്ലവത്തിന് ഏറെ വളക്കൂറുള്ള നമ്മുടെ മണ്ണിൽ ഈ വാക്കിന് അർത്ഥവ്യാപ്തി ഏറെയാണ്. ആ വാക്കിന് വല്ലാത്തൊരു കേൾവിസുഖമുണ്ട്. അത് ആർക്കും, ഒരു രക്തബന്ധവുമില്ലാത്ത, യാതൊരു മുൻപരിചയവുമില്ലാത്ത മറ്റൊരാളുമായി ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധം സ്ഥാപിച്ചു നൽകും... അതിൽ സൗഹൃദമുണ്ട്, സ്നേഹമുണ്ട്, ഒപ്പം സാഹോദര്യവും. കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിൽ പറയുന്നതോർമ്മയില്ലേ ? "ദിസ് കോമ്രേഡ് ഈസ് അവർ കോമ്രേഡ്, പ്ലീസ് ഡൂ ദ നീഡ്ഫുൾ..." എന്ന്. അതുതന്നെയാണ്, അതിന്റെ സൂക്ഷ്മാർത്ഥവും. ഒരുസഖാവിന്, എന്തുസഹായവും നിരുപാധികം ചെയ്തുനൽകാൻ ബാധ്യസ്ഥനാണ് മറ്റൊരു സഖാവ്. 

"തീപ്പെട്ടിയുണ്ടോ സഖാവേ, ഒരു ബീഡിയെടുക്കാൻ..." എന്നത് കമ്യൂണിസം നിരോധിച്ചകാലത്ത്, വിപ്ലവകാരികൾ കേരളത്തിൽ പരസ്പരം പറഞ്ഞിരുന്ന കോഡുഭാഷയായി ലാൽസലാം എന്ന ചിത്രത്തിൽ കാണിക്കുന്നുണ്ട്. "സഖാക്കളേ, മുന്നോട്ട്..." എന്നത് വിപ്ലവത്തിന്റെ കനൽവഴികളിലെ ഒരു സുപ്രധാന മുദ്രാവാക്യമാണ്. കേരളത്തിലും, ഇന്ത്യയിലും, ലോകമെമ്പാടുമുള്ള വിപ്ലവകാരികൾ നെഞ്ചിൽ തട്ടി പരസ്പരം വിളിച്ചിട്ടുള്ള 'സഖാവ്' എന്ന വാക്കിന്റെ ഉത്ഭവം യഥാർത്ഥത്തിൽ ഏത് സാഹചര്യത്തിലായിരുന്നു..? ഏത് ഭാഷയിലായിരുന്നു ആ സുന്ദരപദം ആദ്യമായി സങ്കല്പിക്കപ്പെട്ടത്..? ഉച്ചരിക്കപ്പെട്ടത്...? നിരോധിക്കപ്പെട്ടത്..? 

കമ്യൂണിസത്തിന്റെ അടിവേരുകൾ സ്വാഭാവികമായും റഷ്യയിൽ ആയിരിക്കുമെന്ന സങ്കല്പത്തിന്റെ പുറത്ത് ആദ്യമന്വേഷിച്ചത് കോമ്രേഡ് അഥവാ സഖാവ് എന്ന വാക്കിന് തുല്യമായ റഷ്യൻ പദമാണ്. ആ വാക്ക് റഷ്യനിൽ ഉച്ചരിച്ചുകേൾക്കാൻ അത്ര സുഖം പോര. 'ടോവാരിഷ്' (TOVARISCH) എന്നതാണ് റഷ്യനിലെ ആ വാക്ക്. ഇന്നും ആ വാക്ക് ഹോളിവുഡ് സിനിമകളിലെ റഷ്യൻ വില്ലന്മാരും അധോലോക നായകരും പരസ്പരം വിളിക്കുന്നത് കേൾക്കാം. 

1917 -ലെ വിപ്ലവാനന്തരം അതുവരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന അഭിസംബോധനകളും വിളികളുമൊക്കെ ഏറെക്കുറെ അപ്രസക്തമായി. അന്നോളം, കുലീനരായ റഷ്യൻ ജനത പരസ്പരം വിളിച്ചിരുന്നത് നോബിൾമെൻ ആന്‍ഡ് നോബിൾവിമെൻ എന്നൊക്കെയായിരുന്നു. ഭരണകർത്താക്കളുടെയും, പട്ടാളക്കാരുടെയും, സമ്പന്നരായ വ്യാപാരികളുടെയും, പുരോഹിതന്മാരുടെയും ഒക്കെ സ്ഥാനമാനങ്ങൾക്കനുസരിച്ച് വേണമായിരുന്നു അവരെ അവർ അർഹിക്കുന്ന പ്രത്യേകം പ്രത്യേകം വാക്കുകളാൽ അഭിസംബോധന ചെയ്യാൻ. പാവപ്പെട്ട ഗ്രാമീണർക്കുമാത്രം അങ്ങനെ പ്രത്യേകിച്ചൊരു വിളിയുണ്ടായിരുന്നില്ല. വിപ്ലവപൂർവ റഷ്യ അസമത്വത്തിന്റെ കൂത്തരങ്ങായിരുന്നു എന്ന് ചുരുക്കം. ബോൾഷെവിക്കുകൾ മാറ്റിമറിക്കാൻ ആഗ്രഹിച്ചിരുന്നതും അതുതന്നെ. 

ഭാഷയിൽ സ്വാധീനം ചെലുത്തിയ ഫ്രഞ്ചുവിപ്ലവം 

1789 -ൽ നടന്ന ഫ്രഞ്ച് വിപ്ലവത്തിലാണ് ആദ്യമായി ഭാഷയിൽ മാറ്റങ്ങൾ വരുന്നത്. മാന്യരേ... എന്നവാക്ക്, മാന്യത എന്ന സങ്കൽപം ഒക്കെ നിരോധിക്കപ്പെടുന്നത് അവിടെയാണ്. രാജാവു തൊട്ട് സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ കഴിഞ്ഞിരുന്നവർ എന്ന് അന്നുകരുതപ്പെട്ടിരുന്നവരെ വരെ വിപ്ലവാനന്തരം ഫ്രാൻസിൽ വിളിക്കപ്പെട്ടത്, 'സിറ്റിസൺ' അഥവാ പൗരൻ എന്നായിരുന്നു. എന്നാൽ, റഷ്യക്കാർക്ക്  തങ്ങളുടെ വിപ്ലവത്തിന് ശേഷം ഈ വാക്കിനോടും അത്ര അഭിമുഖ്യമുണ്ടായില്ല. അവിടെ വിപ്ലവാനന്തരം പുലരാനിരുന്നത് ജനാധിപത്യമല്ലായിരുന്നല്ലോ... സോഷ്യലിസമായിരുന്നല്ലോ. അതുകൊണ്ട് അവർ പൗരൻ എന്നവാക്കിനു പകരം വേറൊന്നു കണ്ടെത്തി. 

സോഷ്യലിസത്തിന്റെ പിറവി യഥാർത്ഥത്തിൽ റഷ്യൻ വിപ്ലവത്തിനും മുമ്പ് ജർമനിയിലാണ്. അവിടെയാണ് ആദ്യമായി 'കോമ്രേഡ്' എന്ന പടം അവരുടെ അഭിസംബോധനകളിൽ കടന്നുവരുന്നത്. ലത്തീനിൽ 'കമറാഡ' എന്ന പദത്തിന്റെ അർഥം 'സഹമുറിയൻ' എന്നാണ്. ജർമൻ ഭാഷാ നിഘണ്ടുക്കൾ ചികഞ്ഞാൽ  'പഠനകാലത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളിൽ ഒരേ മുറി പങ്കിട്ടിരുന്നവരെ' സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിച്ചിരുന്നത് എന്നുകാണാം. 

അങ്ങനെ ഫ്രഞ്ച്/യൂറോപ്യൻ വിപ്ലവമുന്നേറ്റങ്ങൾക്ക് ശേഷം, 1848-ലാണ് സഖാവ് എന്ന പദം, സമാനമനസ്കരായ യുവാക്കളുടെ പ്രിയപ്പെട്ട വിളിപ്പേരായി മാറുന്നത്. അത് അക്കാലത്ത് ഒരേ പ്രത്യയശാസ്ത്രത്തിനായി പോരാടുന്നവർ പരസ്പരം ഏറെ അഭിമാനത്തോടെ വിളിച്ചുപോന്നു. എന്നാൽ റഷ്യക്കാർ ഒരിക്കലും പരസ്പരം കോമ്രേഡ് എന്ന് വിളിച്ചിട്ടില്ല. അവർക്ക് അവരുടേതായ ഒരു വാക്കുണ്ടായിരുന്നു. അതാണ് 'ടോവാരിഷ്' എന്നത്. 

റഷ്യൻ ഭാഷയിൽ 'ടോവാരിഷ്' എന്ന വാക്കിന്റെ അർത്ഥം, സുഹൃത്ത് എന്നല്ല, മറിച്ച് 'വ്യാപാരപങ്കാളി' എന്നാണ്. 'ടോവാർ' എന്ന മൂലപദത്തിന്റെ അർഥം ചരക്ക് എന്നാണ്. ആ അർത്ഥത്തിൽ, 'ടോവാരിഷ്' എന്നവാക്കിന് കൂടുതൽ ചേരുന്ന അർഥം നിങ്ങളുമായി കച്ചവടത്തിൽ ഏർപ്പെടുന്ന ഒരാൾ എന്നാണ്. ആ വാക്കിന്  ഒരു വ്യാപാര സൂചനയുണ്ടെന്നർത്ഥം, കൊസാക്കുകൾക്കിടയിൽ വ്യാപാരികൾ തമ്മിൽ വിളിച്ചിരുന്നത് 'ടോവാരിഷ്'  എന്നായിരുന്നു. പിന്നീട് അവരിൽ നിന്നുമാണ് അത് പൊതുസമൂഹത്തിലേക്ക് എത്തിപ്പെടുന്നത്. 1802  മുതൽ 1917  വരെ സഹമന്ത്രി എന്ന അർത്ഥത്തിൽ 'മിനിസ്റ്റേഴ്‌സ് ടോവാരിഷ് ' എന്നൊരു പദവി വരെ റഷ്യയിൽ ഉണ്ടായിരുന്നു. 

അങ്ങനെയിരിക്കെ റഷ്യയിൽ ഒക്ടോബർ വിപ്ലവം വന്നു. ബോൾഷെവിക്കുകൾ 'ടോവാരിഷ്' എന്ന പദം തമ്മിലുള്ള ബഹുമാനവും സ്നേഹവും വിശ്വാസവും സൂചിപ്പിക്കുന്ന അഭിസംബോധനകൾക്കായി സ്വീകരിച്ചു. വിപ്ലവം കഴിഞ്ഞിട്ടും, സാർ നിക്കോളാസ് റൊമാനോവിനെ റഷ്യൻ സഖാക്കൾ, ഫ്രഞ്ച് മോഡലിൽ 'സിറ്റിസൺ' എന്നുമാത്രം വിളിച്ചു. "നിങ്ങൾ ഞങ്ങളുടെ ടോവാരിഷ് അല്ല..." എന്ന പരാമർശം അന്ന് ബോൾഷെവിക്കുകൾക്കിടയിൽ വളരെ കടുത്ത ഒരു പരിഹാസമായി മാറി. കമ്യൂണിസ്റ്റ് വിരുദ്ധനായി ഒരാളെ ചിത്രീകരിക്കണമെങ്കിൽ അയാൾ ഒരു ടോവാരിഷ് അല്ല എന്ന് പറഞ്ഞാൽ മതി എന്നുവന്നു. ആ പഴി ഒരാളെ നിമിഷനേരം കൊണ്ട് വർഗ്ഗശത്രുവാക്കി മാറ്റിയിരുന്നു അക്കാലങ്ങളിൽ.

സഖാവോ പൗരനോ..?

റഷ്യൻ ഭാഷയിൽ പൗരൻ എന്ന വാക്കിന് സമമായ പദം, 'ഗ്രാഷ്ഡാനിൻ' എന്നതായിരുന്നു. എല്ലാ 'ഗ്രാഷ്ഡാനിൻ'മാർക്കും 'ടോവാരിഷ്' ഗ്രേഡ് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. അക്കാലത്ത് റഷ്യൻ പട്ടാളത്തിൽ ടോവാരിഷ് വളരെ നിർബന്ധമുള്ള ഒരു അഭിസംബോധനയായി മാറി. ടോവാരിഷ് കാപ്റ്റൻ പെട്രോവ്.. എന്നൊക്കെയായിരുന്നു അന്ന് പരസ്പരം വിളിച്ചിരുന്നത്. നേതാക്കളെയും അവർ ടോവാരിഷ് ചേർത്തുവിളിച്ചു ടോവാരിഷ് ലെനിൻ, ടോവാരിഷ് സ്റ്റാലിൻ, ടോവാരിഷ് ബ്രെഷ്നേവ്... എന്നിങ്ങനെ. 

ചൈനയിലെ സഖാവ് 

സൺ യാത് സെൻ ആണ് ചൈനയിൽ തന്റെ അണികളെ അഭിസംബോധന ചെയ്യാനായി സഖാവ് എന്നർത്ഥം വരുന്ന 'തോങ് ഴി' എന്ന വാക്കുപയോഗിച്ചത്. പ്രായം കുറഞ്ഞവർ 'കുട്ടിസഖാവ്' എന്ന അർത്ഥത്തിൽ 'സിയാവോ തോങ് ഴി' എന്നും, വയസ്സായവരെ മുതിർന്ന സഖാവ് എന്ന അർത്ഥത്തിൽ 'ലാവോ തോങ് ഴി' എന്നും അഭിസംബോധന ചെയ്തുപോന്നു. പാർട്ടി ചട്ടങ്ങൾ ഏറെ കർശനമായ ചൈനയിൽ പ്രവർത്തകർ തമ്മിൽ 'തോങ് ഴി' അഥവാ 'സഖാവ്' എന്നുതന്നെ അഭിസംബോധന ചെയ്തില്ലെങ്കിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്ന ഒന്നായിരുന്നു. 2016 -ൽ തങ്ങളുടെ ഒരുകോടിയോളം വരുന്ന മെമ്പർമാർക്ക് ഇതേ വിഷയത്തിൽ ഒരു സർക്കുലർ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അയക്കുകയുണ്ടായി. 


ഇന്നത്തെ അവസ്ഥയോ..? 

ഇന്ന് റഷ്യയിൽ അങ്ങനെ വിശേഷിച്ചൊരു അഭിസംബോധനാ രീതി നിർബന്ധമില്ല. വളരെ ഔപചാരികമായ വേദികളിൽ അവർ പരസ്പരം ഗോസ്പഡിൻ(മിസ്റ്റർ) എന്നോ ഗോസ്‌പോഷാ(മിസ്സിസ്) എന്നോ വിളിക്കുന്നു. 'ഗ്രാഷ്ഡാനിൻ'(പൗരൻ) എന്ന വാക്കിന് ഇന്ന് പഴയൊരു ബഹുമാന സൂചനയില്ല. ഇന്ന് അത് ഏറെക്കുറെ പരിഹാസമായാണ് അവർക്ക് അനുഭവപ്പെടുന്നത്. അതവർ ഇഷ്ടപ്പെടുന്നില്ല. പരിചയമുള്ളവർ തമ്മിൽ ഇന്ന് പ്രിയാടെൽ(സുഹൃത്തേ) എന്നോ അല്ലെങ്കിൽ 'സ്നാക്കോംയി'(പരിചയക്കാരൻ) എന്നോ ഒക്കെ വിളിക്കുന്നു. 

ഇന്നത്തെക്കാലത്ത് റഷ്യയിൽ ആരുമങ്ങനെ പരസ്പരം 'കോമ്രേഡ്' എന്ന അർത്ഥത്തിൽ 'ടോവാരിഷ്' എന്ന വിളി പതിവില്ല. അത് വല്ലപ്പോഴുമൊക്കെ ഉപയോഗിക്കപ്പെടുന്നത് ചില സാഹചര്യങ്ങളിൽ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി മാത്രമാണ്. ഉദാ. മെട്രോ ട്രെയിനിലോ, സൂപ്പർമാർക്കറ്റിൽ ക്യൂവിലോ ഒക്കെ  വാക് തർക്കമുണ്ടാവുമ്പോൾ അവർ തർക്കം അവസാനിപ്പിക്കാൻ സൗഹൃദ സൂചകമായി 'ടോവാരിഷ്...' എന്നൊരു വിളിയിലൂടെ അനുനയം തുടങ്ങും. 

എന്നാൽ ആ വാക്ക് പിറന്നുവീണതും, ആദ്യകാലങ്ങളിൽ പ്രചാരത്തിലായതുമായ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ   അതിനു തത്തുല്യമായ 'സഖാവ്' എന്ന പദം, അതിന്റെ ഉത്ഭവകാലത്തെ അതേ തീവ്രതയോടെ തന്നെ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. ഭാഷയിൽ ആ വാക്കിന് ഇന്നും സാഹോദര്യവും, സ്നേഹവും, സൗഹൃദവും, അനുതാപവുമെല്ലാം ധ്വനിപ്പിക്കാനാവുന്നുണ്ട്. പകരം വെക്കാൻ മറ്റൊന്നില്ലാത്ത ആ വാക്ക് കാലഹരണപ്പെട്ടുപോവാതെ, ഒരു പരിഹാസവാക്കായി മാറാതെ കാക്കുക എന്നതാണ് ഈ ജനതയുടെ മുന്നിലുള്ള വെല്ലുവിളി, അവർ നേരിടുന്ന പ്രതിസന്ധി.