Asianet News MalayalamAsianet News Malayalam

മുംബൈയിലെ ആദ്യത്തെ മാഫിയാ രാജ്ഞി, കരീം ലാലയും ഹാജി മസ്താനും വരെ ബഹുമാനിച്ചിരുന്ന സ്ത്രീ?

ജെനാബായി മദ്യത്തോടൊപ്പം മറ്റ് കള്ളക്കടത്ത് ബിസിനസ്സുകളിലും ഏർപ്പെട്ടു, ധാരാളം പണം സമ്പാദിച്ചു. അതോടെ അവൾ 'മാഫിയ ക്വീൻ' എന്ന് അറിയപ്പെടാൻ തുടങ്ങി. 

who is Jenabai Daruwali
Author
Thiruvananthapuram, First Published Feb 28, 2022, 3:40 PM IST

മുംബൈ(Mumbai) തെരുവുകൾ മാഫിയ ഭരണത്തിൽ വിറകൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. കരിം ലാല, ഹാജി മസ്താൻ, ദാവൂദ്, വരദരാജൻ വാർധ തുടങ്ങി ഒട്ടേറെ പേരുകൾ ഉയർന്നു കേട്ടിരുന്ന കാലം. സ്വതന്ത്ര ഇന്ത്യയിൽ, ഒരുവശത്ത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മുംബൈ വികസിക്കുമ്പോൾ, മറുവശത്ത് അധോലോകം ആഴത്തിൽ വേരുകളാഴ്ത്തി. എന്നാൽ, ആളുകളെ ഭയത്തിന്റെ മുൻമുനയിൽ നിർത്തിയിരുന്ന കരീം ലാലയും, ഹാജി മസ്താനുമെല്ലാം ഒരു സ്ത്രീയുടെ വാക്കിന് മുന്നിൽ തലകുനിച്ചിരുന്നു. മുംബൈയിൽ ആദ്യ മാഫിയ റാണി, ജെനാബായി ദാരുവാലി(Jenabai Daruwali). എല്ലാവരും അവളെ ബഹുമാനിച്ചിരുന്നു. മാത്രമല്ല, ഏത് കാര്യവും അവളുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.  

അധോലോകത്തിലെ ആദ്യത്തെ മാഫിയ രാജ്ഞിയായിരുന്നു അവൾ. എല്ലാവരും അവളെ സ്നേഹത്തോടെ മാസി എന്ന് വിളിച്ചു. അവൾ ഹാജി മസ്താന് സ്വന്തം സഹോദരിയെ പോലെയായിരുന്നു. അധോലോകത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനായ ഹുസൈൻ സെയ്ദി 'ക്വീൻസ് ഓഫ് മുംബൈ' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. അതിൽ ജെനാബായിയുടെ കഥ വിവരിക്കുന്നുണ്ട്. 1920 -കളിൽ മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് ഒരു മുസ്ലീം മേമൻ ഹലായ് കുടുംബത്തിലാണ് ജെനാബായി ജനിച്ചത്. സൈനബ് എന്നാണ് ആളുകൾ അവളെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ആറ് സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു അവൾ. ഡോംഗ്രിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് ദരിദ്രരായ അവളുടെ കുടുംബം താമസിച്ചിരുന്നത്. അന്ന് സ്വാതന്ത്ര്യസമരം ഒരു കൊടുംകാറ്റായി രാജ്യത്തെ ഉലച്ച സമയമായിരുന്നു. അവളും അതിൽ പങ്കെടുക്കാൻ താല്പര്യപ്പെട്ടു.

പിന്നീട് വെറും 14 -ാം വയസ്സിൽ ജെനാബായി വിവാഹിതയായി. വിവാഹത്തിന് ശേഷവും ജെനാബായി സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തിരുന്നു. കാലം കടന്നുപോയി. ഒടുവിൽ വിഭജന കാലഘട്ടം വന്നു. പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞു. അപ്പോൾ ജെനാബായിയുടെ ഭർത്താവ് അവളോട് പാകിസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെട്ടു. പക്ഷേ, ജെനാബായി വിസമ്മതിച്ചു. ഇതിൽ ക്ഷുഭിതനായ ഇയാൾ ഒറ്റയ്ക്ക് പാകിസ്ഥാനിലേക്ക് പോയി. ജെനാബായി തന്റെ 5 കുട്ടികളോടൊപ്പം മുംബൈയിലെ ഡോംഗ്രിയിൽ താമസം തുടർന്നു.  

രാജ്യം കടുത്ത റേഷൻ ക്ഷാമം നേരിട്ട സമയമായിരുന്നു അത്. വിഭജനത്തിന്റെ വേദന മുംബൈയിലും കനത്തു. മഹാരാഷ്ട്ര സർക്കാർ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ റേഷൻ ഏർപ്പെടുത്തി. ഈ അവസരം മുതലെടുത്ത് ജെനാബായി അരിക്കച്ചവടം തുടങ്ങി. താമസിയാതെ അവൾ അരി നിയമാനുസൃതമല്ലാതെ കടത്താൻ ആരംഭിച്ചു. പിന്നീട് അതിൽ നിന്ന് അവൾ പിന്മാറി. അരിക്കച്ചവടം പച്ച പിടിച്ചില്ലെങ്കിലും, കള്ളക്കടത്ത് സംബന്ധിച്ച് ഏകദേശ ധാരണ ഇതോടെ അവൾക്ക് കിട്ടി. അരി കടത്തുന്നതിനിടെയാണ് ചില മദ്യനിർമ്മാതാക്കളുമായി അവൾ ബന്ധം സ്ഥാപിച്ചത്. അങ്ങനെ അവൾ മദ്യം ഉണ്ടാക്കാനും, കച്ചവടം ചെയ്യാനും പഠിച്ചു. തുടർന്ന്, ഡോംഗ്രിയിൽ തന്നെ മദ്യം വിൽക്കാൻ തുടങ്ങി. ജെനാബായിയുടെ പേരിന്റെ ഒപ്പം ദാരുവാല എന്നു ചേർത്തു അവൾ ജെനാബായി ദാരുവാലയായി.

20 വർഷത്തിനുള്ളിൽ ജെനാബായി മുംബൈ അടക്കി വാഴാൻ തുടങ്ങി. എല്ലാ വലിയ കുറ്റവാളികളും ജെനാബായിയുമായി ബന്ധം പുലർത്തുകയും അവളെ അനുസരിക്കുകയും ചെയ്തു. വലിയ ഗുണ്ടാ പോരാട്ടങ്ങളിൽ അവർ ജെനാബായിയെ അനുരഞ്ജനത്തിനായി വിളിച്ചു. എഴുപതുകളിൽ മുംബൈയിൽ ഹാജി മസ്താൻ, വരദരാജൻ മുതലിയാർ, കരിം ലാല മുതൽ ദാവൂദ്, ഛോട്ടാ ഷക്കീൽ തുടങ്ങി നിരവധി ഡോണുകൾ ജനിച്ചു. അവരെല്ലാം ജെനാബായിയെ മാസി എന്നാണ് വിളിച്ചിരുന്നത്. അവർ ഒരിക്കലും ജെനാബായിയുടെ വഴിയിൽ വരാൻ ശ്രമിച്ചില്ല. മറിച്ച്, അവരെല്ലാം തങ്ങളുടെ കച്ചവടത്തിൽ ജെനാബായിയുടെ ഉപദേശം സ്വീകരിക്കാൻ തുടങ്ങി. 

ജെനാബായി മദ്യത്തോടൊപ്പം മറ്റ് കള്ളക്കടത്ത് ബിസിനസ്സുകളിലും ഏർപ്പെട്ടു, ധാരാളം പണം സമ്പാദിച്ചു. അതോടെ അവൾ 'മാഫിയ ക്വീൻ' എന്ന് അറിയപ്പെടാൻ തുടങ്ങി. 60 -കളിൽ ഒരിക്കൽ വ്യാജമദ്യം വിറ്റതിന് ജെനാബായി അറസ്റ്റിലായി. ഏതാനും മണിക്കൂറുകൾക്കകം പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ വലിയ ചർച്ച നടക്കുകയും, സമ്മർദ്ദം മൂലം ജെനാബായിയെ പൊലീസ് വിട്ടയ്ക്കാൻ നിർബന്ധിതമാവുകയും ചെയ്തുവെന്നാണ് കഥ. അന്നുമുതൽ പൊലീസുമായി അവൾ നല്ല ബന്ധം പുലർത്തിയെന്നും പറയുന്നു. ഒരിക്കൽ ദാവൂദ് ഇബ്രാഹിം പോലും പൊലീസിൽ നിന്നും രക്ഷപ്പെട്ട് അഭയം തേടി എത്തിയത് ജെനാബായിയുടെ സമീപമായിരുന്നുവെന്നും പറയപ്പെടുന്നു.

എഴുപതുകളുടെ അവസാനത്തോടെ തമ്മിൽ ചോര ചീന്തി തമ്മിലടിച്ചിരുന്നു രണ്ടു വലിയ മാഫിയ സംഘങ്ങളായ മസ്താൻ ഗ്രൂപ്പും പട്ടാൻ ഗ്രൂപ്പും തമ്മിൽ സമാധാനമുണ്ടാക്കാൻ ജെനാബായിയ്ക്ക് കഴിഞ്ഞു. കാരണം അവളുടെ വാക്കുകൾ ധിക്കരിക്കാൻ അധോലോക രാജാവ് ഹാജി മസ്താൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവർ തമ്മിലുള്ള സ്നേഹബന്ധം അത്ര വലുതായിരുന്നു. അതുപോലെ, മുംബൈയിൽ 1992 -നും  93 -നും ഇടയിൽ നടന്ന കലാപത്തിൽ അവൾ ഹിന്ദു-മുസ്ലിം ഐക്യത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. എവിടെ വർഗീയ സംഘർഷമുണ്ടായാലും അവിടെ എത്തുകയും ഹിന്ദു, മുസ്ലീം വിഭാഗങ്ങളിലെ ഉന്നതരുമായി ചർച്ച നടത്തുകയും, ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

ഇതിനിടയിൽ, കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്ന് അവൾ പതിയെ അകലാൻ തുടങ്ങി. മദ്യക്കച്ചവടവും ആകെ മാറിയിരുന്നു. പുതിയ തരം ലഹരി വസ്തുക്കളും കള്ളക്കടത്തും വിപണി കിഴടക്കി തുടങ്ങിയിരുന്നു. ജെനാബായി ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു. ക്രമേണ ദാവൂദും ഹാജി മസ്താനും അവളിൽ നിന്ന് അകന്നു. 1993 -ലെ മുംബൈ സ്‌ഫോടനം ജെനാബായിയെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും സ്‌ഫോടനം നടന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം അവർ രോഗബാധിതയായി മരിച്ചുവെന്നും ജെനാബായിയെ അറിയാവുന്നവർ പറയുന്നു.  
 

Follow Us:
Download App:
  • android
  • ios