Asianet News MalayalamAsianet News Malayalam

'സംശയ'മാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം; ഈ കൊവിഡ് കാലത്ത് അത് രാഷ്ട്രീയക്കാരെ വെറിപിടിപ്പിക്കുന്നതെന്തുകൊണ്ടാണ്?

രാഷ്ട്രീയത്തിൽ തെറ്റുസമ്മതിക്കുക എന്നത് ദൗർബല്യത്തിന്റെ, കഴിവുകേടിന്റെ ലക്ഷണമായാണ് കണ്ടുവരുന്നത്. ശാസ്ത്രത്തിൽ അത് നേരെ തിരിച്ചാണ്. തെറ്റു വരുത്തലാണ് കണ്ടുപിടുത്തങ്ങളുടെ ആദ്യപടി.

why do politicians get irritated when some one raise doubts on the theories they float?
Author
Trivandrum, First Published Apr 25, 2020, 11:47 AM IST

" 'വിശ്വാസം' അതല്ലേ എല്ലാം..." എന്ന് നമ്മൾ കേട്ടിട്ടുള്ളത് ഏതോ ജ്വല്ലറിയുടെ പരസ്യത്തിലാണ്. നമ്മുടെയൊക്കെ സോഷ്യൽ മീഡിയാ നയങ്ങളും പോസ്റ്റുകളും പലപ്പോഴും ആശ്രയിച്ചിരിക്കുന്നത് നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളായ ചിന്തകരുടെയും ബ്ലോഗ്ഗർമാരുടെയും എഴുത്തുകാരുടെയും ഒക്കെ ഫേസ്‌ബുക്ക് വാളുകളിലെ പ്രകാശനങ്ങളെക്കൂടിയാണ്. നമ്മൾ ആരെ ഫോളോ ചെയ്യുന്നു എന്നത് നമ്മുടെ ചിന്താഗതിയെയും. സ്വതവേ, നമ്മുടെ ചിന്താഗതികളോട്, നമ്മൾ കാലങ്ങളായി മനസ്സിൽ വളർത്തിയെടുത്തിട്ടുള്ള ബോധ്യങ്ങളോട് ചേർന്ന് നിൽക്കുന്നവരെ നമ്മൾ ഫോളോ ചെയ്യാൻ താത്പര്യപ്പെടും. അപൂർവം ചിലപ്പോൾ, വിപ്ലവകരമായ കാഴ്ചപ്പാടുകളാൽ നമ്മുടെ ബോധ്യങ്ങളെ തിരുത്തിക്കുറിക്കുന്ന ചില ധിഷണാശാലികളെയും.

നമ്മുടെ ആ ബോധ്യങ്ങളിൽ പലതും ആശ്രയിച്ചിരിക്കുന്നത് രാഷ്ട്രീയ നിലപാടുകളെ, വിശ്വസിക്കുന്ന ആധ്യാത്മികപദ്ധതികളെ, ചിലപ്പോൾ അന്ധവിശ്വാസങ്ങളെ വരെയാണ്. കൊവിഡ് കാലം പരസ്പരവിരുദ്ധമായ നിലപാടുകളുടെ, വിശ്വാസങ്ങളുടെ, നയങ്ങളുടെ കൂടി സമയമാണ്. ഓരോ രാജ്യത്തെയും ഭരണത്തലവന്മാർ അവരുടെ ബോധ്യത്തിന്റെ പുറത്ത് പലതും ജനങ്ങളോട് വിളിച്ചു പറയുന്നു. ജനങ്ങളിൽ ഒരു ഭാഗം അവരെ വിശ്വസിച്ച് കൂടെ നിൽക്കുന്നു. ഭരണാധിപൻ പറഞ്ഞത് ബോധ്യപ്പെടാത്ത ചിലർ എതിർപ്പുകളും, സംശയങ്ങളും പ്രകടിപ്പിക്കുന്നു. ഈ സംശയങ്ങളെ പക്ഷേ,  പലയിടത്തും ഭരണാധികാരികൾ തികഞ്ഞ അസഹിഷ്ണുതയോടെ നേരിടുന്നതായിട്ടാണ് ഇപ്പോൾ കണ്ടുവരുന്നത്. 

കൊറോണക്കാലത്ത് എല്ലാവർക്കും അവരവരുടേതായ 'ശാസ്ത്രീയ' ധാരണകൾ ഉണ്ടെന്നാണ് തോന്നുന്നത്. താരതമ്യേന സങ്കീർണ്ണം എന്നുതന്നെ പറയാവുന്ന ഈ അസുഖവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകൾ അരക്കിക്കലക്കിക്കുടിച്ച മട്ടിൽ ഏറെ അധികാരികമായിട്ടാണ് ഏറ്റവും സാധാരണക്കാരായ രാഷ്ട്രീയ നേതാക്കൾ പോലും മാധ്യമങ്ങളിൽ ഇടപെടലുകൾ നടത്തിവരുന്നത്. രോഗബാധയുടെ മോഡലിംഗ്, എക്സ്പൊണൻഷ്യൽ കർവുകൾ, രോഗബാധാ നിരക്കുകൾ, ആന്റിബോഡി ടെസ്റ്റുകൾ, പൂൾ ടെസ്റ്റിങ്, ബിഗ് ഡാറ്റ, ഡാറ്റ പ്രൈവസി, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിങ്ങനെ എപ്പിഡമോളജിയിൽ തുടങ്ങി വൈറോളജി വഴി ഐടി മേഖലയിൽ വരെ എല്ലാവർക്കും വൈദഗ്ദ്ധ്യം കൈവന്ന മട്ടാണ്. 

 

why do politicians get irritated when some one raise doubts on the theories they float?

 

നമുക്ക് മുൻ‌കൂർ പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു പുതു വ്യാധിയാണ് കൊവിഡ് 19 എന്നത്. ഗവേഷണങ്ങൾ ആഗോള തലത്തിൽ പുരോഗമിക്കുന്നതേയുള്ളൂ. കൃത്യമായ ഒരു വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ല. രോഗബാധിതർക്ക് ഏത് മരുന്ന് നൽകിയാൽ അസുഖം മാറും എന്ത് സംബന്ധിച്ച പഠനങ്ങൾ പോലും പാതിവഴിയിലാണ്. അതു കൊണ്ട്  അന്നന്ന് വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രത്തലവന്മാർ അന്നന്നേക്കുള്ള നയങ്ങൾ തീരുമാനിക്കുന്നത്. ചിലഘട്ടങ്ങളിൽ പെട്ടെന്ന് ലഭ്യമാകുന്ന ശാസ്ത്രീയ വിവരങ്ങൾ ചിലപ്പോൾ അന്നുവരെ ജനങ്ങളോട് ചെയ്യാൻ പറഞ്ഞ ചിട്ടയ്ക്ക് കടകവിരുദ്ധമായ മറ്റൊന്ന് പിന്തുടരാൻ ആഹ്വാനം ചെയ്യേണ്ടി വരും ഭരണാധിപന്മാർക്ക്. അങ്ങനെ പറയുന്നതിന്റെ കാരണങ്ങൾ കൃത്യമായി ജനങ്ങൾക്കും മാധ്യമങ്ങൾക്കും വിശദീകരിച്ചു നൽകാൻ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ ശാസ്ത്രജ്ഞർക്ക് അവർ ചെയ്യുന്നതെന്തെന്നുള്ള 'കാര്യമായ വിവരമൊന്നും' ഇല്ല എന്നാവും നാട്ടുകാർക്ക് തോന്നുക. രാഷ്ട്രീയക്കാർക്ക് ശാസ്ത്രജ്ഞരോട് കൃത്യമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ കഴിയാതെ വരുന്നതിനു പുറമെ കൃത്യമായ ചോദ്യങ്ങൾ അവരോട് മാധ്യമപ്രവർത്തകരിൽ നിന്നുണ്ടാവുകയും കൂടി ചെയ്യുമ്പോഴാണ് സംഗതി കൈവിട്ടുപോകുന്നത്. 

ശാസ്ത്രം എങ്ങനെ നിഗമനങ്ങളിലേക്ക് എത്തുന്നു, അതിന്റെ ബലത്തിൽ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു എന്ന ഒട്ടു സങ്കീർണ്ണമായ പ്രക്രിയയെപ്പറ്റി ജനങ്ങൾക്ക് ഏറെക്കുറെ കൃത്യമായ അവബോധം ഉണ്ടാക്കി നൽകേണ്ടതിന്റെ ആവശ്യം എന്നേക്കാളും ഏറെ ഈ കൊറോണക്കാലത്തുണ്ട്. രാഷ്ട്രീയത്തിൽ തെറ്റുസമ്മതിക്കുക എന്നത് ദൗർബല്യത്തിന്റെ, കഴിവുകേടിന്റെ ലക്ഷണമായാണ് കണ്ടുവരുന്നത്. ശാസ്ത്രത്തിൽ അത് നേരെ തിരിച്ചാണ്. തെറ്റു വരുത്തലാണ് കണ്ടുപിടുത്തങ്ങളുടെ ആദ്യപടി. വിജയത്തിന്റെ ചവിട്ടുപടികളാണ് പരാജയങ്ങൾ എന്നാണല്ലോ പറയാറുള്ളത്. കാലാന്തരത്തിൽ പുതിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, പുത്തൻ തെളിവുകൾ വരുന്ന മുറയ്ക്ക്, പഴയ തിയറികൾ പലപ്പോഴും തെറ്റെന്നു സ്ഥാപിക്കപ്പെടാറുണ്ട്. അപ്പോൾ സ്വയം പുതുക്കാറുണ്ട് ശാസ്ത്രം. അതൊക്കെ വിഷയത്തിലെ ശാസ്ത്രത്തിന്റെ അവഗാഹം കൂടുതൽ ഗാഢമാക്കിയിട്ടേയുള്ളൂ. കൊറോണാവൈറസിന്റെ കാര്യത്തിൽ നമ്മുടെ പക്കൽ വളരെ കുറഞ്ഞ ഡാറ്റ മാത്രമേ ലഭ്യമായുള്ളൂ. പിന്നെയുള്ളത് പലതും ലഭ്യമായ ഈ കുറഞ്ഞ ഡാറ്റയിൽ അധിഷ്ഠിതമാക്കി നിർമ്മിച്ചെടുത്ത മാത്തമാറ്റിക്കൽ മോഡലുകൾ മാത്രമാണ്. പുതിയ ഡാറ്റ ലഭ്യമാകുന്തോറും ഭാവിയിൽ ഈ മോഡലുകൾ പരിഷ്കരിക്കപ്പെടും. ബോധ്യങ്ങളിലും നവീകരണമുണ്ടാകും, പുതുക്കലുകൾ ഉണ്ടാവും. 

 

why do politicians get irritated when some one raise doubts on the theories they float?

 

സംശയത്തെ ഉപയോഗിച്ച് ബോധ്യത്തിന്റെ മാറ്റുരച്ചു നോക്കുക എന്നതാണ് ശാസ്ത്രത്തിന്റെ സ്ഥിരം നടപടിക്രമം. ഏതൊരു സംശയവും പഠനം നടത്താനുള്ള യോഗ്യതയുള്ളതാണ്. പഠിച്ച്, തെറ്റെന്നു കണ്ടാൽ തള്ളിക്കളയുക, അതാണ് സ്ഥിരം പതിവ്. പഠിച്ച് തെളിവോടെ തള്ളാൻ പറ്റിയിട്ടില്ലാത്ത ഏതൊരു സംശയത്തിനും അതിന്റേതായ സാംഗത്യം ശാസ്ത്രത്തിലുണ്ട് എന്നതാണ് വാസ്തവം. അത് എത്രതന്നെ പരിഹാസ്യം എന്ന് പുറമേക്ക് തോന്നാവുന്ന എത്ര ഉപരിപ്ലവമായ സംശയം തന്നെ ആണെന്ന് വരികിൽ കൂടിയും. സ്വന്തം ബോധ്യങ്ങളെ, തിരുത്തിക്കുറിക്കാൻ പോന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതുനിമിഷവും തിരുത്താൻ തയ്യാറാകണം ഒരു ശാസ്ത്രജീവി. ഇന്നും ഏറെക്കുറെ ഇതുതന്നെയാണ് ശാസ്ത്രം പിന്തുടരുന്ന രീതിശാസ്ത്രം. ഇവിടെയാണ് ശാസ്ത്രവും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ കോക്കസുമായുള്ള വ്യത്യാസം. ശാസ്ത്രജ്ഞർ ഏതു നിമിഷവും രംഗത്തെത്തിയേക്കാവുന്ന പുത്തൻ തെളിവുകളെ വിശകലനം ചെയ്ത് അവയ്ക്കനുസരിച്ച് തങ്ങളുടെ ഹൈപ്പോതിസീസുകൾ തിരുത്തിക്കുറിക്കാൻ തയ്യാറാണ്. എന്നാൽ, ഗൂഢാലോചനാ സിദ്ധാന്തക്കാരാകട്ടെ, പ്രതികൂലമായി രംഗത്തുവരുന്ന തെളിവുകളെപ്പോലും വളച്ചൊടിച്ച് തങ്ങളുടെ ബോധ്യങ്ങൾക്ക് ബലം പകരം തന്നെ പ്രയോജനപ്പെടുത്തും. 

ഇന്ന് കൊറോണബാധയുടെ ഈ ദുരിതകാലത്ത് കൃത്യമായ ഒരു ശാസ്ത്രീയ സമീപനം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. വൈറസിനെപ്പറ്റി സകലതും പഠിച്ചു തീർന്നിട്ട് അതിനെതിരെ പോരാടാൻ ഇറങ്ങിത്തിരിക്കാം എന്നും പറഞ്ഞിരുന്നാൽ അത് ഒരിക്കലും നടപ്പുള്ള കേസല്ല. അതേ സമയം, പുതിയൊരു തെളിവ്, കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള ഒന്ന് രംഗത്തു വന്നാലും പഴഞ്ചൻ ബോധ്യങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട്, പുതിയ തെളിവുകളെ പുറംകാൽ കൊണ്ട് തൊഴിക്കുന്ന രീതിയും ഒട്ടും ശുഭോദർക്കമല്ല. പുതുതായി ലഭ്യമാകുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ, തെളിവുകളുടെ ബലത്തിൽ ഇപ്പോൾ ഉള്ള മോഡലുകളെ ബലപ്പെടുത്തുക, പരിഷ്കരിക്കുക എന്ന നയം, അത് ശാസ്ത്രത്തിന്റെ ശക്തിയാണ്, ദൗർബല്യമല്ല. 

ശാസ്ത്രീയ മനോഭാവം (Scientific Temper) ഉള്ള ഒരു സമൂഹം, ശാസ്ത്രത്തെ അടുത്തറിയാൻ ശ്രമിക്കുന്ന ഒരു സമൂഹം ഒരു രാഷ്ട്രത്തിന്റെ  വികസനത്തിന്റെ കൂടി ലക്ഷണമാണ്. എന്നുവെച്ചാൽ അർത്ഥം, എല്ലാവർക്കും ക്വാണ്ടം ഫിസിക്‌സിലും, കോസ്മോളജിയിലും ബിഗ് ഡാറ്റ അനാലിസിസിലും ഒക്കെ പാണ്ഡിത്യമുണ്ടാവണം, ഡിഎൻഎയും ആർഎൻഎയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം എന്നൊന്നുമല്ല. പക്ഷേ, കഴിയുമെങ്കിൽ ബാക്ടീരിയയും വൈറസും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കുക. രോഗം പരക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി പ്രാഥമികമായ ധാരണകൾ ഉണ്ടാക്കിയെടുക്കാനും, അതിനനുസരിച്ചു സമൂഹത്തിൽ ഇടപെടാനും ശ്രമിക്കുക. സ്വയം ഒരു കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറാതിരിക്കാൻ ശ്രമിക്കുക. എല്ലാറ്റിലും ഉപരിയായി, കൊറോണയെപ്പറ്റി ശാസ്ത്രലോകം ധാരണകൾ പരുവപ്പെടുത്തി എടുക്കാൻ ശ്രമം തുടരുന്ന ഇക്കാലത്ത് കഴിവതും സംശയത്തെ സ്വീകരിക്കാൻ തയ്യാറാവുക. ചർച്ച ചെയ്യാൻ അവസരം നൽകുക. തങ്ങളുടെ ബോധ്യങ്ങളിൽ തന്നെ ദുരഭിമാനത്തോടെ ഉറച്ചു നിൽക്കാതെ, തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവുക. ആരെങ്കിലും എന്തെങ്കിലുംസംശയം ഉയർത്തുമ്പോഴേക്കും അവരെ സംഘം ചേർന്ന് ആക്രമിച്ച് അടിച്ചിരുത്തുന്നതാവില്ല, കൊവിഡ് സംബന്ധിച്ചുയരുന്ന ഏതൊരു സംശയത്തെയും അതർഹിക്കും വിധം പരിചരിക്കുന്നതാകും നമുക്ക് നാളെ ബലമേകാൻ പോകുന്നത്. ഉറപ്പ്..! 

Follow Us:
Download App:
  • android
  • ios