ലോകം പുരോഗമിക്കുന്തോറും സ്ത്രീകൾക്ക് നേരെയുള്ള വിവേചനം അവസാനിക്കുന്നതിന് പകരം അത് പുതിയ രൂപങ്ങൾ കൈവരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് ഖേദകരമാണ്.
എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എന്തിനാണ് ഈ ലോകത്തിന് ഒരു വനിതാ ദിനം? തുല്യനീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ നിരന്തരമായ സഹനത്തിന്റേയും സമരത്തിന്റേയും നേടിയെടുക്കലുകളുടേയും ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും.
1975 -ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ മണ്ണിൽ എല്ലാവരേയും പോലെ ചങ്കൂറ്റത്തോടെ ചവിട്ടി നിൽക്കാനുള്ള തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സ്ത്രീകളുടെ സമരത്തിന് അതിനേക്കാൾ പഴക്കമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും സംഘടിതമായും അസംഘടിതമായും സ്ത്രീകൾ എല്ലാക്കാലത്തും നീതിക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുണ്ട്. എന്നാൽ, അതിന് കരുത്തുറ്റൊരു സംഘടിതരൂപമുണ്ടാകുന്നത് പിൽക്കാലങ്ങളിലാണ്.
സ്ത്രീകൾ പുറത്ത് ഫാക്ടറികളിലും മറ്റും ജോലിക്ക് പോയിത്തുടങ്ങിയ 80 -കൾ. പക്ഷേ, പുരുഷന്മാരേക്കാൾ കൂടുതൽ ജോലി സമയം, കുറഞ്ഞ ശമ്പളം, ജോലി സ്ഥലത്തെ വിവേചനം എന്നിവയെല്ലാം സ്ത്രീകളെ വല്ലാതെ പീഡിപ്പിച്ചിരുന്നു. അഭിമാനവും അവകാശബോധവും കൈമുതലായുണ്ടായിരുന്ന ഒരുകൂട്ടം സ്ത്രീകൾ സംഘടിച്ച് ഇതിനെതിരെ പ്രതിഷേധിക്കാൻ തന്നെ തീരുമാനിച്ചു. ആ പ്രതിഷേധം ആളിക്കത്തി. അതിന് സമരസ്വഭാവമുണ്ടായി. തീർന്നില്ല, അന്ന് ജനാധിപത്യത്തിൽ പങ്കാളികളായിരുന്നത് പുരുഷന്മാർ മാത്രമായിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം അവർക്ക് മാത്രം. തങ്ങൾക്കും വോട്ടവകാശം വേണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു. അതിനുവേണ്ടിക്കൂടി അവർ സമരം ചെയ്തു.
ന്യൂയോർക്കിലെ തുണിമില്ലുകളിലെ വനിതാ തൊഴിലാളികൾ തുടങ്ങിവച്ച ഈ സമരം പല രാജ്യങ്ങളിലേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. 1909 ഫെബ്രുവരി എട്ടിന് തങ്ങളുടെ അവകാശപോരാട്ടങ്ങളുടെ സാക്ഷ്യത്തിന് ന്യൂയോർക്കിലെ സ്ത്രീകൾ വനിതാദിനം ആചരിച്ചു. എന്നാൽ, 1910 -ൽ കോപ്പൻഹേഗനിൽ വച്ചുനടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം ലോകതലത്തിൽ തന്നെ ആചരിക്കണം എന്ന ആവശ്യമുയർന്നു. അന്ന് ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിൻ ആണ് ഇതിന് മുൻകൈ എടുത്തത്. അവർ പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവായി. ആ ആവശ്യം അംഗീകരിക്കപ്പെട്ടു. വരും വർഷങ്ങളിൽ പല രാജ്യങ്ങളും വനിതാ ദിനം ആചരിച്ചു. എന്നാൽ, 1975 -ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് ലോക വനിതാദിനമായി പ്രഖ്യാപിച്ചത്.
ഓരോ വർഷവും വനിതാ ദിനത്തിന്റെ വിഷയം മാറിക്കൊണ്ടിരുന്നു. ലോകം അതിവേഗം മാറുന്നു. ഇന്ന് ശാസ്ത്രസാങ്കേതിക വിദ്യ അങ്ങേയറ്റം വളർച്ച പ്രാപിച്ച ഒരു ലോകത്തിലാണ് നാം. ഒരുകാലത്ത് തുല്യ വേതനത്തിനും വോട്ടവകാശത്തിനും വേണ്ടി സ്ത്രീകൾ തെരുവിലിറങ്ങിയെങ്കിൽ ഇന്ന് ആവശ്യങ്ങൾ മാറിയിരിക്കുന്നു. ലോകം പുരോഗമിക്കുന്തോറും സ്ത്രീകൾക്ക് നേരെയുള്ള വിവേചനം അവസാനിക്കുന്നതിന് പകരം അത് പുതിയ രൂപങ്ങൾ കൈവരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് ഖേദകരമാണ്.
ഈ വർഷത്തെ വനിതാ ദിനത്തിന്റെ വിഷയം അഥവാ തീം ഇൻവെസ്റ്റ് ഇൻ വിമൻ: ആക്സലറേറ്റ് പ്രോഗ്രസ്സ് (Invest in women: Accelerate progress) എന്നതാണ്. പുതിയ കാലത്ത് പുതിയ സ്ത്രീകൾ നേരിടുന്ന പുതിയ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നതാണ് എക്കാലവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിരിക്കുന്ന ആശയം. അവരുടെ പങ്കാളിത്തം സകല മേഖലകളിലും ഉറപ്പാക്കുക എന്നതും.
എന്നാൽ, ഇന്നും നൂറ്റാണ്ട് മുമ്പുള്ള അതേ അവകാശനിഷേധങ്ങളിൽ നിന്നുപോലും സ്ത്രീകൾ പൂർണമായും മോചിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. തുല്യാവകാശവും തുല്യപ്രാതിനിധ്യവും തുല്യനീതിയും തേടിയുള്ള അവരുടെ പോരാട്ടം തുടരുന്ന കാലത്ത് വനിതാദിനത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
