Asianet News MalayalamAsianet News Malayalam

ഇത്തരം ട്രാക്ടറുകള്‍ ഇനി സ്വകാര്യ വാഹനം; അനുമതി നൽകി മന്ത്രി, വൻ തീരുമാനങ്ങൾ

'വാഹനീയം' അദാലത്തില്‍ കര്‍ഷക സംഘടനകള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. 

Permission to register agricultural tractors with trailers as private vehicles joy
Author
First Published Oct 13, 2023, 7:54 AM IST

തിരുവനന്തപുരം: ട്രെയിലറുകള്‍ ഘടിപ്പിച്ച അഗ്രികള്‍ച്ചര്‍ ട്രാക്ടറുകള്‍ക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷന്‍ നല്‍കാന്‍ അനുമതി നല്‍കിയെന്ന് മന്ത്രി ആന്റണി രാജു. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ട്രെയിലര്‍ ഘടിപ്പിക്കുമ്പോള്‍ ബിഎസ്-വിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന കാരണത്താല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന 'വാഹനീയം' അദാലത്തില്‍ കര്‍ഷക സംഘടനകള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. 

'സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ഘടിപ്പിച്ച് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രാക്ടറുകള്‍ക്ക് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രെസിങ് ഡിവൈസും സ്പീഡ് ഗവര്‍ണറുകളും നിര്‍ബന്ധമാക്കേണ്ടതില്ലന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ ലാന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന ഇത്തരം കാര്‍ഷിക ട്രാക്ടര്‍ ട്രെയിലറുകളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.' കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. 

റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനായി ടൈം ടേബിള്‍ തയ്യാറാക്കാനും എല്ലാ മാസവും മന്ത്രിതലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനിച്ചു. സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെട്ടതും കെ.ആര്‍.എഫ്.ബിയുടെ കീഴിലുള്ളതുമായ എല്ലാ റോഡുകളും സമയബന്ധിതമായി നവീകരിക്കാന്‍ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സാങ്കേതിക കാരണങ്ങളാല്‍ നവീകരണം വൈകുന്ന റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും. സാങ്കേതിക കാരണങ്ങളാല്‍ റോഡ് നിര്‍മാണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്നും ഇതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 
കെ.ആര്‍.എഫ്.ബി ഏറ്റെടുത്ത നഗരത്തിലെ രണ്ട് സ്മാര്‍ട് റോഡുകളായ മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവ ഇതിനോടകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. സ്പെന്‍സര്‍  - ഗ്യാസ് ഹൌസ് ജംഗ്ഷന്‍, വി. ജെ. ടി ഹാള്‍ - ഫ്ളൈ ഓവര്‍ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു. ഈ പ്രവര്‍ത്തികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. സ്റ്റാച്ച്യൂ - ജനറല്‍ ഹോസ്പിറ്റല്‍, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍- ബേക്കറി ജംഗ്ഷന്‍, തൈക്കാട് ഹൌസ് - കീഴെ തമ്പാനൂര്‍, നോര്‍ക്ക - ഗാന്ധി ഭവന്‍, കിള്ളിപ്പാലം - അട്ടകുളങ്ങര റോഡുകള്‍ മാര്‍ച്ചിലും പൂര്‍ത്തിയാകും. ബാക്കിയുള്ള ഓവര്‍ ബ്രിഡ്ജ് കളക്ടറേറ്റ് ഉപ്പിലാമൂട് ജംഗ്ഷന്‍, ജനറല്‍ ഹോസ്പിറ്റല്‍ - വഞ്ചിയൂര്‍ റോഡ്, ആല്‍ത്തറ - ചെന്തിട്ട എന്നീ റോഡുകളുടെ നിര്‍മാണം ഏപ്രില്‍ മെയ് മാസങ്ങളിലും പൂര്‍ത്തീകരിക്കാനാണ് ധാരണ.

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം തുറമുഖം; കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ 
 

Follow Us:
Download App:
  • android
  • ios