ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊവിഡ് വ്യാപനം ഏറെ വിമര്‍ശനം നേരിടുന്ന സമയമാണ് ഇത്. രണ്ട് ട്രില്ലണ്‍ ഡോളറിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജ് അടക്കമുള്ള നടപടികള്‍ എടുത്തെങ്കിലും രോഗ വ്യാപനം തടയാന്‍ കഴിയാത്തതും മരണ സംഖ്യ ഉയരുന്നതും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന്‍റെ കേന്ദ്രസ്ഥാനത്ത് വരുന്നത് പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപാണ്. 

രാജ്യം അടച്ചിടുന്നത് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനെക്കുറിച്ചും കൂടി കണക്കിലെടുക്കണം എന്നാണ് നേരത്തെ ട്രംപ് നിര്‍ദേശിച്ചത്. ലോക്ക്ഡൗണിന് പകരം രോഗബാധിതരായ ആളുകളെ പരിചരിക്കാൻ ആരോഗ്യമുള്ള ആളുകളെ അയയ്‌ക്കാനാണ് ട്രംപ് നിർദ്ദേശിച്ചത്.  ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡൊണാല്‍ഡ് ട്രംപിന് പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും സമ്പന്നര്‍മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സ്. 

അടുത്തിടെ നടന്ന ടെഡ് കണക്റ്റ്സ് പ്രോഗ്രാം പ്രക്ഷേപണത്തിൽ, ട്രംപിന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും കോവിഡ്-19 നെക്കുറിച്ചുള്ള ട്രംപിന്‍റെ നിലപാടിനെതിരെ ബിൽ ഗേറ്റ്സ് പ്രതികരിച്ചു. ‘ശരിക്കും ഒരു മധ്യസ്ഥാനം ഇല്ല, ആളുകളോട് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്,‘ ഹേയ്, റെസ്റ്റോറന്റുകളിലേക്ക് പോകുക, പുതിയ വീടുകൾ വാങ്ങുക, മൂലയിലെ മൃതദേഹങ്ങളുടെ കൂമ്പാരം അവഗണിക്കുക. 

ജിഡിപി വളർച്ചയെല്ലാം പ്രാധാന്യമർഹിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ഉണ്ടായിരിക്കാമെന്നതിനാൽ നിങ്ങൾ ചെലവഴിക്കുന്നത് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ‘രണ്ട് ലോകങ്ങളിലും ഏറ്റവും മികച്ചത് ഞങ്ങൾക്ക് ലഭിക്കുമെന്ന് ആരെങ്കിലും നിർദ്ദേശിക്കുന്നത് വളരെ നിരുത്തരവാദപരമാണ്.’- ബില്‍ഗേറ്റ്സ് തുറന്നടിച്ചു

അതേ സമയം കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2211 ആയി. ഇന്നലെ മാത്രം 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. ന്യൂയോർക്കിൽ മാത്രം അരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേരും  വീട്ടിൽ അടച്ചിട്ട് താമസിക്കുകയാണ്. വൈറസ് വ്യാപനം തടയാൻ ന്യൂയോർക്കും ന്യൂജഴ്സിയുടെയും കണക്ടിക്കട്ടിന്‍റെയും ചില ഭാഗങ്ങളും ക്വാറന്‍റൈൻ ചെയ്യാൻ ആലോചിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര  സാമ്പത്തിക  പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകി. പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ  കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക്  അമേരിക്ക അനുമതി നൽകി