ബിയജിംങ്: ചൈന കൊവിഡ് ബാധയില്‍ നിന്നും അതിവേഗം വിമുക്തമാകുന്നു എന്നാണ് രാജ്യം അവകാശപ്പെടുന്നത്. എന്നാല്‍ സാമൂഹ്യ സാമ്പത്തിക രംഗത്ത് വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കൊറോണ ബാധയെന്ന് ചൈന ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ സൂചനയെന്നപോലെയാണ് ചൈനീസ് ടെലികോം രംഗത്ത് നിന്നുള്ള വാര്‍ത്ത. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ചൈനീസ് പൊതുമേഖല ടെലികോം കമ്പനി ചൈന മൊബൈലിന് കഴിഞ്ഞ മൂന്ന് മാസത്തില്‍ വലിയ തോതില്‍ ഉപയോക്താക്കള്‍ കുറഞ്ഞിരിക്കുകയാണ്.

2000 മുതല്‍ ചൈന മൊബൈല്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന മാസറിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണ്ടെത്തല്‍. ജനുവരി ഫെബ്രുവരി മാസത്തില്‍ ചൈന മൊബൈലിന് ചൈന മെയിന്‍ ലാന്‍റില്‍ 8 ദശലക്ഷം ഉപയോക്തക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം 23വരെ ഇത് 5.6 ദശലക്ഷം ആയിരുന്നു. ചൈനയിലെ പൊതുമേഖല മൊബൈല്‍ കമ്പനിയുടെ ഹോങ്കോങ്ങ് വിഭാഗത്തിന് ഈ കാലഘട്ടത്തില്‍ 1.2 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ചൈനയില്‍ കൊവിഡ് മഹാവ്യാദി പൊട്ടിപുറപ്പെട്ടതിന് ശേഷം ഒന്നരക്കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ അപ്രത്യക്ഷമായി എന്നാണ് കണക്ക്.

കഴിഞ്ഞവര്‍ഷം അവസാനം കൊവിഡ് ബാധ വ്യാപകമായത് മുതല്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ചൈനയിലെ പലപ്രവിശ്യകളില്‍ ജോലിക്കായി എത്തിയവര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാല്‍ തങ്ങളുടെ ഒരു പ്രവിശ്യയിലെ കണക്ഷന്‍ അവസാനിപ്പിച്ചതാണ് ഈ കുറവിന് ഒരു കാരണം എന്നാണ് സാന്‍ഫോര്‍‍ഡ് അനലിസ്റ്റ് ക്രിസ് ലൈന്‍റെ അഭിപ്രായം.

അതേ സമയം ചൈന മൊബൈല്‍ ഓഹരികള്‍ പുതിയ വാര്‍ത്തയ്ക്ക് പിന്നാലെ ഇടിഞ്ഞിട്ടുണ്ട്. ഉപയോക്താക്കളുടെ കുറവ് ചൈനയിലെ പ്രധാന മൂന്ന് കമ്പനികളുടെ ഉപയോക്താക്കളുടെ എണ്ണം എടുത്തു നോക്കുമ്പോള്‍ ഒരു കുറവല്ലെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ചൈനയില്‍ മൊത്തം 1.6 ശതകോടി മൊബൈല്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.