Asianet News MalayalamAsianet News Malayalam

Menstrual Cycle : ആര്‍ത്തവസമയത്തെ രക്തസ്രാവം; അസുഖങ്ങളിലേക്കുള്ള ചില സൂചനകള്‍...

പലപ്പോഴും ഈ വിഷയങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്തതും അറിവ് നേടാന്‍ ശ്രമിക്കാതിരിക്കുന്നതും മൂലം കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ആര്‍ത്തവപ്രശ്നങ്ങള്‍ നേരിടുന്ന മിക്ക സ്ത്രീകളും പോകാറ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നാട്ടുചികിത്സകളെയും പറഞ്ഞുകേട്ടുള്ള പൊടിക്കൈകളെയും ആശ്രയിക്കുന്ന എത്രയോ പേരുണ്ട്

menstrual problems might be signs of different diseases
Author
Trivandrum, First Published Apr 30, 2022, 12:07 PM IST

ആര്‍ത്തവവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ( Menstrual Problem ) പ്രശ്നങ്ങള്‍ നേരിടുന്ന ധാരാളം സ്ത്രീകളുണ്ട്. അമിത രക്തസ്രാവം ( Abnormal Menstrual bleeding), വേദന, അസ്വസ്ഥത, ആര്‍ത്തവചക്രത്തിലെ ക്രമക്കേട് എന്നിങ്ങനെ ചെറുതോ വലുതോ ആയ പ്രശ്നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ അപൂര്‍വമായിരിക്കും. 

പലപ്പോഴും ഈ വിഷയങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്തതും അറിവ് നേടാന്‍ ശ്രമിക്കാതിരിക്കുന്നതും മൂലം കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ആര്‍ത്തവപ്രശ്നങ്ങള്‍ നേരിടുന്ന മിക്ക സ്ത്രീകളും പോകാറ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നാട്ടുചികിത്സകളെയും പറഞ്ഞുകേട്ടുള്ള പൊടിക്കൈകളെയും ആശ്രയിക്കുന്ന എത്രയോ പേരുണ്ട്. ആശുപത്രിയിലെത്തി ചികിത്സയെടുക്കേണ്ടുന്ന രീതിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പോലും പലപ്പോഴും ഈ രീതിയില്‍ നിസാരവത്കരിക്കലാണ് പതിവ്. 

ഇങ്ങനെ നിരന്തരം ആര്‍ത്തവ സങ്കീര്‍ണതകള്‍ അവഗണിക്കുന്നത് ഭാവിയില്‍ മറ്റ് അസുഖങ്ങളിലേക്കോ അപകടകരമായ ആരോഗ്യവസ്ഥയിലേക്കോ നയിച്ചേക്കാം. അതിനാല്‍ തന്നെ ആര്‍ത്തവപ്രശ്നങ്ങളെ അവയുടെ ഗൗരവം അനുസരിച്ച് തുടക്കകാലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ക്കുള്ള ചില സംശയങ്ങളും അതോടൊപ്പം തന്നെ ആര്‍ത്തവപ്രശ്‌നങ്ങള്‍ വിരല്‍ചൂണ്ടുന്ന ചില അസുഖങ്ങളെ കുറിച്ചുമാണ് ഇനി പങ്കുവയ്ക്കുന്നത്. ്

ഒന്ന്...

സാധാരണഗതിയില്‍ ആര്‍ത്തവത്തില്‍ അഞ്ച് ദിവസം വരെയാണ് രക്തസ്രാവം ഉണ്ടാകുന്നത്. ചിലരില്‍ ഇത് ഏഴ് വരെ, അതായത് ഒരാഴ്ചയോളം വരെ നീണ്ടുപോകാറുണ്ട്. അഞ്ച് ദിവസമാണെങ്കില്‍ അതിനുള്ളില്‍ ഏതാണ്ട് 80 എം.എല്‍ രക്തം നഷ്ടപ്പെടാം. ഇതില്‍ നിന്ന് പുറത്തുപോകുന്ന രക്തത്തിന്റെ അളവ് ഒരുപാട് കൂടുന്നുവെങ്കില്‍ അത് അമിത രക്തസ്രാവമായി കണക്കാക്കാം. പലര്‍ക്കും രക്തസ്രാവം 'നോര്‍മല്‍' ആണോ, അതോ 'അബ്‌നോര്‍മല്‍' ആണോയെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരിക്കാറുണ്ട്. ഇത്തരത്തില്‍ ഈ പ്രശ്‌നത്തെ മറികടക്കാം. 

രണ്ട്...

ആര്‍ത്തവത്തിലെ രക്തസ്രാവത്തിനിടെ രക്തം കട്ടയായി പുറത്തുപോകുന്നതിനെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇത് മിക്കപ്പോഴും അനാരോഗ്യകരമായ സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല അസുഖങ്ങളുടെയും ഭാഗമായി ഇത്തരത്തില്‍ രക്തം കട്ട പിടിച്ച് വരാം. അതുകൊണ്ട് തന്നെ ഇക്കാര്യം ഡോക്ടറെ കണ്ട് സൂചിപ്പിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ തേടുകയും ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തുകയും വേണം. 

മൂന്ന്...

ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസാധാരണത്വങ്ങളും ക്രമക്കേടുകളും പല രോഗങ്ങളിലേക്കുമുള്ള സൂചനയാകാമെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഇക്കൂട്ടത്തിലുള്‍പ്പെടുന്ന വളരെ പ്രാധാന്യമുള്ളൊരു അസുഖമാണ് 'എന്‍ഡോമെട്രിയോസിസ്'. സ്ത്രീകളില്‍ പ്രത്യുത്പാദന വ്യവസ്ഥയോട് അനുബന്ധിച്ചുണ്ടാകുന്ന അസുഖങ്ങളില്‍ അല്‍പം സങ്കീര്‍ണമായ ഒന്നാണ് 'എന്‍ഡോമെട്രിയോസിസ്'. ഗര്‍ഭപാത്രത്തിനകത്തോ, പിന്നിലായോ, വയറിന് താഴ്ഭാഗത്തായോ എല്ലാം രക്തം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് 'എന്‍ഡോമെട്രിയോസിസ്'ലേക്ക് നീളുന്നത്. തുടക്കസമയത്താണ് ഇത് കണ്ടെത്തുന്നതെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താനാകും. അല്ലാത്തപക്ഷം ശസത്രക്രിയ ആവശ്യമായി വരാം. 

നാല്...

ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ സ്വകാര്യഭാഗങ്ങളെ ബാധിക്കുന്ന അണുബാധകളുടെ ലക്ഷണമായും വരാം. ഇത്തരം അസുഖങ്ങള്‍ ശ്രദ്ധയില്‍ പെടുന്നപക്ഷം തന്നെ ചികിത്സ തേടേണ്ടതാണ്. അല്ലെങ്കിലൊരു പക്ഷേ ഭാവിയില്‍ വലിയ തോതിലുള്ള വിഷമതകള്‍ക്കായിരിക്കും ഇത് കാരണമാവുക. 

അഞ്ച്...

ആര്‍ത്തവസമയത്ത് കായികമായ ജോലികള്‍ സ്ത്രീകള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പല വാദങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ആര്‍ത്തവകാലത്ത് മിതമായ രീതിയില്‍ കായികമായ ജോലികളിലേര്‍പ്പെടുന്നതില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. വ്യായാമവും ചെയ്യാവുന്നതാണ്. എന്നാല്‍ അമിത രക്തസ്രാവം, വേദന, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിര്‍ബന്ധമായും വിശ്രമിക്കുക. 

Also Read:- സ്തനങ്ങളുടെ ആകാരവും സ്തനാര്‍ബുദവും; സത്രീകള്‍ അറിയേണ്ടത്...

Follow Us:
Download App:
  • android
  • ios