Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തില്‍ ചോര ചിന്തിയ പെണ്‍കരുത്തുകള്‍

ക്ഷമയും സഹനശീലവും സ്ത്രീകള്‍ക്ക് കൂടുതലാണ്, അതിനാല്‍ അവരും സമരമുഖത്ത് നില്‍ക്കേണ്ടതുണ്ട് എന്നാണ് വനിതാപോരാട്ടക്കാരെ ഇറക്കുന്നതിന് പിന്നിലെ കാരണമായി ഗാന്ധി ചൂണ്ടിക്കാട്ടിയത്. പില്‍ക്കാലത്ത് ഇവരില്‍ പലരും ധീരരക്തസാക്ഷികളുമായി.

women freedom fighters of india hyp
Author
First Published Aug 8, 2023, 5:23 PM IST

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും രാജ്യത്തിന് വേണ്ടി ചോര ചിന്തിയ ധീരവനിതകളുടെ പേര് വിസ്മരിക്കപ്പെടാറുണ്ട്. എന്നാല്‍ ജീവനും ജീവിതവും കളഞ്ഞ് സമരപോരാട്ടങ്ങളില്‍ വീര്യത്തോടെ മുന്നേറിയ വനിതകള്‍ ഏറെയാണ്. 

അസാമിലെ ബെർഹാംപൂർ സ്വദേശി ഭോഗേശ്വരി ഫുകനാനി എന്ന വനിതയുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിവാഹിതയും എട്ട് കുട്ടികളുടെ അമ്മയുമായ ഭോഗേശ്വരി ഒരു വീട്ടമ്മയായി വര്‍ഷങ്ങളായി ജീവിച്ചുവരികയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാൻ ഗാന്ധിയുടെ നേതൃത്വത്തില്‍ തീരുമാനം വന്നപ്പോഴാണ് ഭോഗേശ്വരിയെ പോലുള്ള നിരവധി വനിതകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് അണിനിരന്നത്. ഭോഗേശ്വരി 1942 ലെ സെപ്തംബറിൽ ക്വിറ്റ്  ഇന്ത്യ സമരത്തിൽ പങ്കെടുത്തത് തന്റെ 60ആം  വയസിൽ ആണെന്നത് ശ്രദ്ധേയമാണ്.

ക്ഷമയും സഹനശീലവും സ്ത്രീകള്‍ക്ക് കൂടുതലാണ്, അതിനാല്‍ അവരും സമരമുഖത്ത് നില്‍ക്കേണ്ടതുണ്ട് എന്നാണ് വനിതാപോരാട്ടക്കാരെ ഇറക്കുന്നതിന് പിന്നിലെ കാരണമായി ഗാന്ധി ചൂണ്ടിക്കാട്ടിയത്. പില്‍ക്കാലത്ത് ഇവരില്‍ പലരും ധീരരക്തസാക്ഷികളുമായി.

അസമില്‍ ഭോഗേശ്വരി, കനകാലതാ ബറുവ, കാഹൂലി നാഥ്, തിലേശ്വരി ബറുവ, കുമാലി നിയോഗ് എന്നിവർ 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രക്തസാക്ഷികളായവരാണ്. ബഹ്റാംപൂറിലെ കോൺഗ്രസ്, പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചത് പ്രതിരോധിക്കുന്നതിനിടെയാണ് ഭോഗേശ്വരി കൊല്ലപ്പെടുന്നത്. ഏറ്റവും ധീരമായ ചെറുത്തുനില്‍പ് കാഴ്ചവച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് ജീവൻ നഷ്ടമാകുന്നത്. ക്യാപ്റ്റൻ ഫിനിഷ് എന്ന സൈനിക ഉദ്യോഗസ്ഥനും സായുധ സംഘവും അതിക്രൂരമായി സമരക്കാരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ദേശീയ പതാക നശിപ്പിക്കാൻ ശ്രമിച്ച ഫിനിഷിന് നേരെ അറുപതുകാരിയായ ഭോഗേശ്വരി പാഞ്ഞടുക്കുകയും കയ്യിലുണ്ടായിരുന്ന കൊടിക്കമ്പ് കൊണ്ട് അയാളുടെ തലയില്‍ അടിക്കുകയുമായിരുന്നു. ഇതോടെ കൈത്തോക്കെടുത്ത് ക്യാപ്റ്റൻ ഭോഗേശ്വരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 

1942 സെപ്തംബറിലെ അതേ ദിവസം ഗോഹ്പൂർ എന്ന സ്ഥലത്ത് വച്ചാണ് കനകലത ബറുവ രക്തസാക്ഷിയാകുന്നത്. പൊലീസ് സ്റ്റേഷന് മുകളിൽ ദേശീയപതാക കെട്ടാൻ ശ്രമിച്ച 'മൃത്യു ബാഹിനി' എന്ന ചാവേർപ്പട നയിച്ചത് പതിനേഴുകാരി കനകലത ബറുവയായിരുന്നു. കനകലതയ്ക്ക് നേരെ പൊലീസ് നിഷ്കരുണം വെടിയുതിർക്കുകയായിരുന്നു. വീരബാല എന്നുകൂടി അറിയപ്പെടുന്ന കനകലതയ്ക്ക് അസമില്‍ ഇപ്പോഴും സ്മാരകങ്ങളുണ്ട്.

സ്വാതന്ത്യസമര പോരാട്ടത്തില്‍ പങ്കുകൊണ്ട് രക്തസാക്ഷിയായ മറ്റൊരു ധീരവനിതയാണ് ഖാഹുലി നാഥ്. ഇവരും ഒരു വീട്ടമ്മയായിരുന്നു. ഡംഡാമിയ ഗ്രാമത്തില്‍ പൊലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ പോയ സമരസംഘത്തിന്‍റെ നേതാവായിരുന്നു ഖാഹുലി നാഥ്. ഭര്‍ത്താവ് പോനാറാം നാഥും ഇവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. മരണം ഉറപ്പാക്കിയൊരു മുന്നേറ്റമായിരുന്നു അവരുടേത്. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നും പോരാട്ടം. ഇവര്‍ക്കെതിരെ പൊലിസ് തുടരെ നിറയൊഴിക്കുകയായിരുന്നു. അന്ന് ഖാഹുലിക്കൊപ്പം പന്ത്രണ്ടുകാരിയായ തിലകേശ്വരി ബറുവയും പതിനെട്ടുകാരിയായ കുമാലി നിയോഗും രക്തസാക്ഷികളായവരില്‍ ഉള്‍പ്പെടുന്നു. 

1930 ഏപ്രിൽ 18 ന് നടന്ന ഐതിഹാസികമായ ചിറ്റഗോങ്ങ് ആയുധപ്പുര ആക്രമണക്കേസിലെ പങ്കാളികളായിരുന്നു ഉറ്റ കൂട്ടുകാരികളായിരുന്ന പ്രീതിലത വഡേദർ, കൽപ്പന ദത്ത, ബീനാ ദാസ്, കമലാ ദാസ് ഗുപ്ത, കല്യാണി ദാസ്, സുഹാസിനി ​ഗാംഗുലി തുടങ്ങിയവര്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം ജനിച്ചവർ.  മിക്കവരും ഇന്ത്യയിലെ ആദ്യ വനിതാ കോളേജായ കൊൽക്കത്തയിലെ ബെഥൂൻ കോളേജിലെ വിദ്യാർത്ഥിനികൾ. ബംഗാൾ വിഭജനത്തോടെ ഉയിർകൊണ്ട വിപ്ലവകാരികളുടെ സംഘടനയായ ജുഗാന്തറിലും ഭഗത് സിംഗിന്‍റെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിലും അംഗങ്ങൾ. വിദ്യാർത്ഥിനികളുടെ വിപ്ലവസംഘടനയായ ഛാത്രി സംഘയുടെ നേതാക്കൾ. കമ്മ്യൂണിസ്റ്റ് അനുഭാവികൾ. 

ഏപ്രിൽ 18ന് രാത്രി പത്തുമണിയോടെ സൂര്യ സെൻ, ഗണേഷ് ഘോഷ്, ലോകനാഥ് ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ബം​ഗ്ലാദേശിലുള്ള ചിറ്റഗോങ്ങിലെ വിവിധ ബ്രിട്ടീഷ് ആയുധ കേന്ദ്രങ്ങളിൽ വിപ്ലവകാരികളുടെ ആക്രമണം നടന്നു. രണ്ടുദിവസം കഴിഞ്ഞ് ജലാലാബാദ് കുന്നുകളിൽ ബ്രിട്ടീഷ് സൈന്യവും വിപ്ലവകാരികളും തമ്മിൽ രൂക്ഷമായ സംഘട്ടനവുമുണ്ടായി. പന്ത്രണ്ടോളം വിപ്ലവകാരികളും ഒട്ടേറെ സൈനികരും കൊല്ലപ്പെട്ടു. ഇതിന് പകരം ചോദിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവരിൽ മുന്നിലായിരുന്നു ഈ ധീരവനിതകൾ. 

1932 സെപ്തംബർ 24 ന് പഹാർ തലിയിലെ യൂറോപ്യൻ ക്ലബ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആയുധപരിശീലനം നേടിയ പ്രീതിലത വഡേദാർ എന്ന 21 കാരിയാണ്. ഇന്ത്യക്കാർക്കും നായകൾക്കും പ്രവേശനമില്ലെന്ന് ക്ലബ്ബിന് പുറത്ത് എഴുതിവച്ചതായിരുന്നു വിപ്ലവകിരാകളെ ചൊടിപ്പിച്ചത്. ആക്രമണത്തിനിടയിൽ കാലിൽ വെടിയുണ്ടയേറ്റ പ്രീതിലത പിടിയിലാകുന്നതിന് തൊട്ടു മുമ്പ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത് രക്തസാക്ഷിയായി. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം എന്ന അതിശക്തമായ സമരമന്ത്രം അവര്‍ തന്നിലേക്ക് ഏറ്റെടുത്തുവെന്നും പറയാം. 

ബെഥൂൻ കോളേജിലും വിപ്ലവവനിതകളുടെ സംഘത്തിലും പ്രീതിലതയുടെ സഖാവായിരുന്നു കൽപ്പന ദത്ത. പഹർത്താലി ക്ലബ് ആക്രമണ ആസൂത്രണത്തിൽ പങ്കെടുത്ത കല്പനയെ അതിന്‍റെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തടവിൽ നിന്ന് മോചിതയായ ഇവര്‍ ഒളിവിൽ പോയി സൂര്യ സെന്നിന് സഹായങ്ങൾ ചെയ്തു. വീണ്ടും അറസ്റ്റിലായ കൽപ്പന പിന്നീട് സി പി ഐയുടെ പ്രമുഖ നേതാവായി. സിപിഐ ജനറൽ സെക്രട്ടറി പി സി ജോഷിയെ ഇവര്‍ വിവാഹം ചെയ്തു.   

ബെഥൂൻ കോളേജിലെ 'ഝാത്രി' സംഘയിലെ സായുധപരിശീലനം നേടിയ സഹോദരിമാരായിരുന്നു ബിനാ ദാസും കല്യാണി ദാസും. 1932 -ൽ കൊൽക്കത്ത സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സണ് നേരെ നിറയൊഴിച്ചത് ബീന ദാസ് ആണ്. ഈ കുറ്റത്തിന് ഒമ്പത് വർഷം കാരാഗൃഹവാസം അനുഭവിച്ച ബീന തടവുകാലത്തില്‍ കൊടിയ മർദ്ദനം നേരിട്ടു. കല്യാണിയും ബീനയും പിന്നീട് കോൺഗ്രസ് പ്രവർത്തകരായി. ബീനയ്ക്ക് കൈത്തോക്ക് എത്തിച്ചുകൊടുത്ത കമലാ ദാസ് ഗുപ്തയായിരുന്നു ഈ സംഘത്തിലെ മറ്റൊരു സാഹസിക നേതാവ്. ചിറ്റഗോങ്ങ് ആക്രമണക്കേസിൽ പ്രതിയായ മറ്റൊരു യുവതി ആയിരുന്നു സുഹാസിനി ഗാ൦ഗുലി. ബെഥൂൻ കോളേജിലെ ഝാത്രി സംഗയിലെയും ജുഗാന്തർ പാർട്ടിയിലും അംഗമായിരുന്നു സുഹാസിനിയും. വിവിധകേസുകളിൽ പെട്ട ഏറെ വർഷം തടവിൽ കഴിഞ്ഞ സുഹാസിനിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 

Also Read:-സ്വാതന്ത്ര്യദിനം ആഘോഷിക്കാം, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios