കോവിഡ് -19 ഭീതി നിലനില്‍ക്കുന്നതിനിടയിലും ഒരുകൂട്ടം കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണഫലമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ചോളത്തിന്റെ എട്ട് പുതിയ ഹൈബ്രിഡ് ഇനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. വിവിധ സീസണുകളില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന ഇനങ്ങളാണ് ഇപ്പോള്‍ വേര്‍തിരിച്ചറിഞ്ഞത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 പേര്‍ പങ്കെടുത്ത ഡിജിറ്റല്‍ പരിശീന പദ്ധതിയിലൂടെയാണ് എട്ട് ഇനങ്ങളെ തരംതിരിച്ചറിഞ്ഞത്. ഓള്‍ ഇന്ത്യ കോര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്റ്റ് സംഘടിപ്പിച്ച പരിശീലനത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ചയുമുണ്ടായിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ത്രിലോചന്‍ മഹാപാത്ര ചോളത്തിന്റെ ഇനങ്ങള്‍ കണ്ടെത്താന്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ചു. അദ്ദേഹം ലുധിയാനയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെയ്‌സ് റിസര്‍ച്ചിനോട് ചോളവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉത്പാദനം വര്‍ധിപ്പിക്കാനും സുസ്ഥിര കൃഷിയിലേക്ക് കൊണ്ടുവരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചോളക്കൃഷിയുടെ പ്രോത്സാഹനത്തിനായി രണ്ട് ഭാഷകളിലുള്ള മൊബൈല്‍ ആപ്ലിക്കേഷനും കൊണ്ടുവന്നു. 'മക്ക' എന്ന പേരുള്ള ഈ ആപ്പിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലും വീഡിയോ കാണാം. ഇതില്‍ ചോളത്തിന്റെ വിവിധ ഇനങ്ങള്‍ തിരഞ്ഞെടുക്കാനും കൃഷി ചെയ്യാനും കീടനിയന്ത്രണരീതികളും ഉപദേശങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ഹെക്ടര്‍ സ്ഥലത്ത് പരീക്ഷണക്കൃഷിയും നടന്നു. ദേശീയ വര്‍ക്ക്‌ഷോപ്പില്‍ സെന്‍സറിനെ അടിസ്ഥാനമാക്കിയുള്ള നൈട്രജന്റെ നിയന്ത്രണവും കളനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങളും വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ചോളക്കൃഷിയെ മാരകമായി ബാധിച്ച ഫാള്‍ ആര്‍മി വേം എന്ന കീടത്തെക്കുറിച്ചും വര്‍ക്ക്‌ഷോപ്പിലൂടെ ബോധവത്കരണം നടത്തി. കീടാക്രമണം തടയാനായി 102 പരിശീലന പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് പറയുന്നു.