എല്ലാത്തരം ചെടികളെയും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താന്‍ കഴിയണമെന്നില്ല. വീട്ടിനകത്താണെങ്കിലും തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍ അതിജീവിക്കാന്‍ കഴിയുന്ന ചെടികള്‍ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതാണ് നല്ലത്. അതുപോലെ വീടുകളിലെ ചില ഭാഗങ്ങളില്‍ ചിലപ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടാം. ഇത്തരം സ്ഥലങ്ങളില്‍ വളര്‍ത്തുമ്പോള്‍ ദിവസേന വെള്ളം നല്‍കിയില്ലെങ്കിലും ആരോഗ്യത്തോടെ വളരുന്ന ചില ചെടികളെ പരിചയപ്പെടാം.

സെഡ് സെഡ് : സാമിയോകള്‍ക്കസ് സാമിഫോളിയ എന്നറിയപ്പെടുന്ന സെഡ് സെഡ് എന്ന ചെടി തണുപ്പ് കാലത്തും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം. മങ്ങിയ വെളിച്ചത്തിലും വരണ്ട കാലാവസ്ഥയിലും വളരാന്‍ കഴിവുള്ള ഈ ചെടി വീട്ടിനകത്ത് വളര്‍ത്താന്‍ യോജിച്ചതാണ്.

കാസ്റ്റ് അയേണ്‍ : പേര് സൂചിപ്പിക്കുന്നതുപോലെ നല്ല കരുത്തോടെ വളരാന്‍ കഴിവുള്ള ചെടിയാണിത്. കടുത്ത തണുപ്പുള്ള സ്ഥലങ്ങളിലും അതിജീവിക്കും.

ജെറേനിയം: കുറച്ച് സമയത്തേക്ക് സൂര്യപ്രകാശം ലഭിക്കാന്‍ അനുവദിച്ചാല്‍ ജെറേനിയവും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം.

ജെയ്ഡ്: തണുപ്പുകാലത്ത് വെള്ളമില്ലാതെ ദീര്‍ഘസമയം അതിജീവിക്കാന്‍ കഴിയുന്ന ചെടിയാണിത്.

മെയ്ഡന്‍ ഹെയര്‍ ഫേണ്‍:  കുറഞ്ഞ വെളിച്ചത്തിലും വളരുന്ന ഈ ചെടി വളര്‍ത്തുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മാത്രം മതി.

സാഗോ പാം: ഇത് യഥാര്‍ഥത്തില്‍ പനയല്ല. നല്ല തണുപ്പുള്ള കാലാവസ്ഥയിലും വളരുന്ന ഈ ചെടി ജപ്പാന്‍ സ്വദേശിയാണ്.

സാന്‍സിവേറിയ: ഏതു കാലാവസ്ഥയിലും എവിടെയും വളരുന്ന ചെടിയാണിത്. മങ്ങിയ വെളിച്ചം മതി. വരണ്ട മണ്ണിലും വേര് പിടിച്ച് വളരും.

ഡ്രസീന: തണുപ്പുള്ള സ്ഥലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ച ഈ ചെടി 10 ഡിഗ്രി സെല്‍ഷ്യസിലും വളരും.