നിഷിത വസന്തും പ്രിയശ്രീ മണിയും ബംഗളുരു സ്വദേശികളാണ്. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ തേനീച്ചക്കൂട്ടിലെ മെഴുകില്‍ നിന്ന് പ്രകൃതിസൗഹൃദ ഉത്പന്നം നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുമായാണ് രംഗത്തെത്തിയത്. വ്യത്യസ്തമായ ഈ സംരംഭത്തിന് തുടക്കമിടാന്‍ ഈ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതെന്താണ്?

'പാലിയന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ തേന്‍ശേഖരണത്തെക്കുറിച്ച് ഞങ്ങള്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. അവര്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ കഴിവുപയോഗിച്ച് കൊടുംകാട്ടിലെ മരങ്ങളില്‍ കയറി തേനീച്ചക്കൂട്ടില്‍ നിന്നും തേന്‍ ശേഖരിക്കും. ഇത് നൂറ്റാണ്ടുകളായി അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.' പ്രിയശ്രീ തങ്ങള്‍ നടത്തിയ ഗവേഷണത്തെക്കുറിച്ച് പറയുന്നു.

ആദിവാസികള്‍ തേന്‍ വില്‍പ്പന നടത്തി പണം ശേഖരിക്കും. അങ്ങനെയിരിക്കെ ഈ പെണ്‍കുട്ടികള്‍ തേന്‍ വാങ്ങി കുടുംബത്തിലുള്ളവര്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനമായി നല്‍കി. അപ്പോഴാണ് തങ്ങള്‍ വളരെക്കൂടുതല്‍ തേന്‍ ആദിവാസികളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നും ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താമെന്നും ചിന്തിച്ചത്. അങ്ങനെയാണ് നല്ല ശുദ്ധമായ തേനിനുള്ള വിപണി കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. തേനും തേന്‍ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും വില്‍പ്പന നടത്താനുള്ള സ്റ്റാര്‍ട്ടപ്പാണ് ഇവര്‍ ആരംഭിച്ചത്.

 

'യഥാര്‍ഥത്തില്‍ ഇത്രയധികം തേന്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അദ്ഭുതപ്പെട്ടുനോക്കിനില്‍ക്കുകയായിരുന്നു. എന്തുചെയ്യാനാണ് ഇതുപയോഗിച്ചെന്ന് എത്ര ആലോചിച്ചിട്ടും എത്തുംപിടിയും കിട്ടിയില്ല. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വിപണിയോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു. നിരവധി തട്ടിപ്പുകള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്' പ്രിയശ്രീ പറയുന്നു.

അങ്ങനെയാണ് ഈ രണ്ടു സുഹൃത്തുക്കളും സംരംഭകരാന്‍ തീരുമാനിച്ചത്. 'ആ സമയത്താണ് കാനഡയിലുള്ള എന്റെ കസിന്‍ വളരെ വിലപിടിപ്പുള്ളതും മനോഹരവുമായ തേനീച്ചമെഴുക് കൊണ്ടുണ്ടാക്കിയ കവര്‍ അയച്ചുതന്നത്. ഈ കവര്‍ ഉപയോഗിച്ച് സാധനങ്ങള്‍ പൊതിയാവുന്നതാണ്. അതുകണ്ടപ്പോഴാണ് ഞങ്ങള്‍ സംരംഭകരാകാന്‍ തീരുമാനിച്ചത്.'

 

വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന, മണ്ണില്‍ അലിയാന്‍ ശേഷിയുള്ള തരത്തിലുള്ള ബീവാക്‌സ് കവര്‍ ഉപയോഗിച്ച് ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്ത് വിതരണം ചെയ്യാം. പ്ലാസ്റ്റിക്കിന് പകരമുള്ള പരിസ്ഥിതി സൗഹൃദപരമായ ഒരു പകരക്കാരന്‍ ആണ്. ക്ലിങ്ങ് ഫിലിം, അലുമിനിയം ഉപയോഗിച്ചുള്ള ടിന്‍ഫോയില്‍ എന്നിവയ്ക്ക് പകരമായി ബീവാക്‌സ് ഉപയോഗിക്കാം.

കോട്ടണ്‍ തുണിക്കഷണങ്ങള്‍ ബീസ് വാക്‌സ് ഉപയോഗിച്ച് നിര്‍മിച്ച കവറുകള്‍ കൊണ്ട് പൊതിഞ്ഞാണ് ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം കവറുകളുടെ വില 390 രൂപയാണ്. വ്യത്യസ്തമായ പ്രിന്റുകളിലും നിറങ്ങളിലും ലഭ്യമാണ്. വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെയുള്ള മൂന്ന് തരത്തിലാണ് ഒരു സെറ്റ് കവര്‍ ലഭിക്കുന്നത്.

കൊടൈക്കനാലില്‍ സന്ദര്‍ശനം നടത്തുന്ന പക്ഷിയായ ഹൂപോവിന്റെ പേരാണ് ഇവര്‍ സ്റ്റാര്‍ട്ടപ്പിന് നല്‍കിയത്. ഇവര്‍ തേന്‍ ശേഖരിച്ചത് പഴനിയിലെ മലനിരകളിലുള്ള ആദിവാസി ഗോത്രത്തില്‍ നിന്നുമാണ്. കൊടൈക്കനാല്‍ അടിസ്ഥാനമാക്കിയാണ് 'ഹൂപോ ഓണ്‍ എ ഹില്‍' എന്ന സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്.

പ്രകൃതിദത്തവും പാസ്ചുറൈസ് ചെയ്യാത്തതുമായ തേനാണ് ഇവര്‍ വില്‍ക്കുന്നത്. നിഷിതയും പ്രിയശ്രീയും തേന്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ സൂക്ഷിക്കുന്നു. സഹായത്തിനായി നാല് സത്രീകളെക്കൂടി വേതനം നല്‍കി കൂടെ നിര്‍ത്തുന്നു.

സീസണ്‍ അനുസരിച്ചും പൂക്കളുടെ വ്യത്യാസമനുസരിച്ചും തേനീച്ചകളുടെ വര്‍ഗത്തിലെ മാറ്റമനുസരിച്ചും തേനില്‍ വ്യത്യാസമുണ്ടാകും. ഔഷധഗുണത്തില്‍ പേരുകേട്ടതാണ് ജാമുന്‍ ഹണി. അരിച്ചെടുത്ത് ഗ്ലാസ് ബോട്ടിലില്‍ പാക്ക് ചെയ്താണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

കൊടൈക്കനാല്‍ പോലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലത്ത് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയപ്പോള്‍ പല വെല്ലുവിളികളും നേരിടേണ്ടിവന്നു. 'ബംഗളുരുവില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ വളരെ എളുപ്പമായിരിക്കും. പക്ഷേ, കൊടൈക്കനാലില്‍ ഈ സംരംഭത്തിന് നല്ല മൂല്യമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആറ് സ്ത്രീത്തൊഴിലാളികളുണ്ട്. അവരാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും കമ്പ്യൂട്ടറില്‍ ജോലി ചെയ്യാനുമറിയാം. ഈ പ്രദേശത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. അവര്‍ക്ക് സുസ്ഥിരമായ വരുമാനം ലഭിക്കാനുള്ള വഴിയാണ് ഞങ്ങള്‍ ആലോചിച്ചത്. ഇപ്പോള്‍ ഒരു മാസത്തില്‍ 7000 രൂപ ഇവര്‍ ഓരോരുത്തരുമുണ്ടാക്കുന്നുണ്ട്.

ഈ കമ്പനി ബംഗളുരുവില്‍ നിന്നാണ് തേന്‍ പാക്ക് ചെയ്യാനാവശ്യമായ ഒഴിഞ്ഞ ബോട്ടിലുകള്‍ ശേഖരിക്കുന്നത്. പ്രിയശ്രീയും നിഷിതയും നേരിട്ട് ബംഗളുരുവില്‍ പോയി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.

കൊടൈക്കനാലില്‍ രണ്ട് മണ്‍സൂണ്‍ സീസണുകളുണ്ട്. അതുകൊണ്ട് രണ്ടുപ്രാവശ്യം തേന്‍ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 450 മുതല്‍ 650 രൂപ വരെയാണ്  ആദിവാസികള്‍ക്ക് ഇവര്‍ നല്‍കുന്ന വില.

മസ്‌ലിന്‍ തുണിയിലൂടെ കടത്തിവിട്ട് തേനിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്നു. പിന്നീട് വലിയ ക്യാനുകളില്‍ സംഭരിക്കുന്നു. അതിനുശേഷം ഗ്ലാസ് ബോട്ടിലുകളിലേക്ക് മാറ്റുന്നു. 500 ഗ്രാം തേനിന് 450 രൂപയും 300 ഗ്രാം തേനിന് 290 രൂപയുമാണ് വില.

വളരെ ചെറിയ ടൗണില്‍ ഇത്തരമൊരു സംരംഭം തുടങ്ങുമ്പോള്‍ മുടക്കുമുതല്‍ കുറച്ചുമതിയെന്നത് ഗുണമാണ്. 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിലാണ് ഇവര്‍ക്ക് ചെലവായ തുക.

 

ഇവരുടെ കമ്പനിയില്‍ നിന്ന് ഇന്ത്യ മുഴുവനും തേന്‍ വില്‍പന നടത്തുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ത്തിയെടുക്കാനാണ് ഇവരുടെ പദ്ധതി. മെഴുക് ഉപയോഗിച്ച് കുട്ടികള്‍ക്ക് സുരക്ഷിതമായി വരയ്ക്കാന്‍ കഴിയുന്ന ക്രയോണ്‍സ് ഇവര്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പുതിയ ഉത്പന്നങ്ങള്‍ ഇവര്‍ ആലോചിക്കുന്നുണ്ട്.