'അങ്ങനെയൊരാള്‍ ടീമിന് ആവശ്യമായിരുന്നു'; ഇന്ത്യന്‍ ടീമിന്‍റെ പരാജയ കാരണം വ്യക്തമാക്കി രവിശാസ്ത്രി

By Web TeamFirst Published Jul 12, 2019, 1:15 PM IST
Highlights

സെമിയില്‍ പരാജയപ്പെട്ട് പുറത്തായതോടെ ഇന്ത്യന്‍ ടീമിന്‍റെ ആരാധകരും നിരാശയിലാണ്

ലണ്ടന്‍: മികച്ച താരങ്ങളുമായി എത്തി ലീഗ് ഘട്ടത്തില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും ടീം ഇന്ത്യയ്ക്ക്  ലോകകപ്പിന്‍റെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ടീമിന്‍റെ ഫൈനല്‍ സാധ്യത അണഞ്ഞത്. വലിയ പ്രതീക്ഷയോടെയെത്തിയ ടീം സെമിയില്‍ പരാജയപ്പെട്ട് പുറത്തായതോടെ ആരാധകരും നിരാശയിലാണ്. ടീമിന്‍റെ പരാജയത്തെക്കുറിച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ. 

'നാലാം നമ്പറില്‍ സ്ഥിരതയുള്ള ഒരു സ്പെഷ്യലിസ്റ് ബാറ്റ്സ്മാന്‍ ഇല്ലാത്തതാണ് ഇന്ത്യ നേരിട്ട തിരിച്ചടിക്ക് ഒരു കാരണം. നാലാം നമ്പറിലുണ്ടായിരുന്ന കെ എല്‍ രാഹുലിന് ഓപ്പണിംഗ് ചെയ്യേണ്ടി വന്നു. അതു പോലെ തന്നെ മധ്യനിര ശക്തമല്ലാതെ പോയി. പക്ഷേ ഈ പരാജയത്തില്‍ നമ്മള്‍ പൂര്‍ണമായും നിരാശരാകേണ്ടതില്ല. 

ടീം ഇന്ത്യ കരുത്തുറ്റ സംഘമാണ്. ഒരു ടൂര്‍ണമെന്‍റോ ഒരു മത്സരമോ അല്ല ടീമിന്‍റെ അളവുകോല്‍. കഴിഞ്ഞ 30 മാസക്കാലം മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചത്. നമ്മള്‍ ബൗള്‍ ചെയ്ത രീതി നോക്കുക, ബാറ്റ് ചെയ്തതും കാണുക. കുറച്ച് യുവതാരങ്ങള്‍ മധ്യനിരയിലെത്തിയതോടെ ടീം കൂടുതല്‍ ശക്തമായി. ടീം ശരിയായ പാതയിലാണ്'. പരാജയകാരണങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും രവിശാസ്ത്രി പറഞ്ഞു. 

click me!