'കൊലക്കേസ് പ്രതിയെ വടകരയിൽ സ്ഥാനാർഥിയാക്കിയ സിപിഎമ്മിന് മറുപടി കിട്ടും', കെ കെ രമ പറയുന്നു

By Web TeamFirst Published Mar 19, 2019, 12:09 AM IST
Highlights

''ടി പി വധക്കേസിലുൾപ്പടെ പങ്കുണ്ടെന്ന് ഞങ്ങൾ ആരോപിക്കുന്ന വ്യക്തിയെ വടകര തന്നെ മത്സരിക്കാൻ കൊണ്ടിട്ട സിപിഎമ്മിന് വോട്ടർമാർ മറുപടി നൽകും'' - കെ കെ രമ ഇലക്ഷൻ എക്സ്പ്രസിനോട് പറയുന്നു.

വടകര: പി ജയരാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ആർഎംപി നേതാവ് കെ കെ രമ. കൊലക്കേസ് പ്രതിയായ, ടി പി വധക്കേസിലുൾപ്പടെ പങ്കുണ്ടെന്ന് ഞങ്ങൾ ആരോപിക്കുന്ന വ്യക്തിയെ വടകര തന്നെ മത്സരിക്കാൻ കൊണ്ടിട്ട സിപിഎം വോട്ടർമാരെ വെല്ലുവിളിക്കുകയാണെന്ന് കെ കെ രമ പറയുന്നു. ഇതിന് ഇവിടത്തെ വോട്ടർമാർ മറുപടി നൽകുമെന്നും കെ കെ രമ വ്യക്തമാക്കി. 

നേരത്തെ വടകരയിൽ കെ കെ രമ മത്സരിക്കില്ലെന്ന് ആർഎംപി വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർഎംപി പിന്മാറുകയായിരുന്നു. പി ജയരാജനെ തോൽപ്പിക്കാനായി വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ ആർഎംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

ജയരാജന്‍റെ സ്ഥാനാ‌ർത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്‍റെ തോൽവി ഉറപ്പാക്കേണ്ട ബാധ്യത ആർഎംപിക്കുണ്ടെന്നും എൻ വേണു വിശദീകരിച്ചു. വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആർഎംപി മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് അധികാരം നൽകി.

രണ്ടായിരത്തോളം വോട്ടാണ് ആര്‍എംപിക്ക് വടകര ലോകസഭ മണ്ഡലത്തിലുള്ളതെന്നാണ് കരുതപ്പെടുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്‍റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. യുഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടിക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍എംപി ഇപ്പോഴുമാരോപിക്കുന്നുണ്ട്. ഈ ആരോപണം നിലനിൽക്കെയാണ് യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനം.

രമയുമായുള്ള അഭിമുഖം കാണാം:

ഇലക്ഷൻ എക്സ്പ്രസ് യാത്ര ഇനിയും തുടരും:

അവതരണം: പ്രിയ ഇളവള്ളി മഠം, നിർമാണം: ഷെറിൻ വിൽസൺ, ക്യാമറ: ജിബിൻ ബേബി

click me!