Sri Lankan settlement: അഭയാര്‍ത്ഥികളോ സ്വദേശികളോ; ഗവിയിലെ ശ്രീലങ്കന്‍ കുടിയേറ്റം

First Published Mar 28, 2022, 2:25 PM IST

ശ്രീലങ്ക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിംഹള - തമിഴ് വംശീയ വാദങ്ങളുയര്‍ത്തിയ സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധവുമായിരുന്നു ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികളെ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയാണ് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഐഎംഎഫില്‍ നിന്നും വീണ്ടും കടമെടുത്ത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ നേത‍ൃത്വം ശ്രമം തുടങ്ങി. അതിനിടെ ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്, കേരള തീരത്തേക്ക് അഭയാര്‍ത്ഥികളെത്താന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ഇതിനിടെ ഇന്ത്യയിലെ പഴയ ഒരു ശ്രീലങ്കന്‍ തമിഴ് സെറ്റില്‍മെന്‍റ് വാര്‍ത്തകളില്‍ നിറയുകയാണ്. പ്രശസ്ത ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ദീപു ഫിലിപ്പ് പകര്‍ത്തിയ ഗവി സെന്‍റില്‍മെന്‍റില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം. 

ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിന്‍റെ പ്രത്യേകിച്ചും ഇടുക്കിയില്‍ ആരംഭിച്ച തെയില പ്ലാന്‍റേഷനിലേക്ക് തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്നാട്ടില്‍ നിന്നുമായിരുന്നു. ഇത് പോലെ തന്നെ ശ്രീലങ്കയിലും ബ്രീട്ടീഷുകാര്‍ തെയില, കാപ്പി, തെങ്ങ് തോട്ടങ്ങളിലേക്ക് പണിക്കായി തമിഴ് വംശജരെ എത്തിച്ചു. എന്നാല്‍, ഇത്തരത്തില്‍ ശ്രീലങ്കയിലെത്തി ഇന്ത്യന്‍ തമിഴ് വംശജര്‍ പതിറ്റാണ്ടുകള്‍ക്കിടെയില്‍ രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനമായി ഉയര്‍ന്നു. ഇതില്‍ പലരും പൗരത്വമില്ലാത്തവരും.  

സ്വാഭാവികമായും തദ്ദേശവാസികളായ സിംഹളര്‍ ഈ തമിഴ് ജനതയെ രാജ്യത്ത് നിന്നും ഒഴിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തി. അങ്ങനെ . 1964 ഒക്‌ടോബർ 30-ന് സിരിമാവോ - ശാസ്ത്രി ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു. ഇതിന്‍റെ ഫലമായി ശ്രീലങ്കയില്‍ നിന്ന് നിരവധി പേരെ ഇന്ത്യ തിരികെ കൊണ്ടുവന്നു. കുറച്ചേറെ പേര്‍ക്ക് ശ്രിലങ്ക പൗരത്വം നല്‍കി അംഗീകരിച്ചു. 

(ലോക്ക് ഡൗണിന് ശേഷം സ്‌കൂൾ തുറന്നപ്പോൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, തോട്ടങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുകളില്‍ തിരിച്ചെത്താന്‍ കഴിയില്ല. അതിനാൽ ഉച്ചകഴിഞ്ഞ് 3 മണി, അച്ഛനമ്മമാര്‍ വീടുകളില്‍ തിരിച്ചെന്നുന്നത് വരെ അധ്യാപകൻ വിദ്യാർത്ഥികളോടൊപ്പം സ്‌കൂളിൽ തന്നെ തങ്ങുന്നു. @ഗവൺമെന്‍റ് എൽപി സ്കൂൾ, ഗവി. )

ഇന്ത്യയിലേക്ക് തിരികെ എത്തിയവര്‍ക്കായി കേരളം , തമിഴ്നാട് സംസ്ഥാനങ്ങളില്‍ പലയിടത്തായി സെറ്റില്‍മെന്‍റുകള്‍ സൃഷ്ടിക്കപ്പെട്ടു. അത്തരമൊരു സെറ്റില്‍മെന്‍റാണ് പത്തനംതിട്ട ഗവിയിലേത്. ഗവിയിൽ നിന്ന് ഏറ്റവും അടുത്തുള്ള പട്ടണമായ വണ്ടിപ്പെരിയാർ 30 കിലോമീറ്റർ അകലെയാണ്. പുറത്തുള്ളവർക്ക് ഈ സ്ഥലം സന്ദർശിക്കാൻ എൻട്രി പാസ് ആവശ്യമാണ്.

( ഒരു ബന്ധു വിവാഹത്തിൽ പങ്കെടുക്കാനായി ഗവിയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള "ആനൈപ്പട്ടി" എന്ന ജന്മനാട്ടിലേക്ക് പോകാനായി വണ്ടി കാത്ത് നില്‍ക്കുകയായിരുന്നു തവ ശക്തിയും പിതാവ് മഹാമണിയും. വണ്ടി എത്താന്‍ ഏറെ സമയമെടുക്കും. അതുവരെ ആ അച്ഛനും മകളും മീന്‍ പിടിത്തത്തിലാണ്. )

ഇതിനിടെ ഇന്ത്യ കൃഷി മന്ത്രാലയത്തിന് കീഴിൽ ദേശീയ കാർഷിക കമ്മീഷൻ ഇന്ത്യയിൽ കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു. മനുഷ്യനിർമ്മിത വനങ്ങളുടെ ഉത്പാദനം' ഉയര്‍ത്തുന്നതിന്‍റെ ഫലമായി മറ്റ് പല സംസ്ഥാനങ്ങളിലെന്നത് പോലെ കേരളത്തിലും 1975-ൽ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് രൂപീകരിക്കപ്പെട്ടു.

എഫ്‌ഡിസിയുടെ ലക്ഷ്യങ്ങൾ, വനങ്ങളിൽ വസിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ഗാർഹിക, വ്യാവസായിക ചരക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ സ്ഥാപനപരമായ ധനസമാഹരണവും അവർ വനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തുകയുമൊക്കെയായിരുന്നു. 1976-ൽ KFDC ഗവിയിൽ ഒരു പുതിയ ഏലത്തോട്ടം ആരംഭിച്ചു. ഈ ഏലത്തോട്ടത്തിലേക്ക് പ്രധാനമായുമെത്തിച്ചത് നാട്ടിലേക്ക് മടങ്ങിയ ശ്രീലങ്കൻ വംശജരെയായിരുന്നു. 

1976 മുതൽ 1982 വരെ, 1964 ലെ സിരിമാവോ-ശാസ്ത്രി ഉടമ്പടിയുടെ ഭാഗമായി മണ്ഡപം അഭയാർത്ഥി ക്യാമ്പ് മുതൽ ഗവി ഏലത്തോട്ടം വരെ 700 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. ഇന്ത്യൻ വംശജരായ ശ്രീലങ്കൻ തമിഴർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ 1979-ൽ കെഎഫ്ഡിസിഎൽ വയനാട്ടിൽ ഒരു തേയിലത്തോട്ടവും ആരംഭിച്ചിരുന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ വനത്തിനുള്ളിലെ സെന്‍റില്‍മെന്‍റുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി.  'ദ ഫോറസ്റ്റ് ആൻഡ് റിസർവ്സ് ആക്ട് 1983' വന്നതോടെ വനത്തിനുള്ളിൽ കൂടുതൽ തോട്ടങ്ങൾ വിപുലീകരിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിച്ചു. അങ്ങനെ, 1983 ന് ശേഷം ഗവി തോട്ടങ്ങളിൽ പുറത്ത് നിന്നൊരു പുനരധിവാസം ഉണ്ടായില്ല. ഇന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഈ സെറ്റില്‍മെന്‍റുകള്‍. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ളവരെ സെന്‍റില്‍മെന്‍റുകളിലേക്ക് കടത്തിവിടാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. 
 

click me!