മനുഷ്യർക്ക് മനുഷ്യരോട് ചെയ്യാവുന്ന ക്രൂരതയുടെ സാക്ഷ്യപത്രങ്ങളായി ആ അഞ്ച് ചിത്രങ്ങള്‍...

First Published Aug 6, 2020, 10:52 AM IST

ഇത് ഹിരോഷിമയിൽ അണുബോംബ് ദുരന്തത്തെ ക്യാമറയിൽ പകർത്തിയ ഒരേയൊരു ഫോട്ടോഗ്രാഫറുടെ അനുഭവകഥയാണ്. അദ്ദേഹത്തിന്റെ പേര് മത്ഷുഷിഗെ യോഷിറ്റോ എന്നാണ്. ഹിരോഷിമയിൽ ചുഗോകു ഷിംബുൺ എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ഹിരോഷിമയിൽ അണുബോംബ് സർവനാശം വിതച്ച 1945  ഓഗസ്റ്റ് 6-ന്, ഗ്രൗണ്ട് സീറോയിൽ ക്ലിക്ക് ചെയ്യപ്പെട്ടത് ആകെ ഈ അഞ്ചു ചിത്രങ്ങൾ മാത്രമാണ് എന്ന് പറയുന്നിടത്താണ് ചരിത്രത്തിലെ ഈ ചിത്രങ്ങളുടെ പ്രസക്തി വെളിപ്പെടുന്നത്. 

സംഭവം നടക്കുമ്പോൾ യോഷിറ്റോയ്ക്ക് പ്രായം വെറും 32 വയസ്സ്. ആക്രമണം നടക്കുമ്പോൾ അണുബോംബ് വീണ ഷിമ ക്ലിനിക്കിൽ നിന്നും 2.7 കിലോമീറ്റർ അകലെയുള്ള മിഡോറി ചോയിലെ സ്വന്തം വീട്ടിലായിരുന്നു അദ്ദേഹം. വിവരമറിഞ്ഞപാടെ തന്റെ ക്യാമറയും കയ്യിലേന്തി അദ്ദേഹം സിറ്റിസെന്ററിലെ തന്റെ പത്രമാപ്പീസ് ലക്ഷ്യമിട്ടു ചെന്നു. എന്നാൽ, ആളിക്കത്തിക്കൊണ്ടിരുന്ന തീ അദ്ദേഹത്തെ മിയുകി പാലത്തിൽ വെച്ച് ഒരടി പോലും മുന്നോട്ടു പോകാനാകാത്ത അവസ്ഥയിലാക്കി.
undefined
ആ പാലത്തിന്റെ പടിഞ്ഞാറേ അറ്റത്ത്, സെണ്ടാമാച്ചി പൊലീസ് സ്റ്റേഷന് വെളിയിൽ, പരിക്കേറ്റ നിരവധിപേർ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു. തേർഡ് ഡിഗ്രി പൊള്ളലേറ്റ് പലരുടെയും ദേഹത്തുനിന്നും തൊലിയും മാംസവുമെല്ലാം അടർന്നുവീണുകൊണ്ടിരുന്നു. ആശുപത്രികളിൽ തൊണ്ണൂറു ശതമാനവും പ്രവർത്തനരഹിതമായതോടെ ചികിത്സയ്ക്കുപോലും പൊലീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ആളുകൾക്ക്. അവരുടെ അവസ്ഥകണ്ട് അദ്ദേഹം ആകെ സ്തബ്ധനായിപ്പോയി. ഫോട്ടോയെടുക്കാൻ പോലുമാകാതെ വൈകാരികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹമപ്പോൾ. ആദ്യത്തെ ഒരു ഇരുപതു മിനിറ്റോളം തന്റെ കയ്യിൽ ക്യാമറ ഉണ്ടെന്ന കാര്യം പോലും ഓർക്കാനുള്ള മാനസികാവസ്ഥ അദ്ദേഹത്തിനുണ്ടായില്ല.
undefined
വൈകുന്നേരമാവാറായി. അവിടെ കൂടി നിന്ന പലരും മരിച്ചു വീഴാൻ തുടങ്ങി. പാലത്തിലും, നദിയിലെ വെള്ളത്തിലും ഒക്കെ ശവശരീരങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സംയമനം വീണ്ടെടുത്ത യോഷിറ്റോയ്ക്ക് തന്റെ പത്രധർമ്മം ഓർമ്മവന്നു. പക്ഷേ, അദ്ദേഹത്തിന്റെയുള്ളിലെ പച്ചമനുഷ്യന് അപ്പോൾ ആ ദുരവസ്ഥയിലിരിക്കുന്നവർക്കു നേരെ ഫ്ലാഷടിക്കുന്നതിനെപ്പറ്റി ഓർക്കാൻ പോലും ആവുമായിരുന്നില്ല. എന്നിട്ടും, അദ്ദേഹം തന്റെ വ്യൂ ഫൈൻഡറിലൂടെ ആ മുഖങ്ങളിലേക്ക് ഉറ്റുനോക്കി. അവരിൽ പലരും തന്നെവേദനയോടെ തിരിച്ച് തുറിച്ചുനോക്കുന്നത് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. അതോടെ ഫോക്കസ് ചെയ്യുക പിന്നെയും ദുഷ്‍കരമായി. ഷട്ടർ റിലീസ് ബട്ടൺ ഞെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും, അങ്ങനെ ഒരു ദുരന്തം നടന്നിട്ട് ഫോട്ടോകൾ എടുത്തില്ലെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന നിഷേധമാവും എന്നദ്ദേഹം തിരിച്ചറിഞ്ഞു. അത് വല്ലാത്ത നഷ്‍ടബോധമുണ്ടാക്കുന്ന ഒന്നാവും എന്നും.
undefined
എങ്ങനെയും കുറച്ചു ഫോട്ടോ ഫോട്ടോ എടുക്കണം... അദ്ദേഹം മനസ്സിനെ പറഞ്ഞു ബലപ്പെടുത്തി. എന്നിട്ടും, തെളിഞ്ഞ ഒരു ചിത്രത്തിലേക്ക് ഫോക്കസ് ചെയ്യാൻ അദ്ദേഹത്തിന് പത്തിരുപതു മിനിറ്റ് നേരമെടുത്തു. ആദ്യത്തെ ചിത്രം ക്ലിക്ക് ചെയ്‍തു.
undefined
രണ്ടാമത്തെ ചിത്രത്തിനായി വിരൽ ബട്ടണിൽ ഞെക്കുമ്പോഴേക്കും വ്യൂ ഫൈൻഡറിൽ വല്ലാത്തൊരു മങ്ങൽ പോലെ... യോഷിറ്റോയുടെ കണ്ണീരിൽ കുതിർന്ന് ആ വ്യൂ ഫൈൻഡറിന്റെ ഗ്ലാസ്സിൽ മങ്ങൽ പടർന്നിരുന്നു. അദ്ദേഹത്തിന് കരച്ചിൽ അടക്കാനായില്ല. എങ്കിലും അദ്ദേഹം അന്ന് അഞ്ചു ചിത്രങ്ങളെടുത്തു.
undefined
1946 ജൂലൈ ആറിന് പ്രസിദ്ധപ്പെടുത്തിയ ചുഗോകു ഷിംബുണിന്റെ സായാഹ്‌ന എഡിഷനിലാണ് ആദ്യമായി ഈ ചിത്രങ്ങൾ വെളിച്ചം കാണുന്നത്. മനുഷ്യർക്ക് മനുഷ്യരോട് ചെയ്യാവുന്ന ക്രൂരതയുടെ സാക്ഷ്യപത്രങ്ങളാണ് അഞ്ചു ചിത്രങ്ങൾ..!
undefined
click me!