നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്.
ലോകത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ നിത്യവൃത്തിക്കായി പലവിധ പ്രവൃത്തികളില്‍ വ്യാപൃതരായിത്തുടങ്ങിയതോടെ രോഗവ്യാപന സാധ്യതയും കൂടിക്കൊണ്ടിരിക്കുന്നു. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ /രാജ്യങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫാക്റ്ററികളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെടേണ്ടിവരുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഇതും രോഗ സാധ്യതതയും സമൂഹ വ്യാപന സാധ്യതയും വർധിപ്പിക്കുന്നു.
കോവിഡ് പ്രതിരോധത്തിലെ വെല്ലുവിളികൾ വർധിച്ചെങ്കിലും ലോക്ക്ഡൗൺ സ്ഥായിയായ ഒരു പ്രതിരോധ മാര്‍ഗ്ഗമായി നമുക്ക് സ്വീകരിക്കാൻ സാധിക്കില്ല. അത്തരമൊരു പശ്ചാത്തലത്തിൽ, കോവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസൃതമായി രീതിയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നത് വളരെ പ്രസക്തമാണ്. കോവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്.
എന്താണ് സാമൂഹിക അകലം?
രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം ഇടപെടുമ്പോള്‍ പാലിക്കേണ്ട ശാരീരിക അകലത്തെയാണ് സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിന്‍റെ ഭാഗമായി മറ്റു വ്യക്തികളില്‍ നിന്ന് കുറഞ്ഞതു 3 അടി അകലം (1 മീറ്റര്‍) പാലിക്കുക
പൊതുയിടങ്ങളിലോ മറ്റു വ്യക്തികളുമായോ മാത്രമല്ല സ്വന്തം ഭവനങ്ങളില്‍ പോലും ശരിയായ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്.
ഉല്‍സവം, വിവാഹം, പാലുകാച്ചല്‍ തുടങ്ങി പൊതു ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ ഈ അകലം പാലിക്കേണ്ടതുണ്ട്.
മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം ഇടപാടുകള്‍ നടത്തുക.
സ്ഥാപനങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ മാത്രം നില്‍ക്കുക.
റിവേഴ്സ് ക്വാറന്‍റന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായും രോഗസാധ്യത കൂടുതലുള്ളവരുമായും ശാരീരിക അകലം പാലിക്കുന്നത് ഉത്തമമായിരിക്കും
ഫെയ്‌സ് മാസ്ക് ധരിക്കുന്നത് 3 രീതിയില്‍ നമ്മെ സഹായിക്കുന്നു.
രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ, അന്തരീക്ഷത്തിലേക്ക് രോഗാണുക്കൾ പടരുന്നത് തടയാന്‍ മാസ്ക് ധരിക്കുകയാണെങ്കിൽ സാധിക്കുന്നു.
മാസ്ക് ധരിക്കുന്നയാൾ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു
ഒരു മാസ്ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതിനെക്കാളും മറ്റുള്ളവരെ രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു
നിങ്ങൾ വീടിനു പുറത്തിറങ്ങുന്ന സാഹചര്യങ്ങളിലെല്ലാം നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. വീടുകളില്‍ മാസ്ക് ധരിക്കേണ്ടതില്ല.
എന്നാല്‍ പനി, ചുമ, തൊണ്ട വേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വീടുകളില്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്.
മാസ്ക് ധരിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
മുഖത്ത് മാസ്ക് സുഗമമായി ധരിച്ച ശേഷം മുഖത്തിന്‍റെ വശങ്ങളിലൂടെ പുറകിലേക്ക് വലിച്ചു കെട്ടുക.
ധരിച്ചു കഴിഞ്ഞ മാസ്ക് മൂക്കും വായയും മൂടുന്ന വിധത്തിലായിരിക്കണം.
മാസ്കിന്‍റെ പുറം ഭാഗം ഒരിക്കലും തൊടരുത്.
മാസ്ക് നീക്കം ചെയ്യുമ്പോഴും പുറം ഭാഗം തൊടരുത്. ചരടുകളില്‍ പിടിച്ച് മാസ്ക് നീക്കംചെയ്യുക. മാസ്ക് നീക്കം ചെയ്യുമ്പോൾ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. മാസ്ക് കഴുകുന്നതിനായി ഊരി മാറ്റിയ ഉടനെ തന്നെ സിപ് ലോക്ക് കവര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുക.
തുണികൊണ്ടുള്ള മലിനമായ മാസ്കുകള്‍ ലഭ്യമായ സോപ്പ് അല്ലെങ്കിൽ ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാവുന്നതാണ്.
മാസ്കുകള്‍ ഒരു കാരണവശാലും വലിച്ചെറിയരുത്. ഉപയോഗശേഷം മാസ്കുകള്‍ അണുനശീകരണം വരുത്തിയ ശേഷം ഈ പ്രത്യേക സാഹചര്യത്തില്‍ കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുക
സോപ്പോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈകളുടെ ഉള്‍ഭാഗം പുറംഭാഗം വിരലുകള്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗം മണിബന്ധം എന്നിവടങ്ങള്‍ ശരിയായ രീതിയില്‍ ശുചിയാകേണ്ടതുണ്ട് .
ഭക്ഷണം തയ്യാറാക്കുന്നതിനു മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്.
ടോയ്ലെറ്റില്‍ പോയതിനു ശേഷം കൈകള്‍ സോപ്പും ഉപയോഗിച്ചു കഴുകേണ്ടതാണ്.
പൊതുസ്ഥലങ്ങളില്‍ നിന്നും വീടുകളില്‍ തിരിച്ചുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ
പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക
അത്തരം സാഹചര്യങ്ങളിൽ സാധ്യമെങ്കിൽ വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക
ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.
വീടുകളില്‍ സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്വാറന്‍റൈൻ നിര്‍ദ്ദേശിച്ച വ്യക്തികള്‍ എത്തുന്നതിന് മുന്നേ താഴെപറയുന്ന മുന്നൊരുക്കങ്ങള്‍ നടത്താം.
ക്വാറന്‍റൈന് വേണ്ടി തെരെഞ്ഞെടുത്ത മുറിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുക.
നന്നായി കാറ്റും, വെളിച്ചവും കടക്കുന്ന മുറി ആയിരിക്കണം.
കഴിയുന്നതും മുറി ബാത്ത് അറ്റാച്ച്ഡ് (കക്കൂസ് & കുളിമുറി) ആയിരിക്കണം.
കൈകൾ സോപ്പിട്ട് കഴുകാൻ സൗകര്യം ഉണ്ടായിരിക്കണം
മേൽ പറഞ്ഞ സൗകര്യങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടുള്ളതല്ല
വീട്ടിലെ മറ്റ് താമസക്കാർ ഈ മുറിയിൽ കയറാൻ പാടില്ല
ക്വാറന്‍റൈനിൽ ഉള്ള വ്യക്തി പ്രത്യേകം കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. അവ സോപ്പ് / ഡിറ്റർജന്റ് ഉപയോഗിച്ച് നന്നായി അവരവര്‍ തന്നെ കഴുകുക
60 കഴിഞ്ഞവരെയും രോഗ സാദ്ധ്യത കൂടുതലുള്ളവരെയും ബന്ധു വീടുകളിലേക്കോ അയല്‍ വീടുകളിലേക്കൊ മാറ്റുക.
നിരീക്ഷണത്തിലെ വ്യക്തിയെ ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
ക്വാറന്‍റൈനിലുള്ള വ്യക്തികള്‍ക്ക് പരിചരണം ആവശ്യമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമ്പർക്കം പുലർത്തുന്ന വ്യക്തി മുറിയിൽ കയറുമ്പോൾ വായും, മൂക്കും പൂർണമായി മൂടുന്ന രീതിയിൽ മാസ്ക്ക് ധരിച്ചിരിക്കണം
സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ കയ്യുറകൾ നിർബന്ധമായും ധരിച്ചിരിക്കണം
ഉപയോഗിച്ച കയ്യുറയും, മാസ്ക്കും പുനരുപയോഗിക്കാൻ പാടില്ല
ഭക്ഷണം കൊടുക്കുന്ന ആൾ അത് റൂമിന്‍റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നിൽക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതിൽ അടക്കുകയും ചെയ്യുക
വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്‍റൈനിൽ ഉള്ള വക്തിക്ക് പത്രം/മാസികകള്‍ നൽകുക. നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച പത്രം/മാസികകള്‍ ആ റൂമിൽ തന്നെ സൂക്ഷിക്കുക. മറുള്ളവർ അത് കൈകാര്യം ചെയ്യാൻ പാടില്ല.
ശുചീകരണം
സമ്പര്‍ക്ക വിലക്കിലോ/ സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള വ്യക്തി ഉപയോഗിക്കുന്ന മുറി, കൂടാതെ പതിവായി സ്പർശിക്കുന്ന പ്രതലങ്ങള്‍ (ഉദാ. ബെഡ് ഫ്രെയിമുകൾ,മേശ, കസേരകൾ,വാതില്‍പ്പിടികള്‍ മുതലായവ) 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ദിവസവും അണുവിമുക്തമാക്കുക.
ബ്ലീച്ച് ലായനി / ഫിനോളിക് അണുനാശിനി ഉപയോഗിച്ച് ടോയ്‌ലറ്റ് ഉപരിതലങ്ങൾ ദിവസവും അണുവിമുക്തമാക്കുക
സാധാരണ സോപ്പ് /ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സ്വയം കഴുകി സൂര്യപ്രകാശത്തിൽ ഉണക്കി മാത്രം ഉപയോഗിക്കുക.
വായു കടക്കാത്ത അടച്ച പാത്രത്തിലേക്ക് തുപ്പുക, പിന്നീട് 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്‌ലറ്റിൽ നിക്ഷേപിക്കുക.
സമ്പര്‍ക്ക വിലക്കിലോ/ സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ ഭക്ഷണ അവശിഷ്ടങ്ങള്‍ വളര്‍ത്തു മൃഗങ്ങൾക്കും പക്ഷികൾക്കും നൽകരുത്
പൊതു ജനങ്ങള്‍ ബ്ലീച്ച് ലായനി തയ്യാറാക്കുന്ന വിധവും അണുനശീകരണവും
സാധാരണയായി അണുനശീകരണത്തിനു 1% വീര്യമുള്ള ബ്ലീച്ചു ലായനിയാണു ഉപയോഗിക്കുന്നത്.
1 ലിറ്റര്‍ വെള്ളത്തില്‍ 30 gm ബ്ലീച്ചിങ്ങ് പൌഡര്‍ അഥവാ 6 ടീ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൌഡര്‍ ലയിപ്പിച്ചുണ്ടാക്കുന്നതാണ് 1 % വീര്യമുള്ള ബ്ലീച് ലായനി എന്നു പറയുന്നത്
ബ്ലീച്ചു ലായനി തുറന്നു വക്കാന്‍ പാടുള്ളതല്ല.ഒറ്റത്തവണ തയ്യാറാക്കുന്ന ലായനി 6-8 മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളതുള്ളൂ.
കോവിഡ് -19 പാശ്ചാത്തലത്തില്‍ ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ രോഗസാധ്യത കൂടുതലുള്ള ജനവിഭാഗങ്ങളെ സാധാരണയായി സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിക്കാറുണ്ട് . ഈ നടിപടിയാണ് റിവേഴ്സ് ക്വാറന്‍റൈൻ എന്നറിയപ്പെടുന്നത്. രോഗസാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നവര്‍(High Risk Categories) ആരൊക്കെയാണ്?
പ്രായമായവർ
പ്രമേഹ രോഗികൾ, രക്താതിമർദ്ദമുള്ളവര്‍, അര്‍ബുദ ബാധിതര്‍, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍
സ്റ്റിറോയിഡ് ചികിത്സയിലുള്ളവർ / അല്ലെങ്കിൽ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവര്‍
അടുത്തിടെ അവയവം മാറ്റിവച്ച വ്യക്തികള്‍
ഗർഭിണികൾ
ഭിന്നശേഷിക്കാരായ കുട്ടികൾ
ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങൾ
ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ വീട്ടിലെത്തുന്ന അതിഥികളുമായി ഇടപെടുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.
വസ്ത്രങ്ങൾ, സമ്മാനങ്ങൾ, ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻ ഡ്രൈവുകൾ തുടങ്ങി വ്യക്തിഗത വസ്തുക്കൾ കുടുംബാംഗങ്ങൾക്കിടയിൽ പങ്കിടരുത്
സമീകൃതാഹാരം കഴിക്കുക
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
അകലങ്ങളില്‍ നിന്ന്കൊണ്ട് സൗഹൃദങ്ങള്‍ പങ്കുവെക്കുക
രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മാർഗനിർദ്ദേശങ്ങള്‍ക്കായി ഉടനടി സമീപത്തെ പ്രാദേശികാരോഗ്യ കേന്ദ്രങ്ങളുമായോ അല്ലെങ്കിൽ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുമായോ (0471 2552056, അല്ലെങ്കിൽ 1056) ബന്ധപ്പെടുക.
അയൽക്കാരും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും റിവേഴ്സ് ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുക.
നിങ്ങളുടെ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഫോണിലൂടെ ഡോക്ടറോട് ബന്ധപ്പെടുക.
നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും അതുവഴി നമ്മുടെ നാടിന്‍റെയും ദിനങ്ങൾ ആരോഗ്യ പൂർണ്ണമാക്കാൻ നമുക്കോരോരുത്തര്‍ക്കും സ്വയം മാറാം.
കൊറോണയെന്ന ഭീകരനെ തുരത്താന്‍ ഒരുമിച്ചു പോരാടാം. ലക്ഷ്യ പ്രാപ്തിയിലെത്തുന്നത് വരെ തളരാതെ ഓടാം. പോരാട്ടവീര്യത്തിന്‍റെ കേരള മാതൃക ഒരിക്കൽക്കൂടി ലോകത്തിന് കാണിച്ചുകൊടുക്കാം "ഭയമല്ല ജാഗ്രതയാണ് വേണ്ടത്". (പൊതുജനതാത്പര്യാർത്ഥം ആരോഗ്യകുടുംബക്ഷേമ വകുപ്പ്, കേരള സർക്കാർ)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam