Web Desk   | Asianet News
Published : Feb 26, 2020, 08:08 AM ISTUpdated : Feb 26, 2020, 02:38 PM IST

ദില്ലി വർഗീയ കലാപത്തിൽ മരണം 22; സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

Summary

നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തത്സമയം.

ദില്ലി വർഗീയ കലാപത്തിൽ മരണം 22; സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

05:10 PM (IST) Feb 26

സുപ്രീംകോടതി അഭിഭാഷക സംഘം ആശുപത്രിയില്‍

സുപ്രീംകോടതി അഭിഭാഷക സംഘം ജിടിബി ആശുപത്രിയിൽ. ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തുന്നു. കലാപത്തിൽ മരിച്ചവരുടെ പരിക്കേറ്റവരുടെ വിവരങ്ങളും മരിച്ചവരുടെ മരണ കാരണം ഉൾപ്പടെയുള്ള വിവരങ്ങളും ബന്ധുക്കളിൽ നിന്നും മറച്ചു വച്ചു എന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് സന്ദർശനം

02:43 PM (IST) Feb 26

ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിന് പിന്നില്‍ ആംആദ്മി പാർട്ടിയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര

ഐബി ഓഫീസർ അങ്കിത് ശർമ്മയെ വധിച്ചത് ആംആദ്മി പാർട്ടിയെന്ന് കപിൽ മിശ്ര. ആപ്പ് കൗൺസിലർ താഹിർ ഹുസൈന്‍റെ വീട്ടിൽ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് കപിൽമിശ്രയുടെ ട്വീറ്റ്

02:16 PM (IST) Feb 26

ദില്ലിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം, ആഹ്വാനവുമായി പ്രധാനമന്ത്രി

ദില്ലിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് നമ്മുടെ  മുഖമുദ്ര. ദില്ലിയിലെ സഹോദരന്മാര്‍ സമാധാനം പാലിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തി, സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

01:49 PM (IST) Feb 26

രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി എവിടെ? ചോദ്യങ്ങള്‍ ചോദിച്ച് സോണിയ ഗാന്ധി

ദില്ലിയിലെ സാഹചര്യം അതീവ ഗുരതരമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും സോണിയ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് നാളെ കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തും. രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. 

Read More: ദില്ലി കലാപം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി എവിടെയാണ്? അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് സോണിയ...

 

 

01:14 PM (IST) Feb 26

ദില്ലിയില്‍ ഐബി ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; കല്ലേറിൽ മരിച്ചതെന്ന് സംശയം

ദില്ലി ചാന്ദ്ബാഗില്‍ ഐബി ഉദ്യോഗസ്ഥന്‍ മരിച്ച നിലിയല്‍. കല്ലേറില്‍ മരിച്ചതെന്നാണ് സംശയം. വലിയ കലാപം നടന്ന സ്ഥലമാണ് ചാന്ദ് ബാഗ്. 
 

01:06 PM (IST) Feb 26

കലാപ കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍; കപിൽ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്ന് കോടതി

ദില്ലി കലാപ കേസ് ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കും. കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടില്ലേന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇത് അടിയന്തരവിഷയമല്ലേയെന്നും അക്രമത്തിൻറെ ദൃശ്യങ്ങൾ കണ്ടില്ലേയെന്നും കോടതി  ചോദിച്ചു.

12:34 PM (IST) Feb 26

'സൈന്യത്തെ വിളിക്കില്ല'; കെജ്‍രിവാളിന്‍റെ ആവശ്യം തള്ളി കേന്ദ്രം

കലാപം തുടരുന്ന ദില്ലിയില്‍ സൈന്യത്തെ വിളിക്കണമെന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം തള്ളി കേന്ദ്രം. ദില്ലിയിലെ സ്ഥിതി ആശങ്കാജനകമെന്നും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു കെജ്‍രിവാള്‍ നേരത്തെ അറിയിച്ചത്. തുടര്‍ന്ന് സൈന്യത്തെ വിളിക്കണമെന്നും കേന്ദ്രത്തോട് കെജ്‍രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

12:20 PM (IST) Feb 26

'ബ്രിട്ടീഷ് പൊലീസിനെ കണ്ട് പഠിക്കണം'; ദില്ലി പൊലീസിന് കോടതിയുടെ വിമര്‍ശനം

ദില്ലി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബ്രിട്ടീഷ് പൊലീസിനെ കണ്ട് പഠിക്കണമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മാധ്യമങ്ങള്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് സോളിസിറ്റര്‍ ജനറല്‍. 

12:11 PM (IST) Feb 26

കലാപം നിയന്ത്രണ വിധേയം: ഡിസിപി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട്

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡിസിപി വ്യക്തമാക്കുന്നു.

Read more at: കലാപം നിയന്ത്രണ വിധേയം: ഡിസിപി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട്

12:07 PM (IST) Feb 26

'വെടിവെച്ചത് ആര്‍എസ്എസുകാര്‍, പൊലീസ് നോക്കിനിന്നു'; കൊല്ലപ്പെട്ട മുദ്‍സര്‍ ഖാന്‍റെ സഹോദരന്‍

‍കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. വിശദമായി വായിക്കുക.


Read more at: 'വെടിവെച്ചത് ആര്‍എസ്എസുകാര്‍, പൊലീസ് നോക്കിനിന്നു'; കൊല്ലപ്പെട്ട മുദ്‍സര്‍ ഖാന്‍റെ സഹോദരന്‍

12:06 PM (IST) Feb 26

'ദില്ലി കലാപം നിർഭാഗ്യകരം', ഇടപെടാതെ സുപ്രീംകോടതി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും ഷഹീൻ ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ് ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്. പിന്നീട് കേസ് പരിഗണിച്ചപ്പോൾ, ഹൈക്കോടതി ഇപ്പോൾ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാൽ, തൽക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടൻ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

12:04 PM (IST) Feb 26

ദില്ലി കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന് സിപിഎം

ദില്ലിയില്‍ രണ്ട് ദിവസമായി നടക്കുന്ന കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന വിമര്‍ശനവുമായി സിപിഎം. ദില്ലിയില്‍ പോലീസ് നോക്കുകുത്തിയാണ്. അക്രമം അടിച്ചമർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുതലെടുപ്പ് നടത്തുന്ന ഭീകര പ്രസ്ഥാനങ്ങൾ നാട്ടിലുണ്ട്. മുഖം നോക്കാതെ നടപടി വേണം. കപിൽ മിശ്രയ്ക്കെതിരെ നിയമ നടപടി വേണമെന്നും സിപിഎം. 

11:31 AM (IST) Feb 26

ദില്ലി കലാപം: കേസ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും

ദില്ലിയിലെ കലാപം സുപ്രീംകോടതിയിൽ. ഷഹീൻബാഗ് കേസിനൊപ്പം കേൾക്കാമെന്ന് കോടതി. അതേസമയം, ദില്ലി കലാപത്തിൽ എന്തെല്ലാം ഇടപെടൽ നടത്തിയെന്നും, എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നും വിശദമായി അറിയിക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർ അമൂല്യ പട്നായികിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഉച്ചയ്ക്ക് 12.30-ന് ഹൈക്കോടതി പരിഗണിക്കും. ർ

പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ അത് ചെയ്യണമെന്നും, അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും നോട്ടീസയക്കുന്നതിനൊപ്പം കോടതി നിരീക്ഷിക്കുകയും ചെയ്തു. 

11:20 AM (IST) Feb 26

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് കപിൽ മിശ്ര, പ്രകോപന പ്രസംഗത്തിന് ന്യായീകരണം

തുടർച്ചയായ വിദ്വേഷപ്രസംഗങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ബിജെപി നേതാവ് കപിൽ മിശ്ര, തന്‍റെ പ്രകോപനപ്രസംഗത്തെ ന്യായീകരിച്ച് രംഗത്ത്.

Read more at: ''ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'', പ്രകോപനവുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്ര

11:17 AM (IST) Feb 26

വർഗീയകലാപത്തിൽ മരണം 20

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയിൽ നിന്നാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി നിരവധി പരിക്കേറ്റവരെ കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ ആ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ജി‍ടിബി ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

10:47 AM (IST) Feb 26

'രക്തസാക്ഷി പദവി തരൂ', ദില്ലിയിൽ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ ബന്ധുക്കളുടെ പ്രതിഷേധം

റോഡ് ഉപരോധിക്കുന്ന ആൾക്കൂട്ടം, ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന രത്തൻ ലാലിന് രക്തസാക്ഷി പദവി പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം പിൻവലിക്കില്ലെന്ന നിലപാടിലാണ്. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക

10:34 AM (IST) Feb 26

'പെട്ടെന്നുണ്ടായ' അക്രമമെന്ന് അമിത് ഷാ

ദില്ലിയിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെട്ടെന്നുണ്ടായ ചില അക്രമസംഭവങ്ങൾ മാത്രമാണ് നടന്നതെന്നും, ഇന്നലെ രാത്രി ചേർന്ന അവലോകനയോഗത്തിൽ അമിത് ഷാ. ദില്ലിയിലേക്ക് സൈന്യത്തെ നിയോഗിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ ഇപ്പോഴും. 

10:32 AM (IST) Feb 26

ഗോകുൽപുരിയിലെ ടയർമാർക്കറ്റ് കത്തിക്കുന്നത് മൂന്നാം തവണ

ചൊവ്വാഴ്ച വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ ഇടമാണ് ഗോകുൽപുരി. വെടിവെപ്പും, തീവെപ്പും, കല്ലേറും നടന്നയിടം. ഇന്ന് ഇതേ ഇടത്താണ് വീണ്ടും അക്രമം അരങ്ങേറിയിരിക്കുന്നത്. 

Read more at: ഗോകുൽപുരിയിൽ വീണ്ടും സംഘർഷം: ടയർ മാർക്കറ്റ് കത്തിച്ചത് ഇത് മൂന്നാം തവണ

10:07 AM (IST) Feb 26

'ഗോലി മാരോ'! ഇന്നലെ രാത്രിയും പ്രകോപനമുദ്രാവാക്യം വിളിച്ച് ബിജെപി എംഎൽഎ

അക്രമം തടയാൻ പൊലീസ് ഇടപെടാതിരുന്ന ഇന്നലെ രാത്രി പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ച് അനുയായികളുമൊത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അത് ഫേസ്ബുക്കിൽ ലൈവായി കാണിക്കുകയും ചെയ്തു ലക്ഷ്മിനഗർ എംഎൽഎ അഭയ് വെർമ. 

Read more at: ഗോലി മാരോ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

09:58 AM (IST) Feb 26

അജിത് ദോവൽ മുസ്ലിം നേതാക്കളുമായി സംസാരിച്ചു

അജിത് ദോവൽ മുസ്ലിം സമുദായ നേതാക്കളുമായി സംസാരിച്ചു എന്ന് കേന്ദ്രസർക്കാർ. സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും സർക്കാർ. മന്ത്രിസഭാ സമിതി യോഗത്തിൽ ദോവൽ സ്ഥിതി വിശദീകരിക്കും. 



Read more at: അജിത് ഡോവൽ മുസ്ലീം മതനേതാക്കളുമായി സംസാരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

09:51 AM (IST) Feb 26

മരണസംഖ്യ 18 ആയി ഉയർന്നു, പരിക്കേറ്റവർ നിരവധി

ദില്ലി വർഗീയകലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. പരിക്കേറ്റ നിരവധിപ്പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ദില്ലി ജിടിബി ആശുപത്രിയിൽ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ മാത്രം 5 പേരാണ് മരിച്ചിരിക്കുന്നത്. ഇരുന്നൂറ്റിയമ്പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 35 പേരുടെ നില ഗുരുതരമാണ്. 

തത്സമയസംപ്രേഷണവും സമഗ്രകവറേജും:

09:49 AM (IST) Feb 26

ഗോകുൽപുരിയിൽ വീണ്ടും സംഘർഷം, കടകൾ കത്തിച്ചു

ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഗോകുൽപുരിയിൽ ഇന്ന് വീണ്ടും സംഘർഷം. തൊട്ടടുത്ത് ജഫ്രാബാദുൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേനയുണ്ടായിട്ടും, ഗോകുൽപുരിയിൽ വീണ്ടും അക്രമം അരങ്ങേറിയിരിക്കുകയാണ്. പലയിടത്തും കടകൾ കത്തിച്ചു. ഗോകുൽപുരിയിൽ നിന്ന് ഞങ്ങളുടെ റിപ്പോർട്ടർ പി ആർ സുനിൽ പകർത്തിയ ഫോട്ടോ:

08:38 AM (IST) Feb 26

ദില്ലിയിലെ സ്ഥിതിഗതികളെക്കുറിച്ച് സമഗ്രമായ കവറേജുമായി ഏഷ്യാനെറ്റ് ന്യൂസ്

തത്സമയം കാണാൻ: 

08:34 AM (IST) Feb 26

മരണസംഖ്യ 16 ആയി ഉയർന്നു, പരിക്കേറ്റവർ 250-ലേറെ

മരണസംഖ്യ 16. പരിക്കേറ്റവർ 250. പരിക്കേറ്റ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചിരിക്കുന്ന ദില്ലിയിലെ ജിടിബി ആശുപത്രിയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. 

08:33 AM (IST) Feb 26

ഇന്നും സ്കൂളുകൾക്ക് അവധി, സിബിഎസ്‍സി പരീക്ഷകൾ മാറ്റി

ഇന്നും വടക്കുകിഴക്കൻ ദില്ലിയിലെ സ്കൂളുകൾ അടച്ചിടുമെന്ന് ഇന്നലെ തന്നെ വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചിരുന്നു. സിബിഎസ്‍സി ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കും. 

08:31 AM (IST) Feb 26

എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നു

ദില്ലി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു. ട്രെയിനുകൾ സാധാരണ രീതിയിൽ സർവീസ് നടത്തും. ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. 

08:28 AM (IST) Feb 26

മരിച്ചവരുടെ പേരുവിവരങ്ങൾ പൂർണമായും പുറത്തുവിടാതെ കേന്ദ്രം

കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയത് ഇന്നലെ വൈകിട്ടോടെയാണ്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വിൽപനക്കാരൻ മുഹമ്മദ് ഫുർകാൻ (32), രാഹുൽ സോളങ്കി (26), ഗോകുൽപുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രതൻ ലാൽ (42) എന്നിവരുടെ പേരുവിവരങ്ങൾ മാത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. 

08:27 AM (IST) Feb 26

രാത്രിയും തുടർന്ന അക്രമം, ദില്ലിയിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും നടന്നത്

കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു. 

Read more at: ദില്ലി കലാപം: അക്രമം രാത്രിയും, നിയന്ത്രണവിധേയമെന്ന് കേന്ദ്രസർക്കാർ, അമിത് ഷാ കേരളത്തിലേക്കില്ല

08:25 AM (IST) Feb 26

അർദ്ധരാത്രി ദില്ലി ഹൈക്കോടതി തുറന്നു, ഇടപെടാൻ പൊലീസിന് കർശന നിർദേശം

രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ദില്ലി ഹൈക്കോടതി. ദില്ലിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കർശന നിർദേശം നൽകി. 

Read more at: ദില്ലി കലാപം: അർദ്ധരാത്രി ദില്ലി ഹൈക്കോടതിയിൽ വാദം: ഇടപെടാൻ പൊലീസിന് കർശന നിർദേശം

08:22 AM (IST) Feb 26

ദില്ലി കത്തിയ ദിവസം: കലാപം തുടങ്ങിയ തിങ്കളാഴ്ച മുതൽ ആളിക്കത്തിയ ചൊവ്വാഴ്ച വരെ

അക്രമം തുടങ്ങിയത് തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെല്ലാം ട്രംപിന്‍റെയും മോദിയുടെയും പരിപാടിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത്.

Read more at: അക്രമം ഒഴിയാതെ ദില്ലി, മരണം 5, കലാപം ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്ക് എതിരെ പരാതി

പൗരത്വഭേദഗതിക്ക് അനുകൂലവും പ്രതികൂലവുമായ സമരക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതിൽ നിന്ന് വർഗീയകലാപമായി അത് വളർന്നതെങ്ങനെ?

Read more at: വർഗീയ കലാപത്തിൽ കത്തി വടക്ക് കിഴക്കൻ ദില്ലി; പേരും മതവും പറഞ്ഞ് അക്രമം, വെടിവെപ്പ്

രാത്രിയായപ്പോഴേക്ക്, അത് തീർത്തും കൈവിട്ടുപോയി. പകൽ മുഴുവൻ പേരും മതവും ചോദിച്ച് ആളുകൾ പരസ്പരം പോരടിച്ചു. മുസ്ലിം ജനവിഭാഗത്തിന് നേരെ അക്രമം അഴിച്ചുവിടപ്പെട്ടു. ജഫ്രാബാദിൽ പള്ളി കത്തിക്കപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും, വെടിയേൽക്കുകയും വരെ ചെയ്തു. പൊലീസ് അപ്പോഴും നിഷ്ക്രിയമായി നോക്കി നിന്നു. കേന്ദ്രസേനയെ ഇറക്കിയെന്ന് സർക്കാർ പറഞ്ഞപ്പോഴും അതൊന്നും തെരുവുകളിൽ കണ്ടില്ല. ഇപ്പോഴും മരണസംഖ്യയല്ലാതെ മരിച്ചവരുടെ പേരുകൾ ഔദ്യോഗികമായി പൊലീസ് പുറത്തുവിടുന്നില്ല. 

Read more at: ആളിക്കത്തി ദില്ലി, വര്‍ഗ്ഗീയമായി പോരടിച്ച് ജനം, കാഴ്ചക്കാരായി പൊലീസ്

രാത്രിയായപ്പോഴേക്ക്, അമിത് ഷാ മൂന്നാമത്തെ ഉന്നതതലയോഗവും വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ കലാപബാധിതമേഖല സന്ദർശിച്ചു. ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ദില്ലിയിൽ നിലനിൽക്കുന്നുണ്ടോ എന്നതിൽ ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും വടക്കൻ ദില്ലിയിൽ ഷൂട്ട് അറ്റ് സൈറ്റ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

Read more at: ദില്ലി കത്തുന്നു; 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് അമിത് ഷാ