ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി. മതത്തിന്‍റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. ഇന്നലെ മുതൽ തുടങ്ങിയ അക്രമങ്ങളിൽ ഇതുവരെ മരിച്ചത് ഏഴ് പേരാണ്. ഇതിൽ ഒരു പൊലീസുദ്യോഗസ്ഥനും ഉൾപ്പെടും. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ രത്തൻ ലാലാണ് ഇന്നലെ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. മരിച്ച മറ്റ് ആറ് പേരും പൗരൻമാരാണ്. അവർ എല്ലാവരുടെയും പേരുവിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ദില്ലിയിൽ വടക്കുകിഴക്കൻ മേഖലയിലെ ഡിസിപി അമിത് വർമ ഉൾപ്പടെ 30 പൊലീസുകാർക്കും പരിക്കുപറ്റി. ഇന്നലെ രാത്രി നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് രാവിലെ മുതൾ ജഫ്രാബാദ്, ഭജൻപുര, കബീർ നഗർ, കാരവൽ നഗർ, വിജയ് പാർക്ക്, യമുന വിഹാർ, മൗജ്‍പൂർ എന്നിവിടങ്ങിലും സംഘർഷങ്ങൾ തുടരുകയാണ്. ഗോകുൽപുരിയിൽ കടകൾക്ക് തീവച്ചു. ജഫ്രാബാദിലേക്കുള്ള വഴിയിൽ വാഹനങ്ങൾ കത്തിച്ചു.

അക്രമങ്ങൾക്കിടെ വെടിവെപ്പും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. വെടിയേറ്റ നിലയിൽ രണ്ട് പേരെ ദില്ലി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസുകാർക്കെതിരെ തോക്ക് ചൂണ്ടിയ ഗോകുൽപുരി സ്വദേശി ഷാരൂഖ് എന്നയാളെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് പുറത്തുനിന്ന് വരുന്നവരെത്തി അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് വ്യാപകമായി ആരോപണമുയരുന്നുണ്ട്.

പേരും മതവും ചോദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും 
അഗ്നിക്കിരയാക്കി. ഗോകുൽപുരിയിൽ ടയർ മാർക്കറ്റും കത്തിച്ചു. മൗജ്‍പൂരിൽ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവൻ അക്രമികൾ കൈക്കലാക്കി. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.

പലയിടത്തും ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വടികളുമേന്തി, മുദ്രാവാക്യങ്ങൾ വിളിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ ഞങ്ങളുടെ പ്രതിനിധികൾ പകർത്തിയിരുന്നു. ഒരു മേഖലയിൽ ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടാണ് അക്രമികൾ മുദ്രാവാക്യം വിളിച്ച് നടക്കുന്നതെങ്കിൽ മറ്റൊരു തെരുവിൽ അല്ലാഹു അക്ബർ മുദ്രാവാക്യങ്ങളാണ്. രണ്ട് കൂട്ടരിലും സ്ത്രീകൾ അടക്കമുള്ളവരുണ്ട്. ചില വീടുകൾക്ക് മുന്നിൽ കാവിപ്പതാക കെട്ടിയതായും, ഹിന്ദു വീടുകളെ വേറെ അറിയാനായി സംഘപരിവാറുകൾ ചെയ്തതാണിതെന്നും ആരോപണമുയർന്നു. അല്ലാത്ത വീടുകളിലേക്ക് അക്രമമുണ്ടായേക്കാമെന്ന ഭീതിയും നിലനിൽക്കുന്നു. 

അതേസമയം, മറ്റ് ചിലയിടത്ത് അല്ലാഹു അക്ബർ മുദ്രാവാക്യങ്ങളുമായി ആളുകൾ കല്ലേന്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും പൊലീസ് ഇടപെടുന്നതേയില്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു.

അക്രമങ്ങൾ വ്യാപിക്കുന്നതിന് മറ്റൊരു കാരണം വ്യാജപ്രചാരണങ്ങളാണ്. അക്രമമുണ്ടായെന്നും ആളുകൾ മരിച്ചെന്നുമടക്കം നിരവധി വ്യാജപ്രചാരണങ്ങളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന് തടയിടാൻ സർക്കാരോ പൊലീസോ ശ്രമിക്കുന്നതുമില്ല. 

അക്രമങ്ങൾ തുടരുന്നതിനാൽ, വടക്കുകിഴക്കൻ ദില്ലിയിൽ അടുത്ത ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 35 കമ്പനി കേന്ദ്രസേനയെയും, രണ്ട് കമ്പനി ദ്രുതകർമസേനയെയും നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

എന്നാൽ നിരോധനാജ്ഞ ലംഘിച്ചും പലയിടങ്ങളിലും അക്രമം തുടരുകയാണ്. ആൾക്കൂട്ടം വടികളുമേന്തി പല തെരുവുകളിലും മാർച്ച് നടത്തുന്നു. പൊലീസിന്‍റെ നാമമാത്രമായ സാന്നിധ്യമാണ് പല മേഖലകളിലുമുള്ളത്. പൊലീസിന്‍റെ സഹായത്തോടെ അക്രമികൾ ദില്ലിയിൽ കലാപം അഴിച്ചുവിടുകയാണെന്ന് ജനങ്ങൾ തന്നെ ആരോപിക്കുന്നു. ദില്ലി ഗോകുൽപുരിയിൽ ഉച്ചയോടെ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ദേശീയപതാകയുമേന്തി എത്തിയ ഒരു സംഘമാളുകൾ വ്യാപാരസ്ഥാപനങ്ങൾക്ക് തീവച്ചു.

'ആവശ്യമെങ്കിൽ സൈന്യം, കേന്ദ്രസേനയെ അയച്ചു', അമിത് ഷാ

അക്രമം തുടങ്ങിയപ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ, ഇന്നലെ രാത്രി തന്നെ ഉന്നതതല യോഗം വിളിച്ചിരുന്നു. അക്രമങ്ങൾ തുടരുന്നതിനാൽ ഇന്നും ഉന്നതതല യോഗം അമിത് ഷാ വിളിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, ദില്ലി ലഫ്. ഗവർണർ അനിൽ ബൈജൽ, ദില്ലി പൊലീസ് കമ്മീഷണർ അമൂല്യ പട്‍നായിക്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആവശ്യമെങ്കിൽ ദില്ലിയിൽ സൈന്യത്തെ ഇറക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി. കേന്ദ്രസേനയെ അയച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നും കെജ്‍രിവാൾ വ്യക്തമാക്കി. 

''അതിർത്തികൾ അടയ്ക്കണം, കൂട്ട അറസ്റ്റ് വേണം'': കെജ്‍രിവാൾ

ഇന്നലെ അക്രമം രാത്രിയോടെ വ്യാപകമായപ്പോൾ, സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ദില്ലിയിൽ പൊലീസിന്‍റെയും ക്രമസമാധാനത്തിന്‍റെയും ചുമതലയുള്ള ലഫ്. ഗവർണർ അനിൽ ബൈജലിന്‍റെ വീട്ടിലേക്ക് മന്ത്രി ഗോപാൽ റായിയെയും കലാപം വ്യാപകമായ മണ്ഡലങ്ങളിലെ എംഎൽഎമാരെയും രാത്രി വൈകി കെജ്‍രിവാൾ അയച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടാമെന്നാണ് അനിൽ ബൈജൽ പറഞ്ഞത്.

എന്നാൽ, പലയിടത്തും, അക്രമം തുടർന്നു കൊണ്ടേയിരുന്നു. പലയിടത്തും രാത്രി തീവെപ്പ് നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ, അക്രമബാധിത മേഖലകളിലെ എംഎൽഎമാരുടെ യോഗം കെജ്‍രിവാൾ വിളിച്ച് ചേർത്തു. പൊലീസ് പലയിടത്തും നിഷ്ക്രിയമാണെന്നും, പലയിടത്തും പൊലീസിന്‍റെ എണ്ണം കുറവാണെന്നും കെജ്‍രിവാൾ വ്യക്തമാക്കി.

ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല. മുകളിൽ നിന്ന് കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നില്ല. പുറത്ത് നിന്ന് നിരവധി പേർ വന്ന് അക്രമം അഴിച്ചു വിടുന്നതായി വിവരങ്ങൾ ലഭിക്കുന്നു. അതിർത്തികൾ അടയ്ക്കണം, പുറത്ത് നിന്ന് വരുന്നവരെ തടയണം. 

പൊലീസുമായി ചേർന്ന് സമാധാനമാർച്ച് നടത്തണമെന്നും, രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേർത്ത് സമാധാനയോഗങ്ങൾ വിളിക്കണമെന്നും കെജ്‍രിവാൾ ആവശ്യപ്പെട്ടു. 

കലാപം നാളെ സുപ്രീംകോടതിയിൽ

ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയാണ് ഹർജി നൽകിയത്. ഇത് നാളത്തെ കേസുകളിൽ പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, ദില്ലി ഹൈക്കോടതിയിലും ഹ്യൂമൻ റൈറ്റ്‍സ് ലോ നെറ്റ്‍വർക്ക് ഈ കലാപത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ചില രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷപ്രസ്താവനയാണ് അക്രമത്തിന് വഴിവച്ചതെന്നും ഹർജിയിൽ പറയുന്നു. 

തത്സമയസംപ്രേഷണം: