ദില്ലി: രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ദില്ലി ഹൈക്കോടതി. ദില്ലിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കർശന നിർദേശം നൽകി. 

രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്‍റ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സർക്കാരിന് വേണ്ടി ഹാജരായത് സർക്കാർ അഭിഭാഷകനായ സഞ്ജയ് ഘോസാണ്.

ദില്ലിയിലെ ന്യൂ മുസ്തഫാബാദ് മേഖലയിലെ ചെറു ആശുപത്രിയായ അൽഹിന്ദിൽ നിന്ന് ജിടിബി ആശുപത്രിയിലേക്ക് പരിക്കേറ്റ ഒരു സംഘമാളുകളെ അടിയന്തരമായി മാറ്റേണ്ടതുണ്ടെന്നും, എന്നാലതിന് തടസ്സമായി കലാപകാരികൾ നിൽക്കുന്നുണ്ടെന്നും, ഹർജി നൽകിയ അഭിഭാഷകൻ സുരൂർ മന്ദർ വ്യക്തമാക്കി. അടിയന്തരമായി വിദഗ്‍ധ വൈദ്യസഹായം ആവശ്യമുള്ളവരാണ് ഇവരെന്നും അഭിഭാഷകൻ വാദിച്ചു. 

ആംബുലൻസ് എത്തിയാൽ ചിലർ ഇതിനെ തടയാനുള്ള സാധ്യതയുണ്ടെന്നും, അതിനായി ആളുകൾ തമ്പടിച്ച് നിൽപുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

വാദത്തിനിടെ, അഭിഭാഷകൻ അൽ ഹിന്ദ് ആശുപത്രിയിലെ ഡോക്ടറോട് ജഡ്‍ജിക്ക് നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാമെന്ന് വ്യക്തമാക്കി. ഇതിനായി ഡോ. അൻവർ എന്ന ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് സ്പീക്കർ ഫോണിൽ ന്യായാധിപർ സംസാരിക്കുകയും ചെയ്തു. ആശുപത്രിയിൽ രണ്ട് പേർ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേർക്കെങ്കിലും വിദഗ്‍ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും, ഡോക്ടർ ജഡ്‍ജിക്ക് വിശദീകരിച്ച് നൽകി. പല തവണ പൊലീസിനെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു.

Read more at: 'ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ എന്നോട് മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചു'

ഈ സമയത്ത് പരിക്കേറ്റവരുടെ ജീവനാണ് പ്രാധാന്യമെന്ന് പറഞ്ഞ ഹൈക്കോടതി, അടിയന്തരമായി പരിക്കേറ്റ എല്ലാവരെയും വിദഗ്‍ധ ചികിത്സ ആവശ്യമുള്ള ആശുപത്രികളിലേക്ക് മാറ്റണമെന്ന് പൊലീസിന് കർശന നിർദേശം നൽകി. ഇതിനായി ആംബുലൻസുകൾ കടന്ന് പോകുമ്പോൾ, അത് തടയിടാൻ പാടില്ല. കലാപബാധിതമേഖലകളിൽ കൂടുതൽ സേനയെ വിന്യസിക്കണം. ജിടിബി ആശുപത്രിയിലല്ലെങ്കിൽ, LNGP-യിലോ മൗലാന ആസാദ് ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രികളിലേക്ക് ഇവരെ മാറ്റണമെന്ന് നിർദേശം,

ഉത്തരവ് ഇറങ്ങുംമുമ്പ് തന്നെ കിഴക്കൻ ഡിസിപി ആശുപത്രിയിലെത്തി, പരിക്കേറ്റ രെ ആംബുലൻസിലേക്ക് കയറ്റിത്തുടങ്ങിയതായി വിവരം വന്നു.

അതേസമയം, ദില്ലിയിൽ ഇപ്പോഴും പല ആശുപത്രികളിലായി പരിക്കേറ്റവരെത്രയെന്നോ, അവരുടെ സ്ഥിതിയെന്നോ ഒരു കണക്കും ദില്ലി പൊലീസിന്‍റെ പക്കലില്ല. മെഡിക്കൽ/ പൊലീസ് കണട്രോൾ റൂമുകളിൽ നിന്ന് വിവരങ്ങളെടുത്ത് തുടങ്ങാൻ കോടതി നിർദ്ദേശം നൽകി. ഇന്ന് ഉച്ചയോടെ തന്നെ തൽസ്ഥിതി റിപ്പോർട്ട് ഉറപ്പാക്കണമെന്നും കോടതി പൊലീസിന് നിർദേശം നൽകി.

അതേസമയം, വിവരശേഖരണം നടത്തി വരികയാണെന്ന്, മുതിർന്ന പൊലീസുദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ ആ വിവരങ്ങളടക്കം തൽസ്ഥിതി റിപ്പോർട്ടും, അടക്കം ഉച്ചയോടെ സമർപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2.30-യ്ക്ക് ഈ ഹർജി പരിഗണിക്കുമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.