ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പോലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം  വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല  യോഗം കഴിഞ്ഞ് മണിക്കൂറുകല്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്. 

സൈന്യവും ദില്ലി പോലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലപ്പോക്കിലാണ്. വര്‍ഗീയ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രണ് തവണയാണ് അമിത്ഷാ ഉന്നത തലയോഗം വിളിച്ചത്. ദില്ലി പോലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ള തായി സൂചനകള്‍ പുറത്ത് വന്നിരുന്നു. സൈന്യത്തിന്‍റെ സഹായം തേടണമെന്ന് രണ്ടാമത് നടന്ന ഉന്നത തലയോഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത്ഷായോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും  ആവശ്യത്തിന്  അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട്. കലാപ പ്രദേശങ്ങളില്‍ സമാധാന യോഗം വിളിക്കാനും, പോലീസും ജനപ്രതിനിധികളും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഉന്നത തല യോഗത്തില്‍ ഉയര്‍ന്നത്.  

യോഗം നടന്നതിന് ശേഷവും കലാപം പൊട്ടിപ്പുറപ്പെടുന്ന പശ്ചാത്തലത്തിലാണ് മന്ത്രിമാരുമൊത്ത് രാജ്ഘട്ടിലെത്തി കെജ്രിവാള്‍ പ്രതിഷേധിച്ചത്. കലാപ സ്ഥലങ്ങളിലെ എംഎല്‍എമാരുടെ യോഗം രാവിലെ വിളിച്ച കെജ്രിവാള്‍ ആഭ്യന്ത്രമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പോലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരടക്കമാണ് കലാപത്തിന് ഇരകളായത് എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ മെല്ലെപ്പോക്കില്‍ സംശയം സൃഷ്ടിക്കുന്നു.