ദില്ലി: പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളിൽ ദില്ലിയിൽ മരണം അഞ്ചായി. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നൻ്റ് ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംഘ‌ർഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവിൽ ദില്ലിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോ‌ർട്ടുകൾ.