ദില്ലി: സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സഹോദരനെ വെടിവെച്ച് കൊന്നതെന്ന് ദില്ലിയിലെ കലാപത്തില്‍ വെടിയേറ്റ് മരിച്ച മുദ്‍സര്‍ ഖാന്‍റെ സഹോദരങ്ങള്‍. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് മുദ്‍സറിനെ വെടിവെച്ച് കൊന്നതെന്നും സഹോദരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയതായിരുന്നു മുദ്‍സര്‍. രാവിലെ പതിനെന്ന് മണിയോടെയാണ് സംഭവം. ആര്‍എസ് എസ് പ്രവര്‍ത്തകര്‍ സംഘം ചേർന്ന് എത്തി തെരുവില്‍ സഹോദരന് നേരെ വെടിയുതിര്‍ത്തു. രണ്ടുപ്രാവശ്യമാണ് അവര്‍ വെടിയുതിര്‍ത്തത്. അടുത്ത് പൊലീസുകാരുമുണ്ടായിരുന്നു. അവന് ഒരു കുടുംബമുണ്ട്. എല്ലാം ചെയ്യുന്നത് ആര്‍എസ്എസുകാരാണ്. വീടിന് അടുത്ത പ്രദേശങ്ങളിൽ വ്യാപക ആക്രമണമാണുണ്ടായതെന്നും സഹോദരങ്ങള്‍ പ്രതികരിച്ചു. 

"

കഴിഞ്ഞ ദിവസങ്ങളിലായി ദില്ലിയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 20 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയിൽ നിന്നുണ്ടായ സ്ഥിരീകരണം. ദില്ലിയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്  മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. അതേ സമയം ദില്ലിയിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. 

അതേ സമയം ദില്ലിയിലേത് ആശങ്കാജനകമായ സ്ഥിതിയാണെന്നും  കലാപം തുടരുന്ന ദില്ലിയില്‍ പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്‍തു. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നൽകുമെന്നും കെജ്‍രിവാള്‍ അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.