ദില്ലി: തുടർച്ചയായ വിദ്വേഷപ്രസംഗങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ബിജെപി നേതാവ് കപിൽ മിശ്ര, തന്‍റെ പ്രകോപനപ്രസംഗത്തെ ന്യായീകരിച്ച് രംഗത്ത്. വടക്കുകിഴക്കൻ ദില്ലിയിൽ അക്രമം അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, കപിൽ മിശ്ര നടത്തിയ സിഎഎ അനുകൂല റാലിയിൽ, രണ്ട് ദിവസത്തിനകം സിഎഎ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ പിന്നെ ചെയ്യേണ്ടത് എനിക്കറിയാം എന്നാണ് പ്രസംഗിച്ചത്. ഇതിനോട് 'ജയ് ശ്രീറാം' വിളികളുമായി ആർത്ത് വിളിച്ച് ബിജെപി അനുകൂലികൾ പ്രതികരിക്കുന്നതും കാണാമായിരുന്നു. ഇതിന് ശേഷമാണ് വടക്കുകിഴക്കൻ ദില്ലി കലാപഭൂമിയാകുന്നത്. എന്നാൽ തന്‍റെ പ്രസംഗത്തിൽ ഒരു തെറ്റുമില്ലെന്നാണ് കപിൽ മിശ്ര പറയുന്നത്.

സിഎഎ വിരുദ്ധസമരം നടക്കുന്നയിടമെല്ലാം ''മിനി പാകിസ്ഥാൻ'' ആണെന്ന് പറഞ്ഞ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിലക്ക് വാങ്ങിയ ആളാണ് കപിൽ മിശ്ര. 

തനിക്ക് വധഭീഷണി വരുന്നുണ്ടെന്നും, അപമാനിക്കാനുദ്ദേശിച്ചുകൊണ്ട് ഫോൺ കോളുകൾ വരുന്നുണ്ടെന്നും, എന്നാലിതിലൊന്നും കുലുങ്ങില്ലെന്നുമാണ് കപിൽ മിശ്ര പറയുന്നത്. സിഎഎയെ അനുകൂലിക്കുന്നു എന്നത് കൊണ്ട് താൻ ചെയ്തത് തെറ്റാകില്ലെന്നും കപിൽ മിശ്ര.

''എനിക്ക് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി കോളുകൾ വരുന്നുണ്ട്. നിരവധി രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും എന്നെ അപമാനിക്കുന്നു. എന്നാൽ എനിക്ക് പേടിയൊന്നുമില്ല. ഞാനൊന്നും ചെയ്തിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ല'', എന്ന് കപിൽമിശ്ര.

എന്നാൽ അന്നത്തെ ദിവസം കപിൽ മിശ്ര പറഞ്ഞതെന്ത്? ''ദില്ലി പൊലീസിന് മൂന്ന് ദിവസം തരാം. അതിനുള്ളിൽ റോഡ് ഒഴിപ്പിച്ചേക്കണം. ജഫ്രാബാദിലായാലും ചാന്ദ് ബാഗിലായാലും. ഇല്ലെങ്കിൽ അത് കഴിഞ്ഞാൽ നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കില്ല. ട്രംപ് പോകുന്നത് വരെ കാക്കും. അത് കഴിഞ്ഞാൽ...'', എന്നാണ് കപിൽ മിശ്ര പറഞ്ഞത്. 

ബിജെപിക്കുള്ളിൽത്തന്നെ മിശ്രയുടെ ഈ പരാമർശത്തിന് എതിരെ വിമർശനമുയർന്നിരുന്നു. എംപിയും മുൻ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീർ ഇതിനെ വിമർശിച്ചു. എന്നാൽ, ദില്ലി ബിജെപി പ്രസിഡന്‍റ് വിജേന്ദർ ഗുപ്ത ഇതിനെ അനുകൂലിക്കുകയായിരുന്നു. 

ബിജെപി കേന്ദ്രനേതൃത്വം ഇതിനെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെങ്കിലും ഇതുവരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. ഇത്തരം പ്രകോപനപ്രസംഗങ്ങൾ നടത്തുന്ന മിശ്രയ്ക്ക് എതിരെ നടപടിയെടുക്കാൻ പോലും ബിജെപി തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.