Asianet News MalayalamAsianet News Malayalam

ഗോകുൽപുരിയിൽ വീണ്ടും സംഘർഷം: ടയർ മാർക്കറ്റ് കത്തിച്ചത് ഇത് മൂന്നാം തവണ

ചൊവ്വാഴ്ച വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ ഇടമാണ് ഗോകുൽപുരി. വെടിവെപ്പും, തീവെപ്പും, കല്ലേറും നടന്നയിടം. ഇന്ന് ഇതേ ഇടത്താണ് വീണ്ടും അക്രമം അരങ്ങേറിയിരിക്കുന്നത്. 

delhi riots again clashes in gokulpuri tyre market burnt police reaches late
Author
New Delhi, First Published Feb 26, 2020, 10:30 AM IST

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി, ഗോകുൽപുരിയിൽ ഇന്ന് വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി. തുടർച്ചയായ അക്രമങ്ങൾ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോൾ ഇവിടെ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ല.

പിന്നീട് തീ ആളിപ്പടർന്നപ്പോൾ മാത്രമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‍സും എത്തിയത്. കൃത്യമായ തരത്തിൽ ദില്ലി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി ഒരു പദ്ധതിയോടെ പ്രവർത്തിക്കുന്നില്ല എന്ന സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്. 

ഗോകുൽപുരിയ്ക്ക് അടുത്തുള്ള ജഫ്രാബാദിലും മുസ്തഫാബാദിലും ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഇടമാണ്. ഗോകുൽപുരിയിൽത്തന്നെയാണ് ഇന്നലെ രാവിലെ പൊലീസ് നോക്കി നിൽക്കേ വെടിവെപ്പ് നടന്നത്. ഒരു കുട്ടിയു‌ൾപ്പടെ വെടിയേറ്റ് മണിക്കൂറുകളോളം ആരും നോക്കാനില്ലാതെ വഴിയരികിൽ കിടന്നത്. 

ജഫ്രാബാദിലും മുസ്തഫാബാദിലും ഇന്ന് രാവിലെ കേന്ദ്രസേന എത്തിയിരുന്നു. ജഫ്രാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഷഹീൻബാഗ് മോഡൽ സമരവുമായി ഇരുന്ന സ്ത്രീകളുൾപ്പടെയുള്ള സമരക്കാരെ കേന്ദ്രസേന ഒഴിപ്പിച്ചിരുന്നു.

അതേസമയം ജാഫ്രാബാദിൽ ഈ മേഖലയിലെ ആളുകളെല്ലാം കൂട്ടത്തോടെ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പലരുടെയും വീടുകൾ തീവയ്ക്കപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റുകയാണ്. അതിനാൽത്തന്നെ, ഭീതിയോടെയാണ് ന്യൂനപക്ഷമേഖലകളിലുള്ളവരെല്ലാം കഴിയുന്നത്. 

Follow Us:
Download App:
  • android
  • ios