'കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും അവകാശമില്ല, പൊലീസിനെ വിളിക്കലാണ് വിസിയുടെ പണി': പ്രതിഷേധവുമായി ഇഫ്‌ലു വിദ്യാര്‍ഥികള്‍

By Web TeamFirst Published Dec 28, 2019, 3:31 PM IST
Highlights

ക്യാമ്പസിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ല എന്ന് അഡ്‌മിഷന്‍ സമയത്ത് ഒപ്പിട്ടുവാങ്ങുന്ന സമ്മതപത്രം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ പ്രതികാരം

ഹൈദരാബാദ്:   പ്രവേശന സമയത്ത് വാങ്ങിയ പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കില്ലെന്ന സമ്മതപത്രം ഉപയോഗിച്ച് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല (ഇഫ്ലു) അധികൃതര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നു.   ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചാല്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുള്ളതായി വിദ്യാര്‍ഥികള്‍ പറയുന്നു. ക്യാമ്പസിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ല എന്ന് അഡ്‌മിഷന്‍ സമയത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ഒപ്പിട്ടുവാങ്ങുന്ന സമ്മതപത്രം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ പ്രതികാരം. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി സര്‍ഗാത്മക പ്രതിഷേധം നടക്കുകയാണ് ഇഫ്‌ലുവില്‍. വിവാദ ഭേദഗതിക്കെതിരെ ലൈബ്രറിക്ക് മുന്നില്‍ ഒറ്റയാള്‍ സമരം ചെയ്‌ത് പ്രതിഷേധിച്ച മലയാളി ഗവേഷണ വിദ്യാര്‍ഥി നന്ദു പാര്‍വതി പ്രദീപിനെയും സര്‍വകലാശാല ഭീഷണിപ്പെടുത്തി. ക്യാമ്പസില്‍ നേരിട്ട ദുരനുഭവങ്ങള്‍ നന്ദു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെച്ചു. 

 

 

'ഒരുമിച്ചിരുന്ന് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ പോലും അനുവാദമില്ല'!

'യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരല്ലാത്ത പ്രതിഷേധങ്ങള്‍ക്ക് പോലും ക്യാമ്പസില്‍‍ വിലക്കാണ്. ഞങ്ങളുടെ ക്യാമ്പസിനകത്ത് ഒരുതരത്തിലുള്ള പ്രതിഷേധവും നടത്താന്‍ അനുവാദമില്ല. ജാമിയ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റതിന്‍റെ പിറ്റേദിവസവും ക്യാമ്പസില്‍ പൊലീസെത്തി. രണ്ടാള്‍ കൂടിയാല്‍ പോലും പൊലീസിനെ വിളിക്കുകയാണ് സര്‍വകലാശാല ചെയ്യുന്നത്'.

ക്യാമ്പസിന് പുറത്തും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വിലക്കാണെന്നും നന്ദു പറയുന്നു. 'ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാന്‍ മുന്‍പ് ശ്രമിച്ചിരുന്നു. ക്യാമ്പസില്‍ പ്രതിഷേധം അനുവദനീയമല്ല എന്നതുകൊണ്ടാണ് ഗേറ്റിന് പുറത്ത് സംഘടിപ്പിച്ചത്. ക്യാമ്പസിന് പുറത്ത് വിദ്യാര്‍ഥികള്‍ സംഘടിച്ചതും പൊലീസിനെ വിളിക്കുകയാണ് വിസി ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒസ്‌മാനിയ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഞങ്ങളെ തടഞ്ഞു'.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയതാണ് നന്ദു പാര്‍വതി പ്രദീപിനെതിരെ യൂണിവേഴ്‌സിറ്റി തിരിയാന്‍ കാരണം. അതിനെ കുറിച്ച് നന്ദു പറയുന്നത്- 'ലൈബ്രറിക്ക് മുന്നില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാതെ, വഴിപോലും മുടക്കാതെയാണ് പ്രതിഷേധിച്ചത്. ഒരു പ്ലക്കാര്‍ഡ് മാത്രമായിരുന്നു കയ്യില്‍. 10 മിനുറ്റ് കഴിഞ്ഞതും സെക്യൂരിറ്റി വന്നു. ഇവിടെ ഇതൊന്നും അനുവദിക്കില്ല എന്ന് പറഞ്ഞു. അവരത് അഡ്‌മിന് റിപ്പോര്‍ട്ട് ചെയ്തു. പ്രോക്‌റ്റര്‍ വന്നു. ഇവിടെ ഇതൊന്നും അനുവദനീയമല്ല, അനാവശ്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്, പൊലീസിനെ വിളിക്കും എന്നുപറഞ്ഞു. പിന്തിരിപ്പിക്കാന്‍ ഡിപ്പാര്‍ട്‌മെന്‍റ് വഴി ശ്രമം നടത്തി. ഡിപ്പാര്‍ട്‌മെന്‍റില്‍ നിന്ന് തന്‍റെ ഫയലുകള്‍ അഡ്‌മിനിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്' എന്നും നന്ദു പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു കഴിഞ്ഞ ദിവസം ഇഫ്‌ലു വിദ്യാര്‍ഥികള്‍. അവിടെയും സുരക്ഷ ജീവനക്കാരെ വിട്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രശ്നങ്ങളുണ്ടാക്കി. 'പ്രതിഷേധത്തിനായി 12 ഓളം കുട്ടികള്‍ പ്ലക്കാര്‍ഡ് എഴുതുകയായിരുന്നു. എന്‍ആര്‍സിക്കും സിഎഎക്കും എതിരെ മുദ്രാവാക്യങ്ങള്‍ എഴുതരുതെന്ന് സുരക്ഷാ ജീവനക്കാര്‍ നിര്‍ദേശിച്ചു. വിസിയുടെ നിര്‍ദേശങ്ങളോടെയാണ് ജീവനക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത് എന്നാണ് മനസിലാക്കുന്നത്. ഒരുമിച്ചിരുന്ന് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ പോലും അനുവാദം ക്യാമ്പസിലില്ല' എന്നും നന്ദു പാര്‍വതി പ്രദീപ് വ്യക്തമാക്കി. 

 

 

പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത് വൈസ് ചാന്‍സലര്‍

ഇതിനിടെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച പരസ്യനിലപാടെടുത്തയാളാണ് ഇഫ്‌ലു വൈസ് ചാന്‍സലര്‍ ഇ സുരേഷ് കുമാര്‍. ഭേദഗതിയെ അനുകൂലിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വൈസ് ചാന്‍സലര്‍ എഴുതിയ ലേഖനം വലിയ വിവാദമായിരുന്നു. ഇതില്‍ സ്റ്റുഡന്‍റ് കൗണ്‍സില്‍ പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും വിസി നിലപാട് മാറ്റിയിട്ടില്ല.  

 

 

വിവാദ സമ്മതപത്രം ഇങ്ങനെ

സര്‍വകലാശാലയില്‍ നടക്കുന്ന ഒരുതരത്തിലുള്ള സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കില്ല എന്ന് എഴുതി വാങ്ങിയ ശേഷമാണ് ഇഫ്‌ലുവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ ലംഘിച്ചാല്‍ പുറത്താക്കുന്നത് അടക്കമുള്ള നടപടിയെടുത്തുകൊള്ളാന്‍ സര്‍വകലാശാലക്ക് അനുമതി നല്‍കുന്ന വ്യവസ്ഥയും ഇതിലുണ്ട്. വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇഫ്‌ലു അധികൃതര്‍ ഉപയോഗിക്കുന്നത് ഈ സമ്മതപത്രമാണ്. 

 

 

എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇഫ്‌ലുവില്‍ പ്രതിഷേധം തുടരുമെന്ന് നന്ദു പാര്‍വതി പ്രദീപ് ഉള്‍പ്പെടെയുള്ള മലയാളി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. 'വിഷയത്തില്‍ വൈസ് ചാന്‍സ്‌ലറെ പരസ്യ സംവാദത്തിന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി വിസിയെ ക്ഷണിച്ച് കത്തെഴുതാനാണ് തീരുമാനം' എന്ന് ഇഫ്‌ലുവിലെ മറ്റൊരു മലയാളി വിദ്യാര്‍ഥിയായ അജയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഇഫ്‌ലു സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ ഇതാദ്യമല്ല. യൂണിയന്‍ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മലയാളി വിദ്യാര്‍ഥികളടക്കം 11 പേരെ മുന്‍പ് ഹോസ്റ്റലില്‍ നിന്ന് ഇഫ്‌ലു പുറത്താക്കിയിരുന്നു. ജാമിയ മിലിയയിലെ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നവരാണ് ഇഫ്‌ലുവിലെ അധ്യാപക സംഘടന. എന്നാല്‍ ക്യാമ്പസിലെ പ്രതിഷേധങ്ങളില്‍ അധ്യാപകര്‍ പങ്കെടുക്കാറില്ല. അധ്യാപകരുടെ പിന്തുണയുണ്ടെങ്കില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ കൂടുതല്‍ ഫലംകാണുമായിരുന്നു എന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥി പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരണമറിയാന്‍ വിസിയെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 

click me!