Asianet News MalayalamAsianet News Malayalam

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റത്തിന്‍റെ കാരണം ഇവയാണ്; വെളിപ്പെടുത്തല്‍

പലദിവസങ്ങളിലും ജോലിസമയം പൂര്‍ത്തിയാക്കിയില്ല. കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ബെഞ്ച് പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ ഒരുരാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുണ്ട്. ചെന്നൈ നഗരത്തില്‍ താഹില്‍ രമാനി ഫ്ലാറ്റുകള്‍ വാങ്ങിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

Collegium reveals key reason for Justice Tahilramani transfer
Author
New Delhi, First Published Sep 22, 2019, 2:15 PM IST

ദില്ലി: വിവാദമായ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റത്തിന് കാരണമായത് ജോലി സമയം പൂര്‍ത്തിയാക്കാതെന്ന് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുരാഷ്ട്രീയ നേതാവുമായുള്ള ബന്ധവും നടപടിക്ക് കാരണമായെന്ന് കൊളീജിയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന താഹില്‍ രമാനി പലദിവസങ്ങളിലും ജോലിസമയം പൂര്‍ത്തിയാക്കിയില്ല.

കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ബെഞ്ച് പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ ഒരുരാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുണ്ട്. ചെന്നൈ നഗരത്തില്‍ താഹില്‍ രമാനി ഫ്ലാറ്റുകള്‍ വാങ്ങിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിമാരായിരുന്ന  മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് താഹിൽ രമാനിയുടെ സ്ഥലമാറ്റത്തിന് തീരുമാനിച്ചതെന്നും കൊളീജിയം വ്യക്തമാക്കുന്നു.

പല ദിവസങ്ങളിലും ഉച്ച വരെ മാത്രമേ ജസ്റ്റിസ് താഹിൽ രമാനി കേസുകള്‍ കേട്ടിരുന്നുള്ളു. മദ്രാസ് ഹൈക്കോടതിയിലെ 52 ജഡ്ജിമാര്‍  സ്വത്ത് വിവര പട്ടിക വെബ്സൈറ്റിൽ വെളിപ്പെടുത്തിയപ്പോള്‍  താഹിൽ രമാനി അത് ചെയ്തില്ല. വിഗ്രഹ മോഷണ കേസുകൾ പരിഗണിച്ചിരുന്ന ബഞ്ച് കാരണം പറയാതെയാണ് താഹില്‍ രമാനി പിരിച്ചുവിട്ടത്. 

എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും കാരണങ്ങൾ വെളിപ്പെടുത്തുകയെന്നത് കൊളീജിയത്തിന്‍റെ നടപടിക്രമങ്ങൾക്ക് ഭൂഷണമല്ലെന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് ജസ്റ്റിസ് താഹിൽ രമാനി പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios