Asianet News MalayalamAsianet News Malayalam

'എല്ലാറ്റിനും കാരണമുണ്ട്': വിവാദമായ ജഡ്‍ജിമാരുടെ സ്ഥലം മാറ്റങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതി

ഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും എന്നാൽ സ്ഥലം മാറ്റങ്ങൾക്കുള്ള കാരണങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സുപ്രീംകോടതി.

contoversial transfers of collegium supreme court issues clarification statement
Author
New Delhi, First Published Sep 12, 2019, 6:46 PM IST

ദില്ലി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. 

എന്നാൽ സ്ഥലം മാറ്റങ്ങൾക്കുള്ള കാരണങ്ങൾ വെളിപ്പെടുത്തുകയെന്നത് കൊളീജിയത്തിന്‍റെ നടപടിക്രമങ്ങൾക്ക് ഭൂഷണമല്ലെന്ന് പ്രസ്താവനയിലുണ്ട്. അടിയന്തരസാഹചര്യം വന്നാൽ വേണമെങ്കിൽ കാരണങ്ങൾ വെളിപ്പെടുത്താൻ കൊളീജിയത്തിന് മടിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. 

രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി രാജി വച്ചത് വലിയ വിവാദമാണുണ്ടാക്കിയത്.

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളാണ് വിജയ താഹിൽരമാനി. ദീർഘകാലപരിചയമുള്ള വനിതാജഡ്‍ജിമാരിൽ മുൻനിരക്കാരി. ചെന്നൈയിലെ 75 ജഡ്‍ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്‍ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹിൽ രമാനിയെ സ്ഥലം മാറ്റുന്നത്. 

രാജ്യത്തെ മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി ഒറ്റ നടപടിയേ വിജയ താഹിൽരമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ - രാജി. 

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമാനിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‍കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

2017-ലും സമാനമായ സംഭവമുണ്ടായിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനിരിക്കെ ജസ്റ്റിസ് ജയന്ത് പട്ടേലിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജി വച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജയന്ത് പട്ടേൽ. 

Follow Us:
Download App:
  • android
  • ios