ഗുവാഹത്തി: 'വിദേശി'യെന്ന് മുദ്ര കുത്തി ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയച്ച, ഇന്ത്യൻ സൈന്യത്തിലെ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥനെ വീണ്ടും പുറത്താക്കി അസം പൗരത്വ റജിസ്റ്റർ. കരസേനയിൽ സേവനമനുഷ്ഠിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർ മുഹമ്മദ് സനാവുള്ളയെയാണ് വീണ്ടും പൗരത്വ റജിസ്റ്ററിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. സനാവുള്ളയ്‍ക്കോ കുടുംബത്തിനോ ഇതോടെ ഇനി ഇന്ത്യൻ പൗരത്വമുണ്ടാകില്ല.
''ചഗ്യോനിലെ എൻആർസി സേവാ കേന്ദ്രയിലേക്ക് ഞാൻ വിളിച്ചിരുന്നു. എല്ലാ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു. അവസാനനിമിഷവും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അതുണ്ടായില്ല. എന്‍റെ പേര് മാത്രമല്ല, എന്‍റെ മക്കളായ ഷെഹ്‍നാസ്, ഹിൽമിന, സയ്യീദ് എന്നിവരുടെയൊന്നും പേര് പൗരത്വ റജിസ്റ്ററിലില്ല'', സനാവുള്ള ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത, പ്രസിഡന്‍റിന്‍റെ മെഡൽ വാങ്ങിയ സൈനിക ഓഫീസറെയാണ് കഴിഞ്ഞ വർഷം ട്രൈബ്യൂണൽ 'വിദേശി'യെന്ന് മുദ്ര കുത്തി ഡിറ്റൻഷൻ ക്യാമ്പിലേക്കയച്ചത്. ഇത് വലിയ വിവാദവും ചർച്ചയുമായതോടെ, വിദേശ ട്രൈബ്യൂണലിന്‍റെ വിധി ഗുവാഹത്തി ഹൈക്കോടതി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സനാവുള്ളയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതുക്കിയ പട്ടികയിൽ നിന്നും അദ്ദേഹത്തെയും കുടുംബത്തെയും ഒഴിവാക്കിയിരിക്കുന്നത്.
പൗരത്വരേഖകൾ ഹാജരാക്കിയിട്ടും കാംരൂപിലെ ഫോറിനേഴ്‍സ് ട്രൈബ്യൂണൽ സനാവുള്ളയ്ക്ക് പൗരത്വം നൽകാൻ തയ്യാറായില്ല. 2008 മുതൽ സനാവുള്ളയുടെ പേര് 'D' എന്ന ലിസ്റ്റിലാണ്. പൗരത്വമുണ്ടോ എന്ന് സംശയമുള്ളവരുടെ ലിസ്റ്റാണ് 'Doubtful Voters List'. ഫോറിനേഴ്‍സ് ട്രൈബ്യൂണലും പൗരത്വമില്ലെന്ന് വിധിച്ചതോടെ സനാവുള്ളയെ കഴിഞ്ഞ മെയ് മാസത്തിൽ ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയച്ചിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് സനാവുള്ളയ്ക്ക് സുപ്രീംകോടതി ഇടപെട്ട് ജാമ്യമനുവദിച്ചത്. എന്നാൽ കേസ് പരിഗണിച്ച ഗുവാഹത്തി ഹൈക്കോടതി പൗരത്വമില്ലെന്ന് വിധിച്ച ട്രൈബ്യൂണൽ വിധി റദ്ദാക്കിയില്ല. പകരം കേസിൽ വിശദമായ വാദം കേൾക്കാമെന്ന് തീരുമാനിച്ചു.
1987-ലായിരുന്നു ജൂനിയർ കമ്മീഷൻഡ് ഓഫീസർ സനാവുള്ള ഇന്ത്യൻ കരസേനയിൽ ചേർന്നത്. സനാവുള്ളയുടെ സർവീസ് ബുക്കിൽ 'യുദ്ധമേഖലയിലെ സേവനം' എന്ന കോളത്തിൽ ജമ്മു കശ്മീർ എന്നും മണിപ്പൂർ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അസം സർക്കാരിന്‍റെ ഉദ്യോഗസ്ഥനായ ചന്ദ്രമാൽ ദാസാണ്, സനാവുള്ള 'വിദേശി' തന്നെയാണെന്ന് കാണിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇതേത്തുടർന്ന് 2008-ൽ 'പൗരത്വം' തെളിയിക്കണമെന്ന് കാട്ടി സനാവുള്ളയ്ക്ക് നോട്ടീസ് നൽകി. പൗരത്വ റജിസ്റ്റർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 2018-ൽ സനാവുള്ള ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാൽ 2018 മെയ് 23-ന് സനാവുള്ള വിദേശിയാണെന്ന് കാട്ടി ട്രൈബ്യൂണൽ ഗോൽപാറയിലെ ഡിറ്റൻഷൻ സെന്‍ററിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ, സനാവുള്ളയെ അറസ്റ്റ് ചെയ്ത് ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയച്ച വാർത്ത വിവാദമായതോടെ, റിപ്പോർട്ട് തയ്യാറാക്കിയ ചന്ദ്രമാൽ ദാസ് വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്‍റെ റിപ്പോർട്ടിൽ പറഞ്ഞയാൾ ബംഗ്ലാദേശിൽ നിന്നുള്ള ഒരു ''പണിക്കാരനാണെ''ന്നും, ഇപ്പോൾ ഡിറ്റൻഷൻ ക്യാമ്പിലുള്ളയാളല്ലെന്നുമായിരുന്നു ദാസ് വ്യക്തമാക്കിയത്. ദാസ് അപ്പോഴേക്കും സർവീസിൽ നിന്ന് വിരമിച്ചിരുന്നു.
സനാവുള്ളയുടെ കേസ് സുപ്രീംകോടതിയിലെത്തിച്ചതും, വാദിച്ച് ഡിറ്റൻഷൻ ക്യാമ്പിൽ നിന്ന് മോചനം ഉറപ്പാക്കിയതും മുതിർന്ന അഭിഭാഷകയായിരുന്നു ഇന്ദിരാ ജയ്‍സിംഗാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റ് മുതൽ പാസ്പോർട്ടും, കരസേനയിൽ നിന്നുള്ള വിടുതൽ രേഖകളുമെല്ലാം സനാവുള്ള ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്നതാണെന്ന് ജയ്‍സിംഗ് വാദിച്ചു.
ഗുവാഹത്തി ഹൈക്കോടതിയിൽ സനാവുള്ളയുടെ ഹർജി ഇപ്പോഴും പരിഗണനയിലിരിക്കുകയാണ്. അന്തിമവിധി കാത്തിരിക്കുമ്പോഴും രണ്ടാം പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് സനാവുള്ളയ്ക്കും കുടുംബത്തിനും തിരിച്ചടിയാവുകയാണ്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പിഴവുകൾ എന്തുചെയ്യും?
അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ഇവരെ 'വിദേശി'കളായി പ്രഖ്യാപിക്കില്ല. പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി 'വിദേശികളുടെ ട്രൈബ്യൂണലി'നെ സമീപിക്കാം. ഓഗസ്റ്റ് 31 മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം. ട്രൈബ്യൂണൽ രേഖകൾ പരിശോധിച്ച് അന്തിമ തീർപ്പ് കൽപിക്കും.
ആയിരം ട്രൈബ്യൂണലുകളെങ്കിലും ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. ഇപ്പോൾ 100 ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. 200 ട്രൈബ്യൂണലുകൾ കൂടി സെപ്റ്റംബർ ആദ്യവാരം തുറക്കും. ട്രൈബ്യൂണൽ എതിരായി വിധിച്ചാൽ ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാം. പക്ഷേ, ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് എത്തിയ തീർത്തും ദരിദ്രരായ ജനങ്ങളിൽ എത്ര പേർക്ക് ഇത്തരം നിയമപോരാട്ടങ്ങൾ നടത്താൻ പണവും സ്വാധീനവുമുണ്ടെന്നതാണ് മറ്റൊരു ചോദ്യം. ആരെയും അറസ്റ്റ് ചെയ്ത് ജയിലിലിടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.
പൗരത്വ റജിസ്റ്റർ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അതിർത്തിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു. ഗുവാഹത്തിയിലടക്കം അക്രമം ഉണ്ടായ ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അസമിൽ മാത്രം ഇരുപതിനായിരം അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
എല്ലാ സുരക്ഷകളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അസം പൊലീസ് ട്വീറ്റ് ചെയ്യുന്നു. വ്യാജ പ്രചാരണം നടത്തിയാൽ അറസ്റ്റുൾപ്പടെയുള്ള നടപടികളുണ്ടാകുമെന്നും അസം പൊലീസ് വ്യക്തമാക്കി.
'യഥാർത്ഥ' പൗരൻമാർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ നിന്ന് സഹായം നൽകുമെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബിജെപിയും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികളും ചില സന്നദ്ധസംഘടനകളും സഹായം വാഗ്‍ദാനം ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam