'മാധ്യമ ശ്രദ്ധ മാറുമ്പോള്‍ ഞങ്ങളുടെ സ്ഥിതിയെന്താവുമെന്ന് അറിയില്ല'; ഹാഥ്റസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

By Web TeamFirst Published Oct 1, 2020, 3:07 PM IST
Highlights

'അവരുടെ വയലുകളില്‍ നിന്നാണ് കാലികള്‍ക്ക് തീറ്റയെടുക്കുന്നത്, അവിടെയാണ് പണിയെടുക്കുന്നത്.അവര്‍ ഞങ്ങളെ നോക്കാറില്ല. ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങളുടെ മക്കള്‍ പീഡിപ്പിക്കപ്പെട്ടാലും അവര്‍ക്ക് ഒന്നുമില്ല'

ഹാഥ്റസ്: ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ ദാരുണമരണത്തിനും പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംസ്കാരത്തിനും പിന്നാലെ വരുന്നത് ജാതി വ്യവസ്ഥയുടെ മുറിവുകള്‍ നിരന്തരം പേറുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വാക്കുകള്‍. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇടയില്‍ താമസിക്കുന്ന വിരലിലെണ്ണാവുന്ന ബന്ധുക്കളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കൊപ്പമുള്ളത്. സ്കൂള്‍ മുതല്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനായി കടയിലെത്തുമ്പോള്‍ വരെ നേരിടുന്ന വിവേചനവും തൊട്ട് കൂടായ്മയും തങ്ങളെ ഇപ്പോള്‍ കാര്യമായി ബാധിക്കില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നത്. 

മാധ്യമങ്ങളുടെ ശ്രദ്ധ വിഷയത്തില്‍ നിന്ന് മാറിക്കഴിയുമ്പോള്‍ തങ്ങളുടെ അവസ്ഥയെന്താകുമെന്ന ഭയവും ബന്ധുക്കള്‍ മറച്ച് വയ്ക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട് പോയ തങ്ങളുടെ വേദനകളില്‍ ഒന്ന് കൂടി എന്ന നിലയിലേ പെണ്‍കുട്ടിയുടെ ദാരുണമരണം കാണാന്‍ കഴിയൂവെന്ന നിലയിലായിക്കഴിഞ്ഞു ഈ സമൂഹമെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 600ഓളം താക്കൂര്‍ കുടുംബങ്ങളും 100ഓളം ബ്രാഹ്മണര്‍ക്കും ഇടയിലാണ് പതിനഞ്ചോളം ദളിത് കുടുംബം താമസിക്കുന്നത്. തങ്ങളുടെ മൃതദേഹം സംസ്കരിക്കുന്ന ഇടം വേറെയാണ്. ഈ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് പ്രവേശനം ഇല്ല. സ്കൂളിലും ഇത് തന്നെയാണ് അവസ്ഥയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. 

എങ്കിലും മകളുടെ മൃതദേഹത്തിന് അന്തിമോപചാരം നല്‍കാനുള്ള അവസരം പോലും നല്‍കാതെ ബലമായി സംസ്കരിച്ചതിലുള്ള വിഷമം ഇവര്‍ മറച്ചുവയ്ക്കുന്നില്ല. ഒരു താക്കൂര്‍ സ്ത്രീയെ ഇത്തരത്തില്‍ പൊലീസ് സംസ്കരിക്കുമായിരുന്നോയെന്നാണ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറയുന്നത്. കാര്യങ്ങളില്‍ മാറ്റം വരുമെന്ന പ്രതീക്ഷ എന്നേ പോയെന്ന് വ്യക്തമാക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധം അടങ്ങുമ്പോഴുണ്ടാകുന്ന തങ്ങളുടെ അവസ്ഥയെന്താകുമെന്നും ചോദിക്കുന്നു. അവരുടെ കൃഷിയിടങ്ങളിലാണ് ഞങ്ങള്‍ തൊഴില്‍ ചെയ്യുന്നത്. സ്വന്തമായി കൃഷി ഭൂമി ഉള്ളവര്‍ തങ്ങള്‍ക്കിടയില്‍ വളരെ ചുരുക്കം പേരാണ്. അടുത്ത വീടുകളിലെ താക്കൂര്‍ സ്ത്രീകള്‍ പോലും മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം തങ്ങളോടൊന്ന് വിവരങ്ങള്‍ തിരക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

അവരുടെ വയലുകളില്‍ നിന്നാണ് കാലികള്‍ക്ക് തീറ്റയെടുക്കുന്നത്, അവിടെയാണ് പണിയെടുക്കുന്നത്. ഒരിക്കലെങ്കിലും അവര്‍ ഞങ്ങളോട് വിവരം ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. എനിക്കും പെണ്‍കുട്ടികളുണ്ട്, അവരേക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്നും മറ്റൊരു ബന്ധു ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. വിവാഹ ദിവസം പോലും പ്രധാന റോഡിലൂടെ കടന്നുപോകാന്‍ ദളിതര്‍ക്ക് അനുവാദമില്ല. അവര്‍ ഞങ്ങളെ നോക്കാറില്ല. ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങളുടെ മക്കള്‍ പീഡിപ്പിക്കപ്പെട്ടാലും അവര്‍ക്ക് ഒന്നുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഗ്രാമത്തിലെ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തും സഹിച്ച് പഠിക്കാനാണ് മക്കളോട് പറയാറെന്ന് ഇവര്‍ പറയുന്നു. സ്കൂളില്‍ ദളിത് വിദ്യാര്‍ഥികള്‍ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്, അവിടേയും തൊട്ട്കൂടായ്മയുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും,  അധ്യാപകര്‍, അധികാരികള്‍, പൊലീസ് എല്ലാവരും ബ്രാഹ്മണന്റെയും താക്കൂറിന്റേയുമാണ്. ദളിത് ആയി ജനിച്ചുവെന്നതാണോ തങ്ങളുടെ തെറ്റെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. 

പഞ്ചായത്തില്‍ നിന്ന് പ്രശ്നങ്ങള്‍ മാറുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ തങ്ങളെ കാണാണോ പഞ്ചായത്ത് ഓഫീസില്‍ പ്രവേശിക്കാന്‍ അനുമതിയോ തരാന്‍ തയ്യാറാകാത്തവര്‍ എങ്ങനെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. എന്നാല്‍ സ്കൂള്‍ അധികൃതരും പഞ്ചായത്ത് അധികൃതരും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം തള്ളിയതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 

click me!