
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള എറണാകുളം, ഇടുക്കി ജില്ലകളിൽ നൂറുകണക്കിന് കുട്ടികൾ സ്കൂളുകളിലേക്ക് എത്തുന്നില്ലെന്ന് സംസ്ഥാന സർക്കാർ കണക്കുകൾ. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയ രാജ്യത്താണ് ആധാർ കാർഡ് ഇല്ലാത്തത് മുതൽ ഭാഷാ പ്രശ്നം വരെ കുട്ടികൾക്ക് മുന്നിൽ തടസ്സമാകുന്നത്. ഇതരസംസ്ഥാന കുടുംബങ്ങളുള്ള പ്രദേശത്ത് ബ്രിഡ്ജ് സ്കൂളുകൾ സ്ഥാപിച്ച് ഇവരെ സാധാരണ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
പെരുമ്പാവൂർ കണ്ടന്തറയിലെ അംഗനവാടി. ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിത്. എന്നിട്ടും അതിനനുസരിച്ച് കുട്ടികളാരും ഇവിടേക്ക് എത്തുന്നില്ല. നല്ല പഠന അന്തരീക്ഷം. നല്ല ഭക്ഷണം. 9.30 മുതൽ 3 മണി വരെയാണ് അംഗനവാടി. അച്ഛനമ്മാരുടെ ജോലി ക്രമീകരണങ്ങളുമായി ഈ സമയം യോജിക്കാത്തതാണ് പ്രശ്നം. സംസ്ഥാന സർക്കാർ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്രം നടത്തിയ പഠനത്തിൽ എറണാകുളം ജില്ലയിൽ 900 കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇടുക്കിയിൽ 500 കുട്ടികളും.
ഭാഷാപ്രശ്നം മുതൽ തിരിച്ചറിയൽ രേഖയില്ലാത്തത് വരെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂളുകളിലേക്ക് എത്താൻ തടസ്സമാകുന്നു. മലയാളത്തിൽ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല. ആധാർ കാർഡില്ലാത്തതിനാൽ പ്രവേശനം നേടാൻ സാധിക്കുന്നില്ല. ഇല്ലെങ്കിൽ അച്ഛനമ്മാർ ജോലിക്ക് പോകുമ്പോൾ വീട്ടിലെ ചെറിയ കുട്ടികളെ നോക്കണം. വാഹനസൗകര്യങ്ങളില്ല. കാരണങ്ങൾ പലതുണ്ട്. ഭായി കുട്ടികളെന്ന് പേര് ചൊല്ലി ഇവരെ ചില സ്കൂളുകൾ ഇവരെ അകറ്റി നിർത്തുന്നതും പ്രധാന കാരണങ്ങളിലൊന്നാണ്.
തൊഴിൽ ലഭ്യത അനുസരിച്ച് ഈ കുടുംബങ്ങൾ കൂടെക്കൂടെ സ്ഥലം മാറും. ജീവിക്കാൻ വേണ്ടിയാണ് ഈ കുടുംബങ്ങൾക്ക് കൂടെ കൂടെ സ്ഥലം മാറേണ്ടി വരുന്നത്. എന്നാൽ ഇതോടെ പല കുട്ടികളുടെയും ഭാവി തന്നെ ഇരുളടയുന്നു. സ്കൂളുകളിലേക്ക് എത്തിയാൽ നല്ല ഭക്ഷണം ഉറപ്പാക്കാം. അച്ഛനമ്മാർ ജോലിക്ക് പോകുന്ന വീടുകളിൽ കുട്ടികൾ ഒറ്റയ്ക്കിരിക്കുന്നതും ഒഴിവാക്കാം. എന്നിട്ടും സ്കൂളിന്‍റെ പടിക്ക് പുറത്താണ് പലരും. അതവരുടെ നിവർത്തി കേട് കൊണ്ട് മാത്രമെന്ന് തിരിച്ചറിഞ്ഞ് ഇവരെ ചേർത്ത് പിടിക്കുന്ന സംവിധാനം എന്നാണ് നമ്മുചെ നാട്ടിൽ ഉണ്ടാകുക?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam