Asianet News MalayalamAsianet News Malayalam

ജോലിയുണ്ട്, കൂലിയില്ല; തൊഴിൽ ചൂഷണത്തിന് വിധേയരായി അതിഥി തൊഴിലാളികൾ; മതിയായ സംവിധാനങ്ങളില്ലാതെ തൊഴിൽ വകുപ്പ്

50,000 രൂപയായിരുന്നു ഒരുമിച്ചുള്ള കൂലി. എന്നാൽ ജോലി കഴിഞ്ഞപ്പോൾ കൂലി നൽകുന്നതിന് മലയാളി കോൺട്രാക്ടർ കുറച്ച് ദിവസത്തെ സാവകാശം ചോദിച്ചു. എന്നാൽ അന്ന് മുതൽ ഇത് വരെ അയാളെ ഫോണിൽ കിട്ടിയിട്ടില്ല.

guest workers faced labor exploitation
Author
First Published Nov 19, 2022, 2:34 PM IST

കൊച്ചി: കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്ന അതിഥി തൊഴിലാളികൾക്കിടയിൽ സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമല്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കുത്തനെ കൂടിയിട്ടും നാല്പത് വർഷം മുൻപത്തെ അതേ തസ്തികകളുടെ എണ്ണത്തിൽ തുടരുകയാണ് തൊഴിൽ വകുപ്പ്. തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡിന്റെ രജിസ്ട്രേഷനും സംസ്ഥാനത്ത് രണ്ട് മാസമായി നിർത്തി വെച്ചിരിക്കുകയാണ്. 

മിറാജുൾ ഇസ്ലാമും കൂട്ടുകാരും ഒരേ വേദന പങ്ക് വയ്ക്കുന്നവരാണ്. എടുത്ത ജോലിക്ക് കൂലി കിട്ടാത്തവർ. ടൈൽ വിരിക്കാനുള്ള ജോലിക്കാണ് പത്ത് പേരെ ഒപ്പം കൂടി മിറാജുൾ കോട്ടയം പത്താം മൈലിലെത്തിയത്. 9 മാസം മുൻപ്. 50,000 രൂപയായിരുന്നു ഒരുമിച്ചുള്ള കൂലി. എന്നാൽ ജോലി കഴിഞ്ഞപ്പോൾ കൂലി നൽകുന്നതിന് മലയാളി കോൺട്രാക്ടർ കുറച്ച് ദിവസത്തെ സാവകാശം ചോദിച്ചു. എന്നാൽ അന്ന് മുതൽ ഇത് വരെ അയാളെ ഫോണിൽ കിട്ടിയിട്ടില്ല.

Read More: ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി, ശബരിമല തീർത്ഥാടകരുടെ അപകടത്തിൽ റിപ്പോർട്ട് തേടി

ഒപ്പം വന്നവർ പണം ആവശ്യപ്പെട്ടതോടെ കടം വാങ്ങി മിറാജുൾ ഇവരുടെ കൂലി നൽകി. എന്നാൽ കോൺട്രാക്ടറെ ഫോണിൽ ഇത് വരെ കിട്ടിയിട്ടില്ല. പശ്ചിമ ബംഗാൾ സ്വദേശി രാജുവും 50,000 രൂപ പറഞ്ഞ് പറ്റിച്ച കോൺട്രാക്ടറെ ഇടയ്ക്കിടയ്ക്ക് വിളിക്കും. രക്ഷയില്ല. നേരിൽ ചെന്നാലും കാണാൻ കഴിയില്ല. ഫോണിൽ അസഭ്യവർഷമാണ് മറുപടി.

ഇവർ പരാതിയുമായി ചെല്ലുന്നത് ലേബർ ഓഫീസർമാരുടെ അടുത്ത്. എന്നാൽ ഇങ്ങനെ കിട്ടുന്ന നൂറുക്കണക്കിന് പരാതി മുതൽ നോക്കൂകൂലി പ്രശ്നം, തൊഴിലിടങ്ങളിലെ പരിശോധന തുടങ്ങി വിവിധ വിഷയങ്ങളാണ് ലേബർ ഓഫീസർമാർ ഇടപെടേണ്ടത്. പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ള പെരുമ്പാവൂരിൽ പോലും ഒരൊറ്റ ലേബർ ഓഫീസ് മാത്രമാണ് ഉള്ളത്. ഇവിടെയുള്ളത് ഒരു അസിസ്റ്റൻഡ് ലേബർ ഓഫീസറും, ഓഫീസ് അസിസ്റ്റൻറും, ക്ലാർക്കും. 

Read More: രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ല, വിശദീകരണവുമായി ഗവർണർ

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുത്തനെ കൂടിയിട്ടും ഇതനുസരിച്ച് തൊഴിൽ വകുപ്പിൽ തസ്തിക പുനർനിർണ്ണയിച്ചിട്ടില്ല. 1980 കൾ ഉള്ള കടകളുടെ എണ്ണം അനുസരിച്ചാണ് ലേബർ ഓഫീസ് സർക്കിളുകൾ നിശ്ചയിച്ചിരിക്കുന്നത്. അന്നത്തെ കണക്കിലുള്ള 102 ലേബർ ഓഫീസുകളിലായി 102 അസിസ്റ്റന്റ് ലേബർ ഓഫീസർ സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. മറ്റ് തൊഴിൽ വിഷയങ്ങൾക്കൊപ്പം ഈ ഉദ്യോഗസ്ഥർക്ക് പരിഹരിക്കാൻ കഴിയുന്നതല്ല ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ സങ്കീർണമായ വിഷയങ്ങൾ. ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനുള്ള ഗസ്റ്റ് ആപ്പ് ഉൾപ്പടെ കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനങ്ങൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും നടപ്പിലാക്കാനുള്ള സംവിധാനങ്ങളില്ലാതെ നട്ടം തിരിയുകയാണ് തൊഴിൽ വകുപ്പ്.

Follow Us:
Download App:
  • android
  • ios