കേരള തീരത്ത് നിന്നും മത്തി രാമേശ്വരത്തേക്ക് പോയതായി ശാസ്ത്രജ്ഞര്‍

By Web TeamFirst Published Jun 26, 2019, 12:34 PM IST
Highlights

 അറബിക്കടലിൽ 50,000 മുതൽ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുത്പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോൾ അയ്യായിരത്തിൽ താഴെ മുട്ടകളേ  ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ എന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: എൽനീനോ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു. കേരളത്തിലെ തീരങ്ങളിൽ നിന്നും മീൻ തമിഴ്നാട്തീരത്തേക്ക്  പോകുന്നതാണ് ക്ഷാമത്തിന് കാരണം.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മത്തി ലഭ്യത ഏറ്റവും കുറവ് ഇത്തവണയാണെന്നും വിദഗ്ധർ  പറയുന്നു. 

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രജലത്തിന്‍റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് മത്തിയുടെ വളർച്ചയെയും പ്രത്യുത്പാദനത്തേയും ബാധിച്ചു.  ചൂട് കൂടുന്നതോടെ മീൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് നീങ്ങും.  അറബിക്കടലിൽ 50,000 മുതൽ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുത്പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോൾ അയ്യായിരത്തിൽ താഴെ മുട്ടകളേ  ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ എന്ന് സിഎംഎഫ്ആർഐ (കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം) ചൂണ്ടിക്കാട്ടുന്നു.

കേരളതീരത്തെ കടലിനടിയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് മത്തികള്‍ താപനില കുറഞ്ഞ തെക്കന്‍ ഭാഗത്തേക്ക് (തമിഴ് നാട്) നീങ്ങുന്ന പ്രവണത ശക്തമാണ്. ബാക്കിയുള്ള മത്സ്യങ്ങളെ കടലിനകത്തെ മറ്റു മത്സ്യങ്ങള്‍ ഭക്ഷിക്കുകയോ മത്സ്യത്തൊഴിലാളികള്‍ പിടികൂടുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞന്‍  ഡോ.ഇ.അബ്ദുസമദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എൽനീനോയുടെ വിപരീത പ്രതിഭാസമായ ലാനിനോ എത്തുന്നതോടെ സമുദ്രജലത്തിന്‍റെ താപനില കുറയും.  ഇതോടെ മീൻകൂട്ടം മടങ്ങിയെത്തും . 1994 ലാണ് കേരളത്തിൽ ഏറ്റവും കുറവ് മത്തി ലഭിച്ചത്. 1500 ടൺ മാത്രം. റെക്കോർഡ് മത്സ്യ ലഭ്യത റിപ്പോർട്ട് ചെയ്ത 2012 ൽ കയറ്റുമതി ചെയ്തതടക്കം നാല് ലക്ഷം ടൺ മത്തി ലഭിച്ചു. എൽനീനോ  പ്രതിഭാസം ഇങ്ങനെ തുടർന്നാൽ  മത്തിക്കായി  തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളെ നമുക്ക് ആശ്രയിക്കേണ്ടിവരും.

click me!