കുണ്ടനിടവഴി, കണ്ണന്‍ ഏലശ്ശേരി എഴുതിയ കഥ

By Chilla Lit SpaceFirst Published Jun 3, 2021, 6:10 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കണ്ണന്‍ ഏലശ്ശേരി എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

നടവഴി പുരകള്‍ക്ക് ഇടയിലായത് കൊണ്ടാകാം അവക്ക് ഇടവഴി എന്ന പേര് വന്നത്. നാട്ടിലെ വഴികള്‍ പാടത്തൂടെയും പറമ്പിലൂടെയും എല്ലാം ഉണ്ടെങ്കിലും സ്വന്തം വീടിന്റെ മുന്നിലെ വഴി ഇടവഴികള്‍ക്കും താഴ്ന്ന നിലയിലേക്ക് താഴ്ന്നതില്‍ വിഷണ്ണനായി ഇരിക്കുകയാണ് ഗള്‍ഫുകാരന്‍ കുമാരന്‍. യാത്രാ ദുരിതത്തെ വളരെ വേഗം എടുത്തു കാട്ടുന്ന ഒറ്റ പദമായല്ല കുണ്ടനിടവഴിയെന്ന വിളിപ്പേര് വന്നത്, ശരിക്കും ഭൂനിരപ്പില്‍ നിന്നും താഴ്ന്ന് പുഴയിലേക്ക് നീളുന്ന ഒരു നടപ്പാതയും ഒപ്പം ചെറിയൊരു ജലപാതയും ആയിരുന്നു ഈ കുണ്ടനിടവഴി.

വഴിക്ക് മുന്‍പുള്ള ആ വാക്കിനെ അശ്ലീലമായി വ്യാഖ്യാനിക്കുന്ന ഈ കാലത്ത് വലിയ വീടുകളുടെ മുന്നിലൂടെയുള്ള വഴി ഇടവഴിയായി മാത്രം നാട്ടുകാര്‍ വിളിച്ചു പോന്നു. പാര്‍ക്കുന്നതിനപ്പുറം വീട് ഒരുവന്റെ അന്തസ്സിന്റെ മുദ്രയാകുമ്പോള്‍ അവിടേക്കുള്ള വഴി മോശമാകുന്നതിലെ വിഷമം ചെറുതല്ലല്ലോ.

വിശേഷപ്പെട്ടൊരു പിതൃപാരമ്പര്യം ഇല്ലെങ്കില്‍ കൂടി കുമാരനും കുടുംബവും ഇടവഴിയോരത്ത് പാര്‍ക്കാന്‍ തുടങ്ങിയത് മൂന്നു തലമുറകള്‍ക്ക് മുമ്പാണ്. അങ്ങാടിയെയും പുഴയെയും കൂട്ടിയിണക്കുന്ന വെള്ളൊഴുക്കുള്ള വഴിയോരത്ത് കൃഷി ആവശ്യത്തിന് കുടിയേറിയതാണ് അവരും, ചുറ്റുമുള്ളവരും. ജീവിതങ്ങളുടെ നടപ്പും ജലത്തിന്റെ ഒഴുക്കും ക്രമേണ ആ വഴിയെ സാധാരണയിലും കൂടുതല്‍ കാര്‍ന്നെടുത്ത് കുണ്ടനിടവഴിയാക്കി മാറ്റി. 

കുമാരന്റെ ചെറുപ്പത്തില്‍ വഴിയില്‍ മിക്കപ്പോഴും ജല വിതാനം ഉണ്ടായിരുന്നു. നട്ടുച്ചക്ക് പോലും വെട്ടം വീഴാത്ത ആ വഴിയും കാലില്‍ ഉരസി കളിക്കുന്ന പരല്‍ മീനുകളും അതുവഴി നടക്കുന്നവരെ അലോസരപ്പെടുത്തിയേയില്ല. വയറിന്റെ കത്തല്‍ അടക്കാന്‍ പലദിക്കില്‍ നിന്നും കുടിയേറിയവരായിരുന്നു അന്ന് കുണ്ടനിടവഴിക്കു ഇരു കരകളിലും പാര്‍ത്തു പോന്നത്. 

കാലാനുസൃതമായി ഓല മേഞ്ഞ കൂരകള്‍ ഓടിട്ട വീടുകള്‍ക്കും വൈക്കോല്‍ കച്ചകളാല്‍ സമൃദ്ധമായ തൊഴുത്തുകള്‍ക്കും വഴി മാറിയപ്പോള്‍. തള്ളേത്തല്ലികളും കടമ്പായകളും കുണ്ടനിടവഴിക്ക് കൂടുതല്‍ അലങ്കാരമേകി. അപ്പോഴും വെട്ടമില്ലാത്ത ആ വഴിയിലൂടെ കുറഞ്ഞ തോതിലോരു ജലവിതാനം പൈതൃകം വിളിച്ചോതി പുഴയെ ലക്ഷ്യമാക്കി ഒഴുകി കൊണ്ടിരുന്നു. 

കളികള്‍ക്കിടയില്‍ ഇടവഴിയിലെ ഇരുട്ടില്‍ കേറി ഒളിക്കുന്ന ഏറുപന്തുകളും, ഗോലികളും വഴിക്കരയിലെ കുട്ടികളെമാത്രം തെല്ലൊന്ന് അലോസരപ്പെടുത്തി. ഇരുട്ടില്‍ ഇഴയുന്ന ജന്തുക്കളെയും കൗമാരക്കാരുടെ വികൃതികളെയും ഇടവഴിയിലെ ഇരുട്ടിന്റെ നിഗൂഢത പുറത്തറിയാതെ കാത്ത് പോന്നു. ഒരു കാലത്തെ പുകവലിയുടെയും മദ്യപാനത്തിന്റെയും ഹരിശ്രീ കുറിക്കുന്നവരുടെ, ഇരുണ്ട സരസ്വതി മണ്ഡപമായിരുന്നു ഈ കുണ്ടനിടവഴി. പുഴയിലെ കുളികള്‍ രംഗങ്ങള്‍ ആസ്വദിക്കാനും ചുരുക്കം ചിലരുടെ പ്രേമസല്ലാപങ്ങള്‍ക്കും ഇടവഴിയിലെ ഇരുട്ട് കുട പിടിച്ചു കൊടുത്തു. വഴിവിട്ട പല ജീവിതങ്ങളും ജീവിച്ച് തീര്‍ത്തത് കുണ്ടനിടവഴിയിലായിരുന്നു. കുണ്ടനിടവഴിയോരത്തെ ചിലര്‍ ജീവിതം വഴിവെട്ടി കടന്നുപോയപ്പോള്‍ മറ്റുചിലര്‍ ജീവിത വഴി അവസാനിപ്പിക്കാനും തിരഞ്ഞെടുത്തു. കുമാരന്റെ അച്ഛന്‍ കൃഷി നഷ്ടത്തിലായ വറുതിയുടെ കാലത്ത് കഴുത്തില്‍ കയറിട്ടു തൂങ്ങി ഇറങ്ങിയതും ഈ ഇടവഴിയിലേക്കാണ്.

 

 

അങ്ങനെ കുണ്ടനിടവഴിയുടെ താഴ്ചയില്‍ ചരിത്രവും അനിശ്ചിതതവും ഒരുപോലെ ഒളിപ്പിച്ചു പോന്നു. ചിലന്തികളും കടവാതിലുകളും ഇഴജന്തുക്കളും ഇരുട്ടിനെ മറപറ്റി കഴിയുമ്പോള്‍ അതിനിടയിലൂടെ വഴിക്കിരുപ്പുറവും സന്തോഷവും സങ്കടവും കോലാഹലങ്ങളും പരദൂഷണങ്ങളും പേറി ഒരു ജീവസമൂഹം പതിയെ ഉയര്‍ന്നു വന്നു. 

ഉയര്‍ച്ച എന്നത് തുലന നിലയിലെ ഒരു വ്യത്യാസം മാത്രമാണ്. ജീവിത തുലനം സാധ്യമാക്കാന്‍ പരമ്പരാഗത വഴികള്‍ വിട്ട് വറീതും, ബീരാനും, ഗോപാലനും, അവര്‍ക്ക് പിന്നാലെ കുമാരനും ഗള്‍ഫിലേക്ക് കടന്നതും പോയ ക്രമത്തില്‍ തന്നെ ഇടവഴിയോരത്ത് അവരുടെ മണിമാളികകള്‍ ഉയര്‍ന്നതും ഞൊടിയിടയിലായിരുന്നു. പണി സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുവരലും തിരക്കിട്ട പണികളും വാര്‍പ്പ് മാളികകളുടെ പൊന്തലും ഇരുട്ടിലെ ജീവികള്‍ അന്തം വിട്ട് നോക്കി നിന്നിട്ടുണ്ടാകണം. 

നാട്ടിലെ നിര്‍മാണങ്ങള്‍ എല്ലാം സമാന്തരമായി നടന്നപ്പോള്‍ പുഴമണല്‍ പല കെട്ടിടത്തിന്റെയും നിര്‍മാണത്തിനുള്ളിലേക്ക് നിക്ഷേപിക്കപ്പെട്ടു. മണല്‍ എടുത്തിടങ്ങളില്‍ ആറ്റുവഞ്ചികള്‍ മുളച്ചു പൊന്തി. സമാധാനത്തിന്റെ വെള്ളക്കൊടി പാറിച്ച അവയുടെ ചുവട്ടിലേക്ക് ഇടവഴിയിലെ ജീവി വര്‍ഗ്ഗം പലായനം ചെയ്തു. പുഴ അവര്‍ക്ക് വേണ്ടിയെന്നോണം നീര്‍ച്ചാല് പോലെ ഒതുങ്ങി ഒഴുകി. 

കുടുംബങ്ങള്‍ കൂട്ടമായി കൂരകളില്‍ താമസിക്കുന്നത് മതിയാക്കി ഞാറ് പറിച്ച് നട്ടെന്നോണം വേറെ വേറെ വീടുകളിലേക്ക് മാറി. പുത്തന്‍ പരിഷ്‌കാരത്തിന്റെ ഉയര്‍ച്ചയില്‍ തൊഴുത്തുകള്‍ ഒഴിഞ്ഞു പോയെങ്കിലും തൊഴുത്തില്‍ കുത്തുന്ന ഒരു സംസ്‌കാരം പതിയെ അവിടെ നിന്നും ഉടലെടുത്തു. അതിര്‍ത്തി തര്‍ക്കങ്ങളും, അതിനു തീര്‍പ്പാക്കികൊണ്ട് മതിലുകളും ഉയര്‍ന്നു വന്നു.

ഇരുനില വീടുകള്‍ക്കും സുന്ദരന്‍ മതിലുകള്‍ക്കും ഒടുക്കം ദുര്‍ഘടം പിടിച്ച വഴി ഒരു കുറച്ചിലായി. കുണ്ടനിടവഴി പുനരുദ്ധാരണത്തിന് നാട്ടുവഴി നിര്‍മ്മാണ സംഘങ്ങള്‍ രൂപപ്പെട്ടു. പലരും നിധി പോലെ കാത്ത ഭൂസ്വത്തുക്കളില്‍ കുറച്ചൊക്കെ അപഹരിച്ചും എങ്ങുനിന്നോ ഉള്ള ഭൂമിയുടെ തിരുശേഷിപ്പുകള്‍ ടിപ്പര്‍ ലോറിയില്‍ കൊണ്ട് വന്ന് തള്ളിയും കുണ്ടനിടവഴി ഉയര്‍ന്ന് ഇടവഴിയായി പരിണമിച്ചു. ആ ഒരു നവോത്ഥാനം ചുറ്റുപാടുകളിലെ ഭൂസ്വത്തിന്റെ വില പലമടങ്ങ് വര്‍ധിപ്പിച്ചു. അന്യദേശത്ത് നിന്നു പോലും പലരും സ്ഥലം വാങ്ങി അവിടെ മാളികകള്‍ ഉയര്‍ത്തി. 

ഇടവഴി പഞ്ചായത്തിന്റെ കോണ്‍ക്രീറ്റിങ്ങും പിന്നാലെ ജലവിതരണക്കാരുടെ കുത്തിപൊളിക്കലും ശേഷം യുവജനതയുടെ വാഴ നടലുമൊക്കെയായി ചൂടുപിച്ചു നിന്നു. അവസാനം തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് കോണ്‍ക്രീറ്റ് ചെയ്ത് ''റിവര്‍ റോഡ്'' എന്ന ബോര്‍ഡും നാട്ടി. 

നീണ്ടകാലത്തെ ചൂഷണ സഹനത്തിനു ശേഷം പ്രകൃതി അതിന്റെ ശാന്ത ഭാവം കൈവിട്ട് ഉറഞ്ഞുതുള്ളിയ ആഗസ്ത് മാസത്തിലെ വെള്ളപ്പൊക്കത്തില്‍, ആറ്റുവഞ്ചിയെയും വെള്ളത്തെയും കടലിലേക്ക് വലിച്ചു കൊണ്ട് പോകുന്ന വഴിക്ക് ഇടവഴിയിലെ കോണ്‍ക്രീറ്റ് പാളികളും കഷ്ടപ്പെട്ട് നിറച്ച മണ്ണും സൂചനാബോര്‍ഡും നിമിഷ നേരം കൊണ്ട് പുഴ അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെടുത്തു. 

വീണ്ടും അവിടെയൊരു കുണ്ടനിടവഴി രൂപപ്പെട്ടു. പഴമയിലേക്കുള്ള ആ പരിണാമം നോക്കി വിഷമിച്ചിരുന്ന കുമാരനു മുന്നിലൂടെ പ്രതീക്ഷയുടെ ഭാരം പേറാതെ പരല്‍ മീനുകള്‍ വീണ്ടും തലവെട്ടിച്ചു കൊണ്ട് ഓടി നടന്നു.

click me!