Malayalam Short Story ; ആവിഷ്‌കാര സ്വാതന്ത്ര്യം, സജില്‍ ശ്രീധര്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Jan 10, 2022, 2:02 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സജില്‍ ശ്രീധര്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

അഞ്ചാം തവണയും ഫോണില്‍ വിളിച്ച് ഓര്‍മ്മിപ്പിക്കുകയും വാട്ട്സ് ആപ്പില്‍ നിരന്തരം മെസേജുകള്‍ അയച്ച് ആവശ്യം ആവര്‍ത്തിച്ചിട്ടും കഥാകൃത്ത് ഗിരിധര്‍ പ്രസാദിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകാതെ വന്നപ്പോള്‍ ഒരു യാത്രാമധ്യേ സൗഹൃദം പുതുക്കാന്‍ കയറിയതാണെന്ന കപടനാട്യത്തോടെ പത്രാധിപര്‍ അനന്തകൃഷ്ണന്‍ ഗിരിയുടെ വസതിയില്‍ വന്നു. സാഹിത്യം, രാഷ്ട്രീയം, സിനിമ, പൊതുകാര്യങ്ങള്‍, പരദൂഷണം...അങ്ങനെ പലതും പറഞ്ഞ് സമയം തളളുകയും ഒപ്പം രണ്ട് കപ്പ് ചായ അകത്താക്കുകയും ചെയ്തിട്ടും അനന്തന്‍ തന്റെ ആഗമനോദ്ദേശം തെളിച്ചു പറഞ്ഞില്ല. ആ മറച്ചുപിടിയ്ക്കല്‍ അധികനേരം നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെയും തന്റെയും വിലപ്പെട്ട സമയം പാഴാക്കാനുള്ള വിമുഖത കൊണ്ട് ഗിരി തന്നെ രസഗുണ്ട് പൊട്ടിച്ചു.

'വാര്‍ഷികപതിപ്പിലേക്കുളള കഥയുടെ കാര്യം മറന്നതല്ല. എല്ലാ ദിവസവും അതേക്കുറിച്ച് ആലോചിക്കാറുണ്ട്. പക്ഷെ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരു തീം ഒത്തുവരുന്നില്ല. വെറുതെ എഴുതാന്‍ വേണ്ടി എഴുതുന്ന പരിപാടി ഞാന്‍ നിര്‍ത്തി. ഇപ്പോ തന്നെ ഏതാണ്ട് നൂറിലേറെ കഥകളായി. ഇനി എഴുതുന്നെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും പറയാനുണ്ടാവണം. അല്ലാതെ വെറുതെ വഴിപാട് പോലെ...'

അനന്തകൃഷ്ണന്‍ മറുപടി പറയാതെ ഒന്ന് ചിരിച്ചു. കട്ടിഫ്രയിമുള്ള കറുത്ത കണ്ണട ഊരി തൂവാല കൊണ്ട് തുടച്ച് സ്വസ്ഥാനത്ത് വച്ചു. അത് പ്രത്യാക്രമണത്തിനുളള മുന്നൊരുക്കമാണെന്ന് ഗിരി ഊഹിച്ചെടുത്തു. പക്ഷെ അദ്ദേഹം മൗനം തുടരുകയാണ്. ഗിരി ആ നിശ്ശബ്ദതയില്‍ പിടിച്ചു കയറി.

'അനന്തേട്ടനറിയാല്ലോ...ല്ധപ്രതിഷ്ഠരായ പലരും ഇപ്പോള്‍ എഴുതുന്നത് മുഴുവന്‍ ചവറുകളാ...എന്തിനാണിങ്ങനെ സ്വയം നാറുന്നതെന്ന് ചോദിച്ച് ഫേസ്ബുക്കില്‍ മുഴുവന്‍ പൊങ്കാലയാ..നമ്മളും കൂടെന്തിനാ വെറുതെ അക്കൂട്ടത്തില്‍...'

'പറഞ്ഞു കഴിഞ്ഞോ' എന്ന ആമുഖത്തിന് ശേഷം അനന്തകൃഷ്ണന്‍ മൈക്ക് കയ്യിലെടുത്തു.

'ഒരാളെ ഒഴിവാക്കാനും ഒരു കാര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും നമുക്ക് പല ന്യായങ്ങളും കണ്ടെത്താം. അതിലൊന്നാണ് എഴുത്തുകാരന്റെ പ്രചോദനം. ആറ് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പ്രചോദനമുണ്ടായില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്'

'പിന്നെ ഞാനെന്തിന് കളളം പറയണം? എന്റെ ഏറ്റവും നല്ല കഥകളിലേറെയും അച്ചടിച്ചിട്ടള്ള രാഷ്ട്രഭൂമിയെ ഒഴിവാക്കിയിട്ട് എനിക്ക് എന്ത് കിട്ടാനാണ്'

അനന്തകൃഷ്ണന്‍ അതിന് മറുപടി പറഞ്ഞില്ല. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മാത്രം പറഞ്ഞു.

'ഒന്നുകില്‍ നിങ്ങള്‍ക്ക് പുതിയ ബാന്ധവങ്ങള്‍ ഉണ്ടായിരിക്കും. അല്ലെങ്കില്‍..'
പാതിവഴിയില്‍ നിര്‍ത്തിയ ശേഷം അദ്ദേഹം പൂരിപ്പിച്ചു.

'വേണ്ട. പറഞ്ഞ് പറഞ്ഞ് നമ്മള്‍ തമ്മിലുളള ബന്ധം ഇല്ലാതാക്കണ്ട'
അനന്തകൃഷ്ണന്‍ ഒഴിഞ്ഞുമാറി. ഒരു പത്രാധിപര്‍ക്ക് നയപരത അനിവാര്യമാണെന്ന് മറ്റാരേക്കാള്‍ നന്നായി അയാള്‍ക്ക് അറിയാം. പക്ഷെ ഗിരി വിട്ടുകൊടുത്തില്ല.

'അനന്തേട്ടനിപ്പോ എന്താ വേണ്ടത്. ഡെഡ്ലൈനിന് മുന്‍പ് കഥ എത്തിച്ചു തരണം. പോരേ?'

'മതി'

പുളളി കണ്ണടയ്ക്കിടയിലുടെ ഒരു സൂത്രച്ചിരി ചിരിച്ചു.

പിന്നെ ചുറ്റുംനോക്കി ഒരു രഹസ്യം പറയുന്ന മാതിരി അറിയിച്ചു.

'കാര്യം എന്തൊക്കെ ഉടക്ക് പറഞ്ഞാലും ഗിരി അവസാന നിമിഷം കഥ തരുംന്ന് എനിക്കറിയാം. ഞാന്‍ വന്നത് അതിനല്ല. മറ്റൊരു കാര്യം പറയാനാണ്'

അനന്തകൃഷ്ണന്‍ ഒരു കളളനെ പോലെ പമ്മി പതുങ്ങി വീണ്ടും പരിസരം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ ഏതോ പഴയ സിനിമയിലെ നെടുമുടിയുടെ കഥാപാത്രമാണ് ഗിരിക്ക് ഓര്‍മ്മ വന്നത്.

'പുളളിക്കാരത്തി അകത്തുണ്ടോ. അവര് കേട്ടാ മോശമാ..അതാ..'

പരുങ്ങലിന്റെ കാരണവും അദ്ദേഹം തന്നെ വിശദീകരിച്ചു. ഏതോ കുഴപ്പം പിടിച്ച പദ്ധതിയാണല്ലോയെന്നും കുടുംബകലഹത്തിന് വഴിവയ്ക്കുമോയെന്നും ഗിരി ഭയന്നു. മുന്‍പ് എഴുതി തെളിയാന്‍ ഇറങ്ങി പുറപ്പെട്ട ഒരു കഥാകാരിയെ മൂപ്പര് പരിചയപ്പെടുത്തി തന്നതും അവള്‍ ആളെ വേണ്ടവണ്ണം മനസിലാക്കാതെ ഒരു ദിവസം ഒരുമിച്ച് കഴിയാമെന്ന് ഓഫര്‍ ചെയ്തതും ഞെട്ടലോടെ അയാള്‍ ഓര്‍മ്മിച്ചു. അത്തരം ഗുലുമാലുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നതുമാണ്. എന്നാല്‍ സംസാരത്തിന്റെ സൂചനകളില്‍ നിന്നും ആമുഖത്തില്‍ നിന്നും ഉദ്ദേശിക്കുന്നതൊന്നുമല്ല പുളളിയുടെ മനസിലുളളതെന്ന് ഉറപ്പായി.

'ഗിരിക്കറിയാല്ലോ? കാലം പഴേതല്ല. നമ്മളീ ആവിഷ്‌കാര സ്വാതന്ത്ര്യം ആവിഷ്‌കാരസ്വാതന്ത്ര്യം എന്നൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞാലും ഇപ്പോ പഴേ പോലൊന്നും കാര്യം നടക്കില്ല. ഒരരക്ഷരം എഴുതും മുന്‍പ് ഒരായിരം വട്ടം ആലോചിക്കണം'

'എന്നു വച്ചാല്‍..'

ഗിരി കാര്യം ഏറെക്കുറെ മനസിലായിട്ടും അജ്ഞത നടിച്ചു.

'വിഷയം തീരുമാനിക്കുമ്പോള്‍ മുതല്‍ ശ്രദ്ധ വേണം. ആരെയെങ്കിലും വിദൂരമായി പോലും ലക്ഷ്യമാക്കി എഴുതിയതാണെന്ന് അവര്‍ക്ക് തോന്നിയാല്‍ പുലിവാലായി. ജാതി, മതം, ഗോത്രം, രാഷ്ട്രീയം..ഒന്നും പാടില്ല. കഥ എത്ര തന്നെ സാങ്കല്‍പ്പികവും ഭാവനാത്മവുമായാലും സാദൃശ്യങ്ങള്‍ വരാം. ഒരു കഥയും നമ്മള്‍ ശൂന്യതയില്‍ നിന്നല്ലല്ലോ സൃഷ്ടിക്കുന്നത്. മനസിന്റെ അബാധതലങ്ങളില്‍ വീണു കിടക്കുന്ന ചില അമൂര്‍ത്ത സൂചനകളില്‍ നിന്നാവും അതിന്റെ ബീജം മുള പൊട്ടുക. അത് തങ്ങളെ ഉദ്ദേശിച്ചാണെന്ന് ഏതെങ്കിലും പാര്‍ട്ടിക്കാരനോ സമുദായ നേതാവിനോ തോന്നിയാല്‍ തീര്‍ന്നു. ഒന്നുകില്‍ പരസ്യമായി യുദ്ധപ്രഖ്യാപനം. അല്ലെങ്കില്‍ സ്‌കൂട്ടറിലോ കാറിലോ പുറത്ത് പോകും വഴി ഒരു ടാങ്കര്‍ ലോറി വന്ന് ഒറ്റയിടി. സ്വാഭാവിക മരണമെന്ന് പോലീസ് എഴുതി തളളും. ആര്‍ക്ക് പോയി. നമ്മടെ കുടുംബത്തിന് പോയി..'

'അനന്തേട്ടന്‍ രാവിലെ മനുഷ്യനെ പേടിപ്പിക്കാതെ..'

ഗിരി പേടിയില്ലെന്ന ഭാവത്തില്‍ ഉളളിലെ പേടി മറച്ചുപിടിച്ചു.

'ഒളളതാ ഗിരീ..നിങ്ങളൊക്കെ ചെറുപ്പക്കാരാ..ഇനിയും കുറെ കൊല്ലം ജീവിതം ബാക്കിയുളളതോണ്ട് പറയുവാ..'

അനന്തകൃഷ്ണനെ തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ പറയുന്നതിലെ വാസ്തവത്തിന്റെ അതിരുകളെക്കുറിച്ച് ഗിരിക്ക് ഉറച്ച ബോധ്യമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നടന്ന നരഹത്യകള്‍ മുതല്‍ മതവികാരം വ്രണപ്പെടുത്തിയ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കേരളത്തില്‍ ഒരാനുകാലികം അതിന്റെ പത്രാധിപരെ പിരിച്ചു വിട്ടതു വരെയുളള കാര്യങ്ങള്‍ ഗിരി മനസില്‍ കൂട്ടിവായിച്ചു.
അനന്തേട്ടന്‍ തുടരുകയാണ്.

'പിന്നെ വേറൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരു കാരണവശാലും സ്ത്രീകളെ മോശക്കാരാക്കുന്ന ഒരു പ്രമേയമോ കഥാസന്ദര്‍ഭമോ കഥാപാത്രമോ സംഭാഷണം പോലും വരാന്‍ പാടില്ല. അത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കും. നിയമം പോലും അവരടെ ഭാഗത്താ..ഇന്നാള് ഒരു പെണ്ണുമ്പിളള അവടെ കൂട്ടുകാരിയേം കൂട്ടി ഒരു എഴുത്തുകാരനെ വീട്ടില്‍ കയറി തല്ലി മൊഖത്ത് ആസിഡും ഒഴിച്ചു. പത്രത്തില്‍ വാര്‍ത്ത കണ്ടില്ലേ?'
ഗിരി അറിയാമെന്ന മട്ടില്‍ തലയാട്ടി.

'പക്ഷെ എല്ലാ സ്ത്രീകളും നല്ലവരാണെന്ന് എഴുതാന്‍ പറ്റുമോ? നല്ലതല്ലാത്ത കഥാപാത്രങ്ങളും ഉണ്ടാവില്ലേ?'

'സംഗതി ശരിയാണ്. പക്ഷെ സ്വാഭാവികതയ്ക്കോ യാഥാര്‍ത്ഥ്യ ബോധത്തിനോ ഇവിടെ പ്രസക്തിയില്ല. സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിച്ചാല്‍ പണി പാപ്പനംകോട്ടിരിക്കും'

'അപ്പോള്‍ പുരുഷന്‍മാരെയോ?'

'പുരുഷന്‍മാരുടെ കാര്യം കുറെക്കൂടി ലിബറലാണ്് പക്ഷെ അവര്‍ക്ക് പേരുകളിടുമ്പോള്‍ സൂക്ഷിക്കണം. ഒരു പ്രത്യേക മതത്തില്‍ പെട്ടയാളാണെങ്കില്‍ അക്കൂട്ടര്‍ വിഷയമുണ്ടാക്കും. തങ്ങളുടെ മതത്തെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിച്ചെന്ന് പറയും'

'പക്ഷെ അതെങ്ങനെ സാധിക്കും അനന്തേട്ടാ..എല്ലാ പേരുകളിലും മതപരമായ ബന്ധം ഫീല്‍ ചെയ്യില്ലേ? നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് പേരിടുന്നത് അങ്ങനെയൊക്കെയല്ലേ?'

'അതിന് ഞാനൊരു ഉപായം പറഞ്ഞു തരാം. നരന്‍ എന്ന് ഒരു കഥാപാത്രത്തിന് പേരിടാം. നരന്‍ എന്നാല്‍ മനുഷ്യന്‍ എന്ന് അര്‍ത്ഥം. ഭൂമി എന്ന് നായികക്ക് പേരിടാം. അവിടെയും ജാതി വരുന്നില്ല'

'പക്ഷെ ഒരു കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്. അവര്‍ക്കൊക്കെ പേരുകള്‍ വേണ്ടേ?'
അത് ശരിയാണല്ലോ എന്ന അര്‍ത്ഥത്തില്‍ അനന്തേട്ടന്‍ കണ്ണ് മിഴിച്ചു. അദ്ദേഹം ചിന്താധീനനായി ഇരുന്നിട്ട് പറഞ്ഞു.

'അവര്‍ക്കൂം വലിയ തട്ടുകേടില്ലാത്ത പേരുകള്‍ കണ്ടുപിടിക്കണം. കാരണം നമ്മടെ തടി കേടാകാതിരിക്കുക എന്നത് നമ്മടെ മാത്രം ആവശ്യമാണ്'  

'പിന്നൊരു പ്രശ്നമുളളത് കുട്ടികള്‍ കഥാപാത്രമായി വരുമ്പോഴും ശ്രദ്ധിക്കണം. അവരെ വഴിതെറ്റിക്കുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ കലാസൃഷ്ടികളെയും നേരിടാന്‍ ഇപ്പോള്‍ സംഘടനകളുണ്ട്'

'വൃദ്ധജനങ്ങളുടെ സംഘടനയും ഇപ്പോള്‍ ശക്തമാണ്. പ്രായമായവരെ ഒരു കാരണവശാലും തൊട്ടുകളിക്കാന്‍ പറ്റില്ല. മറ്റൊരു പ്രശ്നമുളളത് ദളിത് വിഭാഗങ്ങളാണ്. അവര്‍ക്ക് അപമാനകരമായ പരാമര്‍ശങ്ങള്‍.അത് അപമാനകരമാവണംഎന്നില്ല അങ്ങനെ തോന്നിയാല്‍ പോലും അത് വലിയചടങ്ങാ. പണ്ട് പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ പേര് മാറ്റിയത് ഓര്‍മ്മയില്ലേ? അന്നത്തേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് ഇന്നത്തെ അവസ്ഥ'

ഞാന്‍ കൂടുതല്‍ ആലോചിക്കാതെ തന്നെ പറഞ്ഞു.

'പക്ഷെ ഈ സംഘടനകളുടെ എതിര്‍പ്പും നിയമാവലികളും നോക്കി കഥയെഴുതാന്‍ പറ്റുമോ?

'പറ്റണം. അങ്ങനെ ശീലിക്കണം. ഇനിയുളള കാലം പ്രായോഗിക ബുദ്ധിയുളള കഥാകൃത്തുക്കള്‍ അങ്ങിനെയാണ് ചെയ്യേണ്ടത്'

'കഥാകൃത്തുക്കള്‍ പൊതുവെ പ്രായോഗികമതികളല്ല ചേട്ടാ. വരുന്നത് വരുന്നിടത്തു വന്ന് കാണുന്നവരാണ്. എഴുത്തിന്റെ നൈസര്‍ഗികമായ ഒഴുക്കിനെ പിന്‍തുടരുന്നതാണ് അവരുടെ ഒരു രീതി'

'ആ രീതിയും കൊണ്ടിരുന്നാ ചെലപ്പോ കഴുത്തിന് മുകളില്‍ തലയുണ്ടാവില്ല. അങ്ങനത്തെ എഴുത്തുകാരുടെ കഥകള്‍ അച്ചടിക്കാന്‍ സംഘടിതശക്തികളെ ഭയക്കുന്ന പത്രസ്ഥാപനങ്ങളും ഉണ്ടാവില്ല. അതിന് കൂട്ടു നില്‍ക്കുന്ന പത്രാധിപന്‍മാര്‍ക്ക് പണിയും കാണില്ല'

അനന്തേട്ടന്‍ സ്വന്തം നിസ്സഹായത പൊതിഞ്ഞുപിടിച്ച ഭാഷയില്‍ പറഞ്ഞു വച്ചു.

'അതിലും ഭേദം എഴുതാതിരിക്കുന്നതല്ലേ?'

ഗിരി സ്വാഭാവികമായ ഒരു സംശയം ഉന്നയിച്ചു.

'പക്ഷെ അതെങ്ങനെ സാധിക്കും. ഇത്രയും കാലം ലൈംലൈറ്റില്‍ നിന്ന നിങ്ങളെ പോലുളളവര്‍ക്ക് ഒതുങ്ങിക്കൂടാന്‍ പറ്റുമോ? മാത്രമല്ല എഴുത്തുകാര്‍ മാറി നിന്നാല്‍ ഞങ്ങള്‍ പത്രാധിപന്‍മാര്‍ എങ്ങനെ ജീവിക്കും. വാര്‍ഷികപതിപ്പിന് പരസ്യം തരുന്നവര്‍ എന്ത് ചെയ്യും? മാനേജ്മെന്റ ് എങ്ങനെ സ്ഥാപനം നടത്തും'

'അത് ശരി. അപ്പോള്‍ എല്ലാം പരസ്പര പൂരകങ്ങളാണ്. അല്ലേ?'

'അതിപ്പഴാണോ ഗിരിക്ക് മനസിലായത്?'

ആ ചോദ്യത്തിനുളള അനന്തേട്ടന്റെ മറുപടി ഗിരിക്ക് ഇഷ്ടമായി.

'അപ്പം എല്ലാവര്‍ക്കും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനുളള ചട്ടുകമായി കലാകാരന്‍മാരും എഴുത്തുകാരും നിന്നുകൊടുക്കണം. വ്യക്തിത്വമില്ലാത്ത ശിഖണ്ഠികളെ പോലെ. അല്ലേ?'
ഗിരി ധാര്‍മ്മികരോഷം മറച്ചു വച്ചില്ല.

'അല്ലാതെ പിന്നെ..?'

'വേറെ വഴിയില്ലെന്ന് അല്ലേ?'

നേരിയ ആലോചനയുടെ മൗനത്തിന് ശേഷം ഗിരി തുടര്‍ന്നു.

'വേണ്ട. തത്കാലം ഞാന്‍ കഥയെഴുതുന്നില്ല. ഇങ്ങനെ രണ്ടുംകെട്ട ഏര്‍പ്പാടാണ് എഴുത്തെങ്കില്‍ ആ പദവി എനിക്ക് വേണ്ട. അനന്തേട്ടന്‍ പോയാട്ടെ. എനിക്ക് നാളത്തെ ലക്ചര്‍ ക്ലാസിന് പ്രിപ്പയര്‍ ചെയ്യാനുണ്ട്.'

'നിനക്ക് ഇങ്ങനൊരു പണിയുളളതു കൊണ്ട് കുഴപ്പമില്ല. പക്ഷെ മോനെ ഗിരീ..ഞങ്ങള് പത്രക്കാരടെ കാര്യം കട്ടപ്പൊക..അതുകൊണ്ട് ഒന്ന് സഹകരിക്കടാ..പ്ലീസ്..'

അനന്തേട്ടന്റെ നിസ്സഹായത മനസിലായിട്ടും ഗിരി പറഞ്ഞു.

'ചേട്ടാ..ഞാന്‍ മനസില്‍ പ്ലാന്‍ ചെയ്ത മൂന്ന് സബ്ജക്ടുകള്‍ക്കും നിങ്ങള്‍ പറഞ്ഞത് വച്ചു നോക്കിയാല്‍ പ്രശ്നങ്ങളുണ്ട്. പിന്നെ ഞാനെന്ത് ചെയ്യും,'

'നീയൊന്ന് മനസിരുത്തി ആലോചിക്ക്. ഒരു വഴി തെളിഞ്ഞുകിട്ടും,'

'ശരി. ഞാന്‍ ആലോചിക്കാം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചു കയറ്റിയ ആളാണ് അനന്തേട്ടന്‍. ആ കടപ്പാട് മറക്കാന്‍ പറ്റില്ലല്ലോ?'

'അപ്പോള്‍ എല്ലാം ഓര്‍മ്മയുണ്ട്'

അനന്തേട്ടന്‍ അതും പറഞ്ഞ് വെറ്റിലക്കറ പുരണ്ട പല്ലുകള്‍ പുറത്തുകാട്ടി വിടര്‍ന്നു ചിരിച്ചു. പിന്നെ പഴയ മട്ടിലുളള കാലന്‍കുട നിര്‍വര്‍ത്തി ചാറ്റല്‍മഴയിലൂടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്ക് നടന്നു.
അനന്തന്‍ തിരിഞ്ഞുനോക്കിയില്ല. ഗിരി തന്റെ വാക്കുകള്‍ ലംഘിക്കില്ലെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ഉറപ്പായിരുന്നു.

തുടര്‍ന്നുളള മൂന്ന് രാപ്പകലുകള്‍ ഗിരി ഒരു പോള കണ്ണടച്ചില്ല. പല കഥകളും കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും തലങ്ങും വിലങ്ങൂം ആലോചിച്ചു. ചിലത് കടലാസിലേക്ക് പകര്‍ത്തിയിട്ട് കീറ് ചവറ്റുകുട്ടയിലിട്ടു. ചിലത് സിഗരറ്റ് ലാമ്പ് കൊണ്ട് കത്തിച്ച് ജനാലയിലൂടെ പുറത്തേക്ക്  എറിഞ്ഞു. അയാളുടെ ആത്മരോഷം അത്രമേല്‍ തീവ്രമായിരുന്നു.

ഗിരിയുടെ ഭാര്യ ചിത്ര ഇങ്ങേര്‍ക്കിതെന്തു പറ്റിയെന്ന് പലകുറി സ്വയം ചോദിച്ചെങ്കിലും അയാള്‍ക്ക് നേരെ ചോദ്യശരമെറിഞ്ഞില്ല. കഥകള്‍ ആലോചിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രസവവേദനയ്ക്ക് സമാനമായ ഇത്തരം തിക്കുമുട്ടലുകള്‍ അവര്‍ക്ക് പരിചിതമാണ്. പക്ഷെ ഇത്ര തീവ്രമായ സൃഷ്ട്യൂന്‍മാദം മുന്‍പൊരിക്കലും അവര്‍ കണ്ടിട്ടില്ല.

എന്തായാലും ഇനി കാത്തിരിക്കാന്‍ പറ്റില്ലെന്ന് ഗിരി തീര്‍ച്ചപ്പെടുത്തി. ജൂലൈ മുപ്പതാണ് ഡെഡ്ലൈന്‍. ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. കഥ തപാലിലോ കൊറിയറിലോ അയച്ചാലും പത്രം ആഫീസിലെത്താന്‍ രണ്ടു ദിവസം വേണം. ഗിരി രണ്ടും കല്‍പ്പിച്ച് കടലാസും പേനയും കയ്യിലെടുത്ത് റൈറ്റിംഗ് പാഡിലേക്ക് തിരുകി. ഏഫോര്‍ പേപ്പറിന്റെ മുകളിലായി കഥ: ഗിരിധര്‍ പ്രസാദ് എന്ന് കുറിച്ചു. ടൈറ്റില്‍ അവസാനമാകാമെന്ന് നിശ്ചയിച്ചു. അല്ലെങ്കിലും അതാണല്ലോ അയാളുടെ പതിവ്.

പിറ്റേന്ന് കാലത്ത് അയാള്‍ തന്നെ പോസ്റ്റ് ആഫീസില്‍ ചെന്ന് രജിസ്റ്റേഡായി കഥ അയച്ചു. വിവരം വാട്ട്സ്ആപ്പില്‍ വോയ്സ് മെസേജായി അനന്തേട്ടനെ അറിയിക്കുകയും ചെയ്തു. അയച്ച വേഗത്തില്‍ മറുപടിയും വന്നു.

'താങ്ക്സ് മോനെ. അല്ലെങ്കിലും നീ വാക്ക് പാലിക്കുംന്ന് അനന്തേട്ടന് അറിയാരുന്നെടാ. അതിരിക്കട്ടെ എന്താ കഥയുടെ ടൈറ്റില്‍..'

'അതൊക്കെ പോസ്റ്റ് വരുമ്പം അറിഞ്ഞാ മതി.'

'മതിയെങ്കില്‍ മതി. നിന്റെ ഇഷ്ടം'

എന്നു പറഞ്ഞ് വാട്ട്സ് ആപ്പില്‍നിന്നും പുറത്തുകടന്നുവെങ്കിലും അനന്തന്റെ ആകാംക്ഷ അടങ്ങിയില്ല.

വിവാദങ്ങളുടെയും എതിര്‍പ്പുകളുടെയും കാക്കത്തൊളളായിരം നിയമലംഘനങ്ങളുടെയും മുനയൊടിക്കാന്‍ പാകത്തില്‍ എന്ത് വിചിത്രമായ കഥയാണോ ഇവന്‍ എഴുതി വച്ചിരിക്കുന്നതെന്ന് അയാള്‍ മനസില്‍ വിചാരിക്കുകയും ചെയ്തു.

രണ്ടാം ദിവസം കൃത്യമായി പോസ്റ്റ് ഒപ്പിട്ട് വാങ്ങിയ അതേ വേഗത്തില്‍ ഉദ്വേഗത്തോടെ അയാള്‍ കവര്‍ പൊട്ടിച്ചു. അനന്തകൃഷ്ണന്റെ തിടുക്കവും വെപ്രാളവും കണ്ട് അയാളുടെ എതിര്‍വശത്തെ കസേരയില്‍ ഇരുന്ന സഹപത്രാധിപര്‍ രമേഷ്ബാബു ചോദിച്ചു.

'എന്താ സര്‍...ആരുടെ രചനയാ..?'

'നമ്മടെ ഗിരിയുടെ..'

'ഗുഡ്. ഹി ഈസ് എ പ്രൊമിസിംഗ് റൈറ്റര്‍'

അനന്തന്‍ ചിരിച്ചുകൊണ്ട് കവര്‍ പൊട്ടിച്ച് വേസ്റ്റ് ബിന്നിലേക്കിട്ടു.

നാലായി മടക്കിയ കടലാസുകള്‍ തുറന്ന അനന്തകൃഷ്ണന്റെ കണ്ണില്‍ ഇരുട്ടു കയറി.കഥ: ശൂന്യം. ഗിരിധര്‍ പ്രസാദ് എന്ന നാല് വാക്കുകളള്‍ അല്ലാതെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല. ശുഭ്രവര്‍ണ്ണത്തില്‍ ശൂന്യമായ നാല് കടലാസ് കഷണങ്ങള്‍.

'എങ്ങനെയുണ്ട് സര്‍ തുടക്കം?'

ആകാംക്ഷ അടക്കവയ്യാതെ രമേഷ് ചോദിച്ചു. അനന്തന്‍ കഥ അയാള്‍ക്ക് കൈമാറി. രമേഷ് കണ്ണട ഒന്ന് കൂടി മുഖത്ത് ഉറപ്പിച്ച് കടലാസ് വാങ്ങി സൂക്ഷ്മ വായനക്ക് തയ്യാറെടുത്തു. ശൂന്യമായ പേപ്പര്‍ കണ്ട് അയാള്‍ ഒന്ന് ഞെട്ടി.

'എന്താ സര്‍ ഇത്. ഇതില്‍ കഥയില്ലല്ലോ...ഒരു ശീര്‍ഷകം മാത്രം'

'ങും താന്‍ വേഗം കമ്പോസിംഗിന് കൊടുക്ക്. എന്നിട്ട് ആ ആര്‍ട്ടിസ്റ്റിനോട് ലേ ഔട്ട് ചെയ്യാന്‍ പറ'

'അപ്പോള്‍ സര്‍ ...ഇലസ്ട്രേഷന്‍..'

'അതൊന്നും വേണ്ട..'

രമേഷ് അന്തംവിട്ട് നില്‍ക്കെ ഒരു അനുബന്ധം പോലെ അനന്തന്‍ പറഞ്ഞു.

'സ്വയം സംസാരിക്കുന്ന കഥയ്ക്ക് എന്തിനാടോ ഇലസ്ട്രേഷന്‍?'

'മാഗസിന്‍ ഡമ്മിയില്‍ കഥയ്ക്ക്് എത്ര പേജിടണം സര്‍'

'സാധാരണ ഗിരിയുടെ ഒരു കഥയ്ക്കിടുന്ന അത്രതന്നെ. നാലു പേജ്'

ഇനിയും വിട്ടു മാറാത്ത അമ്പരപ്പുമായി രമേഷ്ബാബു കമ്പോസിറ്റര്‍ ഇരിക്കുന്ന ഭാഗത്തേക്ക് നടക്കുന്നത് നോക്കി അനന്തകൃഷ്ണന്‍ ഹൃദ്യമായി ഒന്ന് ചിരിച്ചു. പിന്നെ ഗിരിയെ അഭിനന്ദിക്കാനായി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു.

അടുത്തമാസം തന്റെ റിട്ടയര്‍മെന്റ ് ദിനത്തോട് അനുബന്ധിച്ചുളള യാത്ര അയപ്പ് സമ്മേളനത്തില്‍ വച്ച് മാനേജിംഗ് ഡയറക്ടര്‍ മൊമെന്റോ സമ്മാനിക്കുന്നതും ഗിരി അടക്കമുളള എഴുത്തുകാര്‍ തന്നെ പുകഴ്ത്തി സംസാരിക്കുന്നതും പിറ്റേന്ന് പത്രത്തില്‍ ആ വാര്‍ത്ത അച്ചടിച്ചു വരുന്നതും മാത്രമായിരുന്നു അയാളുടെ മനസില്‍.

 

click me!