എത്ര പ്രായമായാലും 'പെണ്‍കുട്ടി' എന്ന് വിളിക്കപ്പെടുന്നവള്‍, അവള്‍ കൊണ്ടുനടക്കുന്ന പീഡനമുറിവുകള്‍

By Web TeamFirst Published Dec 7, 2022, 7:36 PM IST
Highlights

പ്രിയ എ എസ് എഴുതിയ 'അത്' എന്ന ചെറുകഥയിലെ പൊള്ളിക്കുന്ന ഉള്ളടരുകള്‍. രശ്മി ടി എന്‍ എഴുതുന്നു
 

എന്നാല്‍ ഈ ചിന്തപൂര്‍ത്തിയാവും മുന്‍പ്, കഥാകാരി തനിക്കൊപ്പമുള്ള കാപ്പിപ്പൂക്കാരിയെ തിരിച്ചറിയുകയാണ്. വാര്‍ത്തകളും മാധ്യമങ്ങളും എഴുത്തിനിറച്ച, ഒരു മാസത്തിലപ്പുറം നീണ്ട, വിദ്യാര്‍ത്ഥിനിയായ  ഒരുവളുടെ പീഡനപര്‍വത്തെ ഓര്‍ത്തെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ ജീവിക്കുന്ന ഊരും പേരുമില്ലാത്ത ദിനങ്ങളെ കണ്ടറിയുകയാണ്. തന്റെ പീഡാനുഭവത്തെ 'അത് 'എന്നാണ് അവള്‍ പറയുന്നത്.

 

 

'അത്' എന്ന വാക്ക്  ദൂരസൂചകമായ 'അ' എന്ന ചുട്ടെഴുത്തിനെ ഉപയോഗിച്ച് ഉണ്ടാക്കുന്ന വാക്കാണ്. സമീപസ്ഥമല്ലാത്ത ഒന്നെന്ന സൂചന നല്‍കാന്‍ 'അത്' എന്ന വാക്കിനു സാധിക്കുന്നു. വിവേചിച്ചറിയാനോ പറയാനോ സാധിക്കാത്ത കാര്യത്തെ നമ്മള്‍ 'അത് 'എന്ന വാക്കിനാല്‍ സൂചിപ്പിക്കാറുണ്ട്. ഗോപ്യമായ ഒരു കാര്യത്തെ അവതരിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായും 'അത് 'എന്ന വാക്കിനെ ഉപയോഗിക്കാറുണ്ട്. അത്തരത്തിലെല്ലാം നോക്കുമ്പോള്‍ 'അത് 'എന്ന വാക്കില്‍ തന്നെ ഒരു അകല്‍ച്ചയും രഹസ്യാത്മകതയും ഒരേ പോലെ പ്രകടമാണ്.

തീര്‍ത്തും ശുഷ്‌ക്കമായ സദാചാരസീമകള്‍ക്കകത്തു നില്‍ക്കാത്ത വാക്കുകളെയും സന്ദര്‍ഭങ്ങളേയും 'അതി'ന്റെ സഹായത്തോടെ അടയാളപ്പെടുത്തി നമ്മള്‍ ഭാഷയുടെ പോരായ്മ പരിഹരിക്കാറുണ്ട്. നിങ്ങള്‍ തമ്മില്‍ 'അതാ'ണല്ലേ എന്നൊരു ചോദ്യത്തില്‍ത്തന്നെ അതിന്റെ തീവ്രത പ്രകടമാണല്ലോ. പ്രിയ എ. എസിന്റെ ചെറുകഥകളുടെ ഏറ്റവും ഹ്രസ്വമായ ശീര്‍ഷകങ്ങളിലൊന്നാണ് 'അത്'. സാമാന്യം ദീര്‍ഘമായ കഥയും.

വിശേഷിക്കപ്പെടാനും വിശദീകരിക്കപ്പെടാനും കൃത്യമായ ഒരു വാക്കില്ലാത്ത വ്യക്തികളുടെയും അനുഭവങ്ങളുടെയും കഥയാണ് 'അത്.' 

കഥാകാരിയാണ് ഈ കഥയിലെ ആഖ്യാതാവ്. ഒറ്റയ്ക്ക് തന്റേതായൊരു ലോകത്ത് ജീവിക്കുന്ന കഥാകാരിയുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നു വരുന്നു. തന്റെ അടുക്കളയെ അപ്പാടെ ഒപ്പിയെടുക്കുന്ന രണ്ടു കണ്ണുകളായാണ് ആ രൂപം ആദ്യം കാണപ്പെട്ടത്.

'പക്ഷേ, 'അത്' രണ്ടു പെണ്‍കണ്ണുകളാണെന്ന്, ഒരു പെണ്‍കുപ്പായത്തിനുള്ളില്‍ നിന്നാണവ നീണ്ടുവരുന്നതെന്ന്, സൂക്ഷിച്ചു നോക്കുന്തോറും എനിക്ക് മനസിലായി' എന്ന് കഥാകാരി പറയുന്നു. അടുക്കളപരിസരത്തെ കാപ്പിത്തോട്ടമാണ് അതിഥിയെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചത്. എഴുത്തുകാരിക്കും അടുക്കളയില്‍ കയറാനുള്ള പ്രേരണ കാപ്പിത്തോട്ടത്തിന്റെ ദൃശ്യം കാണാമെന്നത് തന്നെയാണ്. അടുക്കളയുടെ സ്ഥിരത സൃഷ്ടിക്കുന്ന മടുപ്പിനെ മറികടക്കുന്നത് അടുക്കളജനാലച്ചതുരത്തിലൂടെ കാണുന്ന കാഴ്ചകളിലൂടെയാണ്. വെള്ളക്കല്ലുമാലപോലെ കമ്പ് തോറും വിരിയുന്ന കാപ്പിപ്പൂപറ്റം അത്തരമൊരു കാഴ്ചയാണ്.

കാപ്പിപ്പൂ, അതിഥിയുടെ നാട്ടോര്‍മ കൂടിയാണ്. അതിഥി പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുത്തുകാരിയെ സംബന്ധിച്ച് അതിഥിയുടെ ജീവിതം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു ആ പരിചയപ്പെടലിന്റെ സ്വാഭാവികതയെ അവര്‍ തകര്‍ക്കുന്നുമില്ല. കാരണം, ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരമാകാനാണ് അവര്‍ക്കും താല്പര്യം. ക്ളാസിലായാലും ജീവിതത്തിലായാലും ചോദ്യങ്ങള്‍ ആരും ഇഷ്ടപ്പെടുന്നില്ലയെന്ന് അവര്‍ ഓര്‍ക്കുന്നുമുണ്ട്.

കഥകള്‍ പോലെ സംഭവബഹുലമായ തന്റെ ജീവിതത്തെ കുറിച്ച് എഴുത്തുകാരിയും വാചാലയാണ്. കഥകള്‍, പങ്കുവയ്ക്കാന്‍ ഉള്ളതാണല്ലോ.

അവരുടെ സൗഹൃദസംസാരങ്ങളിലൊരിക്കല്‍ അതിഥിയുടെ അമ്മ അവളെ 'ഞങ്ങളുടെ പെണ്‍കുട്ടി അവിടെ ഉണ്ടല്ലോ അല്ലേ...' എന്ന് അന്വേഷിക്കുന്നത് കേട്ട് എഴുത്തുകാരിക്ക് ചിരി വരുന്നുണ്ട്. തന്നോളം പ്രായമുള്ള ഇവള്‍ ഇപ്പോഴും പെണ്‍കുട്ടിയോ എന്നോര്‍ത്ത്. പ്രായം ഒരു പോലെയെങ്കിലും തന്റത്ര അനുഭവങ്ങള്‍ ഈ 'പെണ്‍കുട്ടിക്ക് 'കാണില്ല എന്നും അവര്‍ ഓര്‍ത്തുപോവുന്നു.

എന്നാല്‍ ഈ ചിന്തപൂര്‍ത്തിയാവും മുന്‍പ്, കഥാകാരി തനിക്കൊപ്പമുള്ള കാപ്പിപ്പൂക്കാരിയെ തിരിച്ചറിയുകയാണ്. വാര്‍ത്തകളും മാധ്യമങ്ങളും എഴുത്തിനിറച്ച, ഒരു മാസത്തിലപ്പുറം നീണ്ട, വിദ്യാര്‍ത്ഥിനിയായ  ഒരുവളുടെ പീഡനപര്‍വത്തെ ഓര്‍ത്തെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ ജീവിക്കുന്ന ഊരും പേരുമില്ലാത്ത ദിനങ്ങളെ കണ്ടറിയുകയാണ്. തന്റെ പീഡാനുഭവത്തെ 'അത് 'എന്നാണ് അവള്‍ പറയുന്നത്. കാപ്പിക്കൊമ്പുകളില്‍ ഊഞ്ഞാലിട്ടിരുന്ന കാഴ്ച, തന്നെ നരകം കാണിച്ചു തന്ന ആ റിസോര്‍ട്ടില്‍ നിന്നും കണ്ടിരുന്നത് പെണ്‍കുട്ടിപറയുന്നു. തന്റെ വീട്ടുമുറ്റമാണതെന്ന് അവളെ ഭ്രമിപ്പിച്ചത് ആ കാപ്പിത്തോട്ടവും കമ്പുകളിലെ ഊഞ്ഞാലുമായിരുന്നു. അതാണ് 'അതിനെ 'കുറിച്ചുള്ള എന്റെ ആകപ്പാടെ നല്ലൊരോര്‍മ എന്നവള്‍ പറയുമ്പോള്‍ കോടതിയുള്‍പ്പെടെയുള്ള നമ്മുടെ വിധിന്യായങ്ങള്‍ ബാലവേശ്യയെന്നും സ്വഭാവദൂഷ്യമുള്ളവളെന്നും രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും കിടന്നു കൊടുത്തവളെന്നും വിളിച്ച് അപമാനിച്ച, സ്ഥലപ്പേരില്‍ മാത്രമറിയപ്പെടുന്ന പെണ്‍ജന്മങ്ങളുടെ ഓര്‍മയില്‍ നമ്മള്‍ പിടയാതിരിക്കില്ല.

സ്വന്തം വീട്ടുകാര്‍ക്ക് പോലും അവള്‍ 'പെണ്‍കുട്ടി'യായത് എന്ത് കൊണ്ടാണെന്ന് എഴുത്തുകാരി തിരിച്ചറിയുന്നു. പതിനാറു വയസില്‍ പത്രത്താളുകളില്‍ പീഡന പരമ്പരയുടെ ഇരയായി ഇടം പിടിച്ചിടത്തു നിശ്ചലമായതാണ് അവളുടെ ജീവിതം. പിന്നീടങ്ങോട്ട് അവള്‍ക്ക് വളര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ആദ്യം പേരും പിന്നീട് നാടുതന്നെയും നഷ്ടപ്പെട്ട അഭയാര്‍ഥി ജീവിതമാണ് അവളെ ഒടുവില്‍ എഴുത്തുകാരിയുടെ അയലത്തു കൊണ്ടെത്തിച്ചത്.

കഥയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പാടുന്ന പാട്ടുണ്ട്  'മുസാഫിര്‍ ഹും യാരോ.... ന ഖര്‍ ഹെ ന ഠികാനാ..... '
വീടും ഇടവുമില്ലാത്ത സഞ്ചാരിയുടെ ഗാനം. ഈ സങ്കടപ്പാട്ടു പാടിയാണ് അവളെയും ചേച്ചിയെയും അയാള്‍ ഉറക്കിയിരുന്നത് എന്ന് അവളുടെ അമ്മ പറയുമ്പോള്‍, അയാള്‍ ഒരു മറുപടി നല്‍കുന്നുണ്ട്. 'അതുകൊണ്ടാണ് എന്റെ കുഞ്ഞുങ്ങള്‍ക്ക് ഏത് സങ്കടവും സഹിക്കാനുള്ള കരുത്തുണ്ടായത് 'എന്ന്! വീടും നാടും സ്വന്തം പേരും നഷ്ടപ്പെട്ടലയുന്ന അവളുടെ അഭയാര്‍ഥി ജീവിതത്തിന്റെ ബാല്യകാല ഓര്‍മകളിലൊന്നുകൂടിയാണ് ഈ പാട്ട്.

ഭൂമിയിലെ ഒരു കാഴ്ചയും അവളെ ആകര്‍ഷിക്കുന്നില്ല എന്ന് എഴുത്തുകാരി അവള്‍ക്കൊപ്പമുള്ള യാത്രകളില്‍ തിരിച്ചറിയുന്നുണ്ട്. മറവിയുടെ അനുഗ്രഹത്തിനായാണ് അവള്‍ കാത്തിരിക്കുന്നത്. കെട്ട  കാലത്തിന്റെ കെട്ട ഓര്‍മകളെ തന്നില്‍ നിന്നും പിന്‍വലിക്കാന്‍. ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ ഉള്ളില്‍ ഉണ്ടാവുമ്പോളെല്ലാം അവള്‍ ശ്വസിക്കുന്നത് തന്റെ ജീവിതത്തില്‍ പണ്ടുണ്ടായിരുന്ന നല്ല നാളുകളുടെ ഓര്‍മക്കാറ്റാണ്. തന്റെ തലയ്ക്കു മുകളില്‍ അന്നെല്ലാം തെളിഞ്ഞു നിന്നിരുന്ന ആകാശമാണ് അവളുടെ ഉള്ളിലെ നല്ല ഓര്‍മകളായി അവശേഷിക്കുന്നത്.

അവളുടെ അച്ഛന്‍ പാടിയിരുന്ന ഒരു സന്തോഷാപ്പാട്ടുണ്ടായിരുന്നു. 'ആ  ചല്‍ കെ തുഛേ, മെ ലെ കെ ചലും..... '

കണ്ണീരും ദുഖങ്ങളുമില്ലാത്ത, സ്‌നേഹം മാത്രമുള്ള ലോകത്തേക്ക് കൂട്ടുവരാന്‍ വിളിക്കുന്നൊരു പാട്ട്. അത് അവരുടെ പഴയ കാലത്തിന്റെ പാട്ടായിരുന്നു. പ്രണയത്തിന്റെ പട്ടിനുള്ളില്‍ ചതിയുടെ പാമ്പിനെ ഒളിപ്പിച്ചുകൊണ്ടു  പ്രിയം നടിച്ചവന്‍ അവളെ ചതിക്കും മുമ്പ്, പത്രത്താളുകളില്‍ വിളമ്പിയ വിരുന്നായി അവരുടെ ജീവിതം മാറിമറിയും മുന്‍പുള്ളോരു കാലത്തിന്റെ. ഇന്നതെല്ലാം എത്രയോ മാറി. ഒന്നും മാറിയില്ല....എന്ന് അവളെ വിശ്വസിപ്പിക്കാന്‍ സാധിക്കുന്ന ഒന്ന് മാത്രമേ ഇന്നീ പ്രപഞ്ചത്തില്‍ ഉള്ളൂ. അത് ആകാശമാണ്. ആകാശം പഴയത് പോലെത്തന്നെയുണ്ട് മമ്മാ.... എന്ന്, എഴുത്തുകാരിക്കൊപ്പമുള്ള യാത്രയ്ക്ക് ശേഷം അവള്‍ വീട്ടിലെത്തുമ്പോള്‍ വിളിച്ചു പറയുന്നത് അതുകൊണ്ട് കൂടിയാണ്. ഭൂമിയവളെ പലതരത്തില്‍ വേദനിപ്പിക്കുമ്പോള്‍ ആകാശം അവളെ ഒന്നും മാറിയിട്ടില്ല എന്ന് ആശ്വസിപ്പിക്കുന്നു. തുറന്ന ആകാശം അവളെ കൂട്ടിലടച്ചതിന്റെ പിടച്ചിലില്‍ നിന്ന് അല്പമെങ്കിലും ആശ്വസിപ്പിക്കുന്നു.

പതിനാറുവയസിന്റെ പക്വതക്കുറവ് മൂലമോ, ആസൂത്രിതമായൊരു ചതിയില്‍ പെട്ടു പോയതിനാലോ ജീവിതത്തില്‍ വന്നു പിണഞ്ഞ ഒരു ആപത്തിനെ അവളുടെ സ്വഭാവദൂഷ്യം എന്നായിരുന്നു സമൂഹം വിശേഷിപ്പിച്ചത്. തനിക്ക് നീതി തരേണ്ട കേന്ദ്രങ്ങളോട്, അതിനു പകരം, താന്‍ തെറ്റുകാരിയല്ല എന്ന് വാദിച്ചു ജയിക്കേണ്ട ഗതികേടാണ് അവള്‍ക്കുണ്ടായത്. ശരീരം, കൊടിയ പീഡനത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുമ്പോഴും, തന്റെ നിരപരാധിത്വം തെളിയിക്കുക എന്നൊരു അധികഭാരം കൂടി അവള്‍ക്ക് താങ്ങേണ്ടിവന്നു.

തീര്‍ത്തും സാധാരണമായൊരു ജീവിതം എന്നത് അസംഭവ്യമായിത്തീര്‍ന്നു. ഒരു കുടുംബമായി ജീവിക്കാനും കുഞ്ഞിനെ പെറ്റു പോറ്റാനും ഉളള അവളുടെ ആഗ്രഹം വെറും സ്വപ്നമായി മാറി. ഗുരുതരമായ ആരോഗ്യസ്ഥിതിമൂലം ഗര്‍ഭപാത്രം നീക്കം ചെയ്ത അവള്‍, തനിക്കുള്ളില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് സങ്കല്പിക്കുകയാണ്. വളര്‍ന്നുവരുന്ന തന്റെ മോഹത്തിനൊപ്പം വയറും വളരുന്നുവെന്നു തന്നെത്തന്നെ പറഞ്ഞു പറ്റിക്കുകയാണ്.

പീഡനവാര്‍ത്തകളില്‍ നിറയുന്ന സ്ത്രീകള്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ ഈ കഥയില്‍ കടന്നുവരുന്നുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്മമാര്‍ക്ക്, അവര്‍ക്ക് എന്താവും കൊടുക്കാന്‍ സാധിക്കുന്നത്? 'അത് 'സംഭവിച്ചവര്‍ മരിക്കേണ്ടവരാണെന്ന് 'മാന്യന്മാര്‍ 'മൈക്കിലൂടെ ഛര്‍ദിക്കുമ്പോള്‍ അതിജീവിതര്‍ തന്റെ ചെവികളെ എന്താണ് ചെയ്യേണ്ടത്? എന്നെല്ലാം ഈ കഥയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.
കഥയവസാനിക്കുന്നത് 'പെണ്‍കുട്ടി'യുടെ ഒരു തീരാത്ത സ്വപ്നത്തിലാണ്. കടല്‍വെള്ളത്തിലെ തിരക്കുനിപ്പുകള്‍, ജലബാലികമാരുടെ ജലനാരികളുടെ വെണ്‍നുര നെഞ്ഞ് കൂര്‍ത്ത് മൂര്‍ത്ത് വരും പോലെ.... 'നോക്ക് ഇതാണെന്റെ സ്വപ്നം. മലര്‍ന്നു കിടന്ന് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ എണ്ണിയാല്‍ തീരാത്ത പെണ്ണുങ്ങള്‍ നീന്തുന്നയിടം' എന്നവള്‍ പറയുന്നു.

'അത് 'എന്ന ദൂരവാചിയായ ശബ്ദത്തില്‍ നിന്നും 'ഇതാണെന്റെ സ്വപ്നം 'എന്ന സമീപ സൂചകമായ വാക്കുകളിലൂടെ കൂടുതല്‍ വ്യക്തതകളിലേക്ക് അവള്‍ക്ക് എത്തിച്ചേരാനാകുന്നു.

ഈ ഒരു രംഗം നിങ്ങളുടെ പ്രസംഗത്തിലോ കഥയിലോ ചേര്‍ക്കാനാകുമോ എന്ന ചോദ്യത്തിന് എഴുത്തുകാരിക്ക് ഉത്തരമില്ല. 'അത്'..പിന്നെ.... എന്നിങ്ങനെ അവളുടെ ഉത്തരം അവ്യക്തമാവുകയാണ്. സ്വതന്ത്രരായ സ്ത്രീകള്‍ എന്നത് പൂര്‍ത്തിയാവാത്ത വാക്യമോ..... പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത സ്വപ്നമോ ആയിത്തന്നെ ഇക്കാലത്തും തുടരുന്നു എന്ന സങ്കടത്തെ ഇങ്ങനെ പറഞ്ഞുകൊണ്ട് ഈ കഥയിവിടെ അവസാനിക്കുന്നു. എന്നാല്‍ ഒരു പാട് ചോദ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കി ഇവിടെ നിന്നും ആരംഭിക്കുകയും ചെയ്യുന്നു. 

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍, നമ്മുടെ സ്ത്രീകള്‍ ഏതെങ്കിലും സ്ഥലത്തിന്റെ പേരില്‍ അറിയപ്പെടുന്ന പീഡനകഥകളായി മാറാതിരിക്കാന്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയേ തീരൂ. ഈ ഓര്‍മപ്പെടുത്തലിനെയും അസ്വസ്ഥതകളെയും ദൂരവാചിശബ്ദമായി അകറ്റി നിര്‍ത്താതെ നമുക്ക് ചേര്‍ത്തു വച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു.


 

click me!