കാട്ടുതീയില്‍ വനസമ്പത്ത് നശിക്കരുത്; സുരക്ഷാനടപടികള്‍ അനിവാര്യം

By Web TeamFirst Published Feb 7, 2019, 4:40 PM IST
Highlights

കഴിഞ്ഞ തവണ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൊരങ്ങണി മലയില്‍ ട്രക്കിംഗിനിടയില്‍ 32 പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഗൗരവമായെടുത്തിട്ടുണ്ട്

ഇടുക്കി: അതിശൈത്യത്തിലെ കനത്തമഞ്ഞു വീഴ്ചയില്‍ ചെടികളും പുല്‍മേടുകളും കരിഞ്ഞുണങ്ങിയതോടെ ഹൈറേഞ്ചിലെ വനസന്പത്ത് നശിക്കാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചുരുക്കം ചില ദിവസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അടുകാലത്തെങ്ങും ഇല്ലാത്ത വിധത്തിലായിരുന്നു അതിശൈത്യം അനുഭവപ്പെട്ടത്. അതിശൈത്യത്തില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഇത്തവണയുണ്ടായത്. 

സാധാരണ ഗതിയില്‍ ഫെബ്രുവരി മാസം പകുതിയോടെയാണ് മലനിരകള്‍ കത്തിക്കരിയുന്നതെങ്കിലും കനത്ത മഞ്ഞുവീഴ്ചയാണ് നേരത്തേ തന്നെ പുല്‍മേടുകളും ചെടികളുമെല്ലാം കരിഞ്ഞുണങ്ങുവാന്‍ കാരണമായത്. കാട്ടുതീയ്ക്കുള്ള സാധ്യതയേറിയതോടെ സുരക്ഷാനടപടികള്‍ വളരെ നേരത്തേ തന്നെ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൊരങ്ങണി മലയില്‍ ട്രക്കിംഗിനിടയില്‍ 32 പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഗൗരവമായെടുത്തിട്ടുണ്ട്.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലകളില്‍ കാട്ടുതീ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ഫയര്‍ലൈന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. അഗ്‌നിശമന സേനയും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വനമേഖലയില്‍ ട്രക്കിംഗ് നടത്തുന്നവരെ പ്രത്യേകം നീരീക്ഷിക്കാനുള്ള നടപടികള്‍ ടൂറിസം വകുപ്പ് സ്വീകിരിച്ചിട്ടുണ്ട്. തീ തടയുന്നതിനായി ജി പി എസ് പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തവണ 300 ല്‍ അധികം ഹെക്ടര്‍ പ്രദേശമാണ് കത്തി നശിച്ചത്. 

കാട്ടു തീയുണ്ടാകുന്നത് തടയാനാകില്ലെങ്കിലും അതിലൂടെയുണ്ടാകുന്നു നാശനഷ്ടങ്ങളുടെ തീവ്രത കുറയ്ക്കുവാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. കാട്ടു തീ ഉണ്ടാകുമ്പോള്‍ ജനവാസമേഖലയില്‍ വന്യമൃഗങ്ങളുെട സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് അത്തരത്തിലുള്ള മേഖലകളില്‍ പ്രത്യകേക നിരീക്ഷണം നടത്തുവാനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. റോഡരികിലും താഴ്ന്ന പ്രദേശങ്ങളിലും തീയുണ്ടാകുന്നത് തടയാനാകുന്നുണ്ടെങ്കിലും ഉള്‍ക്കാടുകളില്‍ തീയുണ്ടാകുന്നത് പലപ്പോഴും പ്രതിസന്ധിയാകുന്നുണ്ട്. യൂക്കാലിപ്പ്റ്റ്‌സ് വനങ്ങളില്‍ വളരെ പെട്ടെന്ന് തീ പടര്‍ന്ന് അതിനോടു ചേര്‍ന്നുള്ള ഷോല വനങ്ങളെ തീ വിഴുങ്ങുന്നതും കനത്ത നഷ്ടമാണുണ്ടാകുന്നത്. ടൂറിസത്തിനും കാട്ടു തീ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍ കത്തിയമര്‍ന്ന് മുഖശ്രീ നഷ്ടപ്പെട്ടുന്നത് സഞ്ചാരികളിലും നിരാശ പടര്‍ത്തുന്നുണ്ട്.

click me!